ഇന്നെന്റെയരികിലായെത്തുന്ന-
കാറ്റിലുമുണ്ടൊരു മരണ നാദം.
വിധി ചൊല്ലിടുന്നെനരുകിൽ നിന്നാരോ?
‘ചിറകടിച്ചകലുന്ന പറവയാകാൻ’.
ഉടലോടിനിയാത്ര സാധ്യമല്ലുടൽ
മണ്ണിനെ സ്നേഹിച്ചൊഴിഞ്ഞുമില്ല.
മണ്ണായിടുമുടൽ ഭൂലോകധാനമായി,
വിൺതാരകൾ തേടി യാത്ര തുടങ്ങിടാം.
‘ആരൊരാളെന്റെയീ കൈപിടിച്ചോടിടുന്നു
ആ മേഘ പാളികളിളക്കി ദൂരെ, ദൂരെ!’
ഭൂമിയും സൂര്യനും ഗ്രഹങ്ങൾക്കുമപ്പുറം
കൂരിരുട്ടിന്റെ തിരശ്ശീല മാറ്റവെ,
ആരോ പണിതൊരു ചില്ലുകണ്ണാടിമേൽ
തട്ടി തടഞ്ഞു ഞാൻ കണ്ടുവെന്നെ.
‘ജനനം,മരണം, മുഴുവനായി ജീവിതം!
കണ്ടു ഞാനവിടെയാ ചില്ലുകണ്ണാടിയിൽ!’
ആ ദിനമത്രയും വീണ്ടും നുകരുവാൻ
നിറകുടം പോലെന്റെ മോഹമുയരുമ്പോൾ
ആരൊരാളെന്റെയീ കൈപിടിച്ചോടിടുന്നു.
“ഭൂമിയിൽ വാഴുകയൊരിക്കൽ മാത്രം,
ഭൂമിയിൽ ജീവിതമമൃതുപോലെ!”
അകലെയായിയിനിയൊരാവാസമുണ്ടോ?
ഭൂലോകമിനിയും വേറെയുണ്ടോ?
അവിടെക്കിറങ്ങാൻ പടികളുണ്ടോ?.
എന്റെയീ വാക്കുകളാരു കേൾക്കാൻ
മരണം ദേഹിക്കു മാത്രമാണെ!
അരികെ വരുമ്പോളോർത്തിടേണം
മോഹവും മണ്ണിൽ വെടിഞ്ഞിടേണം.
മണ്ണായിടട്ടെ മണ്ണിലെല്ലാമാനിദ്ര-
യുണർത്താനൊരമൃതുമില്ല!.