പ്രജകൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് മാവേലി തമ്പുരാൻ ഇത്തവണ യാത്ര ട്രയിനിലാക്കിയത്. ആരെയുമറിയിക്കാതെ അതി രാവിലെ തന്നെ തമ്പുരാൻ പാതാളംകേരളം പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങി.ആകെക്കൂടി പ്രജകളെ ഒന്ന് കാണാൻ കിട്ടുന്ന അവസരമാണ് ഓണനാളുകൾ.എങ്കിലും പണ്ടുണ്ടായിരുന്നതിനെക്കാൾ തന്റെ ജനപ്രീതി ഓരോ വർഷവുംകുറഞ്ഞു വരികയാണോ എന്നും സംശയമുണ്ട്. ജനപ്രിയ നായകൻമാരുടെ വരെ ജനപ്രീതി കുറയുന്നു.പിന്നെയാണോ ഈ പാവം മാവേലിയുടെ കാര്യം?തമ്പുരാൻ സമാധാനിച്ചു.
റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി നടന്നിട്ടും വലിയ തിരക്കൊന്നും കാണാനില്ല. നേരം വെളുത്തിട്ടും കടകളൊന്നും തുറന്നിട്ടില്ല. പ്രജകൾ അലസൻമാരായി മാറിയോ, അതോ ഇനി ഞായറാഴ്ചയായതു കൊണ്ടാണോ ആരെയും കാണാത്തത്?എന്നാൽ ഒരു ചായ കുടിച്ചു കളയാം എന്ന് വിചാരിച്ച് അടുത്തുള്ള ചായക്കടയിലേക്ക് നടന്നു. പോകും വഴി പല കടകളും നോക്കിയിട്ടും നോ രക്ഷ.
‘’എന്തു പറ്റി,ഇന്നു കടകളൊന്നും തുറക്കില്ലേ?’’ നടന്നു വരുന്ന ഒരു പ്രജയെ വഴിയിൽ കണ്ടപ്പോൾ തമ്പുരാൻ കാര്യം തിരക്കി.’’ഇയാളേതു കോത്താഴത്തുകാരൻ’’ എന്ന മട്ടിൽ അയാളൊന്നു നോക്കി.
‘’ അപ്പോൾ തമ്പുരാൻ കാര്യമൊന്നുമറിഞ്ഞില്ലേ,ഇന്നു ഹർത്താലല്ലേ?’’
ഇന്നലത്തെ ‘’പാതാളം ന്യൂസ്’’ വായിച്ചിട്ട് പിന്നെ പത്രമൊന്നും വായിച്ചിട്ടില്ല. അല്ലെങ്കിലും സാധാരണ ഞായറാഴ്ച ഹർത്താൽ വരാറില്ലല്ലോ,ഇനി പ്രജകളുടെ പരാതി പരിഗണിച്ച് ഞായറാഴ്ച്ച കൂടി ഉൾപ്പെടുത്തിയതാവും.സാധാരണ ഓണത്തിന് വരുമ്പോൾ ഹർത്താലൊന്നും വരാത്തതാണ്.ഏതായാലും ഇത്തിരി നേരത്തെ വരാമെന്ന് വിചാരിച്ചതാണ് .അതിങ്ങനെയായി.
അതിനിടയിൽ നീണ്ട വടിയുമായി ആരോ ഒരാൾ ഓടി വരുന്നത് കണ്ടപ്പോൾ തമ്പുരാന്റെ നെഞ്ചൊന്ന് കാളി, ഈശ്വരാ, ഇത് ഹർത്താലിന്റെ ആൾക്കാർ തന്നെ,എങ്ങോട്ടാണ് ഓടി രക്ഷ്പെടുക എന്ന് വിചാരിക്കുമ്പോഴേക്ക് അയാൾ അടുത്തെത്തി.പുറകെ മറ്റൊരാൾ എന്തോ പൊക്കിക്കൊണ്ട് വരുന്നുണ്ട്. ഇനി രക്ഷയില്ല എന്നു വിചാരിച്ച് എന്തും നേരിടാനായി തമ്പുരാൻ രണ്ടും കൽപ്പിച്ച് നിന്നു. അടുത്തു വന്നപ്പോഴാണ് മനസ്സിലായത്,ഏതോ ചാനലിന്റെ ആൾക്കാരാണെന്ന്..നീളമുള്ള മൈക്ക് കണ്ട് പേടിച്ചു പോയതാണ്. ’’ഹലോ,സുപ്രഭാതം തമ്പുരാൻ’’ അയാൾ അഭിവാദ്യം ചെയ്തു.സന്തോഷമായി,ഒരു പ്രജയെകിലും തന്നെ അഭിവാദ്യം ചെയ്തല്ലോ..അതിനിടയിൽ ലേഖകൻ സ്റ്റുഡിയോവുമായി ബന്ധപ്പെട്ടു.’’ഹലോ,ശാലിനിയല്ലേ,ഞാൻ പറയുന്നത് കേൾക്കാമോ,ഓക്കെ,ഇപ്പോൾ നമ്മൂടെ പഴയ മാവേലി തമ്പുരാൻ നമ്മളോടൊപ്പമുണ്ട്. പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ മാവേലി ബ്രോ..ഹലോ ബ്രോ,ഇന്നത്തെ ഹർത്താലിനെ കുറിച്ച് എന്താണ് അഭിപ്രായം?’’
‘’ വളരെ നല്ല അഭിപ്രായമാണ്..പഴയപോലെ മാനുഷരെല്ലാരുമൊന്നു പോലെ വീട്ടിലിരിക്കാൻ സഹായിക്കുന്ന ഇത്തരം കലാപരിപാടികൾ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം.’’ കളിയാക്കുകയാണോ എന്ന് തോന്നിയതു കൊണ്ടാവും ചാനലുകാർ അടുത്ത ഇരയെ തേടി നടന്നു.
‘’ഏയ് ബ്രോ,കുടയൊന്ന് ഒതുക്കിപ്പിടിയ്ക്ക്,’’ അതിനിടയിൽ ഏതോ പയ്യൻ വിളിച്ച് പറഞ്ഞു കൊണ്ട് പോയി.
ഓരോന്നാലോചിച്ച് നടക്കുന്നതിനിടയിൽ ഓലക്കുട ആരുടെയോ ദേഹത്ത് മുട്ടിയെന്ന് തോന്നുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ അടി കിട്ടുന്ന കാലമാണ്.ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ കുട പോയിട്ട് വടി പോലുമില്ല കണ്ടു പിടിക്കാൻ എന്നതാകും സ്ഥിതി.ഏതായാലും ഇന്നെവിടെയെങ്കിലും വിശ്രമിച്ചിട്ട് നാളെ പ്രജാ സന്ദർശനം നടത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു.തിയേറ്റർ വല്ലതും തുറന്നിരുന്നെങ്കിൽ സിനിമയെങ്കിലും കാണാമായിരുന്നു. ഇനി ബസ് സ്റ്റാന്റിലെങ്ങാനും പോയിരിക്കാം.ഒരു പോലീസ് ജീപ്പ് പോകുന്നത് കണ്ടപ്പോൾ അറിയാതെ മുടിയൊന്ന് തപ്പി നോക്കി.കഴിഞ്ഞ ദിവസം പാതാളം പാർലറിൽ പോയി മുടിയൊക്കെ ഒതുക്കിയത് ഏതായാലും നന്നായി. മുടി നീട്ടി വളർത്തിയെന്ന പേരിലും ആരെയോ പിടിച്ച് അകത്താക്കിയ വാർത്ത പാതാളം ന്യൂസ് റിപ്പോർട്ട് ചെയ്ത കാര്യം തമ്പുരാൻ ഓർത്തു.
അതിനിടയിലാണ് ജീപ്പ് അടുത്തുള്ള കോടതിയിലേക്ക് കയറിപ്പോകുനത് കണ്ട്ത്. അകത്ത് ബഹളം കേട്ടപ്പോൾ വിചാരിച്ചത് തന്റെ വരവറിഞ്ഞ് പ്രജകൾ ആർപ്പും വിളിയുമായി എത്തുകയാണെന്നാണ്. അപ്പോഴാണ് ഒരു പ്രജ സംശയം തീർത്തു കൊടുത്തത്. അത് ഒരു സിനിമാ താരത്തെ കോടതിയിൽ ഹാജരാക്കുന്നതിന്റെ ബഹളമാണ്. അതു ശരി, അത് തമ്പുരാനും അറിഞ്ഞിരുന്നു. ഇന്നലെ വരെ ഫ്ളെക്സും വെച്ച് അതിൽ പാലഭിഷേകം നടത്തിയിരുന്നവരാണ്,ഇന്ന് തെറിയഭിഷേകം നടത്തുന്നു..ഇത്രയേ ഉള്ളു ആരാധകരുടെ കാര്യം.
ഏതായാലും കേരളത്തിൽ വരുമ്പോൾ വളരെ സൂക്ഷിച്ചേ നടക്കാൻ കഴിയൂ എന്നതാണ് അവസ്ഥ.ആരെങ്കിലും പേടിപ്പിച്ചെന്നോ പീഡിപ്പിച്ചെന്നോ പറഞ്ഞാൽ പിന്നെ അകത്താകാൻ അതു മതി. പാതാളത്തിലേക്ക് പോകാൻ ചിലപ്പോൾ ജാമ്യം പോലും കിട്ടില്ല. കഴിഞ്ഞ ദിവസം പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു എന്ന വാർത്ത വായിച്ചതേയുള്ളു. കുറെ നാൾ മുമ്പ് മറൊരു സ്വാമിയോട് ചെയ്തത് വായിച്ചപ്പോഴുണ്ടായ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.അക്കാര്യം ഓർക്കുമ്പോൾ ഇപ്പോഴും തമ്പുരാന്റെ ശരീരം അടിമുടി തരിച്ചു കയറും..!
ഒരു വിധം രാത്രിയാക്കി ഉറങ്ങാമെന്ന് കരുതി ബസ് സ്റ്റാന്റിലേക്ക് ചെന്നു.ലോഡ്ജിലെങ്ങാനും മുറിയെടുക്കാമെന്ന് കരുതി ചെന്നിട്ട് കാര്യമില്ല,അവിടെ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നിർബന്ധം..പാതാളത്തെ ഐ.ഡി.കാർഡ് കാണിച്ചപ്പോൾ അത് കേരളവുമായി ലിങ്ക് ചെയ്തിട്ടില്ല പോലും. ഇനി ബസ് സ്റ്റാന്റ് തന്നെ ശരണം. കുടയും കിരീടവുമെടുത്ത് ഒതുക്കി വെച്ചു.മടിശ്ശീലയിൽ ഒരു കൈ കൊണ്ട് ബലമായി പിടിച്ചു.പഴയ പോലെ കള്ളവുമില്ല ചതിയുമില്ല എന്ന പാട്ടൊക്കെ പാടാമെന്നേയുള്ളു. സൂക്ഷിച്ചില്ലെങ്കിൽ ഉടുവസ്ത്രം പോലും കാണുമോയെന്ന് സംശയം.അന്തം വിട്ടുറങ്ങിയാൽ എന്തും സംഭവിക്കാം. പാലിനും പത്രത്തിനും ഹർത്താൽ ബാധകമല്ലെന്ന് പറയും പോലെ കള്ളൻമാർക്കും കൂടി ഹർത്താൽ ബാധകമല്ലല്ലോ?അവരെക്കൂടി ഹർത്താലിന്റെ പരിധിയിൽ കൊണ്ടു വരാനുള്ള നിയമനിർമ്മാണം നടത്തേണ്ടതാണ്.
ദോഷം പറയരുതല്ലോ,കൊതുകുകളുടെ മൂളിപ്പാട്ടും കച്ചേരിയും കാരണം വലുതായിട്ട് ഉറക്കമൊന്നും നടന്നില്ല. എന്നാലെന്താ രാവിലെ എഴുന്നേറ്റ് കുട തപ്പുമ്പോഴുണ്ട് കുടയിരുന്നയിടത്ത് വടി പോലുമില്ല!കിരീടവും കാണാനില്ല.മടിശ്ശീലയിൽ ബലമായി പിടിച്ചിരുന്നതു കൊണ്ടാകാം അതു മാത്രം പോയിട്ടില്ല.റിട്ടേൺ ടിക്കറ്റും കുറച്ചു പാതാളം യൂറോയും ഉള്ളത് അതിലായത് കൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ പ്രജകളെ കണ്ട് ക്ഷേമം തിരക്കാൻ വന്ന തമ്പുരാനെ പ്രജകൾ പിരിവെടുത്ത് പാതാളത്തിലേക്ക് അയക്കേണ്ടി വന്നേനെ. അപ്പോഴാണ് ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നത്,.ചാടിയിറങ്ങിയതും എസ്.ഐ.വന്നത് തമ്പുരാന്റെ അടുത്തേക്കാണ്. ’’എന്താ മൂപ്പീന്നെ ഒരു പരുങ്ങൽ?പീഡനക്കേസാണോ,അതോ കൊലപാതകമാണോ?’’
‘’ അല്ല സാറേ മക്കളാരോ കൊണ്ട് വന്ന് ഉപേക്ഷിച്ചതാണെന്നാ കണ്ടിട്ട് തോന്നുന്നത്.’’ ഒരു പോലീസുകാരൻ പറഞ്ഞു.തന്നെ കണ്ടിട്ട് ഈ പ്രജകൾക്ക് മനസ്സിലായില്ലേ എന്ന് തമ്പുരാൻ സംശയിചു.പറഞ്ഞിട്ട് കാര്യമില്ല,ഓലക്കുടയും കിരീടവും നല്ലവനായ ഏതോ പ്രജ അടിച്ചു മാറ്റി. മുടിയാണെങ്കിൽ ഒതുക്കി വെട്ടുകയും ചെയ്തു.
‘’സാർ എന്നെ മനസ്സിലായില്ലേ,ഞാനാണ് പഴയ മഹാ ബലി ചക്രവർത്തി..’’ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് എസ്.ഐ.പറഞ്ഞു…’’ഇപ്പോഴത്തെ ചക്രവർത്തിമാരെയും രാജാക്കൻമാരെയും തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല,പിന്നല്ലേ പഴയ ചക്രവർത്തി..അല്ല,ഓണത്തിനാണല്ലോ സാധാരണ തമ്പുരാൻ വരാറുള്ളത്.ഹർത്താലിന് വരുന്ന മാവേലിയെ ആദ്യമായിട്ടാ കാണുന്നത്.എന്നോട് പറഞ്ഞതിരിക്കട്ടെ,മറ്റാരോടും ഇത് പറയാൻ നിൽക്കണ്ട.അവരെങ്ങോട്ടാ കൊണ്ടു പോകുന്നതെന്ന് പറയാൻ കഴിയില്ല.
‘’ഓണമൊക്കെയല്ലേ നേരത്തെ വന്ന് പ്രജകളെയൊക്കെ സന്ദർശിച്ചു കളയാമെന്ന് വിചാരിച്ചു..’’ മാവേലി വിശദീകരിച്ചു.അവർക്ക് അത് തൃപ്തികരമായ മട്ടില്ല.അല്ലെങ്കിൽ തന്നെ പോലീസുകാർക്കും ന്യൂ ജനറേഷനുമൊക്കെ എന്തു മാവേലി?പഴയ പോലെ പ്രജകളെ സന്ദർശിക്കാനും ബുദ്ധിമുട്ടായി.ഇപ്പോൾ പ്രജകളെ കാണണമെങ്കിൽ ഫ്ളാറ്റുകൾ തോറും കയറിയിറങ്ങണം. എങ്ങനെയെങ്കിലും ലിഫ്റ്റിൽ കയറാമെന്ന് വെച്ചാൽ തന്നെ ഓലക്കുടയും കിരീടവുമൊക്കെയായി ആകെ പുലിവാലാകും. പണ്ട് താൻ വരുമ്പോൾ ഓണക്കളിയും പൂവിളിയുമൊക്കെയായിരുന്നു,ഇപ്പോൾ ഓണത്തല്ലും കൊലവിളിയുമായിരിക്കുന്നു.
‘’തമ്പുരാനെ,ഇവിടെ നിന്ന് കറങ്ങണ്ട.ഇന്നും ഹർത്താലാണ്. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുമുണ്ട്. എല്ലായിടത്തും വെള്ളം കേറിയിരിക്കുകയുമാണ്,പ്രജകളെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല,പ്രജകൾ തന്നെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ നേടാൻ ആരെ കാണുമെന്നോർത്തിരിക്കുകയാ..വേണമെങ്കിൽ റെയിൽവെ സ്റ്റേഷനിൽ വിട്ടു തരാം.’’ എസ്.ഐ.പറഞ്ഞു.
വെള്ളപ്പൊക്കം കാരണം തീവണ്ടിയൊക്കെ റദ്ദാക്കിയിരിക്കുകയാ,എങ്കിലും അവിടെത്തന്നെ പോയിരിക്കാതെ മറ്റ് വഴിയൊന്നും കാണുന്നില്ല.അല്ലെങ്കിൽ റോഡിൽ കുഴിക്ക് ക്ഷാമമമൊന്നുമില്ലാത്തതു കൊണ്ട് ഏതെങ്കിലും വലിയ കുഴി നോക്കി ചാടാം,പാതാളത്തിൽ എത്താതിരിക്കില്ല.
പക്ഷേ,ഈ വെള്ളത്തിനിടയിൽ കുഴി കണ്ടു പിടിക്കാനും പ്രയാസം..
’’ കൂടുതൽ ആലോചിക്കാനൊന്നുമില്ല,വണ്ടിയിലോട്ട് കേറ് മൂപ്പിൽ ബ്രോ..’’ ഒരു പോലീസുകാരന്റെ സ്നേഹോപദേശം. ഓലക്കുടയും കിരീടവുമൊക്കെയായി വന്ന തമ്പുരാൻ കുടയും വടിയുമില്ലാതെ തിരികെ യാത്രയായി.ഹർത്താലിന്റെ കാര്യത്തിലെങ്കിലും തന്റെ നാട് സ്വയം പര്യാപ്തത കൈ വരിച്ചല്ലോ എന്ന് മാവേലി തമ്പുരാൻ ആശ്വസിച്ചു. ഓണാശംസകൾ നേരാൻ വന്ന തമ്പുരാൻ ഹർത്താലാശംസകൾ നേർന്ന് പാതാളത്തിലേക്ക് തിരിച്ചു. എത്രയും പെട്ടെന്ന് തന്റെ പ്രജകൾ പ്രളയത്തെ അതിജീവിക്കട്ടെ എന്നും തമ്പുരാൻ പ്രാർഥിച്ചു.
കാരണം,അവരുണ്ടെങ്കിലല്ലേ,വർഷത്തിലൊരിക്കലെങ്കിലും അവരെ കാണാനെന്ന് പറഞ്ഞ് തനിക്ക് ഇങ്ങോട്ട് വരാൻ കഴിയൂ?
Click this button or press Ctrl+G to toggle between Malayalam and English