മഹാപ്രളയകാലത്തെ അടയാളപ്പെടുത്തുമ്പോൾ

 

2018 ഭാവി തലമുറക്ക് കലണ്ടറിലെ കേവലം ഒരു വർഷം മാത്രം. ഏതാനും അക്കങ്ങളുടെ കൂട്ടിചേരലുകൾ. പക്ഷെ, അക്കാലത്ത് ജീവിച്ചിരുന്നവർക്ക് അതൊരു ഭീതിജനകമായ ഓർമ്മക്കാലം.

പണ്ട് സിനിമക്ക് മുൻപ് കാണിച്ചിരുന്ന ആന്ധ്രായിലെയും ഒറീസയിലെയും വെള്ളപ്പൊക്ക കാഴ്ച്ചകൾ കാണുമ്പോൾ അതൊക്കെ മലയാള നാട് എന്നെങ്കിലും അനുഭവിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചുണ്ടാകില്ല.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക കഥകൾ പറഞ്ഞിരുന്ന മുൻ തലമുറക്കാർ വെടിവട്ടം പറയുന്നവർ എന്നുള്ള പരിഹാസം കേട്ടപ്പോൾ അവരതൊന്നും കാര്യമാക്കാതെ മനസ്സിൽ പറഞ്ഞിട്ടുണ്ടാകും.

‘അനുഭവിച്ചവർക്കല്ലേ അതിന്റെ നീറ്റൽ അറിയൂ’

2018 എന്ന പ്രതീകം അഞ്ചു വർഷത്തിന് ശേഷം ചലച്ചിത്രമാകുന്നു. കാവ്യാ ഫിലിംസിൽ വേണു കുന്നപ്പള്ളിൽ, സി. കെ പത്മകുമാർ , ആന്റോ ജോസഫ് എന്നീ നിർമ്മാതാക്കളുടെ ഒത്തൊരുമ.

കുഞ്ചാക്കോ ബോബന്റെ നൂറാമത് ചിത്രം കൂടിയായ 2018 തിയറ്ററിൽ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു ഹീറോയെ എടുത്തുകാണിക്കാൻ സിനിമാപ്രവർത്തകർ ഒരുങ്ങിയില്ല. ഇതിൽ പ്രവർത്തിച്ച ഓരോ അണിയറപ്രവർത്തകരും 125 നടീനടന്മാരും തിയറ്ററിൽ സിനിമ കാണാൻ എത്തുന്നവരും എല്ലാം ഇതിൽ ഹീറോകളെ ആണെത്രേ.

അതുകൊണ്ടാണല്ലോ സിനിമാ പോസ്റ്റർ ടൈറ്റിൽ ആയിട്ട് ‘എവരി വൺ ഈസ് ഹീറോ’ എന്ന് തന്നെ കൊടുത്തത് ,
മലയാളി ഒന്നിച്ചപ്പോൾ പ്രളയം തോറ്റു പിൻമാറി. അത്രക്ക് ചങ്കുറപ്പാണ് മലയാളി അന്ന് കാണിച്ചത്. സിനിമയിലും ആ ചങ്കുറപ്പ് ഇതിലെ ഓരോ കഥാപാത്രത്തിന്റെയും കൂടി അനുഭവമാക്കാൻ ജൂഡ് അന്റണിക്കു കഴിഞ്ഞിട്ടുണ്ട് .

125 -ൽ പരം അഭിനേതാക്കൾക്ക് അവരുടെ സ്പെയ്സിൽ നിന്ന് ആസ്വദിച്ച് വർക്ക്‌ ചെയ്യാനുള്ള സ്വാതന്ത്ര്യം സംവിധായകൻ കൊടുത്തപ്പോൾ അവരോരുത്തരും അത് മുതലാക്കി. തിയറ്ററിൽ ചിത്രത്തിലെ ഓരോ രംഗങ്ങളിലൂടെ കടന്നു പോയിക്കഴിഞ്ഞപ്പോൾ പലപ്പോഴും ഈയുള്ളവൻ രോമാഞ്ചം അനുഭവിച്ചു. പ്രത്യേകിച്ച് വെള്ളത്തെ അറിഞ്ഞവർക്കെന്തിന് വെള്ളത്തെ പേടി എന്ന ലാൽ അവതരിപ്പിച്ച മത്സ്യത്തോഴിലാളി പള്ളീലച്ചനോട് പറയുന്ന രംഗം. സിനിമയുടെ ഓരോ വിഷ്വലും അതിഗംഭീരം തന്നെ.

ചിത്രം കണ്ടിറങ്ങുമ്പോൾ, മാധ്യമങ്ങളിൽ റിവ്യൂകൾ വായിക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ് അക്കാലത്തേക്കൊന്ന് പോയി വരും.
ഭരണയന്ത്രം ചലിപ്പിക്കാൻ നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഒന്നിച്ചതോടെ സർക്കാർ സംവിധാനം കാര്യക്ഷമമായി. ചെറുപ്പക്കാർ നവമാധ്യമങ്ങളുടെ കർമ്മശേഷി ആവോളം പ്രയോജനപ്പെടുത്തി. നാടിന്റെ മുക്കിലും മൂലയിലും സഹായഹസ്തങ്ങളുമായെത്തി. രാഷ്ട്രീയമില്ലാതെ, ജാതിയില്ലാതെ, പണത്തിന്റെ വേർതിരിവില്ലാതെ പ്രളയത്തെ നേരിട്ടു.

മഹാപ്രളയകാലം മലയാളിയുടെ ചങ്കുറപ്പിന്റെ കഥയായി പരിണമിച്ചു. 2018 എന്ന ചിത്രത്തെ മുന്നിൽ നിർത്തി നമുക്ക് ഏതു വിദേശ ചിത്രങ്ങളോടും കട്ടക്ക് വർത്തമാനം പറയാം. ഈ ഹിറ്റ് ചിത്രത്തിന്റെ അണിയറ ശിൽപ്പികളെ ഒന്ന് പരാമർശിക്കാതെ പോകുന്നത് ശരിയല്ല.

ഛായാഗ്രഹണം എം. അഖിൽ ജോർജ്ജ് , കഥ – ജൂഡ് ആന്റണി ജോസഫ് , അഖിൽ പി. ധർമ്മജൻ, ചിത്ര സംയോജനം- ചമൽ ചാക്കോ, സംഗീതം- നോബിൾ പോൾ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.

മലയാളി കാണേണ്ട പടം തന്നെ ഇത്, ഏറ്റവും നല്ല സൗണ്ട് ഇഫക്ട് കിട്ടുന്ന തിയറ്റർ ഏതാണെന്നു നോക്കുന്നത് നല്ലത്, ഒരു പക്ഷെ അത് നിങ്ങളുടെ അടുത്തുനിന്നു കിലോമീറ്ററുകൾ അകലെ ആയേക്കാം. എന്നാലും അവിടെ തന്നെപോയി കാണണം എന്നാണ് ലേഖകന്റെ അഭിപ്രായം.

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here