ആ മാതൃ ദിനത്തിലും മക്കൾക്ക് വേണ്ടി
അവസാന സെൽഫിയെടുക്കാൻ
അമ്മ മൂകയായ് മരവിച്ചിരുന്നു.
സംരക്ഷണത്തിൻ പ്രഹസനങ്ങൾ
ശീതികരിച്ച ശവമായി
മമ്മി ഫോണിൽ നോക്കി
മക്കൾക്കൊപ്പം ചിരിച്ചു.
ഭാരമുള്ള കൈകൾ ദേഹത്ത് നിന്നും
ഊർന്നുപോയാശ്വാസത്തിൽ
ഭൂതകാലത്തിന്റെ ഊടുവഴികളിൽ
മാറാലകളിലൂടൂളിയിട്ട്
അമ്മ സ്വജീവിതത്തെ പരതി.
ആ കുഞ്ഞു നാളിലെ പാദസരമില്ല
ചങ്ങല പാടുകൾ മാത്രം.
കുപ്പിവളകളോ പൊട്ടിത്തെറിച്ചവ
മണ്ണോടു ചേർന്നിരിക്കുന്നു.
അന്നറിഞ്ഞില്ല ഞാൻ എന്റെ സ്വപ്നങ്ങളും
മണ്ണോടു ചേർന്നിരുന്നെന്ന്.
എൻ വസന്തത്തിന്റെ ചെന്നിണ പൂക്കളെ
ഗുരുതി പൂജയ്ക്കായ് അറുത്തു മാറ്റി.
അവസാന ശ്വാസത്തിൽ പിടയുന്ന ചെടികൾക്ക്
നനവ് പകർന്നോരെൻ അശ്രുകണങ്ങളിൽ
ഭസ്മമെറിഞ്ഞു കൊണ്ടാണിയടിച്ചവർ.
നീറിപ്പുകഞ്ഞു കൊണ്ടെന്നമ്മയോട് ഞാൻ
സങ്കടം ചൊല്ലിയപ്പോൾ
നാട്ടുനടപ്പുകളേറ്റു ചൊല്ലി തന്ന്
അമ്മയും വീണ്ടും കണ്ണുരുട്ടി
വലുതായെന്ന പേരും പറഞ്ഞ്.
അന്നറിഞ്ഞില്ല ഞാൻ എന്നമ്മ മാളോർ തൻ
സ്തുതി ഗീത മന്ത്രത്തിന്നടിമയാകുന്നത്.
പിന്നെ ഞാനാടിയ വേഷങ്ങളൊക്കെയും
ചോരവർക്കുന്നൊരാ പ്രേതത്തിൻ പേക്കൂത്ത്.
ഭാര്യയായെന്നെ പ്രതിഷ്ഠിച്ച നാൾകളിൽ
അദിതിമന്ത്രങ്ങളിൽ നിർവൃതി പൂണ്ടു ഞാൻ
അന്നറിഞ്ഞീലയീ വശ്യസൂക്തങ്ങളെൻ
ചിറകരിയാനായ് മയക്കിക്കിടത്തവേ
സിരകളിലേകിയ ലഹരികളാണെന്ന്.
എൻ ഹൃദയത്തിലെ അക്ഷരകൂട്ടിനെ
എച്ചിലിനൊപ്പമൊഴുക്കി കളഞ്ഞും
പുകയേറ്റു നീറിക്കലങ്ങുന്ന കൺകളിൽ
ഇല്ലറക്കരിയഞ്ജനമാക്കിയും
സ്വയമപഹാസ്യയായ് അവരെ രസിപ്പിച്ചു.
രാജ്യം ചൂതാടുന്ന രാജകരെ പോലെ
ഉന്മാദ പൂർണരായാർത്തു ചിരിച്ചവർ.
നീയാണ് ഭാര്യ ഭരിക്കപ്പെടേണ്ടവൾ!
കണ്ടു പഠിക്കേണ്ട സ്ത്രീജന്മമാണ് നീ!
അറിയാതെ വീണു പൊയ്ക്കൊണ്ടിരുന്നു ഞാൻ
പിൻ വഴിയില്ലാത്തവസ്ഥാന്തരങ്ങളിൽ.
വൈധവ്യകാലത്തു മാതൃകാ സതിയാക്കി
ജീവന്റെ ചിതയിലെറിഞ്ഞു തള്ളി അവർ.
എന്നിലെ സത്ത്വത്തെ പുഴുവരിക്കാൻ വിട്ട്
കപട സന്യാസം വരിക്കാൻ ശ്രമിക്കവേ
ഞാനറിഞ്ഞേയില്ല ഉപജാപസൂക്തങ്ങൾ
അടിമബോധത്തെ കുത്തിയാഴ്ത്തുന്നതും
എന്നശ്വരേണുക്കൾ പിടഞ്ഞൊടുങ്ങുന്നതും.
മാതൃത്വമെന്നതിന്നന്തിമ വാക്കായി
നാട്ടുകൂട്ടം തന്നോരായിരം ലൈക്കുമായ്
ഞാനിന്നു മക്കളുടെ ഫേസ്ബുക്കിൽ നിറയുന്നു.
നാലു ചുവരുകൾക്കുള്ളിൽ കഴിയുന്ന
നാട്ടിലോട്ടുക്കുമേ തുക്കുവാൻ പോകാത്ത
തന്ന പടചോറ് താഴ്മയായി വാങ്ങുന്ന
അമ്മയാണിന്നു ഞാൻ വാഴ്ത്തപ്പെടുന്നവൾ!
നാട്ടുകൂട്ടത്തിൻ നിഘണ്ടുവിനുള്ളിലെ
പൂർണയാം അമ്മ തൻ ശ്രീകോവിലാണ് ഞാൻ.
അങ്ങിങ്ങെവിടെയോ നിർത്താതെ കേൾക്കുന്ന തെരുവ് നായ്ക്കൾ തൻ ഓരിയിടൽ ശബ്ദം
എൻ തലച്ചോറിനെ വെല്ലുവിളിക്കുന്നു.
വാട്സാപ്പിൽ നിറയുന്ന സ്തുതി ഗീത വിക്രിയ
ഇന്നെന്റെ ചിതയിലെ കനലായെരിയുന്നു.
പൂക്കൾക്ക് പുറം തിരിഞ്ഞ്
പുഴയെ നോക്കി വെളുക്കെചിരിച്ച്
സൂര്യ കിരണങ്ങളെ മറച്ച്
എന്നെയും മുന്നിൽ നിർത്തി
മക്കളെടുത്ത എല്ലാ സെൽഫിക്കും
കമെന്റുകൾ നിറയുന്ന നോട്ടിഫിക്കേഷൻ ബെൽ
മരണമണിയായെന്റെ കാതിൽ മുഴങ്ങുന്നു.
ഒന്ന് പൊലിപ്പിച്ചു മക്കൾ തൻ മറുപടി
ഭൂമീ ദേവി തൻ സഹനമാണമ്മ!
ഭൂമിയോടൊപ്പം ഞാനുമീയുള്ളിലെ
മാഗ്മയാം സത്യത്തിൽ തിളച്ചു മറിയുന്നു.
അനന്തതയിലേക്കുള്ള ദീർഘ വിഹായുസ്സിൽ
അമ്മ തൻ നയനങ്ങൾ വിടർന്നു ജ്വലിക്കുന്നു.
ഇന്നമ്മ അറിയുന്നു, നിങ്ങൾ നിഷേധിച്ചു
എൻ പ്രപഞ്ചത്തിലെ താരാപഥങ്ങളെ
എനിലൂറി പ്രസരിക്കും നിലാവിനെ
ഞാനറിയാതെ ഞാനലിയേണ്ടുന്ന
എന്റെ മാത്രം മഴയെ!
ഇന്ന് ഞാനറിയുന്നു
അവസാനം വിരിഞ്ഞൊരെൻ മന താരിന്റെ
ഓരോ ദളങ്ങളും ഞെരിച്ചു പിഴിഞ്ഞൊരാ
ചുവന്ന മഷി കൊണ്ട്
നിങ്ങൾ രചിച്ചതെൻ പിൽക്കാല നാടകം.
ഇനിയുമീ അമ്മ പുനർജനിക്കും
വീണ്ടുമൊരു ബിഗ് ബാങിലൂടെ
ഭൂഗർഭത്തിൽ നിന്നൊരാഗ്നേയ ശിലയായ്
ഈ ചുടുവാതകങ്ങളെ പൊട്ടിത്തെറിപ്പിച്ച്
എന്നിലെ ലാവയെ ശിലയായുറപ്പിച്ച്
എൻ ബാഷ്പബിന്ദുക്കൾ ഘനീഭവിച്ചൊ-
രു ചൂടുറവയായ് ഞാൻ പുനർജനിക്കും.
മനം നിറയെ ചിരിച്ചുല്ലസിച്ച്
പുഴയായി ചിലങ്കകൾ കിലുക്കി
കാട്ടു പൂക്കളോടു കുശലം പറഞ്ഞ്
പാറക്കെട്ടുകളിലൂടെ തെന്നി തെന്നി
കുറുകെ നീന്തുന്ന മീനുകളോട് കാനൂലും പറഞ്ഞ്
ഒളിച്ചു വരുന്ന നിലാവിനെ പ്രണയിച്ച്
കാറ്റിൻ ചുമലിലേറി മാനത്തേക്കുയർന്ന്
സൂര്യനുമായ് കണ്ണ് പൊത്തിക്കളിച്ച്
മേഘങ്ങളുമായി കെട്ടിപ്പിണഞ്ഞ്
ഇടിമിന്നലുണ്ടാക്കി കുഞ്ഞു കൂണുകൾ മുളപ്പിച്ച്
മഴയായ് ഊർന്നിറങ്ങി
ഒരിക്കലും കടലിലെത്താതെ
പിന്നെയും പിന്നെയും
അനന്തമായൊഴുകണം.
ഒരിക്കലും തീരാത്ത യാത്ര!
കവി ഈ കവിത ചൊല്ലുന്നത് കേൾക്കുക –