മാന്ത്രികനിമിഷങ്ങൾ

നഗരത്തിലെ വി ഐ പി കോളനിയിലെ വീട്ടിൽ ഇരുന്നു ചിക്കൻപീസുമായി യുദ്ധം തീർത്തു എഴുനേൽക്കാൻ ഒരുങ്ങുമ്പോഴാണ് റിട്ടയേർഡ് എസ്.ഐ ഫൽഗുണൻപിള്ള ആ ശബ്ദം കേട്ടത്. ഇരുമ്പ്ദണ്ഡ് കൊണ്ട് ഇരുമ്പ് പ്ലേറ്റിൽ അടിക്കുന്ന ശബ്ദം. സമയം രാത്രി 9 കഴിഞ്ഞു ‘ഈ സമയത്ത് ഒരു കപ്പലണ്ടിക്കച്ചവടമോ വീടുകൾക്കു മുന്നിൽ ‘ ഫല്ഗുണൻപിള്ളയിലെ പോലീസുകാരൻ സടകുടഞ്ഞു എഴുന്നേറ്റു. ഭാര്യ ഭഗീരഥിയുടെ കോളോണിവാർത്തകൾ അവസാനിക്കുന്നത് കാത്തുനിൽക്കാതെ കുപ്പിയിലിരുന്ന വവ്വാലിന്റെ നീര് ഒരു ഗ്ലാസ്‌ കൂടി ഒഴിച്ചു കുടിച്ച് അയാൾ എഴുന്നേറ്റു. ഉടനെ മൊബൈൽ എടുത്തു അയാൾ കോളനി സെക്രട്ടറി തോമാച്ചായനെ വിളിച്ചു.. അയാളുടെ ദൃതി കണ്ട ഭഗീരഥിഅമ്മ അന്തം വിട്ട് ഇരുന്നു. മകൻ കൊടുത്തയച്ച ടച്ച്‌ മൊബൈലും ആയി പരിചയം ആകാത്ത ഫൽഗുണൻ പിള്ള യുടെ കൈ തട്ടി ലൗഡ് സ്പീക്കർ ഓൺ ആയി. ഭർത്താവിന്റെ വാലിനു തീപിടിക്കാൻ മാത്രം എന്താണ് കാര്യം എന്ന് അറിയാനായി ചിക്കൻ പ്ലേറ്റ് കാലിയാക്കുന്നതിനോടൊപ്പം ഫോൺ സംഭാഷണം കേൾക്കുവാനായി ചെവി കൂർപ്പിച്ചു.

“തോമാച്ചായോ വീട്ടിലാണോ”.

“അതേടാഉവ്വേ ഞാൻ കഴിക്കാനായി ഇരിക്കാൻ തുടങ്ങുവായിരുന്നു , എന്താടോ ഈ നേരത്ത് തന്റെ ശബ്ദത്തിനു ഒരു പരിഭ്രമം പോലെ “.

“തോമാച്ചായാ പുറത്ത് ഒരു ശബ്ദം കേട്ടോ ഒരു കപ്പലണ്ടിക്കാരൻ “.

“ഓ അതിനെന്താടോ ഇപ്പോൾ പ്രശ്നം, തനിക്കു കപ്പലണ്ടി വാങ്ങാൻ ചില്ലറ വേണോ “.

“എന്റെ പൊന്നു ടോമാച്ചായ തമാശ പറയല്ലേ, അച്ചായൻ സമയം ഒന്നു നോക്കു രാത്രി 9 കഴിഞ്ഞു ഈ നേരം ഈ വീടുകൾക്കു മുന്നിൽ എന്ത് കപ്പലണ്ടി കച്ചവടം രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.ഇതു ഉദേശം വേറെ എന്തോ ആണ്. കച്ചവടം ചെയ്യാൻ ആണെങ്കിൽ വല്ല ബസ് സ്റ്റാൻഡിലും പോയാൽ പോരെ രാത്രി വീടുകൾക്കു മുന്നിൽ എന്ത് കച്ചവടം “.

“ഫാൽഗുണാ, താൻ പറയുന്നതിലും കാര്യമുണ്ടല്ലോ വല്ല കൊള്ളയും കൊലയും നടത്താൻ പറ്റിയ വീട് നോക്കി ഇറങ്ങിയവന്മാർ ആരെങ്കിലും ആണോ? “.

“അതേ അച്ചായാ ഒരു സംശയവും ഇല്ല അച്ചായൻ ആ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുന്ന ശബ്ദത്തിന്റെ തീവ്രത കേട്ടോ ഇതു സാധാരണ കപ്പലണ്ടിക്കാരുടെ ശബ്ദമല്ല.എനിക്ക് പണ്ട് സർവീസിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള ഒരു സംഭവമാണ് ഓർമ വരുന്നത് ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന ഒരു റിപ്പർ. ആ മോഡൽ കുറ്റവാളികൾ ഇപ്പോഴും ഉണ്ട് എന്ന് ഏതോ പത്രവാർത്തയിൽ കണ്ടത് ഓർക്കുന്നു.”

ലൗഡ് സ്‌പീക്കറിലൂടെ ഇത്രയും കേട്ട ഭാഗീരഥിയുടെ തൊണ്ടയിൽ നിന്നു ചിക്കൻ താഴോട്ട് ഇറങ്ങാതെ ആയി ഭയത്തിന്റെ ചെറു തണുപ്പ് കാലിലൂടെ മുകളിലെക്ക് കയറാൻ തുടങ്ങി.

“തോമാച്ചയാ ഒരു കാര്യം ചെയ്യ് അച്ചായൻ ആ ജേക്കബിനെയും ബാലചന്ദ്രനേയും ഒക്കെ വിളിച്ചു ആ രാജന്റെ വീട്ടിലോട്ടു വരാൻ പറ ഞാൻ സ്റ്റേഷനിൽ വിളിച്ചു നമ്മുടെ എസ്.ഐ രംഗനോട് വരാൻ പറഞ്ഞിട്ടു അങ്ങോട്ട്‌ എത്താം.അവൻ ഏതു റിപ്പർ ആയാലും നമ്മളുടെ ഹൗസിങ് കോളനിയിൽ വന്നിട്ട് മിടുക്കു കാണിച്ചു പോകില്ല”.

ഫോൺ വച്ച ഫൽഗുണൻ ഡൈനിങ് ടേബിളിൽ ഇരുന്ന കുപ്പിയിൽ നിന്നു ഒരു ഗ്ലാസ്‌ വവ്വാലിന്റെ നീരുകൂടി കുടിച്ച് പുറത്തേക്ക് ഇറങ്ങി. എന്തോ ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഭഗീരഥിമ്മയുടെ വായിൽ നിന്നു ശബ്ദം വെളിയിൽ വന്നില്ല.

ഫൽഗുണൻ പിള്ളയുടെ ഫോൺ വച്ചു തോമാച്ചൻ വൃദ്ധസന്യാസിയുടെ തീർത്ഥം ഒരു ഗ്ലാസ്സ് കൂടി കുടിച്ചു. ഭാര്യ ഏലിയാമ്മയോട് വാതിൽ അടച്ചു കിടന്നോളാൻ പറഞ്ഞു മൊബൈലും എടുത്തു പുറത്തിറങ്ങി.തോമാച്ചന്റെ ഫോൺ വന്നപ്പോൾ ജേക്കബും ബാലചന്ദ്രനും കൂടി ബാലന്റെ വീട്ടിൽ ഇരുന്നു തണുത്ത പൊന്മാനിനെ രുചിക്കുക ആയിരുന്നു. പൊന്മാനിനെ ആസ്വദിച്ചു കഴിക്കാൻ പറ്റിയില്ല എന്നതിൽ വിഷമം തോന്നിയെങ്കിലും നിമിഷങ്ങൾ കൊണ്ട് പൊന്മാനിനെ തീർത്ത അവർ രാജന്റെ ന്റെ വീട്ടിൽ എത്തി.

ആ കോളനിയിലെ പൗരപ്രമുഖർ നിമിഷങ്ങൾക്കുഉള്ളിൽ രാജന്റെ വീട്ടിൽ ഒത്തു കൂടി. ഈ സമയം പൗര പ്രമുഖരുടെ ഭാര്യമാർ വഴി കോളനിയുടെ വാട്സ്ആപ്പ് ഗ്രൂപ്പലൂടെ കോളനിയിലെ എല്ലാവരും റിപ്പർ വാർത്ത അറിഞ്ഞിരുന്നു. ഇതേ സമയം ഓരോ വീടിനു മുന്നിലും ഒരു നിമിഷം തന്റെ ഉന്തുവണ്ടി നിർത്തി വീട്ടിലേക്കു ഒന്ന് നോക്കി ആ കപ്പലണ്ടിക്കാരൻ മുന്നോട്ട് വന്നുകൊണ്ടിരുന്നു.കോളനിയിലെ അവസാന വീടാണ് രാജന്റെ വീട്.

“ഇനിയുള്ള ഓരോ നിമിഷവും ശ്രദ്ധപൂർവ്വം കൈകാര്യം ചെയ്യണം. പോലീസ് വരുമ്പോഴേക്കും അവൻ രക്ഷപെടാതെ നമ്മൾ നോക്കണം”.ഓപ്പറേഷൻ റിപ്പറിന്റെ നായക സ്ഥാനം ഏറ്റെടുത്തു ഫൽഗുണൻപിള്ള പറഞ്ഞു.രാജൻ കുപ്പിയിൽ നിന്നു നിറമില്ലാത്ത വെള്ളം ഓരോരുത്തർക്കും ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു.ഉദ്യോഗജനകമായ നിമിഷങ്ങളെ തരണം ചെയ്യുന്ന മാന്ത്രികനിമിഷങ്ങൾ.ഗേറ്റിനു പുറകിൽ മറഞ്ഞു നിന്ന അവരെ കടന്ന് ആ രൂപം ഉന്തു വണ്ടിയുമായി മുന്നോട്ടു പോയി.ആദ്യം പുറത്തിറങ്ങിയത് ഫൽഗുണൻപിള്ള ആയിരുന്നു.പുറകിലൂടെ എത്തിയ ഫൽഗുണൻപിള്ള പുറകിലൂടെ ആ രൂപത്തിന്റെ കഴുത്തിൽ പിടുത്തമിട്ടു.പുറകിലൂടെ പിടുത്തം വീണഉടനെ ആ രൂപം കുതറിമാറാൻ ശ്രമിച്ചു.ആ രൂപം കൈയിൽ ഇരുന്ന ഇരുമ്പ് ദണ്ഡ് മുകളിലൊട്ടുഉയർത്തി. പിന്നെ താമസിച്ചില്ല ബാക്കി പൗരപ്രമുഖർ ആ രൂപത്തിന്മേൽ ചാടി വീണു.റിപ്പറിന്റെ കൈയിൽ നിന്നു ഇരുമ്പ് ദണ്ഡ് തെറിച്ചു റോഡിൽ വീണു.താമസിയാതെ ആ രൂപവും റോഡിലേക്കു വീണു.

വവ്വാൽ നീരിന്റെ വീര്യവും, വൃദ്ധ സന്യാസിയുടെ അനുഗ്രഹവും, പൊന്മാനിന്റ ശക്തിയും ഒത്തുചേർന്ന മാന്ത്രികനിമിഷങ്ങൾ. റിപ്പറുടെ അലർച്ച പ്രതീക്ഷിച്ച കോളനിയിലെ വീടുകളിൽ കേട്ടത് പക്ഷേ ഒരു പന്ത്രണ്ടുവയസ്സുകാരന്റെ തമിഴ് ചുവയുള്ള അമ്മേ വിളി ആയിരുന്നു.മാന്ത്രികനിമിഷങ്ങളുടെ തീവ്രതയിൽ ആ ശബ്ദം ക്രമേണനിലച്ചു.
പിറ്റേന്ന് പത്രങ്ങളിൽ ഒരു വാർത്ത ഉണ്ടായിരുന്നു ‘നഗരത്തിലെ ആൾക്കൂട്ടകൊലപാതകം പ്രതികൾ മുഴുവൻ എസ്.ഐ. രംഗന്റെ നേതൃത്വത്തിൽ അറസ്റ്റിൽ’.

 

(വാൽക്കഷണം :കുറച്ചു നാടൻ തർജ്ജിമകൾ :വവ്വാൽ- BACARDI, വൃദ്ധ സന്യാസി -OLD MUNK പൊന്മാൻ-KING FISHER മാന്ത്രികനിമിഷങ്ങൾ-MAGIC MOMENTS. )

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here