ഡി സി കിഴക്കെമുറി എന്നയാൾ കാഞ്ഞിരപ്പളളി കിഴക്കെമുറിയിൽ ഡൊമനിക് ചാക്കോ ആണ് എന്ന കണ്ടുപിടിത്തം എന്നെ അക്കാലത്ത് ഭയങ്കരമായി അത്ഭുതപ്പെടുത്തിയ ഒന്നാണ്. കാരണം കാഞ്ഞിരപ്പളളിയിൽനിന്ന് ഒരു സാംസ്‌കാരിക സാഹിത്യപ്രവർത്തകൻ ഉയർന്നുവരികയെന്നത് വിഷമമുളള കാര്യമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അവർക്ക് അവിടെ സംസ്‌കാരതിൽ താത്‌പര്യമില്ലാഞ്ഞിട്ടല്ല, പണം ധാരാളമുളളിടത്തും സാംസ്‌കാരികനേട്ടങ്ങൾ നേടുന്ന കാര്യത്തിൽ ഒരലസ മനോഭാവം ഉണ്ടാകാറുണ്ട്, നാമെന്തിനു ബദ്ധപ്പെടണം നമ്മുടെ കാശുകൊണ്ട് പത്തെഴുത്തുകാരെ വിലയ്‌ക്ക് വാങ്ങാമല്ലോ എന്ന മനോഭാവം, കാഞ്ഞിരപ്പളളിയിൽനിന്നു കോട്ടയത്തേക്കുളള ദൂരം നാല്‌പതു കിലോമീറ്റർ പോലുമില്ലെങ്കിലും അവിടെനിന്നു സംഘത്തിന്റെ സാഹിത്യ കൈലാസശൃംഗങ്ങളിലേക്കുളള ദൂരം പ്രകാശവർഷങ്ങളായിട്ടാണ് എനിക്കു തോന്നിയിരുന്നത്. ഡിസിയുടെ ചുവടുകൾ കണ്ടുപിടിച്ചതുപോലുളള മറ്റൊരു ഞെട്ടിക്കുന്ന കണ്ടുപിടിത്തമായിരുന്നു പി.ടി.ചാക്കോ എൻ.ബി.എസ്സിന്റെ സ്ഥാപകരിൽ ഒരാളാണ് എന്നത്. കിഴക്കൻ നസ്രാണികളുടെ ഈ “ക്വാണ്ടം ജംപു”കൾ എന്നെ അളവില്ലാതെ ആശ്ചര്യപ്പെടുത്തി. കാരണം, അക്ഷരം പഠിപ്പിക്കാനുളള സ്ഥാപനങ്ങൾ നിർമ്മിക്കാൻ സമർത്ഥരാണെങ്കിലും പുസ്‌തകം കണ്ടാൽ സംഭീതരാകുന്നവരാണ് ഒരുപക്ഷേ, ഇന്നും നസ്രാണി കർഷകർ പൊതുവെ. പക്ഷേ, അവരുടെ ഇടയിൽ വന്നുഭവിച്ചു കഴിഞ്ഞിരുന്ന സൂക്ഷ്‌മമായ മാറ്റങ്ങളെപ്പറ്റി ചരിത്രപരമായി ബോധമില്ലാത്തതുകൊണ്ടായിരുന്നു ഡി സിയുടെയും ചാക്കോയുടെയും കഥ എന്നെ അത്ഭുതപ്പെടുത്തിയത്. എന്നെപ്പോലൊരു ‘അത്യാധുനികന്’ എത്ര പണ്ടേ ഡി സി ഒരു ഗാന്ധിയനും സ്വതന്ത്രചിന്തകനും അവിശ്വാസിയും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രോത്സാഹകനും ആയിത്തീർന്നിരുന്നു.
ഡി സിയെപ്പോലെ അക്ഷീണമായ ജീവിതോത്സാഹമുളള ഒരു വ്യക്തിയെ ഞാൻ വളരെ വിരളമായേ കണ്ടിട്ടുളളൂ. ഇന്നത്തെ പ്രത്യയശാസ്‌ത്രവിശേഷണങ്ങളുപയോഗിച്ച് പറഞ്ഞാൽ ഒരുപക്ഷേ, ഡി സി ഒരു യാഥാസ്ഥിതികനാണ്. സസ്യഭോജിയാണ്, മദ്യപാനിയല്ല, വിപ്ലവപ്രസ്ഥാനങ്ങളിൽ പേരു കൊടുത്തിട്ടില്ല. സ്വന്തം സ്ഥാപനം ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നു എന്ന ഭീകരകുറ്റം ചെയ്യുന്നവനുമാണ്. പക്ഷേ, ഡി.സി. പ്രസിദ്ധീകരിക്കുന്ന ഇന്നത്തെ ആധുനികരും ആധുനികോത്തരരുമായ എത്രയോ മഹാസാംസ്‌കാരിക സിംഹങ്ങളെക്കാളും സിംഹികളെക്കാളും വിശാലഹൃദയനാണ് ഡി.സി. കാരണം ഡി സിയുടെ മതം മലയാളമാണ്. ഡിസിയുടെ വർഗ്ഗം അക്ഷരമാലയിലെ വർഗ്ഗങ്ങളാണ്. സാഹിത്യകാരന്മാരുടെ സംഘം തമ്മിൽത്തല്ലി തകർന്നപ്പോൾ പ്രത്യയശാസ്‌ത്രങ്ങളില്ലാത്ത ഈ മൂരാച്ചിക്ക് മലയാള പുസ്‌തകങ്ങൾക്ക് ഒരു പുതിയ, വമ്പിച്ച സമകാലീനമായ ഭവനം തുറന്നുകൊടുക്കാനായല്ലോ; അതുതന്നെ ധാരാളം.
Generated from archived content: essay-sept15.html Author: zacaria
Click this button or press Ctrl+G to toggle between Malayalam and English