ഒരു ആഫ്രിക്കൻ യാത്ര

ആഫ്രിക്ക എന്ന പദം ഈ യാത്രാവിവരണത്തിലുപയോഗിക്കുമ്പോൾ, അത്‌ എന്തെല്ലാം ഉൾപ്പെടുത്തുന്നു, എന്തെല്ലാം വിട്ടുകളയുന്നു എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്‌. പൊറ്റെക്കാട്ടും ഞാനും കണ്ട ആഫ്രിക്ക, ആ ഭൂഖണ്ഡത്തിന്റെ കിഴക്കൻപാളി മാത്രമാണ്‌. എസ്‌.കെ. മൊസാംബിക്കിൽ കപ്പലിറങ്ങി പടിഞ്ഞാറ്‌ ഇന്നത്തെ സിംബാബ്‌വെയിലേക്കും അവിടെനിന്ന്‌ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കെ മൂലയിലുള്ള ഈജിപ്തിലേക്കുമാണ്‌ യാത്ര നടത്തിയത്‌. ഞാൻ എസ്‌.കെ.യുടെ പാത പിന്തുടരാൻ ശ്രമിച്ചെങ്കിലും മലാവിയിലും (അന്നത്തെ ന്യാസാലാന്റ്‌) സുഡാനിലും എനിക്ക്‌ പ്രവേശനം ലഭിച്ചില്ല. എസ്‌.കെ.യുടെ പാതയിലേക്ക്‌ ഞാൻ ദക്ഷിണാഫ്രിക്കയും ബോട്‌സ്‌വാനയും കൂട്ടിച്ചേർത്തു. അങ്ങനെ ആഫ്രിക്കയുടെ തെക്കൻ മുനമ്പായ കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പിൽ നിന്ന്‌ വടക്ക്‌ ഈജിപ്തിലെ സീനായ്‌ പ്രവിശ്യവരെ കിഴക്കൻപാളിയിലെ എട്ട്‌ രാജ്യങ്ങളിലൂടെയായിരുന്നു എന്റെ യാത്ര.

ആഫ്രിക്ക എന്ന്‌ ഞാൻ പറയുമ്പോഴെല്ലാം, ഈ എട്ട്‌ രാജ്യങ്ങളിലൂടെയുള്ള പരിമിതമായ യാത്രാനുഭവവും അവയെപ്പറ്റിയുള്ള കുറച്ച്‌ വായനയും നൽകുന്ന ഭാഗികമായ ഒരു പ്രതിരൂപം മാത്രമാണ്‌ യഥാർത്ഥത്തിൽ അർത്ഥമാക്കപ്പെടുന്നത്‌. അവയ്‌ക്ക്‌ പുറത്ത്‌, അവയിൽനിന്ന്‌ പരിപൂർണ്ണ വ്യത്യസ്തങ്ങളായ നിരവധി ആഫ്രിക്കകളുണ്ട്‌. ലിബിയ, അൾജീറിയ, മൊറോക്കോ, ഈജിപ്ത്‌, ടുണീഷ്യ തുടങ്ങിയ ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ വെളുത്ത ആഫ്രിക്കയാണ്‌. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇന്ന്‌ അമ്പത്തിയഞ്ചോളം രാഷ്‌ട്രങ്ങൾ നിലവിലുണ്ട്‌. അവയിൽ എട്ടെണ്ണത്തിനെ മാത്രമാണ്‌ എന്റെ യാത്ര സ്പർശിച്ചത്‌ എന്ന പരിമിതി ആഫ്രിക്കയെക്കുറിച്ച്‌ സാമാന്യവത്‌കരണങ്ങൾ നടത്താനുള്ള പ്രലോഭനത്തിൽ നിന്ന്‌ എന്നെ തടയുന്നു.

‘ഇരുണ്ട ഭൂഖണ്ഡം’ എന്ന്‌ മുദ്രയടിക്കപ്പെട്ട ആഫ്രിക്കയിൽ ഇന്ന്‌ ഇരുണ്ട ഭൂഖണ്ഡങ്ങൾ രൂപംകൊണ്ടിട്ടുണ്ട്‌. അവ പ്രത്യക്ഷപ്പെടുന്നത്‌ ഇൻഡ്യയിലെപ്പോലെതന്നെ വക്രബുദ്ധികളും ആർത്തി പൂണ്ടവരും ക്രൂരരും മോഷ്‌ടാക്കളുമായ ആഫ്രിക്കൻ രാഷ്‌ട്രത്തലവൻമാരുടെ തലച്ചോറുകളിലാണ്‌. അഴിമതിയും ആദർശജീർണതയും രാഷ്‌ട്രീയ മാഫിയകളുടെ പ്രോത്സാഹനവും കുറ്റകൃത്യതൽപരരായ യുവാക്കളുടെ വർദ്ധിച്ചുവരുന്ന സംഖ്യയിലും അവയുടെ സാന്നിധ്യമുണ്ട്‌. പക്ഷേ, ആഫ്രിക്ക തോൽപ്പിക്കപ്പെട്ടു കഴിഞ്ഞു എന്ന്‌ വിശ്വസിക്കാൻ പ്രയാസമുണ്ട്‌. എന്റെ ചുറ്റിക്കറങ്ങലുകളിലൊന്നും ഇത്രമാത്രം ഹൃദയത്തിനണങ്ങിയതും, വീടണഞ്ഞ പ്രതീതി തരുന്നതുമായ ഒരു ദേശം കണ്ടിട്ടില്ല. ആഫ്രിക്കൻ രാഷ്‌ട്രീയം എത്രമാത്രം സ്വാർത്ഥകവും നിർദ്ദയവുമാണോ, അത്രമാത്രം അപകടകരമാം വിധം നിരുപദ്രവകരവും നിഷ്‌കളങ്കവുമാണ്‌ ശരാശരി ആഫ്രിക്കൻ മനസ്‌. ഈ വൈരുധ്യങ്ങൾക്കിടയിലൂടെയാണ്‌ ആഫ്രിക്കയുടെ അടുത്ത വഴിത്തിരിവ്‌ വന്നെത്തേണ്ടത്‌.

(ആമുഖത്തിൽ നിന്ന്‌)

പ്രസാ ഃ ഡിസി

വില ഃ 295രൂ.

Generated from archived content: book_apr9_07.html Author: zacaria

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English