മരുഭൂമിയിലെ പക്ഷിയില്‍ ഒരു രംഗമുണ്ട്
കേരളത്തില്‍ മലയാളം അദ്ധ്യാപകനായി വിരമിച്ച മുകുന്ദന്‍ മാഷ് പ്രൊവിഡന്റ് ഫണ്ടും മറ്റും ചിലവഴിച്ച് ഗള്‍ഫില്‍ വരുന്നു. ജോലി കിട്ടുന്നില്ല. താമസിക്കുന്നിടത്ത് പ്രശ്‌നങ്ങള്‍ അങ്ങനെ അദ്ദേഹം ഹാഷിമും അബൂക്കയും താമസിക്കുന്നിടത്ത് അഭയം തേടി വരുന്നു അവിടെ സ്ഥലപരിമിതിയുണ്ട് ജോലിയില്ലാത്തവരുണ്ട് അങ്ങനെ പല പ്രശ്‌നങ്ങളുണ്ട് . മാഷിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ പരുങ്ങുന്നു. തല മൂത്ത ആളായ അബൂക്കയും ഒന്നും പറയുന്നില്ല. സൈനുവും ദിലിപും മാഷിന്റെ പ്രശ്‌നങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍! പള്ളില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നു. അവര്‍ സംസാരം നിര്‍ത്തുന്നില്ല. അപ്പോള്‍! മുകുന്ദന്‍ മാഷ് അവരെ തൊട്ട് നിശബ്ദരാകാന്‍ ആംഗ്യം കാണിക്കുന്നു. ഇതുകണ്ടു കണ്ടു കയറിവരുന്ന അബൂക്ക സൈനുവിനോടു ഗര്‍ജ്ജിക്കുന്നു ” എടാ കഴുതേ ബാങ്ക് വിളി കേട്ടപ്പോള്‍! അന്യജാതിക്കാരനായ മാഷ് സംസാരം നിര്‍ത്തി അതിനെ അഹുമാനിച്ചു. നിന്റെ കാതില്‍ ആപ്പായിരുന്നോടാ ഹംക്കേ”?
അബൂക്ക തുടര്‍ന്നു പറയുന്നു മതം ഏതായാലും അതിലെ വിശ്വാസവും അനുഷ്ഠാനങ്ങളും വിശുദ്ധിയുടെ മാര്‍ഗ്ഗങ്ങളാണു.
അബൂക്ക ക്രുദ്ധനായി അവരെ കൂടുതല്‍ വഴക്കു പറയുന്നു.
മുകുന്ദന്‍ മാഷ് കാര്യങ്ങളെല്ലാം തകരാറായെന്നു കണ്ട് സ്ഥലം വിടാനൊരുങ്ങുന്നു. അപ്പോള്‍! അബൂക്ക സൈനുവിനോടും ഹാഷിമിനോടും സ്വന്തം മുറിയിലേക്കു ചൂണ്ടി ആജ്ഞാപിക്കുന്നു.
” ഹാശിമേ , ജ് മാശിന്റെ ബേഗെടുത്ത് അകത്തു വയ്ക്കു ”
എന്നിട്ടു പറയുന്നു ” മനുശന്‍ മനുശനേ അറിയണം അതിനാണു പടച്ചോന്‍ വകതിരിവ് തന്നിരിക്കുന്നത് നമ്മളെ ബഹുമാനിച്ച മാശിനെം നമ്മളു ബഹുമാനിച്ചില്ലെങ്കില്‍ നാളെ അള്ളാന്റെ മുമ്പില്‍ ഹിസ്സാബ് പറയേണ്ടി വരും.
മുഹമ്മദിന്റെ നോവലിലെ സുപ്രധാന നിമിഷങ്ങളിലൊന്നാണു ഇത്. അബൂക്ക സ്വതവെ കാരു ണ്യവാനായ മനുഷ്യനാണു. പക്ഷെ ജോലിയില്ലാത്ത ഒരാളിന്റെ ഭാരം കുടിയേറ്റെടുക്കാനും ഇടത്തിനു ഞെരുക്കമുള്ളയിടത്ത് ഒരാളിനേക്കൂടി പഠിപ്പിക്കാനുള്ള വലിയ ബുദ്ധിമുട്ടോര്‍ത്ത് അയാള്‍ മുകുന്ദന്‍ മാഷിന്റെ പ്രശ്‌നത്തിനു മുമ്പില്‍ നിസ്സഹയനായി നില്‍ക്കുകയായിരുന്നു. എന്നാല്‍ അപരന്റെ വ്യത്യസ്തമായ ദൈവവിശ്വാസത്തോട് മുകുന്ദന്‍ മാഷ് കാണിക്കുന്ന ആദരവിനു മുമ്പില്‍ അബൂക്ക എല്ലാ വിഷമങ്ങളും മറന്ന് തന്റെ ഹൃദയത്തിന്റെയും ഭവനത്തിന്റെയും വാതിലുകള്‍ തുറക്കുന്നു.
മുഹമ്മദിന്റെ എല്ലാം വിധത്തിലും ആസ്വാദ്യമായ നോവല്‍ പ്രകാശിപ്പിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഈ ഒരു രംഗം മാത്രം ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നതെന്തിനെന്നു നിങ്ങള്‍ ആലോചിച്ചേക്കാം.
മനുഷ്യന്‍ മഹനീയതയോടെ പെരുമാറുന്ന ഇത്തരം നിമിഷങ്ങള്‍ അപൂര്‍വ്വമായിത്തീരുകയാണു എന്നു പറയാനല്ല ഞാന്‍ ഈ രംഗം വിവരിച്ചത്. മറിച്ച്, ഞാന്‍ വിശ്വസിക്കുന്നത് ജീവിതം സങ്കീര്‍ണ്ണമാകുമ്പോഴും പുതിയതും കഠിനങ്ങളുമായ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും മനുഷ്യന്‍ വീണ്ടും വീണ്ടും തന്റെ മാനുഷികതയെ ഇത്തരം നന്മയുടെ പ്രഖ്യാപനങ്ങളിലൂടെ പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണു എന്നാണു. ഇരുള്‍ നിറഞ്ഞ എല്ലാ വാതിലുകളുമടഞ്ഞു ഇനി ആശയൊന്നും വേണ്ട എന്ന് തോന്നുമ്പോഴേക്കും അകലെ ഒരു പ്രകാശ ജാലകം തുറക്കുന്നതു കാണാം .
മുഹമ്മദ് തന്റെ നോവലില്‍ വിരിച്ച ഈ രംഗം ഗള്‍ഫിലെ ,മലയാളി ജീവിതത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അപൂര്‍ വ്വ മുഹൂര്‍ത്തമാണു, കനിവിന്റെ ഈ പ്രകാശിക്കല്‍ ഗള്‍ഫ് ജീവിതത്തിന്റെ ഒരു പ്രത്യേകതയാണു എന്ന് സ്ഥാപിക്കാനല്ല ഞാനിതു ഓര്‍മ്മിച്ചത്. മറിച്ച് കേരളത്തിലും അമേരിക്കയിലും ആഫ്രിക്കയിലും ഉത്തരേന്ത്യയിലും ചെന്നെയിലുമെല്ലാം ഇത്തരം മുകുന്ദന്മാഷും അവരെ ഇതേ വിധത്തില്‍ ആശ്ലേഷിക്കുന്ന അബൂക്കമാരും ഉണ്ടാവും എന്ന് എനിക്കുറപ്പുണ്ട്. മുഹമ്മദ് ഗള്‍ഫിന്റെ ഉപ്പോടെ എഴുതുന്നത് എവിടെയുള്ള മനുഷ്യന്റെ നന്മയുടെ അനശ്വരതയെ പറ്റിയാണു.
മുഹമ്മദിന്റെ വ്യത്യസ്ഥ മതസ്ഥരായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് മത സൗഹാര്‍ദ്ദമല്ല മനുഷ്യ സൗഹാര്‍ദ്ദമാണു എന്ന് ഞാന്‍ കരുതുന്നു. അതിനെ മത സൗഹാര്‍ദ്ദമായി വായിക്കുന്ന പരമ്പരാഗത മലയാളി പുരോഗമന ചിന്ത നമ്മുടെ യഥാര്‍ത്ഥമനുഷ്യ സ്വത്വത്തെ സാമൂഹികസ്വഭാവത്തെ , സങ്കുചിതമായ ചില വേഷങ്ങള്‍! അണിയിക്കുകയാണു എന്നാണു എന്റെ വിശ്വാസം.
മത സൗഹാര്‍ദ്ദം എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ മൂടി വയ്ക്കുന്നത് മതങ്ങള്‍ തമ്മില്‍ വൈര്യമുണ്ട് , മനുഷ്യര്‍ അതിനടിമയാണു എന്നാല്‍ കുറയൊക്കെ സൗഹാര്‍ദ്ദം സാധ്യാമാണു എന്ന ആത്മ തിരസ്‌ക്കാരവും പരാജയ ബോധവും നിറഞ്ഞ ചിന്താഗതിയെയാണു. ഈ ചിന്താഗതിയില്‍ യാഥാര്‍ത്ഥ്യമില്ല എന്ന് ഞാന്‍ പറയുന്നില്ല. മതങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ ലോകത്തില്‍ ചോര്‍പ്പുഴകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇന്നും നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദു മുസ്ലിം വൈര്യം ഒരു ചരിത്രയാഥാര്‍ത്ഥ്യമാണു.
ഇന്നു ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങള്‍ ഇന്ത്യ യില്‍ പലയിടങ്ങളിലും നശിപ്പിക്കപ്പെടുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശങ്കരാചാര്യരുടെ ദ്വിഗ് വിജയത്തിനു ശേഷം കേരളമടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് ബുദ്ധമതം തുടച്ചു നീക്കപ്പെട്ടു. ഇതെല്ലാം ശരിയാണു മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതെല്ലാം തെറ്റുകളായിരുന്നു. മത സൗഹാര്‍ദ്ദം എന്ന ആശയത്തിലടങ്ങിയിരിക്കുന്നത് ഈ തെറ്റുകളുടെ അംഗീകാരവും അവയെ സൗഹാര്‍ദ്ദവും കൊണ്ട് അതിജീവിക്കണം എന്ന പ്രബോധനവുമാണു എന്നതും ശരി തന്നെ.
പക്ഷെ അബൂക്ക മുകുന്ദന്‍ മാഷിനോടു പ്രദര്‍ശിപ്പിക്കുന്ന മാനുഷികതയെ ,മതത്തിന്റെ നിര്‍ വചനത്തില്‍ ബന്ധിപ്പിച്ചിടുന്നതാണ് പരമ്പരാഗത പുരോഗമന ചിന്തയുടെ തെറ്റ്. അതിനെ മത സൗഹാര്‍ദ്ദമായല്ല മാനുഷിക സൗഹാര്‍ദ്ദമായി കാണാന്‍ നമുക്കു കഴിയണം. ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങളെ വ്യവസ്ഥാപിത മതത്തിന്റെ പുകയും കരിയും പൊടിയും പിടിച്ച പുരാതന കണ്ണടയിലൂടെ കാണുന്നത് നമ്മുടെ അടിസ്ഥാന മാനുഷികതയെ ചോദ്യം ചെയ്യലാണ്. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും മാത്രമേയുള്ളു. മനുഷ്യനില്ല ഇന്ത്യാക്കാരനില്ല മലയാളിയില്ല ഓച്ചിറക്കാര!നില്ല എന്ന പരാജയം സമ്മതിക്കലാണു അതിന്റെ പിന്നില്‍. ഇത് ഒരു വലിയ കെണിയാണു. വെറും മനുഷ്യനില്ല മതം കൊണ്ട് വേര്‍തിരിച്ച് വിശ്വാസികളേയുള്ളു. അടിസ്ഥാന മനുഷ്യസ്വരൂപം ആ വിശ്വാസിയുടെതാണ് എന്ന കളവ് നമ്മുടെ മേല്‍ വീണ്ടും വീണ്ടും അടിച്ചേല്പ്പിച്ചുകൊണ്ടാണ് മത മൗലികവാദം ഇരപിടിക്കുന്നത്.
മുഹമ്മദ് എനിക്കു നല്‍കുന്ന സ്‌നേഹവും സന്മനസും മുസ്ലിം ക്രിസ്ത്യാനി മത സൗഹാര്‍ദ്ദമാണെന്നു ചിന്തിക്കുക പോയിട്ട് സ്വപ്‌നേപി വിചാരിക്കുകപോലും ചെയ്യാന്‍ കഴിയുമോ? മുഹമ്മദിന്റെ അബൂക്ക വാസ്തവത്തില്‍ അതാണു പ്രഖ്യാപിക്കുന്നത്. മനുശന്‍ അറിയണം അതിനാണു പടച്ചോന്‍ വകതിരിവു നല്‍കുന്നത് അതിനു പകരം പടച്ചവന്‍ നല്‍കിയ വകതിരിവ് മനുഷ്യന്‍ മനുഷ്യനെ ക്രിസ്ത്യാനിയായും മുസ്ലിമായും ഹിന്ദുവായും അറിയാന്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ ദുരന്തം.
കേരളത്തിലെ പുരോഗമന ചിന്ത പോലും മതങ്ങളാല്‍ നിര്‍വചിക്കപ്പെടുന്ന സാമൂഹിക വിഭജനങ്ങളെ അടിസ്ഥാനപ്പെടുത്തി മനുഷ്യനെ കാണുന്നുണ്ട്. മത സൗഹാര്‍ദ്ദം ഒരു ബലഹീനതയുടെ അംഗീകാരമാണ്. ആ തലത്തില്‍ നമുക്കതിനെ മാനിക്കാം. മത വൈര്യത്തെ മറികടന്ന് സൗഹാര്‍ദ്ദം പുലര്‍ത്തുന്നു എന്ന അവകാശപ്പെടാന്‍ കഴിയുന്നത് നല്ലതാണ്.
പക്ഷെ മതസൗഹാര്‍ദ്ദം പ്രദേശിപ്പിച്ചതുകൊണ്ട് സംസ്‌ക്കാരസമ്പന്നരെന്ന നിലയില്‍ നാം നമ്മുടെ സമൂഹത്തോടുള്ള കടമ നിര്‍വഹിച്ചു എന്നു ചിന്തിക്കുന്നത് കഷ്ടമാണ് മതത്തിനപ്പുറത്ത് വെറും മനുഷ്യയനായി പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും അനുഭവിക്കാനും നമുക്ക് കഴിയണം. മുഹമ്മദിന്റെ നോവലില്‍ ഉടനീളം പ്രതിഫലിക്കുന്ന നന്മയുടെ എന്റെ വീതമാണ് ഈ ചെറുകാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുവാന്‍ എനിക്കു കിട്ടിയ ഈ അവസരം.
മുഹമ്മദ് എഴുത്ത് ആരംഭിച്ചിട്ടേ ഉള്ളു എന്നാണ് എന്റെ വിശ്വാസം. അതീവ വായനാസുഖവും അനുഭവമാധുര്യവുമുള്ള ഒരു നോവലാണു മുഹമ്മദ് നമുക്ക് തന്നിരിക്കുന്നത് . ഗള്‍ഫിലെ ക്ഷ്ടപ്പാടുകള്‍ക്കും തിരക്കുകള്‍ക്കു മിടയില്‍ മുഹമ്മദ് ഇനിയും ധാരാളം എഴുതട്ടെ പെണ്ണഴുത്ത് ദളിത് സാഹിത്യം എന്നൊക്കെ പറയും പോലെ ഒരു ഗള്‍ഫ് സാഹിത്യം ഇല്ല എന്ന കുറവ് മുഹമ്മദിന്റെ തൂലിക കൊണ്ട് പരിഹരിക്കപ്പെടട്ടെ എന്ന് ഞാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു
രണ്ടു നോവലുകള്‍
എ.എം. മുഹമ്മദ്
ആല്‍ഫാ ബുക്‌സ്
വില 170 രൂപ
Generated from archived content: book1_may16_14.html Author: zacaria
Click this button or press Ctrl+G to toggle between Malayalam and English