റസൂൽ പൂക്കുട്ടിമാർ ഉണ്ടാകുന്നത്‌…..

ആറു കിലോമീറ്റർ വീട്ടിൽ നിന്ന്‌ നിത്യവും നടന്നാണ്‌ റസൂൽ പൂക്കുട്ടി തന്റെ ഗ്രാമത്തിലെ സ്‌കൂളിൽ പോയിരുന്നത്‌. ഉച്ചക്ക്‌ സ്‌കൂളിൽ നിന്നു ലഭിക്കുന്ന ഭക്ഷണം അന്ന്‌ വലിയൊരു അനുഗ്രഹമായിരുന്നു. ഡിഗ്രിക്കു പഠിയ്‌ക്കുമ്പോൾ ഫീസടയ്‌ക്കാൻ നിർവാഹമില്ലാതെ അച്ഛന്റെ വാച്ച്‌ വിൽക്കേണ്ടി വന്നിട്ടുണ്ട്‌. മലയാളം മീഡിയത്തിലാണ്‌ പഠിച്ചത്‌. എന്നിട്ടും റസൂൽപൂക്കുട്ടി ലോകം അംഗീകരിച്ച കലാകാരനായി.

റസൂൽ പൂക്കുട്ടിമാർ എങ്ങനെയാണ്‌ ഉണ്ടാകുന്നത്‌? അത്‌ കഠിനദ്ധ്വാനത്തിന്റെയും ആത്മാർപ്പണത്തിന്റെയും കഥയാണ്‌. കണ്ണുനീർ വീണു നനഞ്ഞ ഒരുപാട്‌ രാത്രികളുടെ ഓർമ്മകൾ അതിനു പിന്നിലുണ്ട്‌. റസൂൽ പൂക്കുട്ടിയെപോലുള്ളവരുടെ ഇച്ഛാശക്തി സിനിമാരംഗത്തേക്ക്‌ കടന്നുവരാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും പ്രചോദനമാകേണ്ടതാണ്‌.

ഇത്‌ ഇവിടെ എഴുതാൻ കാരണം നമ്മുടെ സിനിമ ഇന്ന്‌ എവിടെയെത്തി നിൽക്കുന്നു എന്ന ചിന്തയാണ്‌. ഹിന്ദിയിലും തമിഴിലും ഇറങ്ങുന്നതുപോലെ വ്യത്യസ്‌തമായ എത്ര ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങുന്നു? ഒരു ഗുൽമോഹറും, തിരക്കഥയും പിന്നെ തലപ്പാവും. അതോടെ തീർന്നില്ലേ കാര്യങ്ങൾ. ഇതിൽത്തന്നെ ഗുൽമോഹറും തിരക്കഥയും നേരത്തെ തന്നെ കഴിവു തെളിയിച്ച ജയരാജിന്റെയും രഞ്ജിത്തിന്റേയുമാണ്‌. നവാഗതൻ എന്നുപറയാൻ മധുപാൽ മാത്രം.

1970 കളുടെ തുടക്കം മലയാളസിനിമയുടെ നവോത്ഥാനഘട്ടമായിരുന്നു. അടൂർ ഗോപാലകൃഷ്‌ണൻ എന്ന ചലച്ചിത്ര ഇതിഹാസം മലയാളസിനിമയെ ലോകചക്രവാളത്തിൽ പ്രതിഷ്‌ഠിച്ചു തുടങ്ങിയ കാലഘട്ടം. അരവിന്ദനും ജോൺ എബ്രഹാമും ഭരതനും പത്മരാജനും ഷാജി എൻ. കരുണും, ടി വി ചന്ദ്രനും മലയാളസിനിമയുടെ യശസ്സ്‌ ഉയർത്തി. ആ പാരമ്പര്യം എവിടെവരെ എത്തി.?

ഒരു ശ്യാമപ്രസാദ്‌, ഒരു ജയരാജ്‌, ഒരു മുരളീനായർ, ഈ പട്ടിക പക്ഷേ നീളുന്നില്ല തിരുവനന്തപുരത്ത്‌ കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തവരിൽ അടുർ ഗോപാലകൃഷ്‌ണൻ മുതൽ പ്രദീപ്‌ നായർ വരെ എന്നാണ്‌ ദീപാമേത്ത വിശേഷിപ്പിച്ചത്‌. ഇന്ത്യൻ സിനിമയുടെ ഭാവി പ്രദീപിനെ പോലുള്ള ചലച്ചിത്രകാരന്മാരിലാണെന്ന്‌ പ്രത്യേക ജൂറി പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട്‌ ദേശീയ അവാർഡ്‌ കമ്മിറ്റി ചെയർമാൻ സുധീർ മിശ്ര പറഞ്ഞിരുന്നു. പക്ഷേ ഒരിടം എന്ന മനോഹര ചിത്രം എടുത്ത പ്രദീപിന്‌ രണ്ടാമതൊരു ചിത്രം എടുക്കാൻ എത്ര നാൾ കാത്തിരിക്കേണ്ടി വന്നു. പ്രദീപിനെ കാത്തിരിപ്പിന്‌ ഇടയാക്കിയത്‌ പ്രതിഭാദാരിദ്ര്യമല്ല ഇവിടത്തെ സാഹചര്യങ്ങളാണ്‌.

ഈ സാഹചര്യം എന്താണെന്നു തിരിച്ചറിയാത്തതാണ്‌ നമ്മുടെ ചലച്ചിത്ര അക്കാദമിയുടെയും വികസന കോർപ്പറേഷന്റെയുമൊക്കെ ന്യൂനതകൾ. വർഷംതോറും ചലച്ചിത്രമേള നടത്തിയാൽ ഇവിടത്തെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന്‌ അവർ കരുതുന്നു. ആഘോഷങ്ങളാണ്‌ അതിനു നേതൃത്വം നൽകുന്നവർക്ക്‌ വേണ്ടത്‌. പ്രതിഭകളെ ഉണ്ടാക്കാൻ പറ്റുമോ എന്ന മറുചോദ്യം ചോദിക്കാം. പക്ഷേ സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയെന്ന കർത്തവ്യത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ പറ്റുമോ?

അടുപ്പമുള്ളവരും അടുപ്പമുണ്ടെന്നു ഭാവിക്കുന്നവരുമെല്ലാം ബേബി സഖാവ്‌ എന്നു വിളിക്കുന്ന എം.എ. ബേബിയാണ്‌ നമ്മുടെ സിനിമാ മന്ത്രി. നല്ല സിനിമയെന്ന്‌ മാത്രമല്ല സംഗീതവും എല്ലാം ആസ്വദിക്കുന്ന ഒരു സഹൃദയനാണ്‌ അദ്ദേഹം. ഒരു പക്ഷേ കലാരംഗത്തിന്റെ ഇപ്പോഴത്തെ ഭാഗ്യവും നിർഭാഗ്യവും അതുതന്നെയാണെന്നു തോന്നുന്നു. താല്‌പര്യങ്ങൾ മാത്രമുള്ള ഉപജാപകസംഘത്തിന്റെ പിടിയിൽ അറിഞ്ഞുകൊണ്ടോ അല്ലാതെയോ അദ്ദേഹം പെട്ടുപോകുന്നതായി തോന്നിയിട്ടുണ്ട്‌. സംസ്‌ഥാന ചലച്ചിത്ര അവാർഡുപോലും വിവാദമാകുന്നതോ പോകട്ടെ സബ്‌സ്‌റ്റാന്റേർഡ്‌ എന്നു വിശേഷിപ്പിക്കാവുന്ന വിധം ആയിപ്പോയത്‌ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ കാലത്താണ്‌. അവാർഡ്‌ പ്രഖ്യാപനവേളയിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്കു മുമ്പിൽ നിസ്സഹായനായി ഇരിക്കുന്ന മന്ത്രിയെ കാണേണ്ടിവന്നിട്ടുള്ളതുകൊണ്ടാണ്‌ ഇത്രയും എഴുതേണ്ടിവന്നത്‌.

റസൂൽ പൂക്കുട്ടിമാർ ഉണ്ടാകുന്നെങ്കിൽ അത്‌ അവരുടെ മാത്രം മിടുക്കു കൊണ്ടാണ്‌. ഇവിടെ എന്തെങ്കിലും പ്രോത്സാഹനം ലഭിക്കുമെന്ന്‌ ആരും കരുതണ്ട. കേരളപ്പിറവിക്കുശേഷം ഏറ്റവും വലിയ അംഗീകാരം വാങ്ങിയ റസൂലിന്‌ സ്വർണ്ണപ്പതക്കമാണ്‌ ഗവൺമെന്റിന്റെ സമ്മാനം.

അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ ഒളിമ്പിക്‌സ്‌ മെഡൽ കിട്ടിയപ്പോൾ ലക്ഷങ്ങളും കോടികളും നൽകിയാണ്‌ സർക്കാരുകൾ ആദരിച്ചത്‌. സിനിമയുടെ ഒളിമ്പിക്‌സാണ്‌ ഓസ്‌കാർ. അതുനേടുന്നവർക്ക്‌ സ്വർണ്ണ പതക്കം മാത്രമോ!?

സർവകലാശാല എന്ന ചിത്രത്തിൽ ഇന്നസെന്റ്‌ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നതുപോലെ..

വെറും പൂശേ……

എന്നാലും എന്റെ ബേബി സഖാവേ…..

(കടപ്പാട്‌ – ക്രിട്ടിക്‌സ്‌ വേൾഡ്‌)

Generated from archived content: essay1_mar31_09.html Author: vs_rajesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here