ഇന്ത്യഃ കലാപങ്ങളുടെ വർത്തമാനം

(ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച നോബൽ ജേതാവ്‌ വി.എസ്‌.നയ്‌പാളിന്റെ ഇന്ത്യഃകലാപങ്ങളുടെ വർത്തമാനം എന്ന പുസ്‌തകത്തിലെ തടാകക്കരയിലെ വീട്‌ എന്ന അദ്ധ്യായത്തിൽനിന്നും ഒരു ഭാഗം.)

ഇരുപത്തിയേഴു വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കൊരു മടക്കയാത്ര നടത്താൻ എനിക്കു കഴിഞ്ഞു. ഇന്ത്യയെക്കുറിച്ചുളള വ്രണിതവികാരങ്ങൾ കുടഞ്ഞുകളഞ്ഞതിനുശേഷമാണ്‌ ഞാനീ യാത്രയ്‌ക്കൊരുങ്ങിയത്‌. ഒപ്പം, എന്റെ പൂർവ്വികരുടെ ജീവിതകാലഘട്ടത്തെ എന്നിൽനിന്നും അകറ്റി നിർത്തിയിരുന്ന ആ കട്ടപിടിച്ച ഇരുട്ടിനെ ഒഴിവാക്കാനും എനിക്കു കഴിഞ്ഞിരുന്നു. 1858-ൽ വില്യം ഹോവാർഡ്‌ റസ്സൽ വിവരിച്ചത്‌, ബാഹ്യമായി തകർക്കപ്പെട്ട ഒരു രാജ്യത്തെയാണ്‌; ശിപായിലഹളയ്‌ക്കു മുമ്പുതന്നെ തകർക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ. അന്ന്‌ റസ്സൽ സന്ദർശിച്ചിട്ടുളള പ്രദേശങ്ങളിൽനിന്നും, ഏതാണ്ട്‌ ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം, എന്റെ പൂർവ്വികർ നിർബന്ധിത സേവനത്തിനു വിധിക്കപ്പെട്ട തൊഴിലാളികളുമായി ഗ്വാനയിലെയും ട്രിനിഡാഡിലെയും പഞ്ചസാര എസ്‌റ്റേറ്റുകളിലേക്ക്‌ നാടുകടത്തപ്പെട്ടു. എന്റെ അസ്ഥികൾക്കുളളിൽ, ആ നിഷേധിക്കപ്പെടലിന്റെ, തോൽവിയുടെ, അപമാനത്തിന്റെ ചവർപ്പുണ്ട്‌. 1962-ൽ ഇന്ത്യയിലേക്കുളള യാത്രയിൽ, ആ ചവർപ്പിന്റെ തരികൾകൂടി ഞാൻ കൊണ്ടുപോന്നിരുന്നു; എന്റെ വ്രണിതവികാരങ്ങൾക്കടിസ്ഥാനം, എന്റെ അമർഷത്തിനും വേദനയ്‌ക്കും കാരണം, അതുതന്നെയായിരുന്നു. (ഈ പുസ്‌തകമെഴുതാൻ ശ്രമിച്ചപ്പോൾ വീണ്ടും ആ വേദന പൊന്തിവന്നു, റസ്സലിന്റെ ‘ഡയറി’ വായിച്ചു തുടങ്ങിയപ്പോഴെന്നപോലെ, അങ്ങനെ ഞാൻ ‘ഡയറി’ ഉപേക്ഷിച്ചു. അതിലെ സംഭവങ്ങളെ, അതെഴുതിയ ആളെ, അയാളുടെ കഥാവിവരണപാടവത്തെയൊക്കെ ഞാൻ നിഷേധിച്ചു.)

1962-ൽ എനിക്കു മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു കാര്യം, അല്ലെങ്കിൽ ശ്രദ്ധിക്കാതിരുന്ന കാര്യം, പഴയ ഇന്ത്യ എത്രമാത്രം നവീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്‌. ഇന്നത്തെ ഇന്ത്യ പുതുക്കിപ്പണിയപ്പെട്ട, പുനർനിർമ്മിക്കപ്പെട്ട ഇന്ത്യയാണ്‌. യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടത്തിനു സമാനമായ ഒരു അന്ധകാരയുഗം ഇന്ത്യയ്‌ക്കുമുണ്ടായിരുന്നു. മുസ്ലീം ആക്രമണങ്ങൾ, നിരന്തരമായ കൊളളയടിക്കലുകൾ, അതിർത്തികൾ മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന സാമ്രാജ്യങ്ങൾ, യുദ്ധങ്ങൾ, 18-​‍ാം നൂറ്റാണ്ടിലെ തികഞ്ഞ അരാജകത്വം-ഇങ്ങനെ എല്ലാത്തരത്തിലും ഇരുളിലാണ്ടുകിടന്നിരുന്ന ഇന്ത്യ ഇന്ന്‌ ഉയർത്തെണീറ്റിരിക്കുന്നു. 20-​‍ാം നൂറ്റാണ്ടിലെ, ഇന്ത്യയുടെ ഈ പുനർനിർമ്മാണത്തിന്‌ ഏറെ സമയം വേണ്ടിവന്നു. അതിലുപരിയായി, ഒരു ഭാഗ്യം എന്നു പറയാവുന്ന വിധത്തിലാണ്‌ ഈ മാറ്റങ്ങൾ സംഭവിച്ചതും. 1772-ൽ ബംഗാളിൽ ജന്മംകൊണ്ട റാം മോഹൻ റോയിലെപ്പോലൊരു സാമൂഹ്യപരിഷ്‌കർത്താവിന്റെ സാന്നിധ്യം ചെറിയ കാര്യമായിരുന്നില്ല. 1869-ൽ ഗുജറാത്തിൽ ജനിച്ച്‌, ഇന്ത്യയുടെ വിധി തിരുത്തിയ ഗാന്ധിയുടെ സാന്നിധ്യവും നിസ്സാരമല്ല. 1857-ലെ കലാപത്തിനുശേഷം, ബ്രിട്ടീഷ്‌ ഭരണത്തിലാണെങ്കിൽപ്പോലും, താത്‌കാലികമായി കൈവന്ന സമാധാനവും അപ്രധാനമായിരുന്നില്ല. ബൗദ്ധികമായ നിയോഗങ്ങളിലേക്ക്‌ ഇന്ത്യ ഉണരുകയായിരുന്നു; തികച്ചും നൂതനമായ, ഒരു ബൗദ്ധികമായ ജീവിതത്തിലേക്ക്‌ ഈ രാജ്യം നടന്നടുക്കുകയായിരുന്നു; ചരിത്രത്തെക്കുറിച്ചും, സംസ്‌കാരത്തെക്കുറിച്ചുമൊക്കെ നവീനാശയങ്ങൾ ഈ നാടിനു കൈവരാൻ തുടങ്ങി. യഥാർത്ഥത്തിൽ, ഇത്തരം അനേകം നവീനതകളുടെ പ്രതിഫലനമായിരുന്നു സ്വാതന്ത്ര്യസമരം; അതിലൂടെ നേടിയെടുത്തതാകട്ടെ, ഏറ്റവും ശുദ്ധമായ മോചനവും.

ശിപായിലഹളയ്‌ക്കുശേഷമുളള നൂറ്റിമുപ്പതു വർഷങ്ങൾ-ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാനത്തെ തൊണ്ണൂറു വർഷങ്ങളും സ്വാതന്ത്ര്യലബ്‌ധിയുടെ ആദ്യ നാല്‌പതു വർഷങ്ങളും. നൂറ്റിമുപ്പതു വർഷങ്ങൾക്കുളളിൽ സ്വാതന്ത്ര്യം എന്ന ആശയം ഇന്ത്യയിലെങ്ങും സാർവ്വത്രികമായി വ്യാപിച്ചു. സമൂഹത്തിന്റെ മുകൾത്തട്ടിലുളള ആളുകളാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടി പണിയെടുത്തവരിൽ അധികവും. എന്നാൽ, സ്വാതന്ത്ര്യം അവരിൽ മാത്രമൊതുങ്ങിനിന്നില്ല, അത്‌ താഴേക്കിടയിലുളളവരിലേക്കും ഇറങ്ങിച്ചെന്നു. ഇന്ന്‌, ഇന്ത്യയിലെ എല്ലാ ആളുകൾക്കും തങ്ങളാരാണെന്നും, തങ്ങൾക്ക്‌ അവകാശപ്പെട്ടത്‌ എന്താണെന്നും നന്നായറിയാം. സ്വാതന്ത്ര്യാനന്തരം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതോടെ ഈ സ്വാതന്ത്ര്യബോധവും വർദ്ധിച്ചുവന്നു. 1962-ൽ നിഗൂഢമായി ജനഹൃദയങ്ങളിൽ വേരൂന്നിയിരുന്ന സ്വാതന്ത്ര്യമെന്ന ആശയം വർഷങ്ങൾകൊണ്ട്‌ പ്രകടമായിത്തീർന്നു. ഈ സ്വാതന്ത്ര്യബോധം കേവലം മോചനം മാത്രമായി പ്രകടിപ്പിക്കപ്പെടാവുന്നതല്ല. അടുക്കടുക്കായി നൈരാശ്യവും ക്രൂരതയും ഏറ്റുവാങ്ങിയതാണ്‌ ഇന്ത്യൻ മനസ്സ്‌. പുതുതായി മുളയിട്ട സ്വാതന്ത്ര്യബോധം അസ്വസ്ഥതകളായി വേണം പുറത്തുവരാൻ. അമർഷവും പ്രതിഷേധവുമായി വേണം പുറത്തുവരാൻ. വിപ്ലവങ്ങളും കലാപങ്ങളുമായി വേണം സ്വയം പ്രകാശിക്കുവാൻ. അതെ, ഇന്നത്തെ ഇന്ത്യ അനേകമനേകം കലാപങ്ങളുടെ സമുച്ചയമാണ്‌. ഒരു ദശലക്ഷം കലാപങ്ങളുടെ സമുച്ചയം.

അനേകമനേകം കലാപങ്ങൾ-മതവിഭാഗങ്ങളുടെ, പ്രാദേശികതയുടെ, സംഘടനകളുടെ, ചിന്താഗതികളുടെ കലാപം. ആത്മബോധത്തിന്റെ തുടക്കം, ഭൗതിക ജീവിതത്തിന്റെ തുടക്കം- അരാജകത്വവും ക്രമരാഹിത്യവും അസ്വസ്ഥമാക്കിയ മനസ്സുകളുടെ പ്രതിഷേധം. 200 വർഷം മുമ്പുളള ഇന്ത്യയിൽ ഇല്ലാതിരുന്ന ഒന്ന്‌ ഇന്നത്തെ ഇന്ത്യയിലുണ്ട്‌. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രബിന്ദു. ആ കേന്ദ്രബിന്ദുവിന്റെ ഇച്ഛാശക്‌തി, അതിന്റെ പ്രതിഭാശേഷി, ഒരു ദേശീയബോധം. ചെറിയ ചെറിയ നാട്ടുരാജ്യങ്ങളുടെ ആകത്തുകയായിരുന്ന ആ പഴയ രാജ്യത്തെക്കാൾ പ്രബലമാണ്‌ ഇന്ത്യൻ യൂണിയൻ. പല തരത്തിൽപ്പെട്ട വിഭാഗങ്ങളുടെ മുന്നേറ്റമുണ്ടായപ്പോഴും ഇന്ത്യ ശക്തിപ്പെടുകയായിരുന്നു. നിയമവും പൗരബോധവും യുക്തിബോധവുമുളള ഇന്ത്യ. ജനങ്ങൾക്ക്‌ മറ്റൊരവസരം കൊടുക്കുകയാണ്‌ ഇന്ത്യൻ യൂണിയൻ ചെയ്‌തത്‌. വിഭാഗീയതകളിൽനിന്നും തിരിച്ചുവന്ന്‌ ജീവിക്കുവാൻ ശിവശേനയുടെ സങ്കുചിതത്വവും, വിവിധ മതമൗലികവാദികളുടെ സ്വാർത്ഥതയും (ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ വേദനകൾക്ക്‌ നാവു കൊടുക്കുന്നത്‌ മതത്തിന്റെ ഭാഷയിലാണ്‌.) സിനിമാതാരങ്ങളുടെയും വംശീയ രാഷ്‌ട്രീയത്തിന്റെയും തെക്കേ ഇന്ത്യൻ വ്യാഖ്യാനങ്ങളും, മാർക്‌സിസ്‌റ്റ്‌ തത്ത്വചിന്തയുടെ അർപ്പണബോധത്തോടെയുളള അലസതയും ശൂന്യതയുമായിത്തീർന്ന ബംഗാളുമൊക്കെ ഇതിനുദാഹരണങ്ങളാണ്‌.

ഓരോ വിഭാഗത്തിന്റെയും അമിതമായ ആവശ്യങ്ങൾ, അമിതമാണെന്നു തിരിച്ചറിയാൻ ഇന്നത്തെ ഇന്ത്യയ്‌ക്കു കഴിയുന്നുണ്ട്‌. കലാപങ്ങളിലൂടെ വളർന്നത്‌ ഇന്ത്യയുടെ പൊതുവിലുളള ബൗദ്ധിക ജീവിതമാണ്‌. മനുഷ്യത്വത്തിന്റെയും പൗരബോധത്തിന്റെയും മൂല്യമാണ്‌. തികച്ചും വിരോധാഭാസമെന്നു പറയട്ടെ, കലാപങ്ങൾ വെറുക്കപ്പെടേണ്ടവയല്ല. പതിനായിരക്കണക്കിന്‌ ആളുകൾ പുതിയൊരു ജീവിതശൈലി പടുത്തുയർത്തുന്നത്‌ കലാപങ്ങളിലൂടെയാണ്‌. ഇന്ത്യയുടെ വളർച്ച, രാഷ്‌ട്രപുനർനിർമ്മാണം ഒരളവോളം നിർവ്വഹിക്കപ്പെടുന്നത്‌ അതിലൂടെയാണ്‌.

************

മടക്കയാത്രയിൽ ബോംബെയിലെത്തിയ ഞാൻ വീണ്ടും പാരിതോഷിനെ കണ്ടു. പാരിതോഷ്‌ എന്ന സിനിമാക്കഥയെഴുത്തുകാരനെ. കച്ചവടസിനിമയ്‌ക്കുവേണ്ടിയാണ്‌ അയാൾ കഥ എഴുതിക്കൊണ്ടിരുന്നത്‌. അതേസമയം, സിനിമ എന്ന കലാരൂപത്തെ അയാൾ സ്‌നേഹിക്കുന്നുമുണ്ട്‌. അയാളുടെ തൊഴിലും മതവും സിനിമയാണ്‌. എന്നാൽ, ഇന്ത്യയിലെ സിനിമാനിർമ്മാതാക്കളെ അയാൾക്ക്‌ വിശ്വാസമില്ല. അവർ അയാളെ വേദനിപ്പിക്കുകയും ചൊടിപ്പിക്കുകയുമാണ്‌ ചെയ്‌തിട്ടുളളത്‌. ജീവിതത്തിന്റെ ഉയർച്ചതാഴ്‌ചകൾ അനുഭവിച്ചിട്ടുളള ആളാണ്‌ പാരിതോഷ്‌.

അഞ്ചുമാസം മുമ്പ്‌ ഞാൻ അയാളെ കാണുമ്പോൾ അസുഖകരമായ അനുഭവങ്ങൾ പിന്നിട്ടതിന്റെ ക്ഷീണത്തിലായിരുന്നു പാരിതോഷ്‌. ബോംബെയിലെ സിനിമാലോകം മടുത്ത്‌ സ്വന്തം നഗരമായ കൽക്കത്തയിലേക്ക്‌ വിശ്രമിക്കാനും മനസ്സു വീണ്ടെടുക്കുവാനുമായി പോയതായിരുന്നു. ഇതിനിടെ അയാൾ വിവാഹിതനായി. ഏതാനും മാസങ്ങൾക്കുളളിൽ നിരാശയിൽ നിന്നും മോചനം നേടി. വീണ്ടും സിനിമാരംഗത്ത്‌ പ്രവർത്തിക്കണമെന്ന തീരുമാനത്തോടെ അയാൾ ബോംബെയിൽ തിരിച്ചെത്തി. നഗരത്തിന്റെ പ്രാന്തപ്രദേശത്തുളള ഒരു ഒറ്റമുറി പാർപ്പിടത്തിലാണ്‌ അയാൾ കഴിഞ്ഞിരുന്നത്‌. ഇരുകൈകളുമുയർത്തി മേൽക്കൂരയിൽ കണ്ണുംനട്ടുകൊണ്ട്‌ അയാൾ പ്രഖ്യാപിച്ചുഃ ‘സൂര്യനു കീഴിൽ എനിക്കുളള ഒരേയൊരിടം ഈ ഒറ്റമുറിയാണ്‌.’ എങ്കിലും പാരിതോഷിന്‌ പ്രതീക്ഷയുണ്ട്‌. ഒരു കാലത്ത്‌ സിനിമാരംഗത്ത്‌ തിളങ്ങിനിന്നിരുന്ന ഒരു നിർമ്മാതാവിനുവേണ്ടി തിരക്കഥ എഴുതാനാണ്‌ അയാൾ ബോംബെയിൽ എത്തിയിരിക്കുന്നത്‌. ഇടയ്‌ക്കിടെ, അടുത്തുളള ഒരു ഹോട്ടൽമുറിയിൽ അവർ കൂടാറുണ്ട്‌-കഥയെപ്പറ്റി ചർച്ചചെയ്യാൻ.

ജോലി പൂർത്തിയാക്കണമെന്നും വിജയിക്കണമെന്നും പാരിതോഷ്‌ തീരുമാനിച്ചു കഴിഞ്ഞു. ഈ സിനിമയിലൂടെ തനിക്കു പണമുണ്ടാക്കാൻ കഴിയുമെന്ന്‌ അയാൾ വിശ്വസിക്കുന്നു. എന്നാൽ, അയാളെ കാണാൻ എന്നെ കൂട്ടിക്കൊണ്ടുപോയ പാരിതോഷിന്റെ ബന്ധു പറഞ്ഞത്‌ ആ വിശ്വാസം ശരിയാവണമെന്നില്ലെന്നാണ്‌. പാരിതോഷിന്റെ സ്വഭാവം പലർക്കും ഇഷ്‌ടപ്പെടാറില്ല. ഇടയ്‌ക്കുവെച്ച്‌ എന്തെങ്കിലും കുഴപ്പമുണ്ടാക്കി അയാൾ തിരിച്ചുപോരും. അതാണ്‌ പതിവ്‌. ബന്ധുവിന്റെ സംഭാഷണം നിശ്ശബ്‌ദം ശ്രദ്ധിച്ചു കൊണ്ട്‌ മാർക്കറ്റിനടുത്തുളള തിരക്കേറിയ റോഡിലൂടെ റെയിൽവേ സ്‌റ്റേഷനിലേക്കു നടക്കുമ്പോൾ നൈരാശ്യം എന്നെയും ബാധിച്ചിരുന്നു. സുമുഖനായ ആ കഥയെഴുത്തുകാരനും അയാളുടെ ഇല്ലായ്‌മ വിളിച്ചോതുന്ന പാർപ്പിടവുമൊക്കെ എന്നെ അസ്വസ്ഥനാക്കി. ഇപ്പോൾ, അഞ്ചുമാസങ്ങൾക്കുശേഷം, പാരിതോഷിന്‌ എന്തു സംഭവിച്ചുവെന്ന്‌ എനിക്കറിയണം.

ആളുകളെ കുത്തിനിറച്ച ട്രെയിനിലോ പുകയും പൊടിപടലങ്ങളും നിറഞ്ഞ റോഡിലൂടെ പായുന്ന ഒരു ടാക്‌സിക്കാറിലോ എനിക്കൊരു ക്ലേശകരമായ യാത്ര നടത്തേണ്ടിവന്നില്ല. പാരിതോഷ്‌ എന്നെ കാണാനും ഒന്നിച്ച്‌ ഒരു കപ്പ്‌ കാപ്പി കഴിക്കാനുമായി ഞാൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക്‌ വന്നു. ഇന്നയാൾ വളരെ തിരക്കുളള ഒരു എഴുത്തുകാരനാണ്‌. തിരക്കേറിയ ജീവിതശൈലിയുടെ സന്തോഷം അയാളുടെ മുഖത്ത്‌ തിളങ്ങുന്നുണ്ട്‌. പഴയ കോപം ആറിത്തണുത്തിരിക്കുന്നു.

അന്നത്തെ സിനിമയ്‌ക്ക്‌ അയാൾ കഥയെഴുതി പൂർത്തിയാക്കിയിരുന്നു. നിർമ്മാതാവിനെ പണം കൊടുത്തു സഹായിക്കാൻ ഒരാൾ തയ്യാറാവുകയും ചെയ്‌തു. ഷൂട്ടിങ്ങ്‌ കഴിഞ്ഞു റഷസ്‌ കണ്ടു തൃപ്‌തിപ്പെട്ട ഒരു വിതരണക്കമ്പനി സിനിമ ഏറ്റെടുത്തു. മുടക്കിയ പണം ഉടൻതന്നെ തിരിച്ചുകിട്ടി. താമസിയാതെ അയാൾ രണ്ടാമതൊരു സിനിമ നിർമ്മിക്കാൻ തയ്യാറായി. പാരിതോഷിന്റെ മനസ്സിൽ പുതിയ പുതിയ ആശയങ്ങൾ നിറഞ്ഞുതുളുമ്പുകയായിരുന്നു. ആദ്യത്തെ സിനിമയിൽനിന്നുതന്നെ അയാൾക്കു നല്ല പ്രതിഫലം കിട്ടി. നഗരത്തിലെ ഭേദപ്പെട്ട ഒരു സ്ഥലത്ത്‌ കുറച്ചുകൂടി വലിയ ഒരു വീട്‌ അയാൾ വാങ്ങി. അഞ്ചുമാസങ്ങൾക്കുളളിൽ അയാളുടെ ഭാഗ്യം തെളിഞ്ഞു. തിരക്കേറിയ, ഊർജ്ജസ്വലമായ, സമ്പന്നമായ ബോംബെയിൽ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്‌; അതുകൊണ്ടാണ്‌ ആളുകൾ ബോംബെയിലേക്ക്‌ നിരന്തരമൊഴുകിക്കൊണ്ടിരിക്കുന്നത്‌.

രണ്ടാമത്തെ സിനിമയിൽ പാരിതോഷിനും മുതൽമുടക്കുണ്ട്‌. ഇതൊരു വെറും കച്ചവടസിനിമയല്ല. തനിക്കുവേണ്ടിയുളളതാണ്‌. വലിയ വീടു വാങ്ങാൻ തന്നെ സഹായിച്ച ആദ്യസിനിമയെ വിമർശിക്കാൻ അയാൾ ഒരുക്കമല്ല; എങ്കിലും അതിന്റേത്‌ മറ്റൊരു ശൈലിയാണ്‌.

എന്തായിരുന്നു ആ സിനിമയുടെ കഥ? ആ ഒറ്റമുറിവീട്ടിൽ കഴിയുന്ന കാലത്ത്‌, ഏതു തരത്തിൽപ്പെട്ട കഥയും കഥാപാത്രങ്ങളുമായിരുന്നു അയാളെ സ്വാധീനിച്ചുകൊണ്ടിരുന്നത്‌? എവിടെ നിന്നാണ്‌ അയാൾ തന്റെ കഥാബീജം കണ്ടെത്തിയത്‌? ബോംബെയിലെ ഒരു ചേരിപ്രദേശമാണ്‌ ആ കഥയുടെ പശ്ചാത്തലം. ഒരു ചേരിനിവാസിയാണ്‌ നായകൻ. കഴിവുളള ഒരു ചെറുപ്പക്കാരൻ. പക്ഷേ, ഒരധോലോകത്തിൽപ്പെട്ട്‌ അയാൾ ദുഷിച്ചു പോകുന്നു. കച്ചവടസിനിമയാണത്‌. എങ്കിലും കാലികപ്രാധാന്യമുളളതും. ശക്തമായ കഥാവതരണം (എല്ലാ കഥകളിലുമെന്നതുപോലെ എഴുത്തുകാരന്റെ ജീവിതദുരിതങ്ങളുടെ പ്രതിഫലനം ഇതിലുമുണ്ട്‌).

ഈ സിനിമയെടുക്കുന്നതിനുവേണ്ടി കൃത്രിമമായി തങ്ങൾക്കൊരു ചേരി ഉണ്ടാക്കേണ്ടിവന്നുവെന്ന്‌ പാരിതോഷ്‌ പറഞ്ഞു. നിയമപരമായ കാരണങ്ങളാൽ യഥാർത്ഥ ചേരിയിൽവച്ച്‌ ഷൂട്ടിങ്ങ്‌ നടത്താൽ കഴിഞ്ഞില്ല. വിവിധ ചേരികളുടെ അനേകം ഫോട്ടോകളെടുത്തശേഷം അവർ കൃത്രിമമായി ഒരു ചേരി പുനഃസൃഷ്‌ടിച്ചു. ഷൂട്ടിങ്ങ്‌ നടന്നിരുന്ന കാലമത്രയും ആ ചേരിയിലെ കുടിലുകളിൽതന്നെയാണ്‌ അവരെല്ലാം കഴിഞ്ഞിരുന്നത്‌. ഞാനയാളെ കാണുന്നതിന്റെ തലേദിവസമാണ്‌ ആഴ്‌ചകളോളം അവർ കഴിഞ്ഞുകൂടിയ ആ കൃത്രിമച്ചേരി പൊളിച്ചു മാറ്റപ്പെടുന്നത്‌. അത്‌ അയാളെ വേദനിപ്പിക്കാതിരുന്നില്ല.

(വിവർത്തനംഃ പ്രമീളാദേവി – കടപ്പാട്‌ ഃ കറന്റ്‌ ബുക്‌സ്‌ ബുളളറ്റിൻ)

Generated from archived content: essay1_june23.html Author: vs_naipaul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English