പുതിയ കാലത്തിന്റെ പുതുകവിതയുടെ നിരയിൽ, അനേകം പേരുണ്ട്. കലയുടെ ഏതു മേഖലയിലും വലിയ പെരുപ്പം സംഭവിച്ചിരിക്കുന്നു. ഇതിനെ ജനാധിപത്യം എന്നു വിളിക്കാമെങ്കിലും, നിലനിന്നേക്കാവുന്ന മുദ്രാവെളിച്ചങ്ങൾ പരിമിതപ്പെട്ടിരിക്കുന്നു. ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ സിരാബലമുളള കവികളെ ബാലചന്ദ്രനുശേഷം വിരളമായേ കണ്ടിട്ടുളളു. തൊണ്ണൂറുകളുടെ ആരംഭം മുതലേ ഞാൻ എ.എസ്.സുധീറിനെ ശ്രദ്ധിച്ചിട്ടുണ്ട്. കവികളുടെ സംഘശക്‌തിയിൽ വിശ്വസിക്കാതെ, മുഖ്യധാരാ മാധ്യമങ്ങളിൽ തിക്കിക്കയറാതെ, പുതിയ കാലത്തിന്റെ കരിയറിസ്‌റ്റ് ബാധകളൊന്നുമില്ലാതെ, അഞ്ഞൂറ് കോപ്പിയെങ്കിലും അച്ചടിച്ച് രണ്ടാം പതിപ്പ് സ്വപ്‌നം കാണാതെ, സ്വന്തം വ്യാകുലതകളിലൊളിച്ചു നടക്കുന്ന ഈ കവി, ഇപ്പോൾ മാത്രമാണ് ഒരു സമാഹാരവുമായി വെളിപ്പെടുന്നത്.
നിശിതവും നിയതവുമായ താളബോധത്തോടു കൂടി, ഗദ്യത്തിലും പദ്യത്തിലും രൂപപ്പെടുന്ന ഈ കാവ്യഭാഷയിൽ, വാക്കുകൾ ഇരുണ്ടിരിക്കുന്നതെന്തുകൊണ്ട് എന്നു നാം ചോദിച്ചു പോകും. പുതുകവിതയുടെ നിർമ്മിതികളിലൂറുന്ന ചിരിയും മുനയും സുധീർ സ്വീകരിക്കുന്നില്ല. കോളുകൊളളുന്ന ഒരു മഴക്കാലം തന്നെ ഈ കവിതകളിൽ പെയിന്റ് ചെയ്യപ്പെടുന്നു. കവിത മഴയോടും മഴ കവിതയോടും ഐക്യപ്പെടുന്നു. ആഴത്തിൽ, മഴയോടുളള പ്രണയത്തെ കവിമനസ്സ് ചിത്രപ്പെടുത്തുന്നു. വ്യഥിതനായ ഒരു പ്രണയി മഴയുടെ പെയ്‌ത്തിലൂടെ തന്റെ കാലത്തെ അടയാളപ്പെടുത്തുകയാണ്. മഴയുമായി ബന്ധപ്പെട്ട ഇമേജറികൾ അനവധിയാണ് ഇവിടെ. മഴയും മരവും പക്ഷിയും രാത്രിയും മുഖത്തോടു മുഖം ചേർക്കുന്ന, കറുത്തകാലവർണ്ണമുളള ഭാവനാസഞ്ചാരമാണ് ഈ കവിതകളുടെ സവിശേഷത. മഴക്കുളമ്പും, മഴവിരലും, മഴക്കൂടും, മഴക്കാറ്റും, മഴച്ചാറ്റും, മഴത്തോർച്ചകളുമൊക്കെയായി, മഴയുടെ ഒരു സമുദ്രസന്ധ്യ തന്നെ കവി വിതാനിക്കുന്നു.
മാർകേസിന്റെ വൃദ്ധകന്യകയ്‌ക്ക് കാവ്യചിത്രം നൽകുമ്പോൾ, സുധീറിന്റെ ഭാവന വ്യത്യസ്‌തമായ മറ്റൊരു തലം തേടുന്നു.
‘വാക്കുകളില്ലാതനാഥയായ്, ആർദ്രമാം
കാഴ്‌ചകളറ്റ്, മയങ്ങും മുറിക്കുളളി-
ലോർത്തിരിക്കാനൊന്നുമില്ലാതിരുട്ടിന്റെ
വാൾത്തലയ്‌ക്കൽ മൂകമീ വൃദ്ധകന്യക!’
മറുദേശത്തു നിന്നെത്തുന്ന കഥാപാത്രത്തിന് നമ്മുടെ ഭാഷ നൽകുന്ന പ്രകാശിക്കുന്ന സ്‌മരണാ ചിത്രമാണിത്.
നരയ്‌ക്കുന്ന കാലക്കയങ്ങളിലേക്കു നോക്കി കരിങ്കടലുകളെക്കുറിച്ചു പറയുന്ന ഈ കവിയുടെ രാത്രിമൊഴികൾക്കു വെളിച്ചം പകരാനാണ്, പച്ചിലയും കിളിപ്പാട്ടുമാകാനാണ്, കവിത. കലക്കങ്ങളേറെ കുടിച്ച ഇരുട്ട് ഓർമ്മയുടെ ഖനിജങ്ങളിൽ നിന്ന് ഭയപ്പെടുത്തുമ്പോൾ, മഴയെ പ്രണയിച്ച്, മഴയെ ആഞ്ഞു പുണർന്ന്, വേറിട്ടു സഞ്ചരിക്കാൻ പുറപ്പെടുന്ന, യഥാർത്ഥ മലയാളിയുടെ സ്വത്വബോധമുളള ഈ കവിയെ അത്രയേറെ ഞാൻ സ്‌നേഹിച്ചു പോകുന്നു.
മറവികളിൽ മഴപെയ്യുമ്പോൾ, എ.എസ്.സുധീർ, പരിധി പബ്ലിക്കേഷൻസ്, വില – 45.00
Generated from archived content: book2_jan18_06.html Author: vr_sudhish