പിന്നോട്ട്‌ ചലിക്കുന്ന ഘടികാര സൂചികൾ

ചുവരലമാരയിലെ പൊടി പിടിച്ച്‌ കിടന്നിരുന്ന തടിച്ച ടെലഫോൺ ഡയറക്‌ടറി തപ്പിയെടുത്ത്‌ യെല്ലോ പേജസിൽ കൊറിയർ സർവീസിന്റെ നമ്പറിനായി പരതുമ്പോൾ മൃദുലയുടെ കൈവിരലുകൾ നല്ലപോലെ വിറയ്‌ക്കുന്നുണ്ടായിരുന്നു. പ്രഷറും, ഷുഗറും ചെക്ക്‌ ചെയ്യണമെന്ന്‌ ശരത്തും, ലക്ഷ്‌മിയും തലേന്നും ഓർമിപ്പിച്ചിരുന്നതാണ്‌. ഡയഗ്നോസ്‌റ്റിക്‌ ലബോറട്ടറി പുതിയതായി മൊബൈൽ സർവ്വീസ്‌ തുടങ്ങിയിട്ടുണ്ടെന്ന്‌ ആരോ പറഞ്ഞ്‌ കേട്ടിരുന്നു. എന്നിട്ടും എന്തോ യെല്ലോ പേജസിൽ ലാബിന്റെ നമ്പറിനായി ശ്രമിക്കാൻ താത്‌പര്യം തോന്നിയില്ല. അന്തർദേശീയ പ്രശസ്‌തിയുള്ള കൊറിയർ കമ്പനിയുടെ നമ്പർ കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. കൂറ്റൻ കണ്ടെയ്‌നറിലും വിമാനത്തിലുമൊക്കെയായി അതിവേഗം ചരക്കുകൾ സഞ്ചരിക്കുന്നതിന്റെ ടെലിവിഷൻ പരസ്യം മനസ്സിൽ തെളിഞ്ഞു. അയക്കാനുള്ള പാഴ്‌സലിന്റെ തൂക്കം ചോദിക്കുമ്പോൾ എന്ത്‌ മറുപടി പറയും? അങ്ങേതലയ്‌ക്കലുള്ള ആൾ ഫോൺ കട്ട്‌ ചെയ്യുമോ? മൃദുലയ്‌ക്ക്‌ ആശങ്കയായി.

കമ്പനിയുടെ പേര്‌ ആകാവുന്നത്ര സ്‌റ്റൈലിൽ പറഞ്ഞുകൊണ്ട്‌ പെൺകുട്ടി സുപ്രഭാതം നേർന്നപ്പോഴാണ്‌ നമ്പർ ഡയൽ ചെയ്‌തു കഴിഞ്ഞു എന്നോർത്തത്‌. ഏതു ഭാഷയിൽ സംസാരിക്കണമെന്ന സംശയം ഞൊടിയിടയിലാണ്‌ ഉണ്ടായത്‌. പ്രശസ്‌തമായ ഇന്റർനാഷണൽ സ്‌കൂളിന്റെ റിട്ടയേർഡ്‌ പ്രിൻസിപ്പലാണ്‌ താനെന്ന്‌ ധരിപ്പിക്കേണ്ടതുണ്ടോ? മലയാളം പറഞ്ഞാൽ ഏതോ ഒരു വൃദ്ധ എന്ന്‌ തോന്നിച്ചെങ്കിലോ? അനാവശ്യ സംശയങ്ങളാണെന്ന്‌ അറിയാമായിരുന്നിട്ടും മനസ്സിൽ പല ചോദ്യങ്ങളുമുണ്ടായി. താൻ എന്തെങ്കിലും പറഞ്ഞോ…. അതോ തന്റെ നിശ്വാസം അവൾ കേട്ടാ? യെസ്‌ മാഡം…. പ്ലീസ്‌…. എന്ന്‌ പെൺകുട്ടി പ്രതികരിച്ചത്‌ എങ്ങനെയെന്നായി. അടുത്ത ചിന്ത.‘ വാട്ട്‌ ക്യാൻ ഐ ഡു ഫോർ യു?’ അവൾ വീണ്ടും തുടരുകയാണ്‌. അതത്ര ശരിയല്ലല്ലോ. മലയാളം മാത്രമറിയുന്നവർ വിളിച്ചാൽ സ്‌പോക്കൺ ഇംഗ്ലീഷ്‌ ക്ലാസ്സിൽ നിന്ന്‌ കിട്ടിയ ഈ വാക്കുകളല്ലേ പറയുക. മട്ടാഞ്ചേരിക്കാരിയോ, ആലുവക്കാരിയോ എന്നറിയാൻ മലയാളത്തിൽ തന്നെ പറയിപ്പിക്കണം. അല്ലാതെ എം.ജി. റോഡിലെ ആപ്പീസിലിരുന്ന്‌ ആംഗലേയത്തിൽ പറഞ്ഞാൽ അമേരിക്കക്കാരിയാകുമോ? സ്വതവേയുള്ള നിർബന്ധ ബുദ്ധി മൃദുലയിൽ പുതിയ ചോദ്യങ്ങൾ ഉയർത്തി.

ഇത്‌ മിസിസ്‌ താരാനാഥനാണ്‌. കൈരളി അപ്പാർട്ട്‌മെന്റ്‌സിൽ നിന്ന്‌. പരിചയപ്പെടുത്തിയപ്പോൾ സ്വന്തം പേര്‌ വിട്ട്‌ പോയത്‌ ബോധപൂർവ്വമായിരുന്നോ? പത്ത്‌ വർഷത്തിലേറെയായില്ലേ?.. എവിടെയെല്ലാം ഇന്നും താൻ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കുന്നു. അതുകൊണ്ട്‌ എന്തെങ്കിലും സുരക്ഷിതത്വം കിട്ടുന്നുണ്ടോ? ചിന്തകൾ വീണ്ടും കാടുകയറി. പെൺകുട്ടി മലയാളത്തിൽ തന്നെ പ്രതികരിച്ചു. പറഞ്ഞോളു മാഡം. എന്താണ്‌ വേണ്ടത്‌? എനിക്കൊരു പാഴ്‌സൽ അയക്കണം. യു.എസ്സിലേയ്‌ക്കാണ്‌. എത്ര വെയ്‌റ്റ്‌ വരും? ബൾക്ക്‌ ക്വാണ്ടിറ്റിയാണെങ്കിൽ ഷിപ്പ്‌മെന്റ്‌ തന്നെ വേണം. “ഈസ്‌ ഇറ്റ്‌ എ ബിഗ്‌ വൺ?‘

നോ…. ചെറിയൊരു ബോട്ടിലാണ്‌, ഒൺലി ഹൺഗ്രഡ്‌ മില്ലി ഗ്രാം.

ഓ… സോറി മാം…. അങ്ങനെയെങ്കിൽ ഐറ്റം ഏതെന്ന്‌ ഡിസ്‌ക്ലോസ്‌ ചെയ്യണം കസ്‌റ്റംസ്‌ അതോറിറ്റീസ്‌ വളരെ സ്‌ട്രിക്‌ടാണ്‌.

അങ്ങനെയൊരു പ്രോബ്ലം ഉണ്ടാകുമോ? ഇത്‌ വെറുമൊരു ഓയിലാണ്‌. മൃദുല വിട്ടുകൊടുത്തില്ല.

ഓയിലാണെങ്കിൽ അങ്ങേയറ്റം പ്രോബ്ലമാണല്ലോ മാം. പ്രസ്‌ റിപ്പോർട്ട്‌സ്‌ ഒന്നും കാണാറില്ലേ…. കഴിഞ്ഞയാഴ്‌ച ഗഞ്ച ഓയിൽ കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്‌റ്റിലായ വാർത്ത ചാനലുകളിലെല്ലാം വന്നിരുന്നല്ലോ….

ആദ്യമൊന്ന്‌പതറിയെങ്കിലും അതിനെ സമർത്ഥമായി നേരിടാൻ മൃദുലയ്‌ക്കായി. ഇതൊരു ആയുവേദിക്‌ മെഡിസിനാണ്‌. മുറിവെണ്ണ… എത്ര പെട്ടെന്നാണ്‌ അങ്ങനെയൊരു ഉത്തരം നാവിൽ തുമ്പിൽ വന്നത്‌. തന്റെ ബുദ്ധിക്ക്‌ കുറവ്‌ വന്നുവെന്ന്‌ ആരാണ്‌ പറഞ്ഞത്‌.

എന്നാലും പ്രശ്‌നമാണ്‌ മാം. ഇപ്പോൾ ഏറ്റവും കൂടുതൽ ചെക്കിംഗ്‌ ഉള്ളത്‌ ആയുർവേദിക മെഡിസിനാണ്‌. ലേഹ്യമെന്നൊക്കെ പറയുന്നതിൽ കഞ്ചാവ്‌ മികസ്‌ ചെയ്യുന്നുണ്ടത്രേ. പെൺകുട്ടിയുടെ കടുത്ത നിലപാട്‌ ദേഷ്യം ഉളവാക്കി.

എന്താണ്‌ തന്റെ പേര്‌? സംസാരം വഴിമാറിയപ്പോൾ മൃദുലയിലെ പഴയ അദ്ധ്യാപിക ഉണർന്നു.

ഞാൻ സുകന്യ. ഇടപ്പള്ളിയിലാണ്‌ താമസം. ഹസ്‌ബന്റ്‌ ബാങ്കിലാണ്‌. നിർത്താതെയുള്ള മറുപടിക്കിടയിൽ ന്യൂ ജനറേഷൻ ബാങ്കിന്റെ ചുരുക്കപ്പേര്‌ കൃത്യമായി മനസ്സിലാക്കാൻ മൃദുലയ്‌ക്ക്‌ ഒന്നുകൂടെ ചോദിക്കേണ്ടി വന്നു.

ഒറ്റശ്വാസത്തിന്‌ പകുതി ബയോഡാറ്റയും വെളിപ്പെടുത്തിയ പെൺകുട്ടിയോട്‌ എന്തോ പെട്ടന്ന്‌ ഒരലിവ്‌. താൻ എന്ന്‌ വിളിക്കേണ്ടിയിരുന്നില്ല. അവളോട്‌ ബാക്കി കൂടി ചോദിക്കാൻ മനസ്സ്‌ വെമ്പി. കുട്ടികളുണ്ടോ? മാതാപിതാക്കൾ എവിടെ? സ്വന്തം നാട്‌ ഇവിടെ തന്നെയോ? എന്താണ്‌ പഠിച്ചിട്ടുള്ളത്‌? ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.

നിങ്ങളുടേത്‌ അറേഞ്ച്‌ഡ്‌ മാര്യേജ്‌ ആയിരിക്കാനിടയില്ലല്ലോ? എല്ലാ ചോദ്യങ്ങളും മാറ്റി വെച്ച്‌ മൃദുല ചോദിച്ചു.

ഇല്ല മാം. പ്യൂവർലി അറേഞ്ച്‌ഡ്‌. പക്ഷേ എല്ലാവരും കരുതുന്നത്‌ ഞങ്ങൾ തമ്മിൽ വർഷങ്ങളായി റൊമാൻസിലായിരുന്നുവെന്നാണ്‌. ഏട്ടനെ ഞാൻ ആദ്യമായി കാണുന്നത്‌ പെണ്ണുകാണാൻ വന്നപ്പോൾ മാത്രമാണ്‌. എൻഗേജ്‌മെന്റ്‌ ഉണ്ടായൂല്ലാ. പിന്നീട്‌ കല്യാണത്തിന്റെ അന്നാണ്‌ കാണുന്നത്‌. അതിനിടയിൽ ഫോണിൽ പോലും വിളിച്ചിട്ടില്ല.

അയ്യോ മാം ആരെന്നറിയാതെയാണല്ലോ ഇത്രയുമൊക്കെ സംസാരിച്ചത്‌. പ്രായം പോലും ചോദിച്ചില്ല. ഞാനൊന്ന്‌ ഗസ്സ്‌ ചെയ്യട്ടെ? 49, ജോലി ബാങ്കിൽ. ഹസ്‌ബന്റ്‌ വിദേശത്ത്‌. ഒരു മകനും ഒരു മകളും.

സുകന്യ നിർത്താ​‍ാതെ തുടരുകയാണ്‌. ആദ്യം തോന്നിയ നീരസം ക്രമേണ ഇല്ലാതായി. പ്രോഡക്‌ട്‌ സെല്ലിംഗിനായി കസ്‌റ്റമേഴ്‌സിനെ വെറുതെ ഫ്‌ളാറ്റർ ചെയ്യുന്ന ടെക്‌നിക്‌ അല്ല അവളുടേതെന്ന്‌ തോന്നി. ഇങ്ങനെ ആകസ്‌മികമായി പരിചയപ്പെടുന്നവരോട്‌ ചങ്ങാത്തം കൂടരുതെന്ന്‌ മക്കൾ പ്രത്യേകം വിലക്കിയിട്ടുള്ളതാണ്‌. മുമ്പും ഇത്തരം അബദ്ധങ്ങളിൽ താൻ ചാടിയിട്ടുള്ളതിനാലാകണം അവർ അങ്ങനെ പറയുന്നത്‌.

49 അൽപ്പം കൂട്ടിപ്പറഞ്ഞതാണെന്നും ചിലപ്പോൾ അതിലും കുറവേ ഉണ്ടാവുകയുള്ളൂവെന്നും കൂടി പറഞ്ഞതോടെ താനും അൽപം പൊങ്ങിപ്പോയോ. ശബ്‌ദം സ്വീറ്റാണെന്നും പാട്ട്‌ പഠിച്ചിട്ടുണ്ടോയെന്നും കൂടി ചോദിച്ചപ്പോൾ ശരിക്കും പറഞ്ഞാൽ മനസ്സ്‌ ഒന്നിളകി. ചോദ്യങ്ങളിൽ നിറഞ്ഞത്‌ ആത്മാർത്ഥത തന്നെയെന്ന്‌ ഉറപ്പിച്ചു.

ആരുടേയും പ്രശംസാവചനങ്ങളിൽ കുടുങ്ങാതെയാണ്‌ ഇരുവരെയെത്തിയത്‌. താരാനാഥ്‌ എന്നെങ്കിലും തന്നെ പുകഴ്‌ത്തി സംസാരിച്ചിട്ടുണ്ടോ. ഒരു പക്ഷെ അതിന്റെ ആവശ്യമില്ലെന്ന്‌ തോന്നലായിരിക്കാം. എന്നു കരുതി പൂർണ്ണമായും അതങ്ങനെതന്നെയായിരുന്നുവെന്ന്‌ പറയാനാകുമോ. പലപ്പോഴും തന്നെ ബോധപൂർവ്വം താഴ്‌ത്തിക്കെട്ടി സംസാരിക്കാനല്ലേ അദ്ദേഹം ശ്രമിച്ചിട്ടുള്ളൂ. കോളേജിലേയ്‌ക്ക്‌ മാറാനുള്ള അവസരം നഷ്‌ടപ്പെടുത്തിയത്‌ ശരിക്കും ആരാണ്‌? തന്റെ സുഖസൗകര്യങ്ങൾ നഷ്‌ടപ്പെടുമെന്നതിനാലായിരുന്നല്ലോ താരാനാഥ്‌ അതിന്‌ തടസ്സം നിന്നത്‌.

പത്താക്ലാസ്‌ മാത്രം പൂർത്തിയാക്കിയ സുമിത്ര ഇന്ന്‌ എവിടെയെത്തി. റിട്ടയേർഡ്‌ വിമൻസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. സുമിത്ര ശ്രീനിവാസന്റെ വാക്കുകളല്ലേ പലപ്പോഴും മാധ്യമങ്ങളിൽ തലവാചകങ്ങളാകുന്നത്‌. വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ പദവിയിലേയ്‌ക്ക്‌ പരിഗണിക്കപ്പെടുന്നവരിൽ അവളുമുണ്ടെന്നല്ലേ കേൾക്കുന്നത്‌. അടുത്തിടെ ഞായറാഴ്‌ചയിലെ ടി.വി. അഭിമുഖത്തിൽ സുമിത്രയായിരുന്നല്ലോ അതിഥി. വീട്ടമ്മയായി ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടവളായിരുന്നു താനെന്ന്‌ അഭിമുഖത്തിൽ ഒരിടത്തും അവൾ പറഞ്ഞില്ലല്ലോ എന്നോർത്ത്‌ ദുഃഖം തോന്നി. പ്രൈവറ്റായി പഠിപ്പിച്ച്‌ ഡോക്‌ടറേറ്റ്‌ വരെ സമ്പാദിക്കാൻ സഹായിച്ചതിന്‌ പിന്നിൽ ശ്രീനിവാസൻ ഉണ്ടായിരുന്നുവെന്ന കാര്യം അവൾ മിണ്ടിയതേയില്ല. കോളേജ്‌ വിദ്യാഭ്യാസം എവിടെയായിരുന്നുവെന്ന്‌ വ്യക്തമായി പറയാതെ ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും സമർത്ഥമായി സുമി വഴുതി മാറിയത്‌ അത്ഭുതമായി തോന്നി. കാപട്യം നിറഞ്ഞ ഇത്തരം ഇന്റർവ്യൂകൾ കാണേണ്ട അവസ്‌ഥ വരല്ലേയെന്ന്‌ അന്ന്‌ പ്രാർത്ഥിച്ചുപോയി. താനായിരുന്നു അവളുടെ സ്‌ഥാനത്തെങ്കിൽ താരാനാഥിനെ ഓർക്കുകയെങ്കിലും ചെയ്യുമായിരുന്നു. എന്നെങ്കിലും അത്തരമൊരു ഇന്റർവ്യൂ ഉണ്ടാകുകയാണെങ്കിൽ താരാനാഥാണ്‌ തന്റേ വിജയത്തിന്റെ പിന്നിലെന്ന്‌ പറയുമോ? റിട്ടയേർഡ്‌ സ്‌കൂൾ പ്രിൻസിപ്പലിന്റെ സ്‌ഥാനം ഇന്ന്‌ തന്റെ പേരിനോടൊപ്പം ചേർക്കാൻ കഴിയുന്നതിന്റെ യഥാർത്ഥ അവകാശി ആരാണ്‌? ഒരിക്കലും താരാനാഥ്‌ അല്ലായെന്നതല്ലേ ശരി. അത്‌ തുറന്ന്‌ പറയാൻ തനിക്കാകുമോ? പകരം മറ്റാരുടേയെങ്കിലും പേര്‌ പറയാൻ ധൈര്യമുണ്ടാകുമോ?

തിരിഞ്ഞ്‌ നോക്കുമ്പോൾ തന്റെ ജീവിതം വിജയമോ, പരാജയമോ? ശരത്തിന്‌ സിവിൽ സർവീസ്‌ പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചപ്പോൾ എല്ലാവരും തന്നെയല്ലേ അഭിനന്ദിച്ചത്‌. യു ആർ എ ബ്ലസ്‌ഡ്‌ മദർ’ എന്നല്ലേ പലരും പറഞ്ഞത്‌. ലക്ഷ്‌മിയുടെ വിവാഹത്തിനെത്തിയ പലരുടേയും മുഖത്തെ അസൂയ മറക്കാനാവുന്നില്ല. ചിന്തകൾക്ക്‌ കടിഞ്ഞാണിടാൻ കഴിയാതെ മൃദുല ബുദ്ധിമുട്ടി.

ആരോടാണ്‌ കടപ്പാട്‌ എന്ന ചോദ്യത്തിന്‌ എന്ത്‌ ഉത്തരം പറയും. ഭർത്താവ്‌, മാതാപിതാക്കൾ, ഗുരുക്കന്മാർ എന്നീ പതിവ്‌ ഉത്തരങ്ങൾ സത്യത്തോട്‌ നീതി പുലർത്താറില്ല. പിന്നെയെന്ത്‌ പറയും. മനസ്സ്‌ വീണ്ടും ഗതകാലത്തേയക്ക്‌ ചലിച്ചു. പഴയ വിദ്യാലയം ബ്ലാക്ക്‌ ബോർഡും ചോക്ക്‌ പൊടി നിറഞ്ഞ ഡസ്‌റ്ററും മനസ്സിൽ നിറയുന്നു. ബി.എ.ഡിന്റെ റിസൽട്ട്‌ വരും മുമ്പ്‌ എക്‌സ്‌പീരിയൻസിനായി നാട്ടിലെ പഴയ തറവാട്ടുകാരുടെ സ്‌കൂളിൽ ആറുമാസക്കാലെത്തെ താൽക്കാലിക അദ്ധ്യാപനം. തറവാട്ടിലെ ഇളയ അംഗമായ എഞ്ചിനീയറിംഗ്‌ ബിരുദ്ധധാരിയായിരുന്നു സ്‌കൂൾ മാനേജർ. ഒരിക്കൽ പതിവ്‌ പരിശോധനയ്‌ക്കായി എത്തിയപ്പോൾ പുളിയിലക്കര സാരിയുടുത്ത്‌ തുളസിക്കതിർ ചൂടിയ യുവ അദ്ധ്യാപികയെ കാണുന്നത്‌ സ്വാഭാവികം. ഹെഡ്‌മാസ്‌റ്ററോട്‌ വിവരങ്ങൾ തിരക്കുന്നു. അൽപം ക്ഷയിച്ചെങ്കിലും തറവാടിത്തത്തിന്‌ കുറവില്ല. കാര്യങ്ങളെല്ലാം അതിവേഗത്തിൽ. എല്ലാം ശരാശരി ഒരു മലയാളം നോവലിലേതു പോലെ.

വിവാഹം കഴിഞ്ഞ്‌ അധികം താമസിയാതെ ഭർത്താവിന്റെ ഉദ്യോഗാർത്ഥം മലേഷ്യയിലേയ്‌ക്ക്‌ പിന്നീട്‌ നടന്നതെല്ലാം ചലച്ചിത്രത്തിലെ രംഗങ്ങൾ കണക്കെ മനസ്സിലുണ്ട്‌. ചൈനക്കാരി പെണ്ണിന്റെ അൽപവസ്‌ത്രത്തിലെ അംഗലാവണ്യമാണ്‌ പുളിയിലക്കരയേക്കാളും നല്ലതെന്ന്‌ കണ്ടെത്തിയ ഭർത്താവ്‌. ആശ്വാസമായത്‌ പുസ്‌തകങ്ങൾ. ലൈബ്രറിയിലെ ലെഡ്‌ജറിൽ പുസ്‌തകങ്ങൾ രേഖപ്പെടുത്തി മടങ്ങുന്നേരം ഒരു ദിവസം മലയാളത്തിലുള്ള ചോദ്യം കേട്ട്‌ ആദ്യമൊന്ന്‌ അമ്പരന്നു. നാട്ടിലെവിടെയാണ്‌. ഇങ്ങനെ ഇടിച്ച്‌ കയറി പരിചയപ്പെടുന്നവരോട്‌ തട്ടിക്കയറാറുള്ളതാണ്‌. എന്നാൽ എന്തുകൊണ്ട്‌ താനന്ന്‌ മൗനിയായി. തുടർ ചോദ്യങ്ങൾക്കെല്ലാം സൗമ്യമായി മറുപടി പറഞ്ഞു. അന്നത്തെ പരിചയപ്പെടൽ പിന്നീട്‌ വിശാലമായ സൗഹൃദത്തിന്‌ വഴിമാറി. നല്ല പുസ്‌തകങ്ങൾ വായിക്കാനായി നിർദ്ദേശിക്കും. ചിലപ്പോൾ തിരഞ്ഞെടുത്ത്‌ മാറ്റി വയ്‌ക്കും. സ്വകാര്യശേഖരത്തിലെ കെ. സുരേന്ദ്രനും എസ്‌.കെ. പൊറ്റെക്കാടുമൊക്കെ തനിക്കു മാത്രമായി പുറത്തുവന്നു. വളരെ വൈകി മാത്രമാണ്‌ മനസ്സ്‌ തുറന്നത്‌. നാട്ടിൻപുറത്തുകാരിയായ ഭാര്യ ചീനക്കാരന്റെ കൂടെയായി താമസം. കുട്ടികളും കൈവിട്ടു പോയി. ഇതിനിടെ ഭാര്യയ്‌ക്ക്‌ ചീനക്കാരിലുണ്ടായ മകൻ യാദൃച്ഛികമായി കൈയിലെത്തി. അവനെ സ്വന്തം മകനെപ്പോലെ വളർത്തുന്നു.

മലയാളത്തിലുള്ള സംസാരം കേട്ട്‌ മറുനാട്ടുകാർ അത്ഭുതത്തോടെ നോക്കി. ചിലർ ഗൂഡസ്‌മിതത്തോടെ നടന്നകലും. മറ്റുചിലർ ഒളികണ്ണെറിഞ്ഞ്‌ പരസ്‌പരം കുശുകുശുക്കും. ഇക്കാര്യം ആദ്യം ശ്രദ്ധയിൽ പെടുത്തിയത്‌ ആരാണ്‌. താനോ സേതുവോ? സേതുവുമായി തനിക്കുള്ള ബന്ധം യഥാർത്ഥത്തിൽ എന്തായിരുന്നു. സുഹൃത്ത്‌, സഹോദരൻ? അതോ കാമുകനോ? റസ്‌റ്ററന്റിൽ എപ്പോഴെങ്കിലുമൊരിക്കൽ ഒരു ചായ. ഇരുവർക്കും ഇഷ്‌ടപ്പെട്ട രാജ്‌കപൂർ സിനിമ ഒന്നിച്ചിരുന്ന്‌ കാണാനുള്ള അവസരം വേണ്ടെന്നുവെയ്‌ക്കൽ. ഇതിൽ ഒതുങ്ങിയല്ലോ എല്ലാം. എന്നാലും മനസ്സുകൾ പരസ്‌പരം സംവദിച്ചിരുന്നു. സേതുവിനെ കൃത്യമായി എത്രദിവസം എത്രസമയം കണ്ടുവെന്ന്‌ ഇപ്പോഴും പറയാം. എന്തൊക്കെ സംസാരിച്ചുവെന്നു മറന്നിട്ടില്ല. താരാനാഥിനോടൊപ്പം എത്ര വർഷങ്ങളാണ്‌ ചെലവഴിച്ചത്‌. അയാളുടെ രണ്ട്‌ കുട്ടികളെ പ്രസവിച്ചു. പോറ്റിവളർത്തി. പക്ഷെ തന്റെ ജീവിതത്തിൽ കൂടുതൽ നിറഞ്ഞുനിൽക്കുന്നത്‌ താരാനാഥിനെക്കാൾ കൂടുതൽ സേതുരാമനല്ലേ? ചിന്തകൾ തടുത്തുനിർത്താനുള്ള ശ്രമം വിജയിച്ചില്ല.

എന്നാണ്‌ സേതു തന്നോട്‌ അതുപറഞ്ഞത്‌. നാട്ടിൽ നിന്നും വിട്ടതിൽ പിന്നെ താൻ അടുത്തു വരുമ്പോൾ മാത്രമാണ്‌ നാടിനെ കുറിച്ച്‌ ഓർക്കുന്നത്‌. വെളിച്ചെണ്ണയുടെ മണമുള്ള ഒരു പെൺകുട്ടിയെ വർഷങ്ങൾക്ക്‌ ശേഷമാണ്‌ താൻ കാണുന്നതതെന്ന്‌ പറഞ്ഞ സേതുവിനോടുള്ള യഥാർത്ഥ വികാരമെന്തായിരുന്നു. പ്രേമം, ആരാധന? ഒരിക്കലുമല്ല. പിന്നെയെന്ത്‌. ബഹുമാനമോ ആദരവോ?. നന്ദിയോ, കടപ്പാടോ? ഇതിലൊന്നും ഒതുക്കാവുന്നതല്ലല്ലോ അത്‌. ഇംഗ്ലീഷിൽ പറയുംവിധം പ്ലേറ്റോണിക്‌ ലൗവോ? ചുരുങ്ങിയ പക്ഷം അതെങ്കിലും ആവേണ്ടതല്ലേ ഈ ബന്ധം.

തന്നെപ്പോലൊരു പെൺകുട്ടിയെ ഒരിക്കലും മനസ്സിൽ നിന്ന്‌ മാച്ചുകളയാനാകില്ലെന്ന്‌ നാട്ടിലേയ്‌ക്ക്‌ തിരിക്കും മുമ്പേ സേതു പറഞ്ഞത്‌ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. താരാനാഥും കുട്ടികളുമൊത്ത്‌ എയർപോർട്ടിനകത്തേയ്‌ക്ക്‌ കടന്നശേഷം യാത്രയയക്കാനെത്തിയ അയൽക്കാരി വൃദ്ധയെ ഒരിക്കൽ കൂടി കണ്ടുവരാമെന്ന്‌ പറഞ്ഞ്‌ തിരികെ പുറത്തിറങ്ങിയത്‌ എന്താനായിരുന്നു. സേതു അവിടെ കാത്തുനിൽപ്പുണ്ടായിരിക്കുമെന്ന്‌ തനിക്കും. താൻ ഇറങ്ങിവരുമെന്ന്‌ സേതുവിനുമറിയാമായിരുന്നു. കഴിഞ്ഞ തവണ ലക്ഷ്‌മിയെ യാത്രയയക്കാൻ എയർപോർട്ടിൽ ചെന്നപ്പോൾ കൊച്ചുപെൺകുട്ടികൾ കവിളോട്‌ ചേർത്തു വച്ചു മൊബൈലിൽ കിന്നാരം പറയുന്നത്‌ കണ്ടു. ഒന്ന്‌ പ്രണയിക്കാൻ അവരെത്ര മാത്രം ആധുനിക സാങ്കേതിക വിദ്യയോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ ഓർത്ത്‌ സങ്കടം തോന്നി. മനസ്സുകൾക്ക്‌ സംസാരിക്കാൻ പരസ്‌പരം കാണേണ്ടതുപോലുമില്ലല്ലോ. അതാണല്ലോ കാലങ്ങൾക്ക്‌ശേഷവും സേതുവിനെ തിരിച്ച്‌ കിട്ടിയത്‌. വർഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം ഒരിക്കൽ വിദേശത്തുനിന്നുള്ള ടെലിഫോൺ കോൾ അമ്പരപ്പിച്ചു. എങ്ങനെ തന്റെ നമ്പർ കിട്ടിയെന്ന ചോദ്യത്തിന്‌ ആവശ്യക്കാരന്‌ ഔചിത്യമില്ലെന്നായിരുന്നുല്ലോ മറുപടി. ആരാണ്‌ ആവശ്യക്കാരൻ? സേതുവിനേക്കാൾ തനിക്കായിരുന്നല്ലോ ആവശ്യം.

വാശി കളഞ്ഞ്‌ സുകന്യയോട്‌ അയക്കേണ്ടത്‌ എന്താണെന്ന്‌ പറയവെ അറിയാതെ മോളെ എന്ന്‌ വിളിച്ചു പോയി തിരികെ അവൾ ചേച്ചിയെന്നാണ്‌ വിളിച്ചത്‌ കഴിഞ്ഞ മാസം സേതു വിളിച്ചപ്പോൾ ഭാര്യയുടെ മകന്റെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞത്‌ ഓർത്തു. മരുമകൾ മദാമ്മയാണത്രേ. മലയാളിയായിരുന്നെങ്കിൽ വെളിച്ചെണ്ണയുടെ മണമെങ്കിലും അറിയാനായിരുന്നേനെ എന്ന്‌ പറഞ്ഞപ്പോഴാണ്‌ ഒരു കുസൃതി തോന്നിയത്‌. പഴ്‌സൽ പൊട്ടിച്ച്‌ വെളിച്ചണ്ണക്കുപ്പി തുറന്ന്‌ വാസനിക്കുന്ന സേതുവിന്റെ മുഖത്തെ അത്ഭുതഭാവം ഓർത്തപ്പോൾ മനസ്സിൽ ചിരിച്ചു.

കുപ്പി കിട്ടിയശേഷം വിളിക്കുമ്പോൾ സേതുവിന്റെ പ്രതികരണം എങ്ങിനെയായിരിക്കും? പാഴ്‌സൽ കളക്‌ട്‌ ചെയ്യാൻ സുകന്യ അയക്കാമെന്ന്‌ പറഞ്ഞ കൊറിയർ ബോയിയുടെ കാളിംഗ്‌ബെൽ കാത്ത്‌ സോഫയിലേയ്‌ക്ക്‌ ചായുമ്പോൾ ചുവരിലെ ക്ലോക്കിൽ സമയം എത്രയായെന്ന്‌ നോക്കി. അതിലെ സൂചികൾ പിന്നോട്ടാണല്ലോ ചലിക്കുന്നത്‌. കണ്ണടച്ച്‌ തുറന്ന്‌ വീണ്ടും നോക്കിയിട്ടും അങ്ങനെ തന്നെയെന്ന്‌ കണ്ടപ്പോൾ മൃദുലയ്‌ക്ക്‌ തെല്ലും പരിഭവം തോന്നിയില്ല.

Generated from archived content: story_competition7_sep30_10.html Author: vr_rajmohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here