‘കല’ വ്യക്തിഗതമായ സൗന്ദര്യബോധത്തിന്റെയും വീക്ഷണരീതിയുടെയും സൃഷ്‌ടിയാണെന്നും, സമാനമായ കരുക്കൾ അതായത് സൗന്ദര്യബോധവും ജീവിതവീക്ഷണരീതിയും ഉളളവർക്കേ പാരമ്യദ്യോതകങ്ങളായ അനുബന്ധങ്ങൾ സൃഷ്‌ടിക്കാനാവൂ എന്നുമുളളതിന് ഉത്തമദൃഷ്‌ടാന്തമാണ് ഈ ‘ഒളിമങ്ങാത്ത ഓർമകൾ’ എന്ന ആത്മകഥ. സംസാരമാകുന്ന വൃക്ഷത്തിന് അമൃതോപമമായ ഒരു ഫലമുണ്ട് എന്നതിന് തെളിവാണ് സത്സംഗമം അഥവാ ഉത്‌കൃഷ്‌ടരായ മിത്രങ്ങളെ ലഭിക്കുക എന്ന സത്സമാഗമം. അഡ്വ. ശ്രീ ജയപാലമേനോന്റെ ആത്മകഥാകഥനമായ ഈ ഗ്രന്ഥത്തിന് ഒരു അവതാരിക എഴുതാമെന്ന ക്ഷിപ്രസാധ്യമല്ലാത്ത ഈ കർത്തവ്യം ഞാൻ ഏറ്റെടുക്കുവാൻ കാരണംതന്നെ എനിക്ക് അദ്ദേഹത്തോടുളള അതിയായ വാത്സല്യവും ആദരവും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയോടെയുളള വ്യക്തിവൈഭവവും ഒന്നുകൊണ്ടു മാത്രമാണ്. അവതാരിക എഴുതിക്കൊടുക്കാൻ എനിക്ക് അനുവദിച്ചുതന്ന സമയം കേവലം പന്ത്രണ്ട് മണിക്കൂർ മാത്രമാണെന്നതുകൊണ്ടുതന്നെ എന്റെ മനസ്സിലെ പല വികാരങ്ങളേയും യഥാവിധി ഇതിൽ ഉൾക്കൊളളിക്കാൻ സാധിച്ചിട്ടില്ലെന്നുളള പരമാർത്ഥം വെളിപ്പെടുത്താതെ നിർവാഹമില്ല.
വിചിന്തനം, വിമർശനം, വിനിന്ദനം, വിഭാവനം എന്ന നാലു ഘടകങ്ങളിലൂടെയാണ് നിരൂപണം എന്ന വിചാരകല്ലോലിനി പ്രവഹിക്കുന്നത് എന്നാണല്ലോ ആധുനികചിന്തകരുടെ നിഗമനം. ഒരു കൃതി വായിച്ച് അതിലെ ഘടകങ്ങളുടെ അന്തഃസത്ത എന്തെന്നു മനസ്സിലാക്കി വിമർശിക്കേണ്ടവയെ വിമർശിക്കുകയും നിന്ദിക്കേണ്ടവയെ നിന്ദിക്കുകയും ബൃഹത്തായ ആശയങ്ങളെ ഭാവനയിലൂടെ സങ്കല്പിക്കുകയും ചെയ്‌താൽ മാത്രമേ ആ കൃതിയെപ്പറ്റി നിഷ്‌പക്ഷപരമായ ഒരു അഭിപ്രായം എഴുതുവാൻ സാധിക്കുകയുളളൂ എന്ന സത്യം ഇവിടെ വെളിപ്പെടുത്തുന്നത് ഗ്രന്ഥകർത്താവിനെ ഒരു തരത്തിലും ദുഃഖിപ്പിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം, അതിനുവേണ്ട സമയദൈർഘ്യം അദ്ദേഹം എനിക്കു തരുന്നതിൽ വൈമനസ്യം കാണിച്ചു എന്നതാണ്.
വിദ്യാർത്ഥിയായിരിക്കെതന്നെ കമ്മ്യൂണിസ്‌റ്റ് പാർട്ടിയോട് അനുഭാവമുണ്ടായതും വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ പാർട്ടിയിൽ പ്രവർത്തിച്ചതും സ്വപ്രയത്നംകൊണ്ട് വക്കീലായതുമെല്ലാം സത്യസന്ധമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അനാചാരങ്ങളിൽ വിശ്വസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളെ അന്ധവിശ്വാസത്തിന്റെ കരിനിഴലിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി ചെയ്‌ത കാര്യങ്ങൾ സരസമായിത്തന്നെയാണ് വർണിച്ചിരിക്കുന്നത്. വക്കീൽ ജീവിതത്തിൽ അദ്ദേഹം സിവിൽ വ്യവഹാരങ്ങൾ മാത്രമാണ് കൈകാര്യം ചെയ്‌തിരുന്നത്. പല കേസുകളിലും സ്വന്തം ഗുരുക്കന്മാരായിരുന്ന വക്കീലന്മാരോടുതന്നെ കോടതിയിൽ ഏറ്റുമുട്ടി വിജയം കൈവരിച്ചിട്ടുളള കാര്യങ്ങൾ തെല്ലും അഹംഭാവലേശമെന്യേ വിവരിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കലാരംഗത്തും സാഹിത്യരംഗത്തും ശ്രീ പി.ജയപാലമേനോൻ പതിപ്പിച്ച വ്യക്തിമുദ്രകൾ അവിസ്‌മരണീയമാണെന്ന് തെളിയിക്കുന്ന പല സന്ദർഭങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുളളത് തികച്ചും ശ്ലാഘനീയമായിരിക്കുന്നു. രാഷ്‌ട്രീയജീവിതത്തിലും അദ്ദേഹം തനതായ കഴിവുകൾ ജനനന്മയ്‌ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുളളതിന് വേണ്ടത്ര തെളിവുകൾ ഗ്രന്ഥത്തിലുൾകൊളളിച്ചിട്ടുണ്ട്. സ്വന്തം ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും തത്വദീക്ഷകൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതുകൊണ്ട് പല യാതനകളും അനുഭവിക്കേണ്ടി വന്നതിൽ അദ്ദേഹത്തിന് ഖേദമില്ലെങ്കിലും ഈ കഷ്‌ടപ്പാടുകളുടെ തീക്ഷ്‌ണാനുഭവങ്ങൾ സസന്തോഷം സ്വീകരിച്ച് എന്നും കൂടെനിന്ന ധർമ്മപത്‌നിയെയും കുട്ടികളെയും മറ്റുപലരേയും ആ സന്ദർഭങ്ങൾ എത്രമാത്രം വേദനിപ്പിച്ചിരിക്കുമെന്നതിൽ അദ്ദേഹത്തിനുളള വ്യഥയും അതിനോടൊപ്പം അവരോടുളള അകമഴിഞ്ഞ സ്‌നേഹവും അനുമോദനവും വളരെ ഹൃദയസ്‌പൃക്കായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണ്.
തിരിച്ചറിവിന്റെ നിമിഷങ്ങൾ, പ്രധാനമായി കടന്നുപോയ അനുഭവങ്ങളെക്കുറിച്ചുളള തിരിച്ചറിവ്, കാണാത്ത സത്യങ്ങളും തിരിച്ചറിയാത്ത അനുഭവങ്ങളും, ഉൾക്കൊളളാത്ത വിസ്‌മയങ്ങളും എല്ലാം ഒരുപോലെ അർത്ഥവത്തായവിധത്തിൽ ഈ ഓർമക്കുറിപ്പുകളിൽ ഉൾകൊളളിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിന്റെ കഠിനാദ്ധ്വാനത്തിന്റെ അജയ്യതയാണ് ഈ കൃതി തെളിയിക്കുന്നത്. മനോഹരമായ ഈ പുസ്‌തകത്തെ കൂടുതൽ പരിചയപ്പെടുത്തുവാൻ ഇതിലും നല്ല വാക്കുകൾ എന്റെ നിഘണ്ടുവിൽ ഇല്ലെന്നുമാത്രമെ പറയാനുളളു.
ഒളി മങ്ങാത്ത ഓർമകൾ, പി.ജയപാലമേനോൻ, വില ഃ 100.00
Generated from archived content: book2_may12.html Author: vr_krishnayyar
Click this button or press Ctrl+G to toggle between Malayalam and English