ദിനേശൻ പുറപ്പെട്ടിട്ടുണ്ട്. അവിടെയെത്തിയോ?
ലൈൻ തകരാറിലാവുന്നതിനുമുമ്പ് നാട്ടിൽ നിന്നുണ്ടായിരുന്ന അവസാന കോളുകൾ ദിനേശനെ അന്വേഷിച്ചായിരുന്നു. ഭയ വെപ്രാളങ്ങളോടൊപ്പം ആകാംക്ഷയിൽ തുളുമ്പിയ ചോദ്യങ്ങൾ. ദിനേശാ…
അണയാൻ വെമ്പിയ തീ ആളിക്കത്തി.
ദിനേശാ നീ ചെയ്‌തത് ശരിയല്ല. മുംബൈ നിന്റെ പ്രിയ സ്വപ്‌നഭൂമി തന്നെ. സമ്മതിച്ചു. എങ്കിലും എല്ലാറ്റിനും ഇല്ലേ സമയം? നല്ലതും ചീത്തയും.
മുംബൈയ്‌ക്ക് ദുർദശയായ ഈ നാളുകൾ തന്നെ നീ തിരയാൻ കാരണം? പ്രവാസത്തിന്റെ പൊങ്ങച്ചഭാണ്ഡം ചിതറിത്തെറിച്ച് വാസ്‌തവികതയുടെ തനിരൂപം വെളിപ്പെടുന്ന അപൂർവ്വ വേളയോ നിനക്കിത്? നിസ്സഹായരെങ്കിലും കേരളത്തിലെ വലിയ ഒരു വിഭാഗത്തിന്, ചുമട് താങ്ങിയിട്ട് പോലും ചോറ് കൊടുക്കുന്ന പാവം പ്രവാസി. പ്രാരാബ്ധ ചിന്തയകറ്റാൻ, സ്വയം ഉശിരേകാൻ വല്ലപ്പോഴും പൊങ്ങച്ചം അടിച്ചെന്നിരിക്കും. അതിന്റെ പൊരുൾ തേടേണ്ട അവസരമാണോ ഇത്? ഈ വക പുറംപൂച്ചുകളുടെ അർത്ഥം കണ്ടെത്താൻ മാത്രം നീ വളർന്നിട്ടില്ലല്ലോ? പിന്നെ നിന്റെ ഈ ദൗത്യം?
കേരളത്തിനേക്കാളേറെ കാലവർഷക്കെടുതികൾ ഇത്തവണ നടമാടിയത് ഇവിടെയല്ലേ? നൂറുവർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിന്റെ ആവർത്തനം? പ്രഹരമേറ്റ പരിസ്ഥിതിയുടെ തിരിച്ചടി! നൂറ്റാണ്ടുകളുടെ ശുദ്ധികലശം!
ഈ മഹാനഗരത്തിൽ ദിനംപ്രതി ചത്തൊടുങ്ങുന്ന ആടുമാടുകളുടേയും മാനവരുടേയും സംഖ്യ വർദ്ധിച്ചു വരികയാണ് ദിനേശാ… നിനക്കറിയില്ല, ഇവിടുത്തെ തത്രപ്പാടുകൾ. കുടിവെളളവും മഴവെളളവും ഒന്ന്. നാലുഭാഗങ്ങളിലും വെളളം തളം കെട്ടി നിൽക്കുന്ന സമീപ പ്രദേശത്തെ വെളളത്തിലാണ്ട സ്വന്തം വീടിന് കാവൽ നിൽക്കുന്ന ഞങ്ങൾക്ക് നിന്നേയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. വാഹനങ്ങൾ അപൂർവ്വമായ അടുത്ത നിരത്തിലൂടെ നീ എങ്ങിനെ…
നീ ചെയ്‌തത് ഒട്ടും ന്യായീകരിക്കാനാവില്ല. ഞാനും എന്റെ കുടുംബവും പ്രളയ ഭീഷണിയുടെ വക്കത്താണ്. പുറപ്പെട്ട് ഇത്ര നാളായിട്ടും എത്താതിരുന്ന നീ എവിടെ? രക്ഷാപ്രവർത്തകർ നിന്നെ ഉയരങ്ങളിലേക്ക് ആവാഹിച്ചുവോ? അല്ല, വഴിയിൽ വച്ച് വല്ലതും…?
ആണ്ടുകളോളം വസിച്ച് മഹാനഗരത്തിന്റെ ഭാഗമായി പരിണമിച്ച ഞങ്ങൾ ഇനി എവിടെ എത്തിപ്പെടാൻ? ഇവിടെ ഔന്നത്യങ്ങളില്ലല്ലോ? കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന സമുദ്ര നിരപ്പല്ലാതെ. ഞങ്ങൾക്ക് വിധിക്കപ്പെട്ടത് ഉയരങ്ങളല്ല. ആഴങ്ങളാണ്.
മഴത്തുളളികൾ ഉറഞ്ഞുതുളളി, ഗതി മാറി വീശിയ കാറ്റിനോടൊപ്പം. വാളുകൾ കാട്ടി വീമ്പിളക്കിയിരുന്ന വൃക്ഷം, അവ അടിയറ വെച്ചു. അവയിലൂടെ ഒലിച്ചിറങ്ങിയ മഴത്തുളളികൾ ജലവിതാനം ശിഖരങ്ങളിലേക്കെത്തിച്ചു.
കര കയറാൻ യത്‌നിച്ച ജനത്തിന്റെ അലമുറകൾക്കൊപ്പം കാറ്റിന്റെ ചൂളം വിളികളും കാതുകളെ ആക്രമിച്ചു. സ്വീകരണമുറിയിൽ തളം കെട്ടിയ വെളളം തൊട്ടികളിലാക്കി വെളിയിൽ തളളിക്കൊണ്ടിരുന്ന ഭൃത്യൻ വേല നിർത്തി യാത്രയായി. ആദ്യം സ്വരക്ഷ. പിന്നെയല്ലേ പണിയും കൂലിയും.
നമ്മുടെ സമയം എണ്ണപ്പെട്ടു കഴിഞ്ഞുവോ ദിനേശാ.
പരിഭ്രമിക്കേണ്ട, വരൂ, നമുക്ക് കണ്ണിലെണ്ണയൊഴിച്ച്, പ്രത്യാശയോടെ നാളുകൾ എണ്ണിക്കൊണ്ടിരിക്കാം. നല്ല നാളുകൾക്കായി കാത്തിരിക്കാം.
Generated from archived content: story2_aug17_05.html Author: vn_cheruthazham