തന്തയ്‌ക്ക്‌ പിറന്നവൻ

“പഴകി ദ്രവിച്ച്‌ അംഗങ്ങൾ നഷ്‌ടപ്പെട്ട ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോ പോലും കളർ ഫോട്ടോ ആക്കി രൂപാന്തരപ്പെടുത്തി കൊടുക്കുന്നതാണ്‌. ആവശ്യക്കാർ സമീപിക്കുക-വിശാൽ സ്‌റ്റുഡിയോ.”

ഒരു നാൾ പത്രത്തിൽ പരസ്യം കാണാനിടയായി. മനസ്സിന്റെ ബോധമണ്ഡലങ്ങളിലെവിടെയോ ഒരു പൂതി ഉയിർത്തെഴുന്നേറ്റു. അറുപത്തിയാറുകളിൽ നിര്യാതനായ അച്‌ഛന്റെ പഴയ നാളുകളിലെ ഒരേയൊരു ഫോട്ടോ ഏതോ പെട്ടിക്കകത്ത്‌ കിടന്ന്‌ ചിതലരിച്ചു കൊണ്ടിരിക്കയാണ്‌. വലതുഭാഗത്തെ ചെവി മുഴുവനും പ്രാണികൾ തിന്നു കഴിഞ്ഞു. അതു മാത്രമല്ല, നിലവിലുളള സാഹചര്യങ്ങളിൽ, ആ ഫോട്ടോ ഡെവലപ്പ്‌ ചെയ്യേണ്ടത്‌ ഒരത്യാവശ്യമായി മാറിയിരിക്കയാണ്‌.

എന്റെ വാടക വീടിന്റെ ശൂന്യമായ ഭിത്തി നോക്കി, പഞ്ചപുച്ഛമടക്കിയ കൂട്ടുകാരുടെ അന്തരംഗം കാണാൻ ഇത്തിരി വൈകിപ്പോയി. അവരുടെ ചുമരുകളിൽ നിരവധി ദൈവങ്ങളുടെയും അന്തരിച്ച മുൻഗാമികളുടെയും ചിത്രങ്ങൾ കാണാറുണ്ട്‌.

ഭഗവാന്റെ ഫോട്ടോയ്‌ക്ക്‌ മാർക്കറ്റിൽ യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. അതൊക്കെ ഉറപ്പിച്ചതിനു ശേഷവും നിന്ദകൾ നിലയ്‌ക്കാതിരുന്നപ്പോഴാണ്‌ യഥാർത്ഥ കളളി വെളിപ്പെട്ടത്‌.

ഏറ്റവും പ്രധാനം അച്‌ഛന്റെ ഫോട്ടോ തന്നെ. എവിടെയോ നിന്ന്‌ വലിഞ്ഞു കയറിയെത്തിയവൻ തന്തയ്‌ക്ക്‌ പിറന്നവൻ തന്നെയാണോ എന്ന്‌ നേരിട്ട്‌ ചോദിക്കാൻ മടിക്കുന്നവരോട്‌ താനൊരു ‘ബാസ്‌റ്റാർഡ്‌’ അല്ല എന്ന്‌ പരോക്ഷമായി വിളിച്ചോതാൻ കൈയിൽ കരുതേണ്ടത്‌!

ഫ്‌ളാഷ്‌ലൈറ്റ്‌ ക്യാമറകൾ വിപുലമല്ലാതിരുന്ന ആ പഴയ നാളുകളിൽ വെയിലിൽ സൂര്യന്‌ അഭിമുഖമായി നിന്നെടുത്ത ഫോട്ടോ ആയിരുന്നു അത്‌. അതിൽ അച്‌ഛൻ, പുരികങ്ങൾ കോട്ടി കണ്ണുകൾ ചിമ്മിയ പോസിലായിരുന്നു. കണ്ണുകളും അവയുടെ കീഴ്‌ഭാഗങ്ങളും കട്ടികൂടിയ നിഴലിൽ അകപ്പെട്ട്‌ അവ്യക്തമായിരുന്നു.

പരസ്യസ്രോതസ്സ്‌ തേടി ഞാൻ സ്‌റ്റുഡിയോവിലെത്തി.

ഫോട്ടോഗ്രാഫി മേഖലയിൽ തനിക്ക്‌ ജ്ഞാനമുണ്ടെന്ന്‌ സ്ഥാപിക്കാൻ, വിശാൽ, കടയുടെ വെളിയിൽ പോലും നിരവധി ചിത്രങ്ങൾ നിരത്തിയിരുന്നു. എന്നെ അകത്തേക്ക്‌ ക്ഷണിച്ച്‌, കംപ്യൂട്ടർ പ്രവർത്തിപ്പിച്ച്‌, വിശാൽ ഒരുദാഹരണം കാട്ടി, “നോക്കൂ, ഈ സ്‌ത്രീയ്‌ക്ക്‌ മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ നഷ്‌ടപ്പെട്ടിരുന്നു.” പ്രതിസമത, രൂപ ചതുരശ്രത എന്നിവയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ കളർ ഫോട്ടോ താരതമ്യപ്പെടുത്തി.

സ്‌ത്രീ സുന്ദരിയായിട്ടുണ്ട്‌. വിശാലിന്റെ സൗന്ദര്യബോധത്തിൽ വലിയ പിശകില്ലെന്ന്‌ എനിക്ക്‌ തോന്നി. പക്ഷേ യഥാർത്ഥത്തിൽ ആ സ്‌ത്രി അങ്ങിനെയായിരുന്നോ? ആവോ, ആർക്കറിയാം?

ഞാൻ കൊടുത്ത ഫോട്ടോ നിമിഷങ്ങൾക്കകം സ്‌കാൻ ചെയ്‌ത്‌, വിശാൽ മോണിട്ടറിൽ പ്രത്യക്ഷപ്പെടുത്തി.

ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യുമ്പോൾ ധരിക്കാറുണ്ടായിരുന്ന, സായ്‌പന്മാരുടെ വേഷമായിരുന്ന, കോട്ടും ടൈയുമായിരുന്നു അതിൽ അച്‌ഛന്റെ വേഷം.

ആ വേഷത്തെക്കുറിച്ചും വ്യക്തമല്ലാതിരുന്ന പരുക്കൻ മുഖത്തെക്കുറിച്ചും ഞാൻ ചെറുപ്പത്തിൽ അമ്മയോട്‌ സംശയങ്ങൾ ഉന്നയിച്ചതോർത്തു.

“അമ്മേ, സായ്‌പന്മാരുടെ അടി കൊണ്ടിട്ടാണോ മുഖത്തിന്റെ ഇരുഭാഗങ്ങളും….”

“അയ്യോ മോനേ, അച്‌ഛൻ മഹാത്മാവൊന്നുമായിരുന്നില്ലല്ലോ രണ്ടു ഭാഗങ്ങളിലും അടി വാങ്ങാൻ.”

അമ്മയ്‌ക്ക്‌ എന്നും അച്‌ഛനോട്‌ ആരാധന മാത്രമായിരുന്നു. ശത്രുക്കളെ നേരിടാൻ അച്‌ഛൻ മുങ്ങിക്കപ്പലിൽ പോയിരുന്ന കഥ പറയാറുളളപ്പോൾ അഭിമാനം തോന്നാറുണ്ടായിരുന്നു.

“പണികൾ ഏറെയുണ്ട്‌.” വിശാലിന്റെ പ്രഖ്യാപനം ചിന്തകളിൽ നിന്നുണർത്തി. “കോട്ട്‌ നേവി ബ്ലൂ ആക്കി മാറ്റാം. ടൈ-ഇടവിട്ട്‌ പൂക്കളുളളതും. പിന്നെ പോയ ഭാഗങ്ങൾ ഏകദേശ ഊഹംവച്ച്‌. ലാമിനേഷൻ ചാർജ്‌ എല്ലാം കൂടി അറുന്നൂറു രൂപയാകും.”

ഒരു നിമിഷത്തെ ആലോചനയ്‌ക്ക്‌ ശേഷം ഞാൻ സമ്മതം മൂളി. അഡ്വാൻസ്‌ വേണമെന്ന്‌ ശഠിച്ചപ്പോൾ അതും നിരസിച്ചില്ല.

രണ്ടു ദിവസങ്ങൾക്കുശേഷം പറഞ്ഞ സമയത്തുതന്നെ ഞാനെത്തി. കമ്പ്യൂട്ടർ മുറിയിൽ ചെന്നു.

മോണിട്ടറിൽ കണ്ടു. ഫലം നിരാശ മാത്രം! കണ്ണുകൾ തീരെ അവ്യക്തം! എന്റെ അനിഷ്‌ടം മനസ്സിലാക്കിയ വിശാൽ സാന്ത്വനിപ്പിക്കാൻ ശ്രമം നടത്തി, “താങ്കളുടെ ഒരു പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോ തരൂ. അതിൽ നിന്നും കണ്ണുകളെടുത്ത്‌ യഥാസ്ഥാനങ്ങളിൽ ഉറപ്പിക്കാം. എന്താ?”

ഇത്രയുമായ സ്ഥിതിയ്‌ക്ക്‌ അതുകൂടി ഒന്നു പരീക്ഷിച്ചു കൂടെ എന്ന മനസ്സാക്ഷിയുടെ ചോദ്യത്തിനു മുന്നിൽ അതും അനുവദിച്ചു കൊടുക്കേണ്ടിവന്നു, വലിയ താൽപ്പര്യമില്ലാതെ.

പ്രസ്‌തുത ജോലിക്ക്‌ ശേഷം ഫോട്ടോ കാണാനിടയായപ്പോൾ എന്റെ അമ്പരപ്പ്‌ വർദ്ധിച്ചു. നിഴലിൽ മറഞ്ഞിരുന്ന അച്‌ഛന്റെ വലിയ കണ്ണുകളുടെ സ്ഥാനത്ത്‌ എന്റെ ചെറിയ കണ്ണുകൾ!

കൂടാതെ വേറെയും പന്തികേട്‌-കൂടുതൽ വിശാലമായിത്തീർന്ന നെറ്റി കഷണ്ടിയാശാന്മാരെ അനുസ്‌മരിപ്പിച്ചു. പുരികവും കണ്ണുകളും തമ്മിൽ ചുരുങ്ങിയ അകലം!

“തീരെ ശരിയല്ല” നീരസം പ്രകടിപ്പിച്ചതോടൊപ്പം ഞാൻ ഉപദേശവും ചൊരിഞ്ഞു.

“എടോ, ഒരാൾ കണ്ണു ചിമ്മുമ്പോൾ പുരികങ്ങളും ഒപ്പം ചില പേശികളും നെറ്റിയിൽ നിന്നും താഴോട്ട്‌ മുറുകി വലിയുന്നത്‌ സ്വാഭാവികമല്ലേ? കണ്ണുകൾ നോർമലാക്കിയാൽ, ആ പേശികളും പൂർവ്വ സ്ഥിതിയിലാക്കേണ്ടേ?”

തന്മയത്വ സിദ്ധാന്തങ്ങൾ ഗ്രഹിക്കാൻ മെനക്കെടാതെ മറ്റ്‌ ഉപഭോക്താക്കളുടെ നേരെ തിരിഞ്ഞ വിശാലിനോട്‌ എനിയ്‌ക്ക്‌ കടുത്ത അമർഷം തോന്നി.

അനിഷ്‌ടത്തോടെ നിലകൊണ്ട എന്നെ, വിശാൽ വീണ്ടും തന്റെ നിലപാട്‌ അറിയിച്ചു. “ഇനി നെറ്റി കുറഞ്ഞ്‌ കണ്ണുകൾ ഉയർത്തണം, അല്ലേ? രണ്ടു ദിവസം കഴിഞ്ഞിട്ടു വാ.”

പിന്നീട്‌ ഡെവലപ്പ്‌ ചെയ്‌ത ഫോട്ടോ കംപ്യൂട്ടറിൽ കാട്ടാൻ ഞാൻ ഭാര്യയേയും ഒപ്പം കൊണ്ടുപോയി.

ഞാൻ അവനോടൊപ്പം കംപ്യൂട്ടർ മുറിയിലേക്ക്‌ പ്രവേശിച്ചു.

വിശാൽ, ഗ്ലാസ്‌ മറയുടെ കർട്ടനുകൾ നീക്കി. ഭാര്യക്കും വെളിയിലുളളവർക്കും മോണിട്ടർ കാണാൻ തരപ്പെടുത്തി.

ആദ്യമായി പഴയ ഫോട്ടോവും പിന്നീട്‌ മാറ്റങ്ങൾ വരുത്തിയതും പ്രദർശിപ്പിച്ചു.

“കുഴപ്പമില്ല. നല്ലതുതന്നെ.” ഭാര്യ അഭിപ്രായപ്പെട്ടു.

അവൾ അങ്ങിനെയൊക്കെ പറയും. അവൾ അച്ഛനെ കണ്ടിട്ടില്ലല്ലോ? അവൾ വരുന്നതിനു മുമ്പേ അച്‌ഛൻ മരണമടഞ്ഞിരുന്നില്ലേ?

“ശരിയല്ല. നെറ്റിയുടെ വീതി കുറയണം. കണ്ണുകൾ ഉയരണം.” ഞാൻ ശഠിച്ചു.

“ങാ, എങ്കിൽ നോക്കാം.” വിശാൽ മൗസ്‌ ചലിപ്പിച്ചു. നിമിഷങ്ങൾക്കകം കണ്ണുകൾ മിന്നിമറയുന്ന ചതുരത്തിൽ അകപ്പെട്ടു.

ആ ചതുരം ക്രമേണ മേല്പോട്ടുയർത്തപ്പെട്ടു.

നെറ്റി ചുരുങ്ങി.

കണ്ണുകൾ പൂർവ്വ സ്ഥിതി പ്രാപിച്ചു.

പക്ഷേ നാസിക നീണ്ടുപോയത്‌ തീരെ ന്യായീകരിക്കാനാവാതെ ഞാൻ കുഴങ്ങി.

ഭാര്യ വീണ്ടും അഭിപ്രായം പാസാക്കി. “ഇപ്പോൾ വളരെ മനോഹരമായിട്ടുണ്ട്‌. വശ്യതയുളള കണ്ണുകളും നീണ്ട മൂക്കും. ശിവാജി ഗണേശനെപ്പോലെ.”

ഉദ്ദേശിച്ചത്‌ നടക്കാത്തതിലുളള അതൃപ്‌തിയും പണം പോയതിലുളള വൈഷമ്യവും എന്നെ വല്ലാത്ത പരുവത്തിലാക്കി.

ശിവാജി ഗണേശന്റെയോ അമിതാബ്‌ ബച്ചന്റെയോ ഫോട്ടോ മതിയായിരുന്നെങ്കിൽ ഇത്രയും മുടക്കേണ്ട ആവശ്യം?

“ഏതു പ്രിന്റെടുക്കണമെന്ന്‌ പിന്നീടറിയിക്കാം.” ഞങ്ങളിറങ്ങി.

“ഫൈനലിന്റെ പ്രിന്റ്‌ തന്നെയെടുക്കണം. അതു വളരെ നന്നായിട്ടുണ്ട്‌.” ഭാര്യ വഴിയിൽ വച്ച്‌ വീണ്ടും ഓർമ്മിപ്പിക്കുകയുണ്ടായി.

പിറ്റേന്ന്‌ ചെന്ന്‌ ഞാൻ അന്ത്യ തീരുമാനം അറിയിച്ചു.

“കണ്ണടഞ്ഞു നിൽക്കുന്ന പഴയതു മതി.”

Generated from archived content: story1_june2.html Author: vn_cheruthazham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here