അമ്മേ കരുണാമയീ

എന്നിൽ ഏറെ ജിജ്ഞാസയുളവാക്കിയത്‌ പ്രേംദാൻ എന്ന ആ അപൂർവ്വ പേരുതന്നെ. അത്‌ മദർ തെരേസയുടെ ചാരിറ്റി കേന്ദ്രങ്ങളിലൊന്നാണെന്നറിഞ്ഞപ്പോൾ എത്രയും വേഗം അത്‌ സന്ദർശിക്കാൻ ഞാൻ വെമ്പൽ കൊണ്ടു. ഒരു വ്യാഴാഴ്‌ച അതിനായി വിനിയോഗിച്ചു.

നാസിക്ക്‌ സിറ്റിയിൽ നിന്നും ഏകദേശം ആറ്‌ കിലോമീറ്റർ അകലെയായി ബോംബെ ആഗ്രാ റോഡിലായിരുന്നു അതിന്റെ സ്ഥാനം. ദേശീയപാതയുടെ അരികിലാണ്‌ പ്രേംദാൻ.

എന്റെ ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. ഇടയിൽ എവിടെ വച്ചെങ്കിലും ആരൊടെങ്കിലും ചോദിച്ച്‌ വഴി തെറ്റിയിട്ടില്ലെന്ന്‌ ഉറപ്പു വരുത്താനും നിശ്ചയിച്ചു.

നാലര കിലോമീറ്റർ പിന്നിട്ടപ്പോൾ, നഗരത്തിലെ തിക്കും ബഹളവും ക്രമേണ കുറയാൻ തുടങ്ങി. പിന്നെ നാടൻ പ്രദേശങ്ങളെ അനുസ്‌മരിപ്പിക്കുന്ന കാഴ്‌ചകളായി ഇരുവശങ്ങളിലും. ഇടതുഭാഗത്ത്‌, റോഡിനുശേഷം പത്തടി വീതി വരെ നിറഞ്ഞുനിന്ന കുറ്റിക്കാടുകളും ഇടവഴികളും കഴിഞ്ഞ്‌ കമ്പിവേലി കൊണ്ട്‌ കോമ്പൗണ്ട്‌ വേർതിരിച്ച വീടുകൾ. അവയിലൊന്നിൽ രണ്ടു കൊമ്പനാനകൾ വാലോടു വാൽമുട്ടി, തുമ്പിക്കൈ ഉയർത്തി പൊരുതാൻ തയ്യാറായി നിൽക്കുന്നു. പ്രതിമകൾ ഉണ്ടാക്കുന്നവരുടെ വീടാണതെന്ന്‌ മനസ്സിലായി. കൂടാതെ മറ്റു മൃഗങ്ങളുടെയും ദൈവങ്ങളുടെയും പെയിന്റടിച്ച മൺരൂപങ്ങളും അവിടെയുണ്ടായിരുന്നു.

ആ വീടുകൾക്കുശേഷം അതേ നിരയിൽ ഒരു സൈക്കിൾ കടയും അതിനുശേഷം ഒരു മുറുക്കാൻ കടയുമുണ്ടായിരുന്നു. അതിനുമപ്പുറം ഒരു ചെരിപ്പു കുത്തി നിലത്തിരുന്ന്‌ ജോലി ചെയ്യുന്നുണ്ടായിരുന്നു.

ഒരു മുറുക്കാൻ വാങ്ങിച്ച്‌ ചവച്ച്‌, അയാളോടു ചോദിച്ചു സംശയം തീർത്തു. ഇനി ഏതാണ്ട്‌ ഒന്ന്‌ ഒന്നര കിലോമീറ്റർ ദൂരമേ ഉളളൂ ബലി മന്ദിരത്തിലേക്ക്‌. അതു കഴിഞ്ഞാൽ പിന്നെ അടുത്തതാണ്‌ പ്രേംദാൻ.

ബലി മന്ദിരവും പിന്നിട്ട വാഹനം ഒരു ഗേറ്റിനടുത്ത ബോർഡിനരികിൽ നിർത്തി.

‘മദർ തെരേസയുടെ ചാരിറ്റി ഹോം, അഗതികൾക്കും തുണയില്ലാതെ മരിച്ചു കൊണ്ടിരിക്കുന്നവർക്കും അഭയകേന്ദ്രം, ബോംബെ ആഗ്ര റോഡ്‌, അഡ്‌ഗാവ്‌, നാസിക്ക്‌ – 3.

അടഞ്ഞിരിക്കുന്ന ഗേറ്റിനു പിന്നിൽ നാലേക്കർ സ്ഥാനത്ത്‌ വ്യാപിച്ചു കിടന്ന പറമ്പിൽ ഒരറ്റത്ത്‌ തഴച്ചു നിന്ന വാഴകൾ, പിന്നിൽ അതിർത്തി കാവൽക്കാരെപ്പോലെ തെങ്ങിൻ തൈകൾ, മുന്നിൽ ഉദ്യാനം, നടുവിലോ കോൺക്രീറ്റ്‌ കെട്ടിടം എല്ലാം കൊണ്ടും മനോഹരം.

സിസ്‌റ്ററിനെ കാണാൻ പറ്റുമോ എന്ന്‌ കാവൽക്കാരനോടു അന്വേഷിച്ചു.

“സുപ്പീരിയർ സിസ്‌റ്റർ വെളിയിൽ പോയിരിക്കയാണ്‌. ജൂനിയർ സിസ്‌റ്റർ മാത്രമേ ഇവിടെ ഇപ്പോഴുളളൂ. കാണാൻ പറ്റും. വണ്ടി അകത്തേക്കെടുത്തോളൂ.” ഇത്രയും പറഞ്ഞ്‌ അയാൾ ഗേറ്റ്‌ തുറന്നു തന്നു.

ആഫീസിൽ നിന്നും കവാടത്തിലേക്കെത്തിയ സിസ്‌റ്ററോട്‌ ഞാൻ ആഗമനോദ്ദേശം വെളിപ്പെടുത്തി.

“ഞാൻ നിർമ്മലാ കോൺവെന്റിനടുത്ത്‌ സ്വന്തമായി ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുന്നുണ്ട്‌. ഈയിടെയായി എഴുത്തിലും വായനയിലും അധികം താൽപ്പര്യമുണ്ട്‌. ഈ സ്ഥാപനത്തെക്കുറിച്ച്‌ മനസ്സിലാക്കാനും ഇതേപ്പറ്റി എഴുതുവാനുമാണ്‌ ഞാൻ വന്നത്‌.”

കാര്യങ്ങൾ മനസ്സിലാക്കിയ മലയാളിയായ ആ സിസ്‌റ്റർ, അവിടുത്തെ അന്തേവാസിയായ ജോളിയോട്‌ എന്നെ സഹായിക്കാൻ അഭ്യർത്ഥിച്ചു.

ചില അന്തേവാസികൾ കോൺക്രീറ്റ്‌ തറയുളള നടുമുറ്റത്തെ കട്ടിലുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ചുറ്റുമുളള വരാന്തകളിൽ ഇടവിട്ട്‌ സജ്ജമാക്കിയ സോഫാ സെറ്റുകളിലും അപൂർവ്വം ചിലർ ഇരിക്കുന്നുണ്ടായിരുന്നു.

എൺപതാം വയസ്സിലും ഉത്സാഹത്തോടെ ഓടി നടന്ന ജോളി 1951 മുതൽ ഇരുപതു വർഷക്കാലത്തോളം മുംബൈയിലെ ’ഭാരത്‌ പെട്രോളിയ‘ത്തിൽ സേവനമനുഷ്‌ഠിച്ചിരുന്നു. ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ നല്ല കളിക്കാരൻ എന്ന പേർ സമ്പാദിച്ചിരുന്ന ജോളി ഈ കളിക്കുവേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്‌ പൈതൃക സ്വത്തായി മുംബൈയിൽ ഒരു ഫ്ലാറ്റുണ്ട്‌. അയാൾ മാസത്തിലൊരിക്കൽ അവിടേയ്‌ക്ക്‌ പോകാറുണ്ടായിരുന്നു. പണ്ട്‌ കളിയിലും സുഖഭോഗങ്ങളിലും മുഴുകിയ ജോളി ഒരു മുഴുക്കുടിയനായി മാറിയിരുന്നു. വൈവാഹികജീവിതം പാടേ വിസ്‌മരിച്ചപ്പോൾ വീട്ടുകാരും അദ്ദേഹത്തെ വെറുത്തു. കൂടിയ മദ്യപാനത്താൽ വഴിയിൽ വീണു കിടന്ന, ബന്ധുക്കൾ കൈവെടിഞ്ഞ, വികൃതമായ കരളോടെ, ഞരങ്ങി മൂളിയ ഇയാളെ ദിവ്യസ്‌നേഹത്തിന്റെ കിരണങ്ങൾ ചൊരിഞ്ഞ്‌ സിസ്‌റ്റർ ഇവിടെയെത്തിച്ചു. ഇന്നയാൾ സന്തുഷ്‌ടനാണ്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആളുണ്ട്‌.

സ്ഥാപനത്തെക്കുറിച്ച്‌ ജോളി വിവരിച്ചു. “1993 ജനുവരി 9ന്‌ ആയിരുന്നു ഇതിന്റെ ഉദ്‌ഘാടനം.” അവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസ്‌ ചൂണ്ടിക്കാട്ടി ജോളി തുടർന്നു. “മൊബൈൽ ഡിസ്‌പെൻസറി എന്ന്‌ പ്രസിദ്ധിയാർജ്ജിച്ച ഇതിൽ ആഴ്‌ചയിൽ നാലുദിവസം സിസ്‌റ്റർ സഞ്ചരിക്കും. വഴി മധ്യേ വീണു കിടക്കുന്ന അനാഥരെ ഇവിടെ കൊണ്ടുവന്നാക്കും. രോഗികളെ ആംബുലൻസിലെ ഡോക്‌ടർ ചികിത്സിച്ച്‌, ഗുരുതരമല്ലെങ്കിൽ വിട്ടയക്കും. സ്‌ത്രീകളേയും കുട്ടുകളെയും അവർക്കുവേണ്ടി മാത്രമുളള അന്യ സംസ്ഥാനങ്ങളിലുളള ഇതേ സംഘടനയുടെ മറ്റു ശാഖകളിലെത്തിക്കും. അഗതികളോ അനാഥരോഗികളോ ആയ പുരുഷന്മാരെ ഇവിടെ പാർപ്പിക്കും.

അമേരിക്കയിലെയും ജർമ്മനിയിലെയും ’കാത്തലിക്‌സ്‌ റിലീഫ്‌ സർവീസസ്‌‘ മാസംതോറും ഗോതമ്പ്‌ തരി (പകുതി വേവിച്ചുണക്കി കഷ്‌ണങ്ങളാക്കിയത്‌), എണ്ണ, പ്രോട്ടീൻ ബിസ്‌കറ്റുകൾ എന്നിവ അനുവദിച്ച കാർഡ്‌ പ്രകാരം വിതരണം ചെയ്യും. ആഫീസിൽ അതിന്റെ രേഖകളും കണക്കുകളും സൂക്ഷിക്കും. ക്രിസ്‌മസ്സിനും ഈസ്‌റ്ററിനും മുംബൈയിൽ നിന്നും പ്രാദേശിക ജനങ്ങളിൽ നിന്നും വസ്‌ത്രങ്ങൾ ലഭിക്കാറുണ്ട്‌. റോട്ടറി ക്ലബ്ബിലെ അംഗങ്ങളായ ഡോക്‌ടർ റേ, ഡോക്‌ടർ അഹെർ എന്നിവർ സൗജന്യ ശുശ്രൂഷ നടത്താറുണ്ട്‌. നാസിക്‌ മെഡിക്കൽ കോളേജ്‌, ലൈഫ്‌ ലൈൻ ഹോസ്‌പിറ്റൽ എന്നീ സ്ഥാപനങ്ങളും സൗജന്യ ചികിത്സ നൽകാറുണ്ട്‌. പ്രശസ്‌ത സാമൂഹ്യ പ്രവർത്തകയും പ്രധാന മുനിസിപ്പൽ അംഗവുമായ ശ്രീമതി ശോഭാ ബച്ചാവ്‌, അവരുടെ ഭർത്താവ്‌ ഡോക്‌ടർ ബച്ചാവ്‌ എന്നിവർക്ക്‌ ഇത്‌ സ്വന്തം കുടുംബം പോലാണ്‌. ഡോക്‌ടർ ബച്ചാവ്‌ സൗജന്യ ചികിത്സ നടത്തി, വിവിധ രോഗങ്ങൾക്ക്‌ വ്യത്യസ്ത സ്‌പെഷ്യലിസ്‌റ്റുകളുടെയടുത്ത്‌ ശുപാർശ ചെയ്യാറുണ്ടത്രേ.

ജോളി മുറിക്കുളളിൽ ചുറ്റി നടത്തി എല്ലാം കാണിച്ചു തന്നു. കാൻസർ രോഗികൾ, പക്ഷവാത രോഗികൾ, വാത രോഗികൾ, മാനസിക രോഗികൾ എന്നിവർ വലതുഭാഗത്തെ ഹാളിലായിരുന്നു. ചിലർ ഇടയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ക്ഷയം, കുഷ്‌ഠം എന്നീ സാംക്രമിക രോഗങ്ങളുളളവർക്ക്‌ ഇടത്തെ ഹാളിൽ പ്രത്യേക സൗകര്യമുണ്ടായിരുന്നു. പാചക മുറിയിലെ പിൻവാതിലിലൂടെ ഞങ്ങൾ പിൻഭാഗത്തെത്തി. അവിടെയും വളരെദൂരം വരെ കോൺക്രീറ്റ്‌ തറ പണിതിരുന്നു. അവിടെതന്നെ കെട്ടിപ്പൊക്കിയ ആസ്‌ബെസ്‌റ്റോസ്‌ ഷെഡ്‌ഡ്‌ വെയിലിന്റെ ചൂടിൽനിന്നും മണ്ണിലെ അഴുക്കിൽ നിന്നും അന്തേവാസികളെ രക്ഷിച്ചിരുന്നു.

അതിനുശേഷം മതിലിനോടു ചേർന്ന്‌ നിര നിരയായി തെങ്ങിൻതൈകൾ. അടുത്തുളള നടവഴി താണ്ടി വാഴത്തോപ്പും കടന്ന്‌ മുൻവശത്തെ ഉദ്യാനത്തിനടുത്തെത്തി. സിസ്‌റ്റേഴ്‌സിന്‌ താമസിക്കാൻ ഇതേ പറമ്പിൽ വാഴത്തോപ്പിനു പിന്നിലായി ഒരു കൊച്ചു ബംഗ്ലാവ്‌ ഉണ്ട്‌. അവിടെനിന്നും ഇറങ്ങിവന്ന ജൂനിയർ സിസ്‌റ്റർ കുറെ കാര്യങ്ങൾ സംസാരിച്ചു.

”കുറെ മലയാളികൾ ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഓണം, കളം വരച്ച്‌ പൂവൊക്കെ ഇട്ട്‌ കെങ്കേമമായി ആഘോഷിച്ചു. ചിലർ കേരളത്തിലേക്ക്‌ തിരിച്ചുപോയി. ഇപ്പോഴും ആറേഴു പേരുണ്ട്‌, മുംബൈ ബോംബ്‌ സ്‌ഫോടനത്തിൽ പരിക്കേറ്റ സുരേഷ്‌ അടക്കം.“

”പക്ഷേ എന്നോടാരും മലയാളം സംസാരിച്ചില്ലല്ലോ.“ ഞാൻ വ്യാകുലപ്പെട്ടു.

”നിങ്ങൾ മലയാളിയാണെന്ന്‌ അവർ അറിഞ്ഞിരിക്കില്ല. അതുകൊണ്ടായിരിക്കും.“ സിസ്‌റ്റർ അഭിപ്രായപ്പെട്ടു. തുടർന്ന്‌ അവരെ പരിചയപ്പെടുത്താൻ ജോളിയോടു പറഞ്ഞു.

ഞങ്ങൾ വീണ്ടും ആ നാലുകെട്ടിനകത്ത്‌ പ്രവേശിച്ചു. ചുറ്റുവരാന്തയിലെ ഒരു സോഫയിൽ ഇരിപ്പുറപ്പിച്ചു. ജോളി സുരേഷിനെ വിളിച്ചു. സുരേഷ്‌ വന്ന്‌ ഞങ്ങളോടൊപ്പമിരുന്നു. സുരേഷ്‌ പറഞ്ഞത്‌ ഇങ്ങനെ.

”1998 ഫെബ്രുവരി 27 വെളളിയാഴ്‌ച എനിക്കിന്നും ദുഃഖസ്‌മൃതിയാണ്‌. മുംബൈയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന ഞാൻ അന്നത്തേക്ക്‌ ആറു മാസങ്ങൾ പൂർത്തിയാക്കിയിരുന്നു. രണ്ടുമാസങ്ങൾ കൂടി കഴിഞ്ഞാൽ ഞാൻ ജോലിസ്ഥിരത നേടുമായിരുന്നു. പക്ഷേ… ഒരു സ്‌നേഹിതനെ കാത്ത്‌ ഞാൻ അടുത്തുളള റെയിൽവേ സ്‌റ്റേഷനിലെ കോൺക്രീറ്റ്‌ ബഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ചക്ക്‌ മൂന്നേകാൽ മണി. ദിഗന്തം ഭേദിക്കുമാറുച്ചത്തിൽ ഒരു സ്‌ഫോടനം. ഒപ്പം തീജ്വാല, കുപ്പിച്ചില്ലുകൾ, ആണികൾ എന്നിവയുടെ അതിവേഗതയിലുളള തുളഞ്ഞു കയറ്റവും. എല്ലാം ഒരു ഞൊടിയിടക്കുളളിൽ! ഞാൻ ഇരുന്ന ബഞ്ചിന്റെ അടുത്ത ബഞ്ചിനടിയിൽ നിന്നായിരുന്നു ആ ടൈം ബോംബ്‌ പൊട്ടിയത്‌. ആ ബഞ്ചിന്മേലിരുന്ന ഒരാൾ തൽക്ഷണം മരണമടഞ്ഞു. പതിനഞ്ചു പേർക്ക്‌ പരിക്കേറ്റു. ചിലർക്ക്‌ ഗുരുതരമായും. പുറംകാലിന്മേൽ ചില്ലുകളും ആണികളും തീപ്പൊരികളും പതിഞ്ഞ്‌ അവശനായ എന്നെ ആളുകൾ താങ്ങിയെടുത്ത്‌ അപ്പോൾ തന്നെ ഭഗവതി ഹോസ്‌പിറ്റലിലെത്തിച്ചു. കുറെക്കാലം അവിടെ കഴിഞ്ഞു. പിന്നെ പട്ടേൽ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റി. ഡിസ്‌ചാർജ്‌ ചെയ്‌ത്‌ കഴിഞ്ഞപ്പോഴും പൂർണ്ണമായും മാറിയിരുന്നില്ല. നന്നേ നടക്കാൻ വിഷമിച്ച എനിക്ക്‌ പുറംകാലിൽ നിന്നും അടിവരെ വലിയ സുഷിരം അപ്പോഴുമുണ്ടായിരുന്നു. വേദന കടിച്ചമർത്തി ബാൻഡേജ്‌ കെട്ടാൻ ഇടയ്‌ക്കിടെ ഹോസ്‌പിറ്റലിലേക്ക്‌ പോകേണ്ടിവന്നു. ഒരിക്കൽ ബാൻഡേജ്‌ അഴിക്കുമ്പോൾ അതിൽനിന്നും പുഴുക്കൾ വീഴുന്നത്‌ കാണാനിടയായി സഹതാപം തോന്നിയ സിസ്‌റ്റർ എന്നെ മുംബൈയിലെ ആശാദാനിലെത്തിച്ചു. പിന്നെ ഇവിടേയ്‌ക്ക്‌-പ്രേംദാനിലേക്ക്‌. ഇവിടെ എത്തിയ ഉടൻ ലൈഫ്‌ലൈൻ ഹോസ്‌പിറ്റലിലേക്കെടുത്ത്‌, ശസ്‌ത്രക്രിയ ചെയ്‌ത്‌ തുടയിൽ നിന്നും ചർമ്മം മുറിച്ചെടുത്തു വെച്ച്‌ തുന്നിച്ചേർത്തു. ഇപ്പോൾ സുഷിരവും വ്രണങ്ങളും കരിഞ്ഞു. എങ്കിലും വേദനയ്‌ക്ക്‌ കുറവില്ല. അടുത്തുതന്നെ നാട്ടിലേക്ക്‌ പോകാനുദ്ദേശിക്കുന്നുണ്ട്‌.“

”എന്താണ്‌ നിങ്ങളുടെ കുടുംബ പശ്ചാത്തലം?“

”എനിക്ക്‌ ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌. ഭാര്യ സ്‌കൂൾ അദ്ധ്യാപികയായി ജോലി നോക്കുന്നുണ്ട്‌. ഞാൻ കാശ്‌ അയച്ചു കൊടുക്കാത്തതിനാൽ പിണക്കത്തിലാണ്‌. കമ്പനിജോലി ചെയ്‌ത്‌ കിട്ടുന്ന ശമ്പളം കൊണ്ട്‌ ചിലവ്‌ കഴിയും പിന്നെ അല്പസ്വല്പം കുടിക്കാനും..“

”അവർക്കറിയില്ലേ നിങ്ങൾ ഈ നിലയിലായത്‌?“

”ഇല്ല. ഇതേവരെയും അറിയിച്ചിട്ടില്ല.“

”അറിയിച്ചാൽ പിണക്കം മാറുമോ?“

”അറിയില്ല.“

”അപ്പോൾ നാട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. അല്ലേ?“

”അതെ.“

നാട്ടിൽ പോകേണ്ട ചിലവ്‌ ഓർത്തുകൊണ്ടോ എന്തോ, സുരേഷ്‌ വീണ്ടും വാചാലനായി.

”ആ അപകടത്തിൽ പരിക്കേറ്റ എല്ലാവർക്കും സർക്കാരിന്റെ സഹായ ധനം കിട്ടിയിട്ടുണ്ട്‌. മരിച്ചവന്റെ കുടുംബത്തിന്‌ ഒരു ലക്ഷം കിട്ടി. എനിക്ക്‌ അമ്പതിനായിരം രൂപ വാങ്ങിത്തരാമെന്ന്‌ പറഞ്ഞ്‌ ചില സംഘടനകൾ മുന്നോട്ട്‌ വന്നിരുന്നു. പക്ഷേ എനിക്ക്‌ ഇതുവരെ ഒന്നും കിട്ടിയില്ല. കാരണം എന്റെ ഡിസ്‌ചാർജ്‌ സർട്ടിഫിക്കറ്റുകൾ തീവണ്ടി യാത്രക്കിടയിൽ കളവുപോയി. വണ്ടിയിൽ ഉറങ്ങിപ്പോകാനിടയായ ഞാൻ ഉണർന്നപ്പോഴേക്കും കീശയടക്കം മുറിച്ച്‌ മോഷ്‌ടാവ്‌ കടന്നു കളഞ്ഞിരുന്നു.“

സുരേഷ്‌ പറഞ്ഞു കൊണ്ടിരുന്നപ്പോൾതന്നെ ജോർജ്ജും അവിടേയ്‌ക്ക്‌ വന്നിരുന്നു. എൺപത്താറു വയസ്സുളള ജോർജ്ജ്‌ ഒരു കൊച്ചുപയ്യനെപ്പോലെ ആരോഗ്യവാനാണ്‌. വാർദ്ധക്യ സഹജമായ ചില്ലറ അസുഖങ്ങളേ ആ അവിവാഹിതന്‌ ഉണ്ടായിരുന്നുളളു.

ആയുസ്സ്‌ ദീർഘിക്കാൻ ’ഡയറ്റ്‌ കൺട്രോളി‘ന്റെ പ്രാധാന്യം മനസ്സിലാക്കിയ എനിക്കു തോന്നി മിക്ക അന്തേവാസികളും നൂറു വയസ്സിനുമേൽ ജീവിച്ചിരിക്കുമെന്ന്‌. വെളിയിൽ വിട്ടാൽ വേണ്ടുന്നതും വേണ്ടാത്തതും വാരിവലിച്ചു തിന്നുമായിരുന്ന അവർ സ്വന്തം ആയുഷ്‌കാലം വെട്ടിക്കുറക്കുമായിരുന്നു. ഇത്‌ അവർ മനസ്സിലാക്കുന്നുണ്ടോ എന്തോ?

തുടർന്ന്‌ ജോർജ്ജ്‌ തന്റെ കഥ പറയാൻ തുടങ്ങി.

”മിലിട്ടറിയിൽ പതിമൂന്നു വർഷങ്ങൾ തികയവേ, അച്ഛന്റേയും പിന്നെ അമ്മയുടെയും മരണം എന്നെ വല്ലാതെ അലട്ടി. ജോലിയും പെൻഷനും വലിച്ചെറിഞ്ഞ്‌, കിട്ടിയ മുപ്പത്തയ്യായിരം രൂപയുമായി ഞാൻ നാട്ടിലെത്തി. അച്ഛനമ്മമാർ വരുത്തിക്കൂട്ടിയ കടങ്ങൾ വീട്ടി. പിന്നെ ഡൽഹിയിലെ ഒരു പ്രമുഖ സിനിമാതിയേറ്ററിൽ ഓപ്പറേറ്ററായി കുറെക്കാലം തുടർന്നപ്പോഴും, എന്തുകൊണ്ടോ, വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചില്ല. കണ്ണിനു കാഴ്‌ച കുറഞ്ഞപ്പോൾ ചെയ്യാൻ കഴിയാതായ ആ ജോലിയിൽനിന്നും പിരിച്ചുവിട്ടു. അതിനുശേഷം ഒരു ഹോട്ടലിൽ ജോലി ചെയ്‌തുകൊണ്ടിരിക്കേ, കാലിലെ വാത സംബന്ധമായ അസുഖത്തെ തുടർന്ന്‌ ഒരു ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്‌ ചെയ്‌തു. അവിടെ എന്നെ കാണാനിടയായ സിസ്‌റ്റർ ഇവിടെയെത്തിച്ചു.“

അപ്പോൾ ഒരു മദ്ധ്യവയസ്‌കൻ ഇടയിലൂടെ നടന്നുവന്ന്‌ സോഫയിൽ അരികിലായി ഇരിപ്പുറപ്പിച്ചു. അയാൾ ഇടയ്‌ക്കിടെ സ്വയം ചിരിക്കുന്നുണ്ടായിരുന്നു. മലയാളി അല്ലാത്ത അയാളുടെ കഥ പറയാൻ സുരേഷും ജോർജ്ജും തിരക്കു കൂട്ടി.

കൃഷിയും പ്രതാപവും ബന്ധുക്കളും ഉണ്ടായിരുന്ന സമ്പന്നനായ അയാളെ, മാനസിക രോഗം പിടിപ്പെട്ടപ്പോൾ, ബന്ധുക്കൾ ഏതോ അജ്ഞാത തീവണ്ടിസ്‌റ്റേഷനിൽ കൊണ്ടുതളളിയത്രേ! എങ്ങിനെയോ അഡ്രസ്സ്‌ ശേഖരിക്കാനിടയായ സിസ്‌റ്റർ അയാളുടെ ബന്ധുക്കൾക്ക്‌ എഴുതിയ കത്തുകൾക്കൊന്നും അവർ മറുപടി അയച്ചില്ലത്രേ!

അപ്പോൾ മറ്റൊരു മലയാളിയായ കേളനും എത്തി. കേളൻ വർഷങ്ങളായി അളിയന്മാരോടൊപ്പം നാസിക്കിലെത്തി ടയർ കടകളിൽ ജോലി നോക്കി അവിടെതന്നെ പാർക്കുകയും ചെയ്‌തു. കഷ്‌ടിച്ച്‌ ചിലവ്‌ കഴിഞ്ഞു കൂടുമെന്നായപ്പോൾ വിവാഹത്തെക്കുറിച്ചോ കിടപ്പാടത്തെക്കുറിച്ചോ ചിന്തിക്കാനെ കഴിഞ്ഞില്ല. ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോൾ കേറിക്കിടക്കാൻ ഒരിടവും ഇല്ലാതായി. വഴിയാധാരമായപ്പോൾ പണ്ടത്തെ ഒരു പരിചയക്കാരൻ ഇവിടെ കൊണ്ടുവന്നാക്കി. ഇവിടെ സുഖമാണ്‌.

ജാതിമത പ്രാദേശികഭേദമെന്യേ, ലോകത്തിലെ, ജീവിതയാത്രയിൽ തളർന്ന മനുഷ്യരെ ഇരുകൈയും നീട്ടി സ്വീകരിച്ച്‌, കരുണയാൽ നന്മയുടെ വഴിക്ക്‌ നയിച്ച മദർ തെരേസയെ എത്ര പ്രകീർത്തിച്ചാലും അധികമാവില്ല.

ആ ദിവ്യ പാദത്തിങ്കൽ ഞാൻ കണ്ണീരോടെ ആദരാഞ്ഞ്‌ജലികൾ അർപ്പിച്ചു കൊളളുന്നു.

Generated from archived content: essay2_july14_05.html Author: vn_cheruthazham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here