പ്രളയ ഭീഷണി തെല്ലൊന്നടങ്ങിയെങ്കിലും, മഹാരാഷ്‌ട്രയിൽ ആഗസ്‌റ്റ് രണ്ടാം വാരത്തിലും, ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടില്ല. ചില പ്രധാന തീവണ്ടികൾ മാത്രം ഓടി.
അടിയന്തരാവശ്യം പ്രമാണിച്ച് കേരളത്തിലെത്തി, തിരിച്ച് മഹാരാഷ്‌ട്രയിലേക്ക് മടങ്ങാൻ, തീവണ്ടിയിൽ ഇരിപ്പിട സംവരണത്തിനായി കാസർകോഡ് ജില്ലയിലെ ഒരു പ്രശസ്‌ത റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ആഗസ്‌റ്റ് 15ന് കാലത്ത് ചെന്നു.
കാത്തിരിപ്പ് പട്ടികയിൽ നാൽപ്പത്തൊമ്പതാം നമ്പർ ടിക്കറ്റുമായി ബസ്‌സ്‌റ്റാൻഡിലേക്ക് മടങ്ങവേ, വഴിയോരത്തെ മുറുക്കാൻ കടയിൽ നിന്നും മുറുക്കാൻ ആവശ്യപ്പെട്ടു. കടയുടമ, വിൽപ്പനക്കായ് നിരത്തിയ വെറ്റിലപ്പൊതികളിലൊന്നെടുത്ത് നീട്ടി. പറഞ്ഞ വിലയായ ഒരു രൂപ നൽകി.
ചവച്ചരച്ച് തുപ്പി തീരുംമുമ്പെ, ശനിദശ തുടങ്ങുകയായി. തലകറക്കം നിയന്ത്രിക്കാനും, ആൾക്കൂട്ടത്തിനിടയിൽ ചമ്മൽ വെളിപ്പെടാതിരിക്കാനും, ഫുട്‌പാത്തിലെ സ്‌റ്റീൽ കൈവരികളിൽ പിടിമുറുക്കി.
രക്ഷയില്ലെന്നും സന്തുലിതാവസ്ഥ തീർത്തും നിലയ്‌ക്കാൻ പോവുകയാണെന്നും അറിഞ്ഞപ്പോൾ വേച്ചുവേച്ച് നടന്ന് അടുത്ത ഹോട്ടലിലേക്ക് കയറി, ഉടൻ കണ്ട കസേരയിൽ ധൃതിയിൽ നീങ്ങിയിരുന്നു. ഇരിപ്പിടം കിട്ടിയ വകയിൽ എന്തെങ്കിലും ശാപ്പിടണമല്ലോ. ചായ വന്നു.
അടയുന്ന കണ്ണുകളും, അമിതമായി വിയർപ്പൊഴുകിയ മേനിയും, ഓക്കാനിക്കാൻ വെമ്പിയ സിസ്‌റ്റവും നിയന്ത്രിക്കാൻ പാടുപെട്ട്, പതുക്കെ പതുക്കെ ചായ മൊത്തിക്കൊണ്ടിരുന്നു.
ഒന്നിച്ച് കയറിവരുടെ ഇരിപ്പിടങ്ങൾ ഒഴിയുന്നതും, സ്വീപ്പർ ബോയിയുടെ മേശ വൃത്തിയാക്കാനുളള വ്യഗ്രതയും പാടെ അവഗണിച്ച്, അല്പനേരം പിന്നെയും കഴിച്ചുകൂട്ടി. നടക്കാൻ കാലുകൾ വഴങ്ങുന്നില്ലെന്നറിഞ്ഞു. എങ്കിലും ഒരു ഹോട്ടലിൽ എത്രനേരം തങ്ങും?
ഒരു വക, കാശ് കൊടുത്ത്, പുറത്ത് കടന്ന് വീണ്ടും കൈവരികളെ ആശ്രയിച്ചു.
പൊടുന്നനവേ, ഛർദ്ദി തുടങ്ങി. അകത്ത് ചെന്ന വിഷാംശത്തെ കുറെയൊക്കെ വെളിയിൽ തളളുന്നതുവരെ ആ പ്രക്രിയ തുടർന്നു.
ഏറെ അസ്വസ്ഥത സൃഷ്‌ടിച്ച മനംപിരട്ടൽ നിലനിന്നു. എവിടെയെങ്കിലും ഒന്നു വീണു കിടന്നാൽ മതിയെന്നായി. പൊതുനിരീക്ഷണം ബഹുനേരം നടത്തി തളർന്ന മിഴികൾ മോചനം കൊതിച്ചതാവാം.. വ്യായാമ പോരായ്‌മയാൽ വർദ്ധിച്ച ദുർമേദസ്സ് താങ്ങിത്തളർന്ന പാദങ്ങളും. ഏകോപനം അസാധ്യമാക്കുംവിധം പെരുമാറിയ നാഡീവ്യൂഹങ്ങൾ ഹർത്താൽ ആചരിക്കാൻ വെമ്പി.
ഇന്ത്യൻ നിരത്തിൽ തുപ്പലിനും ഛർദ്ദിക്കും വീണു കിടപ്പിനും പിഴ ഈടാക്കാഞ്ഞത് ഭാഗ്യം!
ഉത്തരേന്ത്യപോലെ ഇവിടേയും സാധായും തംബാക്കുവാലയും തമ്മിൽ വില…. വില്പന വ്യത്യാസമുണ്ടാകുമെന്നു കരുതിയത് ഹിമാലയൻ അമളി.
ഓ… പിന്നെയാണതോർത്തത്… ഇത് പുകയിലയുടെ നാടല്ലേ? പോരെങ്കിൽ സ്വാതന്ത്ര്യദിനവും!
Generated from archived content: essay1_sept21_05.html Author: vn_cheruthazham
Click this button or press Ctrl+G to toggle between Malayalam and English