ആദിവാസി നൃത്തങ്ങൾ

കാടൻമാർ

താളാനുസൃതമായ ചലനവും താളാനുസൃതമായ ശബ്‌ദവും വേർപിരിയുക വയ്യാത്തവണ്ണം അത്രത്തോളം ബന്ധപ്പെട്ടതാണ്‌. വികാരാവേശംകൊണ്ടു ശരീരചലനം സംഭവിക്കുന്നതിനോടൊപ്പം നാദസ്‌ഫുരണവും താനേതന്നെ ഉണ്ടായിക്കൊളളും. ഭയംകൊണ്ടു ഞെട്ടുന്ന മനുഷ്യൻ ‘അയ്യോ’ എന്നു നിലവിളിച്ചുപോകുന്നതു കല്‌പിച്ചുകൂട്ടിയുളള പ്രവൃത്തിയല്ല. ശരീരംകൊണ്ടും ശ്വാസംകൊണ്ടും മാത്രമാണ്‌ മനുഷ്യൻ തന്റെ ജീവിതത്തിലെ ഏതു കാര്യവും നിർവ്വഹിച്ചുപോരുന്നത്‌. പ്രകൃതിയുടെ സന്താനങ്ങളായ അവ ഒരുമിച്ചല്ലാതെ ജീവിക്കാറില്ല. പ്രകൃതിദത്തമായ ഒരു വാസനാവിശേഷംകൊണ്ടു മനുഷ്യവർഗ്ഗത്തിനു വശഗമായിട്ടുളള താളത്തിനോടുകൂടി ഈ ചലനവും ശബ്‌ദവും യോജിക്കുമ്പോൾ ഒന്നു നൃത്തകലയായും മറ്റേതു ഗാനകലയായും പരിണമിക്കുന്നു. കലാത്വത്തിന്റെ കണികപോലുമില്ലാത്ത നൃത്തത്തിലാണെങ്കിൽ താളലയാദികൾ സ്പർശിച്ചിട്ടില്ലാത്ത ചില വികൃതശബ്‌ദങ്ങൾ പുറപ്പെടുന്നതു കേൾക്കാം. താളത്തിനൊപ്പിച്ച കാൽച്ചുവടുകളോട്‌ ഇണങ്ങിപ്പോകുന്നതുകൊണ്ടാണ്‌ ഗാനഭാഗത്തിന്‌ പദം, അടി, ഫുട്ട്‌ ഽ( തൂ​‍ൂഎ)ഽ മുതലായി നാനാഭാഷകളിലും ഏകാർത്ഥത്തിലുളള നാമം ലഭിച്ചത്‌. അപരിഷ്‌കൃതാവസ്ഥയുടെ അടിത്തട്ടിൽ ചെന്നു നോക്കിയാലും ശബ്‌ദസമന്വിതമല്ലാത്ത നൃത്തത്തെ കണ്ടെത്തുവാൻ കഴിയുന്നതല്ല.

മനുഷ്യൻ തന്റെ അപരിഷ്‌കൃതാവസ്ഥയിൽ വികാരപ്രകാശനത്തിനു മാത്രം വേണ്ടി അംഗീകരിച്ച ഗാത്രവിക്ഷേപത്തേയും ശബ്‌ദ നിർഗ്ഗമത്തേയും താളലയങ്ങളുടെ സഹായത്തോടുകൂടി വിനോദാർത്ഥം പ്രയോഗിച്ചുതുടങ്ങിയ മുഹൂർത്തത്തിൽ നാട്യകലാശിശുവിന്നു ജീവൻ വെച്ചുവെന്നു പറയാം. പക്ഷേ ആ രൂപത്തിലും ആ പ്രായത്തിലും അതിനെ കാണുന്നവർ അതിന്റെ നാമധേയത്തോടുകൂടി കലാശബ്‌ദത്തെ ഘടിപ്പിക്കുവാൻ ധൈര്യപ്പെടുന്നതല്ല. ബ്രസീൽഽ(ങനമഗവാ)ഽ ദേശത്തുളള ആമസോൺസ്‌ എന്ന വർഗ്ഗക്കാരുടെ ഇടയിൽ ഇതിനെ ഈ രൂപത്തിൽ ഇന്നും ദർശിക്കാവുന്നതാണ്‌. കൈവിരലുകൾ ഞൊടിച്ചുകൊണ്ടു താളംപിടിച്ച്‌, ദേഹം ഇളകുന്നുണ്ടോ എന്നുതന്നെ സംശയിക്കത്തക്ക രീതിയിൽ, ഗാനസഹിതമായി നിർവ്വഹിക്കുന്ന ഒരു ജാതി നൃത്തമാണ്‌ അവരുടേത്‌. അതു കണ്ടാൽ പ്രതിമകൾ നീങ്ങിക്കൊണ്ടിരിക്കുകയാണോ എന്നു സംശയം തോന്നിപ്പോകുമത്രെ. കൊച്ചിരാജ്യത്തിലെ കാടൻമാരുടെ ഇടയിൽ കാണുന്ന സ്‌ത്രീ നൃത്തത്തിന്‌ ഇതിനോടു സാദൃശ്യമുണ്ട്‌. അർദ്ധവൃത്തമായി നിന്ന്‌, വസ്‌ത്രത്തിന്റെ അഗ്രം കയ്യിലെടുത്ത്‌ അരയോടു ചേർത്തുവെച്ച്‌ ആട്ടിക്കൊണ്ട്‌ ഓരോ അടി സാവധാനം വെച്ചു വൃത്താകാരമായി നീങ്ങിപ്പോവുന്നതു കാണാം. ഈ ദശ നാട്യകലയുടെ ആദ്യഘട്ടമാണെന്നു ന്യായമായി ഊഹിക്കാവുന്നതാണ്‌.

സ്‌ത്രീനൃത്തത്തിൽ അവശേഷിച്ചുകാണുന്ന ശാന്തമായ പ്രാകൃതാവസ്ഥ പുരുഷന്റെ ദേഹബലത്തിനു വഴങ്ങിക്കൊടുത്തു. കുറെക്കൂടി ഉദ്ധതവും പോഷയുക്തവുമായിത്തീർന്നു. അതിൽ സമ്പാദിക്കുവാൻ സാധിച്ചെടത്തോളം കലാത്വം സാമുദായിക കർമ്മങ്ങളോടനുബന്ധിച്ച്‌ ആദിമനൃത്തങ്ങളിലും മറ്റും അവർ വരുത്തിയിരിക്കണം. കാടൻമാർക്കു മതപരമായ വല്ല നൃത്തവും ഉളളതായി ഞാൻ കണ്ടെത്തിയിട്ടില്ല. അവരുടെ നൃത്തങ്ങളോടനുബന്ധിച്ചുളള മറ്റൊരുതരം വിനോദമാണ്‌ നമ്മുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത്‌. ജീവിതത്തിന്റെ പ്രതിഫലനമാണ്‌ കലയുടെ മൗലികധർമ്മമെന്ന്‌ ഈ അപരിഷ്‌കൃതവർഗ്ഗക്കാർ ദൃഷ്‌ടാന്തപൂർവ്വം സ്പഷ്ടമാക്കുന്നു. ‘മൃഗയാവിനോദ’മെന്ന പദം പ്രഭുക്കൻമാരോടു മാത്രമേ ചേരുകയുളളു. വ്യാധവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അതു സമയം പോക്കുവാനുളള വിനോദമൊന്നുമല്ല; ഏറ്റവും പ്രധാനമായ ആഹാരസമ്പാദനമാണ്‌. അവരുടെ ജീവിതം അതിനുളള പരിശ്രമത്തിൽ ആരംഭിച്ച്‌, അതിനു മാത്രം വേണ്ടി നയിച്ച്‌, അതോടുകൂടിത്തന്നെ അവസാനിക്കുന്നു. മറ്റൊരു ചിന്തയ്‌ക്കും മറ്റൊരു പ്രവൃത്തിക്കും അവർക്കു സമയവും ആവശ്യവുമില്ല. നമുക്കു നിസ്സാരവും അവർക്കു സാരവുമായ ആ ജീവിതമാണ്‌ തങ്ങളുടെ കലകളിൽകൂടി പ്രകാശിപ്പിക്കുവാൻ അവർ യഥാശക്തി യന്തിക്കുന്നത്‌. മൃഗമാണെന്നു ഭാവിച്ച്‌ തന്നെ മുട്ടുകുത്തി നടക്കുന്നു; മറ്റൊരാൾ ഏറ്റവും കരുതലോടുകൂടി പിന്നാലെ ചെന്ന്‌ അതിനെ ഹനിക്കുന്നു. കഥയും കഴിഞ്ഞു. രാത്രി ഭക്ഷണസമയത്ത്‌ ഓരോരുത്തർ അവരവരുടെ അന്നത്തെ അനുഭവങ്ങളെപ്പറ്റി വർണ്ണിക്കാറുളളത്‌ ഇങ്ങനെ കലാരൂപേണ പുറപ്പെട്ടതായിരിക്കാം. ഏതായാലും ഇതോടുകൂടി നാട്യകല ശൈശവദശയിലേയ്‌ക്കു കാലെടുത്തുവെച്ചുവെന്നതിനു സംശയമൊന്നുമില്ല. അനുകരണമാണല്ലോ നാട്യവിദ്യയുടെ അടിക്കല്ല്‌.

വന്യമൃഗങ്ങളെപ്പോലെതന്നെ വന്യജനങ്ങളും സ്വാതന്ത്ര്യേച്ഛുക്കളാണ്‌. അവരവർക്ക്‌ രസിക്കുവാനല്ലാതെ അന്യരെ രസിപ്പിക്കുവാൻ തങ്ങളുടെ കല ഉപയോഗിക്കാമെന്നോ ഉപയോഗിക്കണമെന്നോ അവർ വിചാരിക്കാറില്ല. നയംകൊണ്ടു പാട്ടിലാക്കുവാൻ വേണ്ടി ആകണം ആഹാരം കൊടുത്തുകഴിഞ്ഞാൽ പിന്നീട്‌ അവരെ കണ്ടുകിട്ടണമെങ്കിൽ കാടുമുഴുവൻ തിരയേണ്ടിവരും. കാടൻമാരെക്കൊണ്ടു കളിപ്പിക്കണമെങ്കിൽ അവരുടെ ഭക്തിക്കും ഭയത്തിനും ഏകലക്ഷ്യമായ സർക്കാരുദ്യോഗസ്ഥന്റെ സ്വാധീനശക്തിയെ ശരണം പ്രാപിക്കുകയേ നിർവ്വാഹമുളളൂ. പക്ഷേ, കളിക്കുവാൻ ആരംഭിച്ചാൽ അതു കഴിയുന്നതുവരെ ഹൃദയപൂർവ്വകമായ ശുഷ്‌കാന്തി പ്രദർശിപ്പിക്കുന്നതു കാണാം. കളിക്കുന്നവരുടെ കാൽച്ചുവടിനോടൊപ്പം കണ്ടുനില്‌ക്കുന്നവരുടെ കണ്ണും തലയും ഇളകി തങ്ങളുടെ ഏകവിനോദത്തിൽനിന്നു ലഭിക്കുന്ന പരമാനന്ദത്തെ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. സ്വസന്താനങ്ങളുടെ ആനന്ദനൃത്തം കണ്ടു വനദേവത പുളകംകൊളളുന്നതായ കാഴ്‌ച കലാകുതുകികളുടെ കണ്ണുകൾക്ക്‌ അമൂല്യമായ ഒരു സമ്പത്താണ്‌.

കാടൻമാരുടെ നൃത്തവും കളികളും ഏറ്റവും ലളിതരീതിയിലുളളവയാകുന്നു. എട്ടോ പത്തോ പേർ കൈ കോർത്തുപിടിച്ചു വട്ടത്തിൽ നിന്ന്‌, കൊട്ടിനൊപ്പം ചവുട്ടിക്കൊണ്ട്‌ അകത്തേയ്‌ക്ക്‌ ഒതുങ്ങിയും പുറത്തേയ്‌ക്കു നീങ്ങിയും വട്ടംചുറ്റിക്കൊണ്ടിരിക്കും. ഇടക്കിടെ ‘ഹോ ഹോ’ എന്ന്‌ ഉച്ചത്തിൽ ശബ്‌ദിക്കുന്നതും കേൾക്കാം. കളിക്കാരെ നയിക്കുന്നതു താനാണെന്നു കാണിക്കുവാനായിരിക്കാം അവരുടെ പ്രമാണി എപ്പോഴും കൈ വീശിക്കൊണ്ടിരിക്കുന്നത്‌. കളിച്ചു ക്ഷീണിക്കുമ്പോൾ അവർ പാട്ടുപാടി ക്ഷീണം തീർക്കുന്നു. ഇവർക്ക്‌ ആദ്യമുണ്ടായിരുന്ന വാദ്യോപകരണങ്ങൾ എന്തെല്ലാമായിരുന്നുവെന്ന്‌ അറിഞ്ഞുകൂട. ഇന്നുളള ചെണ്ടയും കുഴലും നാട്ടിൽനിന്നു വാങ്ങിക്കൊണ്ടുവരുന്നവയാണ്‌. പുലയർ ഉപയോഗിച്ചു വരുന്നതും ചെറിയ ചെണ്ടയുടെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുളളതും കോലുകൊണ്ട്‌ ഉരച്ചു ശബ്‌ദം കേൾപ്പിക്കുന്നതുമായ ‘തുടി’ എന്ന വാദ്യവിശേഷവും ഇവരുടെ ഇടയിൽ കാണ്മാനുണ്ട്‌. സ്‌ത്രീകളുടെ നൃത്തത്തിന്‌ ഇത്രകൂടി പ്രയാസമില്ല. സാവധാനമായി വട്ടംചുറ്റുക മാത്രമേ വേണ്ടതുളളൂ.

അനുകരണരൂപത്തിലുളള കാടർകളിയുടെ സമ്പ്രദായത്തെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിലൊന്നാണ്‌ ‘കൂരാൻകളി’ കൂരാൻ പന്നി (ഇതിന്റെ മാംസം നായ്‌ക്കൾക്ക്‌ ഏറ്റവും ഹിതമായ ആഹാരമാണ്‌)യാണെന്നു ഭാവിച്ചു നാവും പുറത്തിട്ടുകൊണ്ട്‌ ഒരുവൻ പതുങ്ങിപ്പതുങ്ങി നാലുപുറവും നോക്കിക്കൊണ്ടു കുനിഞ്ഞു നടക്കുന്നു. മറ്റൊരുത്തൻ അതുപോലെ നായയാണെന്നു സങ്കൽപ്പിച്ചു കഴുത്തിൽ ഒരു മുണ്ടുകെട്ടി തരംനോക്കി പിന്നാലെചെന്ന്‌ അതിനെ പിടിക്കുന്നു. പന്നിയുടെ പരിഭ്രമവും നായയുടെ കരുതലും ഇവരുടെ മുഖത്തു നല്ലവണ്ണം സ്‌ഫുരിക്കുന്നതുകാണാം. ഈ കളികൾ നടക്കുന്ന സമയങ്ങളിലെല്ലാം മറ്റുളളവർ അട്ടഹസിച്ചു നൃത്തംവെക്കുന്നുണ്ടായിരിക്കും. കൂരാൻകളിയെപ്പോലുളള മറ്റൊരനുകരണമാണ്‌ ‘മാൻകളി’. ഇതിൽ ഒരുത്തൻ മാനും മറ്റൊരുത്തൻ വെടിക്കാരനുമാകുന്നു. മാൻ അതിന്റെ സ്വതസിദ്ധമായ രീതിയിൽ തലപൊക്കി ചെവിയോർത്തുകൊണ്ടു നടക്കുമ്പോൾ വെടിക്കാരൻ നിശ്ശബ്‌ദമായി പിൻതുടർന്ന്‌ അതിനെ വധിക്കുന്നു. ക്രിയാഭാഗം ഇത്ര ചുരുക്കമാണെങ്കിലും അഭിനയം ഏറ്റവും സ്വാഭാവികമാവുന്നുണ്ടെന്നു സമ്മതിച്ചേ തീരു. ‘തവളക്കളി’യിൽ നാലഞ്ചാളുകൾ ചേരുമെങ്കിലും അതിൽ പാത്രവൈവിധ്യം തന്നെയില്ല. ഇവർ തവളകളെപ്പോലെ ഒറ്റയായിട്ടും, ചിലപ്പോൾ ഒന്നിന്റെ പുറത്തു മറ്റൊന്നു കയറിയിരുന്നും ചാടിക്കൊണ്ടിരിക്കുക മാത്രം ചെയ്യും. നാലുപുറവും കാണുന്ന പ്രകൃതിയെ അങ്ങനെതന്നെ അനുകരിക്കുകയെന്നല്ലാതെ മറ്റെന്താണ്‌ ഇതിന്റെ ഉദ്ദേശം? ഒരുത്തൻ പന്നിയെ വേട്ടയാടിക്കൊണ്ടു നടക്കുമ്പോൾ കാട്ടുപോത്തിനെ കണ്ടു ഭയപ്പെട്ടുപോകുന്നു. കൂട്ടുകാരൻ ധൈര്യപ്പെടുത്തിയതുമൂലം പിന്നേയും പിന്തുടർന്ന്‌ അതിനെ വെടിവെച്ചുകൊല്ലുന്നു. ഇതാണ്‌ ‘പന്നിക്കളി’. ഇതു വളരെ തന്മയത്വത്തോടുകൂടിത്തന്നെയാണ്‌ കാടർ അഭിനയിക്കുന്നത്‌. ആധുനികമായ തോക്കിന്‌ ഈ കളികളിൽ പ്രവേശനം സിദ്ധിച്ചു കാണുന്നതു കാലത്തിനൊത്ത മാറ്റം വരുത്തിയതുകൊണ്ടാണെന്നേ വിചാരിക്കുവാൻ സാധിക്കുകയുളളു. ദൃഷ്‌ടിക്കു വിഷയീഭവിക്കുന്നതിനെ അങ്ങനെതന്നെ പകർത്തുകയാണല്ലോ അവർ ചെയ്യുന്നത്‌. അനന്തമായ പ്രകൃതി സാമ്രാജ്യം കലാപരിധിക്കുളളിൽ കിടക്കുമ്പോൾ, നാം കലയുടെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാൻ മതത്തിൽ കടന്നു തിരയേണ്ടുന്ന ആവശ്യമില്ല.

സമുദായകർമ്മങ്ങളോടനുബന്ധിച്ചുളള നൃത്തം കാടൻമാരുടെ ഇടയിൽ വിവാഹസമയത്തു മാത്രമേ കാണുന്നുളളു. വിവാഹത്തിന്‌ നിശ്ചയിച്ചിട്ടുളള ദിവസം വരനും അയാളുടെ ആൾക്കാരും കൂടി വധൂഗൃഹത്തിൽ ചെല്ലും. അപ്പോഴേയ്‌ക്കും വധൂഗൃഹത്തിലുളളവർ അവരെ സ്വാഗതം ചെയ്തു പായമേലിരുത്തും. നൃത്തത്തിന്റെ നടുവിൽ കെട്ടിയുണ്ടാക്കി വെച്ചിട്ടുളള ഒരു തട്ടിൻമേൽ വധൂവരൻമാർ മുഖത്തോടുമുഖം തിരിഞ്ഞു നില്‌ക്കുകയും സ്‌ത്രീപുരുഷൻമാർ നൃത്തംവെക്കുകയും ചെയ്യുന്നു. ഇതാണ്‌ കാടർ സമുദായത്തിലെ വിവാഹകർമ്മം. ചുരുക്കത്തിൽ വിവാഹത്തിനുളള ചടങ്ങായി നൃത്തം മാത്രമേ ഉളളുവെന്ന്‌ പറയാം.

കേരളത്തിലെ ആദിമനൃത്തത്തിന്റെ സ്വരൂപവും സ്ഥാനവും ഇതുതന്നെയാവാമെന്നതിനു സംശയമൊന്നുമില്ല. ഇതിന്റെ തെളിവുകൾ ശേഖരിക്കുവാൻ നമുക്കു മലയ അർദ്ധദ്വീപിലോളം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ജക്കൂൺ എന്ന അവിടുത്തെ ആദിമവർഗ്ഗക്കാരുടെ നൃത്തത്തിനും കൊച്ചിയിലെ കാടരുടെ നൃത്തത്തിനും തമ്മിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. കാടരിൽ സ്‌ത്രീപുരുഷൻമാരുടെ നൃത്തങ്ങൾ തമ്മിലുളള ഭേദം അവിടെയുമുണ്ട്‌. സ്‌ത്രീകളുടെ കൈവീശിക്കൊണ്ടുളള ചുറ്റലും പുരുഷൻമാരുടെ ‘പ്രമാണി’യും അവിടെയും ഇവിടെയും സമമാണ്‌. മൃഗങ്ങളായി നടിച്ചുകൊണ്ടുളള അഭിനയം കേരളത്തിനു പുറമെ ഇങ്ങനെ ഒരു ദിക്കിൽ മാത്രമേ കാണുന്നുളളൂ. കാടരുടെ കഴലും ചെണ്ടകളും മാത്രമാണ്‌ അവിടുത്തേയും വാദ്യങ്ങൾ. ഡെ മോർഗൻ, ഹെയിൽ മുതലായ ഗ്രന്ഥകാരൻമാരുടെ അഭിപ്രായത്തിൽ ഇവരുടെ നൃത്തങ്ങൾക്കും കളികൾക്കും വിനോദമല്ലാതെ മറ്റു യാതൊരുദ്ദേശവുമില്ലെന്നുളളതും സ്മരണീയമാണ്‌.

അന്യൂനമായ ഈ സാദൃശ്യം ആകസ്മികമായി വന്നുകൂടിയതാണെന്നു വിചാരിക്കുവാൻ മനുഷ്യവർഗ്ഗശാസ്‌ത്രം അനുവദിക്കുന്നില്ല. പല്ലു രാവുക തുടങ്ങിയ പല കാര്യങ്ങളിലും ജക്കൂൺ വർഗ്ഗക്കാർക്കു കാടൻമാരോടു വളരെ സാദൃശ്യമുണ്ട്‌. തല വകയുവാനുളള ചീപ്പുകളിൻമേൽ ചിത്രപ്പണികൾ ചെയ്യുന്ന സ്വഭാവം മലാക്കയിലെ ആദിമവർഗ്ഗക്കാരിലും കേരളത്തിലെ കാടൻമാരിലും ഒരുപോലെ കാണുന്നുണ്ടെന്നു ഡോ.പ്ര്യൂസ്‌ പറയുന്നു. ഡിയാക്‌സ്‌ എന്ന വർഗ്ഗക്കാർ മരം കയറുന്ന സമ്പ്രദായത്തെപ്പറ്റി വാലസ്‌ വർണ്ണിച്ചിരിക്കുന്നത്‌ അക്ഷരം പ്രതി ആനമലയിലെ നിവാസികൾക്കും യോജിക്കുന്നതാണ്‌. കേരളത്തിൽ ഇന്നു കാണുന്ന ആദിമനിവാസികൾ മലയേഷ്യയിൽനിന്നും കുടിയേറിപ്പാർത്തവരാണെന്നുപോലും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എല്ലാംകൊണ്ടും, രണ്ടു ദിക്കിലും കാണുന്ന ഈ ആദിമനിവാസികൾ ഒരേ വർഗ്ഗക്കാരാണെന്നതിനു സംശയമൊന്നുമില്ല.

ഇവർ നീഗ്രോ വർഗ്ഗത്തിൽപെടുന്നവരായാലും അല്ലെങ്കിലും ശരി, ഇവരെയാണ്‌ ദ്രാവിഡരെന്ന്‌ ഇപ്പോൾ പറഞ്ഞുവരുന്നത്‌. യൂറോപ്പിലെ അപരിഷ്‌കൃതജാതിക്കാരേക്കാൾ വളരെയധികം മനസ്സംസ്‌ക്കാരം ഇവർക്കു സ്വതസ്സിദ്ധമായിട്ടുണ്ട്‌. തങ്ങൾക്കു ദ്വേഷം തോന്നുന്നവരെ ജീവനോടെ കെട്ടിത്തൂക്കി നാലുപുറവും നിന്നു നൃത്തംവെച്ചുകൊണ്ടു ചാടിക്കടിച്ചു തിന്നുന്ന ‘ശുനകനൃത്തം’ യൂറോപ്പിൽ ഇക്കാലത്തുകൂടി നിലവിലുണ്ടെങ്കിൽ, ഇവരുടെ ഇടയിൽ ഏതുകാലത്തും ഉണ്ടായിട്ടില്ല.

ജേനു (ജൈൻ)ക്കുറുമ്പരും നാട്ടുനായ്‌ക്കൻമാരും

ഉത്തരകേരളത്തിലെ വനപ്രദേശങ്ങളിൽ പാർക്കുന്നവരായ ഈ രണ്ടു ജാതിക്കാരും ഒരേ വർഗ്ഗത്തിൽ പെട്ടവർ തന്നെയാണ്‌. കർണ്ണാടകമാണ്‌ ഇവരുടെ ഭാഷ. മൈസൂർ രാജ്യത്തിലുളള ഇവരുടെ പൂർവ്വികൻമാരെ ജൈൻ കുറുമ്പർ എന്നും കാട്ടുകുറുമ്പർ എന്നും വിളിച്ചുവരുന്നു. ഇവരുടെ വിനോദങ്ങളിൽ നൃത്തത്തിന്‌ എത്രത്തോളം സ്ഥാനമുണ്ടെന്നു അറിഞ്ഞുകൂടെങ്കിലും വിവാഹകർമ്മത്തിലെ ഒരു പ്രധാനമായ ചടങ്ങാണ്‌ അതെന്നുളളതു തീർച്ച തന്നെ. വിവാഹദിവസം ‘ആണില്ലക്കാർ’ ‘പെണ്ണില്ലക്കാര(ടെ ഗൃഹത്തിൽ ചെന്നതിനു ശേഷം രണ്ടു കൂട്ടരുംകൂടി വധുവിന്റെ നാലുഭാഗവും നിന്ന്‌ ഒരു ’കോൽക്കളി‘ നടത്തുന്നു. വിവാഹകർമ്മം നിർവ്വഹിച്ചതിനുശേഷവും ഈ നൃത്തം ആവർത്തിക്കേണമെന്നുണ്ട്‌. പക്ഷേ, കാടൻമാരെപ്പോലെ ഇതു മാത്രമല്ല അവരുടെ ചടങ്ങായിട്ടുളളൂ.

കാണിക്കാരും പണിയരും

ദക്ഷിണ തിരുവിതാംകൂറിലെ കാട്ടുജാതിക്കാരായ കാണിക്കാരുടെ ആചാരങ്ങളിൽ മതപരമായ നൃത്തത്തിന്‌ ഒരു നല്ല ഉദാഹരണം കാണാം. ഓരോ ഗൃഹത്തിലും കുടിവെച്ചിട്ടുളള പരദേവതകൾക്കു പൂജകഴിക്കുക എന്ന ഒരു സമ്പ്രദായമുണ്ട്‌. വിളവിന്റെ രക്ഷക്കുളള പ്രാർത്ഥനയും ഇതോടുകൂടി സാധിക്കുന്നു. കൊയ്‌ത്തുകാലത്തിന്‌ അടുത്തു മുമ്പിലാണ്‌ ഇതു നടത്തേണ്ടത്‌. ’മാട‘നെ അധിദേവതയായി കല്‌പിച്ചുകൊണ്ടാണ്‌ ക്രിയ നടത്തുക. സ്വപ്‌നത്തിൽ ഈശ്വരദർശനം സാധിക്കാറുണ്ടെന്ന്‌ അഭിമാനിക്കുന്ന ഒരു വൃദ്ധ പ്രമാണിയായിരിക്കും കർമ്മി. ഇതിനുവേണ്ടി ആദ്യമായിത്തന്നെ കുലവാഴയും തോരണവും മറ്റുംകൊണ്ട്‌ അലങ്കരിച്ച ഒരു പന്തൽ കെട്ടിയുണ്ടാക്കുന്നു. ആളുകൾ എല്ലാം അതിൽവന്നു കൂടിക്കഴിഞ്ഞാൽ കർമ്മിയായ കാണിക്കാർ മിശ്രഭാഷയിലുളള ഒരു പാട്ട്‌ അസ്പഷ്‌ടമായി പാടുവാൻ തുടങ്ങും. ദിവംഗതരായവരുടെ പൂർവ്വ ചരിത്രവും ജീവിച്ചിരിക്കുന്നവരുടെ ശ്രേയസ്സിനുവേണ്ടിയുളള പ്രാർത്ഥനയും മറ്റും ആ പാട്ടിൽ അടങ്ങിയിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പാടിക്കൊണ്ടിരിക്കുമ്പോൾ ഇടക്കിടക്കു കലികൊളളുന്നതുപോലെ ഭാവിക്കുകയും അട്ടഹസിക്കുകയും ചെയ്‌തുകൊണ്ടിരിക്കും. ഇങ്ങനെ മൂന്നു നാലു മണിക്കൂർ കഴിയുമ്പോഴേയ്‌ക്കും, കാട്ടുമൃഗങ്ങളുടെ ഗർജ്ജനം പോലെ ഭയങ്കരമായ ഒരു അലർച്ച കേൾക്കാം. തലമുടിയെല്ലാം അഴിച്ചിട്ട്‌, കണ്ണുതുറിച്ച്‌, വായ്‌ക്കകം നുരയും പതയും പുറപ്പെടുവിച്ചുകൊണ്ടുളള ഒരു മനുഷ്യൻ പുരയുടെ മറുഭാഗത്തുനിന്നു വരുന്നതിന്റെ ഘോഷമാണത്‌. നിന്നും ഇരുന്നും ചാടിയും ഓടിയും ദേഹമെല്ലാം വിറപ്പിച്ചും, ഇടയ്‌ക്കിടെ കൊട്ടിന്റെ താളത്തിനൊപ്പിച്ചു ചവിട്ടിയും അയാൾ കണക്കില്ലാതെ ബഹളം വെയ്‌ക്കുന്നു. പത്തുമിനിട്ടോളം ഇങ്ങനെ കഴിച്ച്‌, പിന്നീടു പെട്ടെന്ന്‌ അട്ടഹസിച്ചുകൊണ്ട്‌, മാടനു നൈവേദ്യം ഒരുക്കിവെച്ചിട്ടുളള മറ്റൊരു കുടിലിനകത്തുചെന്ന്‌, അറ്റത്തു മണികൾ തൂക്കിയിട്ടുളള രണ്ടു വലിയ ദണ്‌ഡുകൾ എടുത്തുകൊണ്ടുവരുന്നു.

അപ്പോഴേക്കും വെറുതെ കാണുവാൻ നിൽക്കുന്നവരിൽ ഒരുവനും കലികൊണ്ടു തുളളുകയായി. ഇതുകണ്ട്‌ആദ്യത്തവന്‌ ഉത്‌സാഹം ഇരട്ടിച്ചു. കണ്ടുനില്‌ക്കുന്നവരിൽ ഒരുത്തന്റെ കഴുത്തിൽ പിടിച്ച്‌, തന്റെ കയ്യിലുളള ദണ്‌ഡുകളിൽ ഒന്ന്‌ അവനെകൊണ്ടു പിടിപ്പിക്കുന്നതോടുകൂടി അവനും തുളളിത്തുടങ്ങുന്നു. എന്തിനേറെ, അല്‌പസമയത്തിനുളളിൽ തുളളുന്നവരുടെ സംഖ്യ ആറോ ഏഴോ ആയിക്കഴിഞ്ഞു. എവിടെ നോക്കിയാലും അട്ടഹാസങ്ങളുടേയും ചാട്ടങ്ങളുടേയും ലഹള തന്നെ. ഇതോടുകൂടി കാണികളുടെ ദൃഷ്‌ടി സമീപത്തുതന്നെയുളള ഒരു അഗ്നികുണ്‌ഡത്തിന്‌ മേലേയ്‌ക്കു പതിക്കുന്നു. അവിടെ നമ്മുടെ ഒന്നാമൻ കാണികളുടെ ഐകകണ്‌ഠ്യേനയുളള അഭിനന്ദനത്തിനു പാത്രമാകത്തക്കവണ്ണം കനലിൽ നടുവിൽ ആടി നൃത്തം ചെയ്യുന്നുണ്ടായിരിക്കും. ദേഹത്തിൽ മുഴുവൻ ചാരമണിഞ്ഞ്‌, ക്ഷീണിച്ചു വിയർത്തൊലിച്ചുകൊണ്ട്‌ അയാൾ അവിടെനിന്നും തിരികെ പന്തലിലേയ്‌ക്കുതന്നെ വന്ന്‌, അവിടെ കൂട്ടിയിരിക്കുന്ന ചുകന്ന പൂക്കളെല്ലാം വാരി തലയിൽ ചൊരിയുന്നു. ഇതിൽ കർമ്മിക്കും മറ്റു കാഴ്‌ചക്കാർക്കും സഹായിക്കാവുന്നതാണ്‌. അതിനുശേഷം ഒരു ചെറിയ കുട്ടിയെ അതിന്റെ മുമ്പിൽ കൊണ്ടുനിർത്തുന്നതായും അവൻ ഒരു പേർ വിളിക്കുന്നതായും കാണാം. നാമകരണമെന്ന ക്രിയയാണത്രെ നിർവ്വഹിക്കുന്നത്‌. ഒരു കോഴിയെ കൊണ്ടുവന്ന്‌ അതിന്റെ കഴുത്തു വെട്ടിക്കളഞ്ഞ്‌ അയാളുടെ കയ്യിൽ നിന്നും എല്ലാവരും കാണെത്തന്നെ അയാൾ മുറിവായിൽ ചുണ്ടുവെച്ച്‌ അതിൽനിന്നു ലഭിക്കാവുന്ന രക്തം മുഴുവൻ കുടിക്കുന്നു. പിന്നേയും കോഴിയെ കയ്യിൽത്തന്നെ പിടിച്ചുകൊണ്ട്‌ അവൻ ബോധരഹിതനായി നിലംപതിക്കുന്നു. പരദേവതമാർ പൂജ സ്വീകരിച്ചുവെന്നും പ്രാർത്ഥിച്ച പ്രകാരമെല്ലാം സാധിക്കുമെന്നുമാണ്‌ ഇതിന്റെ അർത്ഥം. ഇതോടുകൂടി ക്രിയകൾ അവസാനിക്കുന്നു. നൈവേദ്യവിഭവങ്ങളുടെ അവശിഷ്‌ടങ്ങളെല്ലാം ഭക്ഷിച്ച്‌ എല്ലാവരും പിരിഞ്ഞുപോകുകയും ചെയ്യുന്നു. ഇതേ പ്രകാരത്തിൽത്തന്നെ കാരണവൻമാർക്കും പരദേവതമാർക്കും ’കർമ്മം‘ കഴിക്കുന്ന പതിവ്‌ കേരളത്തിലെ ചില പ്രധാനപ്പെട്ട പ്രഭുകുടുംബങ്ങളിൽ ഇന്നും നടന്നുവരുന്നുണ്ട്‌.

വയനാട്ടിലും സമീപപ്രദേശങ്ങളിലുമുളള മലകളിലെ ആദിമനിവാസികളാണ്‌ പണിയന്‌മാർ. ’താമരച്ചേരി ഘട്ട‘ത്തിന്റെ അടുത്തുളള ’ഇപ്പിമല‘യാണ്‌ ഇവരുടെ സ്വദേശമെന്നു പറഞ്ഞുവരുന്നുണ്ടെങ്കിലും ആ മല ഏതാണെന്ന്‌ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഗീതത്തിലും നൃത്തത്തിലും ഇവർക്കു വലിയ ഭ്രമമാണ്‌. പകൽ പണിയെടുക്കുന്ന സമയങ്ങളിലെല്ലാം ഇവർ പാട്ടുപാടുകയും, പലപ്പോഴും രാത്രി മുഴുവൻ നൃത്തംവെച്ച്‌ വിനോദിക്കുകയും ചെയ്യുന്നു. നൃത്തവിധാനങ്ങളുടെ സ്വരൂപം കൊച്ചിയിലെ കാടന്‌മാരുടേതിനേക്കാൾ പരിഷ്‌കൃതമാണെന്നു പറഞ്ഞുകൂട.

Generated from archived content: nattariv-aadivasi-nrutham.html Author: vmkuttykrishnamenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here