ആദ്യപ്രേമം

ഞങ്ങൾ ഒന്നിച്ചു കിടന്നിരുന്ന തറയിൽ തണുപ്പോ, പരുപരുപ്പോ, നനവോ, അനുഭവപ്പെട്ടില്ല.

അവൾ ഞങ്ങളുടെ റെജിമെന്റിൽ എത്തിയിട്ട്‌ അഞ്ചുമാസമായി; അന്നുതൊട്ട്‌ ഞങ്ങൾ കമിതാക്കളായിരുന്നു. എനിക്ക്‌ പത്തൊമ്പതും, അവൾക്ക്‌ പതിനെട്ടുമായിരുന്നു പ്രായം. കമ്പനികമാന്ററും നഴ്‌സിംഗ്‌ സഹായിയുമായിരുന്ന ഞങ്ങൾ ഇരുവരും രഹസ്യമായിട്ടായിരുന്നു സമ്മേളിച്ചത്‌. ഞങ്ങളുടെ പ്രേമവ്യാപാരം ആർക്കും അറിയാൻ വയ്യായിരുന്നു; ഞങ്ങളിപ്പോൾ മൂന്ന്‌ പേരാണെന്ന വിവരവും ആർക്കും അറിയാൻ വയ്യായിരുന്നു.

“അതൊരു ആൺകുട്ടി തന്നെയെന്ന്‌ എനിക്ക്‌ പറയാനാവും.” അവൾ ഒരു പത്താം പ്രാവശ്യവും എന്റെ കാതിൽ മന്ത്രിച്ചു. ഞാനും തിരികെ മന്ത്രിച്ചെന്നുവരികിലും, എന്റെ ചിന്തകൾ അങ്ങ്‌ വിദൂരതയിലായിരുന്നു.

ഏതാണ്ട്‌ അഞ്ഞൂറ്‌ മീറ്റർ ഉയരത്തിൽ എന്റെ ആളുകൾ ഷെൽട്ടറുകളിലും, തുറന്ന കിടങ്ങുകളിലും കിടന്ന്‌ ഉറങ്ങിയിരുന്നു. തുറന്ന കിടങ്ങുകളിലായി, മുന്നണി ഔട്ട്‌ പോസ്‌റ്റുകൾക്കപ്പുറത്താ (അവിടെ ചിലപ്പോഴൊക്കെ ജർമ്മൻകാർ പന്തങ്ങൾ കൊളുത്താറുണ്ടായിരുന്നു)യിരുന്ന, ഹൈറ്റ്‌​‍്‌ 162; ഇപ്പോൾ അന്ധകാരം ആവരണം ചെയ്‌തിരുന്നു. വെളുപ്പിന്‌ എന്റെ സൈനികവിഭാഗത്തിന്‌, കഴിഞ്ഞ ആഴ്‌ച മറ്റൊരു സൈനിക വിഭാഗം ചെയ്യാൻ ശ്രമിച്ച ഒരു കൃത്യം നിർവ്വഹിക്കാനുണ്ട്‌. ആ ഹൈറ്റ്‌ പിടിച്ചെടുക്കുക! മുമ്പ്‌ സായാഹ്‌നത്തിൽ ഹെഡ്‌ ക്വാർട്ടേഴ്‌സിന്റെ ബങ്കറിലേക്ക്‌ വിളിച്ചുവരുത്തിയ അഞ്ച്‌ ഓഫീസർമാരൊഴികെ ബറ്റാലിയനിലെ ആർക്കും തന്നെ ഇതറിയാൻ വയ്യായിരുന്നു.

ഉത്തരവ്‌ വായിച്ചതിനെ തുടർന്ന്‌ അദ്ദേഹം എന്റെ നേർക്ക്‌ തിരിഞ്ഞു. “ഓർക്കുക-” അയാൾ പറഞ്ഞു. കാട്ടിയുഷന്‌ തീപിടിപ്പിച്ച്‌ പച്ചജ്വാലകൾ ഉയർത്തിയാലുടനെ നിങ്ങൾ വെടി ഉതിർത്തോളൂ. അയൽക്കാരൊക്കെ നിങ്ങളെ പിന്തുടർന്നോളും…. പക്ഷെ കുന്ന്‌ പിടിച്ചെടുക്കേണ്ടത്‌ നിങ്ങൾതന്നെ….“

****************

ഞങ്ങൾ പരസ്‌പരം കരവലയത്തിലമർന്നു കിടന്നു. ഞാനവളെ ചുംബിക്കവെ, ആസന്നമായ യുദ്ധത്തെപ്പറ്റി എനിക്ക്‌ ഒരു നിമിഷവും ചിന്തിക്കാനായില്ല. പക്ഷെ അതിനെക്കാളേറെ ആകാംക്ഷ എനിക്ക്‌ അവൾക്ക്‌ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചായിരുന്നു. ഒരു പരിഹാരത്തിനായി ഞാൻ തലപുകച്ചു.

”ഇപ്പോൾ, എനിക്ക്‌ രണ്ട്‌ പേർക്കുളള ഉറക്കം വേണം…..“ തന്റെ വടക്കൻ മാതൃഭാഷയിൽ ഇക്കിളിയാക്കുന്ന സ്വരത്തിൽ അവൾ മന്ത്രിച്ചു. ”നിങ്ങൾക്കറിയാമോ – ചിലപ്പോൾ രാത്രി എഴുന്നേറ്റ്‌ ഞാൻ ചിന്തിക്കും, പ്രഭാതമാകുമ്പോഴേക്കും ഇതൊക്കെ കഴിഞ്ഞിരിക്കുമെന്ന്‌….“

ട്രെഞ്ചുകളും, രക്തവും, മരണവും…. ഇതിനകം തന്നെ രണ്ട്‌ സംവത്സരങ്ങൾ കടന്നുപോയിരുന്നു… അതിങ്ങനെ അനിശ്ചിതകാലം തുടർന്നുപോകാനാവില്ല…. ഉവ്വോ? സൂര്യൻ ഉദിക്കുമ്പോൾ യുദ്ധമില്ല- എന്നൊരവസ്ഥ ഒന്ന്‌ സങ്കല്പിക്കുക…. ഒരു യുദ്ധമെ ഇല്ലെന്ന്‌…

”ഞാൻ ഈ മിനിട്ടിൽ തന്നെ മേജറെ കാണാൻ പോകുന്നു….“ ഞാൻ മെല്ലെ എന്റെ കരം അവളുടെ ശിരസ്സിനടിയിൽനിന്നും വലിച്ചൂരി എഴുന്നേറ്റു. ”അദ്ദേഹത്തെ ഈ മുഴുവൻ കഥയും ഞാൻ അറിയിക്കും…. നിന്നെ വീട്ടിലേക്കയക്കണം… ഉടനെ….“

”എന്താണ്‌ നിങ്ങൾക്ക്‌ സമനില തെറ്റിയോ?“ എഴുന്നേറ്റിരുന്ന്‌ എറെ കൈകളമർത്തി എന്നെ അവളുടെ നേർക്ക്‌ വലിച്ചടുപ്പിച്ചുകൊണ്ട്‌ അവൾ പറഞ്ഞുഃ ”എന്തൊരു ശുദ്ധനാണ്‌ നിങ്ങൾ… മേജർ നിങ്ങളെ ജീവനോടെ തൊലിയുരിയും…!“

റെജിമെന്റ്‌ കമാൻഡറുടെ ശബ്‌ദം കുറഞ്ഞ പരുക്കൻസ്വരത്തെ അനുകരിച്ചശേഷം അവൾ ഇഴഞ്ഞ ഒരു മന്ത്രണസ്വരത്തിൽ ഇപ്രകാരം പറഞ്ഞു. ”കീഴുദ്യോഗസ്ഥൻമാരുമായുളള ലൈംഗികസംഭോഗം ഒരു യൂണിറ്റിന്റെ പോരാട്ടത്തിളള കഴിവുകളെ വർദ്ധിപ്പിക്കുമോ, ഒരു ഓഫീസറുടെ അധികാരത്തെ കുറക്കുകയോ ചെയ്യുന്നില്ല. ഇത്തരത്തിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഓഫീസറെ കണ്ടാൽ, അയാളുടെ റാങ്ക്‌ എന്തുതന്നെ ആയാലും, ഞാൻ അയാളെ ഉടനെ പറഞ്ഞയക്കും! ഇനി അയാളെ ഗാർഡ്‌ഹൗസിൽ ഇരുത്താനെ അർഹനാകൂ എന്ന ഒരു സാക്ഷിപത്രത്തോടെ…! യുദ്ധം ജയിക്കട്ടെ…. പിന്നെ നിങ്ങൾക്ക്‌ ഇഷ്‌ടമുളള ആരെ വേണമെങ്കിലും പ്രേമിക്കുകയോ- ഇഷ്‌ടംപോലെ പ്രേമിക്കുകയോ ഒക്കെ ആവാം…. തൽക്കാലം ഞാൻ അത്‌ വിലക്കുന്നു.“

സ്വയം സന്തുഷ്‌ടയായി, അവൾ മലർന്നുകിടന്ന്‌ ഒച്ചകൂടാതെ ചിരിച്ചു. ആരും ഞങ്ങളുടെ സ്വരം കേൾക്കരുതല്ലോ…?

ഞാൻ കാത്തു കിടക്കാൻ പോവുന്നത്‌ എന്തിനാണെന്ന്‌ എനിക്ക്‌ മനസ്സിലായിരുന്നു…. മേജർ നന്നെ കർക്കശക്കാരനായിരുന്നു; സ്‌ത്രീകൾക്കും, പ്രേമത്തിനുമൊന്നും യുദ്ധക്കളത്തിൽ ഒരു സ്ഥാനവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

”ഏതായാലും ഞാൻ അദ്ദേഹത്തെ കാണാൻ തന്നെ പോകുന്നു…..“

”ഷ്‌….ഷ്‌….“ അവൾ കവിൾ എന്റേതിനോട്‌ ഉരസി. ഒരു ഹ്രസ്വവിരാമത്തെ തുടർന്ന്‌ അവൾ നെടുവീർപ്പോടെ മന്ത്രിച്ചു.

”അക്കാര്യം ഞാൻ സ്വയം നോക്കിക്കൊളളാം. അതെക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചുക്കഴിഞ്ഞു….“ നിങ്ങളാവില്ല അച്ഛൻ….”

“ഏ! ഞാനല്ല, അച്ഛനെന്നോ?”

എനിക്ക്‌ ദേഹമാകമാനം ചൂടാകുന്നതുപോലെ തോന്നിച്ചു.

“എന്താണ്‌ നീ ഉദ്ദേശിക്കുന്നത്‌…?”

“നിങ്ങൾ എന്തൊരു ഭോഷ്‌കനാണ്‌!” അവൾ ആഹ്ലാദപുരസ്സരം ചിരിച്ചു.

“വേണ്ട… ദൈവം വിലക്കിക്കോട്ടെ! അവൻ നിങ്ങളുടെപോലെ ആകില്ല! ഞാൻ അതൊക്കെ നോക്കിക്കൊളാം… ജനന സർട്ടിഫിക്കറ്റിലൊക്കെ അത്‌ നിങ്ങൾതന്നെ ആയിരിക്കും-അച്‌ഛൻ… പക്ഷെ ഇപ്പോൾ ഞാൻ മേജറോട്‌ മറ്റൊരു കഥയായിരിക്കും… പറയാനൊരുങ്ങുന്നത്‌…”

അവളങ്ങിനെയാണ്‌-എപ്പോഴും ലജ്ജാവതിയായ സത്യസന്ധയും, നിഷ്‌കളങ്കയും ആണ്‌! ഈ സൂത്രപ്രയോഗം എന്നെ വിസ്‌മയാധീനനാക്കി.

“പിന്നെ അത്‌ നീ ആരാണെന്ന്‌ പറയും?”

“മരിച്ചുപോയവരിൽ ഒരാൾ…. ഉദാഹരണത്തിന്‌… ബൈക്കോവ്‌ തന്നെ….”

“വേണ്ട, മരിച്ചുപോയവരെ വെറുതെ വിട്ടേക്കൂ..”

“ശരി… എന്നാൽ കിൻസയേവ്‌…”

സർജന്റ്‌ കിൻസയേവ്‌…. നല്ലപോലെ മദ്യപിച്ചിരുന്ന ഏകാന്തബോധമുളള ഒരു യുവാവ്‌! ഈയിടെ മോഷണക്കുറ്റത്തിന്‌ പിടിച്ച്‌ പറഞ്ഞയച്ചു.

ഇതിൽ ആർദ്രനായ ഞാനാകട്ടെ, എന്റെ ഗ്രേറ്റ്‌കോട്ട്‌ തുറന്ന്‌ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു പിടിച്ചു.

“സ്വസ്ഥമായിരിക്കൂ…. !” ഭീതിദമായ അവൾ തന്റെ ദൃഷ്‌ടികളാൽ എന്റെ മാറിടത്തിൽ തളളി.

“ഞങ്ങളെ… നിങ്ങൾ ഞെരിക്കുന്നു…!” (ലജ്ജാഭരിതമായൊരു ആഹ്ലാദം ‘ഞങ്ങൾ’ എന്നു പറയുന്നതിൽ അവൾ ഉൾക്കൊണ്ടിരുന്നു).

“എന്റെ ഭോഷ്‌കൻ, ഡാർലിംഗ്‌… എന്നെ കണ്ടുമുട്ടിയ നിങ്ങൾ ഭാഗ്യവാനാണ്‌…. ഞാനുളളപ്പോൾ നിങ്ങൾക്കൊരു പിശകുമുണ്ടാകില്ല….”

“ശ്രദ്ധിക്കൂ… നിനക്ക്‌ ഉടനെ മേജറെ കാണാൻ പോകേണ്ടതുണ്ട്‌.” ഞാൻ പറഞ്ഞു.

“ഈ രാത്രിയുടെ മധ്യത്തിലോ…?”

“ഞാൻ നിന്നെ കൊണ്ടുപോകാം… നീയത്‌ വിശദീകരിക്കണം. നിന്നെക്കൊണ്ട്‌ ഇവിടെ നില്‌ക്കാനാവില്ലെന്നു പറയണം…”

“പക്ഷെ… അത്‌ സത്യമല്ലല്ലോ…?”

“ദയവായി – എനിക്കുവേണ്ടി… എങ്ങിനെ നിനക്ക്‌ മുന്നോട്ടു നീങ്ങാനാവും? നീ സ്ഥലം വിടണം… നീ ഇത്‌ കാണുന്നില്ലേ? നാളത്തെ യുദ്ധത്തിൽ….?”

“നാളത്തെ യുദ്ധമോ?” അവൾ ഉടനെ ജാഗ്രതാപൂർവ്വം ആരാഞ്ഞു. “നിങ്ങൾ സത്യമാണോ ഈ പറയുന്നത്‌?”

“അതെ.”

കുറച്ചുനേരം അവർ ശാന്തരായിക്കിടന്നു. പക്ഷെ എന്റെ പ്രിയപ്പെട്ട അവളുടെ ശ്വാസോച്ഛ്വാസത്തിൽനിന്നും, അവൾക്കാകെ മനോവിക്ഷോഭം ഉണ്ടെന്ന്‌ ഞാൻ മനസ്സിലാക്കി.

“ശരി ആരും യുദ്ധക്കളത്തിൽനിന്നും ഓടിപ്പോകുന്നില്ലല്ലോ… ” അവൾ ഒടുവിൽ പറഞ്ഞു. “അതുകൂടാതെ വേണമെന്നുവരികിലും എനിക്കത്‌ ആവില്ല. മെഡിക്കൽ കമ്മീഷൻ എന്നെ പരിശോധിക്കുന്നതിന്‌ കുറെസമയം എടുത്തേക്കും. പിന്നെ ഓർഡർ വരുന്നത്‌ ഡിവിഷൻ മുഖേനയാണ്‌. ഞാൻ മേജറോട്‌ നാളെ സംസാരിക്കാം. മതിയോ?”

ഞാനൊന്നും പറഞ്ഞില്ല. പറയാനുളളതൊക്കെ എനിക്ക്‌ ചിന്തിക്കാനും കഴിഞ്ഞതുമില്ല.

“ഞാനദ്ദേഹത്തോട്‌ സംസാരിക്കണമെന്നുതന്നെയാണോ നിങ്ങൾ കരുതുന്നത്‌?” പൊടുന്നനെ അവൾ മന്ത്രിച്ചു. “അതിലും ഭേദം ഞാൻ മരിച്ചേക്കാം! അദ്ദേഹം പലവട്ടം പറഞ്ഞതാണ്‌ ഈ നല്ല ശിരസ്സ്‌ തോളുകളിൽതന്നെ ഭംഗിയായി സൂക്ഷിക്കണമെന്ന്‌. ഞാനോ? പോയിചെയ്തതെന്താണ്‌?”

അവൾ ഉമിനീരിറക്കി മുഖം കോട്ടിന്റെ കൈയ്യിൽ ഒളിപ്പിച്ച്‌, മുഖം തിരിച്ച്‌ ശബ്‌ദരഹിതമായ തേങ്ങലുകളാൽ വിറക്കാൻ തുടങ്ങി. ഞാനവളെ എന്റെ ദേഹത്തോട്‌ ചേർത്ത്‌ വക്ത്രത്തിലും ഉപ്പുനീരു കലർന്ന നെറ്റിയിലും, കണ്ണുനീരിലും അമർത്തി ചുംബിച്ചു.

“ഞാൻ പോകട്ടെ.” എന്നെ തളളിനീക്കി അവൾ മന്ത്രിച്ചു. “നിങ്ങൾ എന്നെ പിന്നീട്‌ കാണുമോ?”

*****************

ഞങ്ങൾ ഇറ്റാലിയൻ എയ്‌ഡ്‌സ്‌റ്റേഷൻ നിന്നിരുന്ന ഇരുട്ട്‌ നിറഞ്ഞ നദിയിലേക്കിറങ്ങി. ഇതിനകം തന്നെ ലേശം വീർത്തു തുടങ്ങിയിരുന്ന അവളുടെ അരക്കെട്ടിൽ ഞാൻ കൈചുറ്റിപ്പിടിച്ചു. ഓരോ കാലടി വയ്‌ക്കുമ്പോഴും തെന്നിതെറ്റി വീഴാതിരിക്കാൻ സൂക്ഷിച്ച്‌ നോക്കിക്കൊണ്ട്‌ ഞാൻ അവളെ ഇരുകൈകളാലും ചേർത്തുപിടിച്ചു. യുദ്ധത്തിൽനിന്നും, എനിക്കവളെ രക്ഷിക്കാനാവുമെന്നപോലെയായിരുന്നത്‌!

യുദ്ധക്കളത്തിൽ കാലിടറി വീഴാതെ മുറിവേറ്റ ആളുകളെ സുരക്ഷിതരാക്കാനായി അവൾ ഓടിനടക്കാറുണ്ട്‌.

*****************

പതിനഞ്ച്‌ വർഷങ്ങൾ കടന്നുപോയി!

പക്ഷെ അതൊക്കെ ഇന്നലെ ആണെന്നപോലെയാണ്‌ ഞാൻ ഓർമ്മിക്കുന്നത്‌. കാട്ടിയുഷീസ്‌ വെളുപ്പിനുതന്നെ ആരംഭിച്ചു. മോർട്ടാറുകളും, ശക്തിയേറിയ യന്ത്രത്തോക്കുകളും വന്യമായി ഗർജ്ജിച്ച്‌ പച്ചതീജ്വാലകൾ വായുവിലേക്കു ഉയർത്തി.

സൂര്യൻ ഉദിച്ചപ്പോൾ, എന്റെ സംഘത്തിലെ മറ്റ്‌ ആളുകളോടൊപ്പം ഞാൻ കുന്നിൽ എത്തിച്ചേർന്നു.

അരമണിക്കൂർ കഴിഞ്ഞ്‌ താല്‌കാലികമായി കെട്ടി ഉണ്ടാക്കിയ ഒരു ജർമ്മൻ ട്രെഞ്ചിൽവച്ച്‌, റെജിമെന്റെൽ കമാൻഡറും, വേറെ ആരോ ഒരാളും ചേർന്ന്‌ എന്നെ ആലിംഗനത്തിലമർത്തി അഭിനന്ദിച്ച്‌ ഹസ്‌തദാനം നൽകി.

നിർവ്വികാരനായി ഒന്നും കേൾക്കാതെ ഒരു മരക്കഷണം പോലെ ഞാൻ അവിടെതന്നെ നിന്നു.

സൂര്യൻ!

എനിക്കതിനെ തിരികെ ചക്രവാളത്തിനു താഴേക്ക്‌ അയക്കാനായെന്നുവരികിൽ…! ഉഷസ്സിനെ തിരികെ വിളിക്കാൻ എനിക്ക്‌ കഴിഞ്ഞെങ്കിൽ!

കേവലം രണ്ട്‌ മണിക്കൂറുകൾക്കുമുമ്പെ അവിടെ ഞങ്ങൾ മൂന്ന്‌ പേർ ഉണ്ടായിരുന്നു.

പക്ഷെ, അക്ഷീണനായ സൂര്യനാകട്ടെ സാവധാനം ഉദിക്കുകയാണുണ്ടായത്‌. മലമുകളിൽ ഞാനും അവളും നിന്നു. അവൾ പിന്നിലാണു നിന്നത്‌…. അവിടെ… അപ്പുറത്ത്‌… ബറിയൽസ്‌ക്വാഡിൽ നിന്നുളള പടയാളികളെ എനിക്കവിടെ നിന്നാൽ കാണാമായിരുന്നു…..

ആരുംതന്നെ, അവൾ എനിക്ക്‌ എത്രത്തോളം വേണ്ടപ്പെട്ടതാണെന്നും, ഞങ്ങൾ മൂന്നുപേരുണ്ടെന്നും… ഒന്നും… അറിഞ്ഞതേയില്ല…. !

Generated from archived content: story1_apr30_08.html Author: vladimer_bogomolov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here