കാലത്തിന്റെ നാലുകെട്ട്‌

തെളിഞ്ഞൊഴുകുന്ന പുഴയും തെളിഞ്ഞൊഴുകുന്ന കഥകളും മലയാളത്തിന്‌ അപൂർവ്വമായ അനുഭവമായി ഇന്ന്‌. ജെ.സി.ബികളും ലോറികളും പുഴയിൽ യുദ്ധരംഗത്തെന്നപോലെ രാപകൽ കർമ്മനിരതരാവുന്നു. തർക്കങ്ങളും വിവാദങ്ങളും ശകാരങ്ങളും കൊണ്ട്‌ നമ്മുടെ സാഹിത്യം ‘കരികലക്കിയ കുളം’ ആവുന്നു. എങ്കിലും നാം പുരോഗതിയുടെ പാതയിലാണ്‌. പലതുകൊണ്ടും ആഹ്ലാദിക്കുവാനുള്ള വകയുണ്ട്‌. പതുക്കെ നമ്മുടെ വെള്ളവും വായുവും വാക്കുമെല്ലാം തെളിഞ്ഞുവരുമെന്നു പ്രത്യാശിക്കാം. കാരണം വാക്കിനു വാക്കാവാനും വെള്ളത്തിനു വെള്ളമാവാനും വായുവിനു വായുവിലേക്കുതന്നെ ശുദ്ധപ്പെടാനും ആഗ്രഹമുണ്ടാവില്ലേ.

സ്വച്ഛതയുടെ ഒരു അളവുകോലാണ്‌ ‘നാലുകെട്ട്‌’.

കുട്ടനാട്ടിലോ പാലക്കാട്ടോ ഉള്ള കൃഷിക്കാരോ ഭൂവുടമകളോ കൃഷിപ്പണിക്കാരോ അല്ല ‘നാലുകെട്ടി’ന്റെ അകത്തും പുറത്തും ഉണ്ടായിരുന്നവർ. ചെറിയ ചെറിയ കൃഷിയിടങ്ങളിലെ ചെറിയ ആദായം കൊണ്ട്‌ ജീവിച്ചുപോകാൻ പണിപ്പെട്ടവരായിരുന്നു അവർ. ബ്രിട്ടീഷുകാരുമായി ഇടപഴകാനും ഇംഗ്ലീഷ്‌ പഠിക്കാനും അന്നത്തെ പ്രധാന ജന്മിമാരായിരുന്ന നമ്പൂതിരിമാർ വിമുഖത കാണിച്ചു. നായർ സമുദായമാകട്ടെ പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസത്തിലൂടെ ഉണർവ്വിന്റെ കാലത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. അങ്ങനെ പലതുകൊണ്ടും കേരള സമൂഹക്രമത്തിൽ മാറ്റത്തിന്റെ വഴികൾ തെളിഞ്ഞുവന്ന കാലത്തിലാണ്‌ ‘നാലുകെട്ട്‌’ രചിക്കപ്പെടുന്നത്‌.

ഒരു കുടുംബത്തിന്റെ കഥ എന്നതിലുപരി ഒരു ദേശത്തിന്റെയും കാലത്തിന്റെയും സമൂഹത്തിന്റെയും ക്രമങ്ങളാണ്‌ ‘നാലുകെട്ട്‌’ അടയാളപ്പെടുത്തുന്നത്‌. സ്മൃതിനാശം സംഭവിക്കാതെ തന്റെ ബാല്യം ഇപ്പോഴും തെളിമയോടെ സൂക്ഷിച്ചുവെയ്‌ക്കുകയും മലയാളത്തിന്റെ സാഹിത്യസാമൂഹിക ജീവിതത്തിൽ സൂക്ഷ്മതയോടെ ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു നാലുകെട്ടിന്റെ കഥാകാരൻ എന്നത്‌ ഈ പുസ്തകത്തിന്റെ കൃതകാലത്തിന്റെ ഭാഗ്യമാണ്‌. നാലുകെട്ടിനെ മുൻനിർത്തിയുള്ള കേരളത്തിന്റെ കഴിഞ്ഞ അമ്പതുവർഷത്തെ ചരിത്രാന്വേഷണങ്ങൾക്കു സഹായകരമാവാൻ ഒരു വാചകമെങ്കിലും ഈ പുസ്തകത്തിന്റെ സംഭാവനയായുണ്ടാകുമെങ്കിൽ ഇതിന്റെ പ്രസാധനം സഫലമാകുന്നു.

(ആമുഖത്തിൽ നിന്ന്‌)

കാലത്തിന്റെ നാലുകെട്ട്‌ (എഡിറ്റർ ഃ വി.കെ. ശ്രീരാമൻ)

പ്രസാ ഃ ഡി.സി ബുക്സ്‌

വില ഃ 55 രൂപ

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcb.puzha.com”

Generated from archived content: book1_feb9_08.html Author: vk_sreeraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English