ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് പ്രാകൃതർ. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണ് പ്രാകൃതർ. പ്രകൃതിയിൽനിന്നകന്ന് കഴിയുന്നവർ ആധുനിക മനുഷ്യരുമായി. കാലക്രമത്തിൽ ഇവരെ പരിഷ്‌കാരികളെന്നും സംസ്‌കാരസമ്പന്നരെന്നും നാം പേരിട്ടു വിളിച്ചു. നാഗരിക സംസ്‌കൃതിയായി തെറ്റിദ്ധരിക്കപ്പെടുന്ന കാലുഷ്യത്തിന്റെ കാലഘട്ടത്തിൽ യാതൊന്നാണോ ഒരു ജനതക്ക് നഷ്‌ടമാകുന്നത് അതിന്റെ (സംസ്‌കാരത്തിന്റെ) പതാകാവാഹകരായി ഇക്കൂട്ടർ ചമഞ്ഞുനടന്നു. അങ്ങനെ പ്രാകൃതർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ, അവഗണനയുടെ ആസുരതകളിൽ തളളപ്പെട്ടു.
ആദിവാസികളുടെ സമഗ്രവീക്ഷണത്തിന് ദ്വിമാനതകളുണ്ട്. ഒന്ന് ഗോത്രവംശജരുടെ വീക്ഷണത്തിന്റെ സമഗ്രത. അടുത്തത് ആദിമരുടെ ജീവിത പുരോഗതിയെക്കുറിച്ചുളള നമ്മുടെ സമഗ്രസമീപനം. പ്രകൃതി സാഹോദര്യമാണ് അവരുടെ മുഖമുദ്ര. വിചാരത്തിലും ആചാരത്തിലും ആഹാരത്തിലും സംസ്‌കാരത്തിലും എല്ലാം അവർ പ്രകൃതിയുടെ ആശ്ലേഷം കണ്ടെത്തുന്നു. കൃഷി, ചികിത്സ, നിർമ്മിതികൾ തുടങ്ങിയ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഈ താളാത്മകത നിലനിറുത്തുകയാണവർ.
ആരണ്യങ്ങളിൽ, പർവ്വത പ്രാന്തങ്ങളിൽ പ്രാദേശികമായി ലഭ്യമാകുന്ന മുളയും ഈറ്റയുംകൊണ്ടു നിർമ്മിക്കുന്ന കുടിൽ അവിടത്തെ കാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമാണ്. വീട്ടുപകരണങ്ങളും ആടയാഭരണങ്ങളും മറ്റും വനവാസത്തിന് അനുകൂലമായതും നാമമാത്രവസ്‌ത്രധാരികളെന്ന പുറംലോകക്കാരുടെ പരിഹാസം. ആധുനിക ആരോഗ്യശാസ്‌ത്രം തന്നെ തിരസ്‌കരിക്കുന്നു. ഋതുഭേദങ്ങളിൽ അതിജീവനത്തിന് അതവരെ സഹായിക്കുന്നു. കാട്ടുകിഴങ്ങുകളും പഴങ്ങളും കാട്ടുചോലയിലെ വെളളവും അവരുടെ പ്രകൃതി ജീവനത്തിന്റെ പാഠഭേദങ്ങൾ. കാട്ടുചെടികളും വനവിഭവങ്ങളും ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. ശാരീരികസുഖത്തോടൊപ്പം മാനസികാസ്വാസ്ഥ്യം ഉറപ്പിക്കാൻ ചികിത്സ നടത്തുന്നത് പലപ്പോഴും അനുഷ്‌ഠാനങ്ങളോടൊപ്പമാണ്. മനുഷ്യശരീരത്തെയും അവയവങ്ങളെയും വേറിട്ടു കാണാതെ എല്ലാം സമഗ്രമായി കാണുന്ന ഇക്കൂട്ടർ ഒറ്റമൂലി ചികിത്സയിലും വിദഗ്‌ദ്ധന്മാരാണ്.
മണ്ണും വെളളവും വായുവും കാർഷികോല്‌പന്നങ്ങളും മലിനമാക്കി വിളവുകൂട്ടി താല്്ക്കാലികമായി പണം വാരിക്കൂട്ടാൻ മഹാപ്രകൃതിയേയും മനുഷ്യരേയും കോടിക്കണക്കിന് സൂക്ഷ്‌മജീവികളേയും നശിപ്പിക്കുന്ന ഇന്നത്തെ രാസകൃഷിക്ക് ബദലാണ്, ആദിവാസികളുടെ സുസ്ഥിര, സമ്മിശ്രകൃഷി. അവർക്ക് തൊഴിൽ ആചാരവും ആഘോഷവുമാണ്. സംഘമായിട്ടോ കുടുംബസമേതമോ ആണ് കൃഷി ചെയ്യുന്നതും വനവിഭവശേഖരണം നടത്തുന്നതും. നായാട്ടിന് പോയി കിട്ടുന്നത് തുല്യമായി കോളനിയിലെ എല്ലാവർക്കുമായി പങ്കിടുന്നതിലെ ഹൃദയവിശാലത അനുപമമാണ്. സമ്പത്തിനെ കേന്ദ്രീകരിച്ച വിനിമയങ്ങളുടെ ലോകത്ത് സമ്പാദ്യശീലമില്ലാത്ത പട്ടിക വർഗ്ഗക്കാർ വിഡ്‌ഢികളായി ചിത്രീകരിക്കപ്പെടുന്നു. അതിരിടാത്ത ഭൂമിയുടെയും സ്വപ്‌നങ്ങളുടെയും കാവൽക്കാരായ അവരുടെ തലചായ്‌ക്കുന്നിടംപോലും അപഹരിക്കപ്പെടുകയാണ്. ആവശ്യമായത് ആവശ്യമുളളപ്പോൾ മാത്രം ഉപയോഗിക്കുകയും നാളേക്കുവേണ്ടി സ്വരൂപിക്കാതിരിക്കുകയും ചെയ്യുന്നതിലെ നിത്യനൈർമ്മല്യം പ്രശംസനീയമാണ്. കരവിരുതാണവരുടെ കരുതൽധനം. നഷ്‌ടബോധം നിക്ഷേപസമാഹരണവും.
ജൈവതുല്യതക്ക് നിദാനമായി പുല്ലിനേയും പുഷ്‌പത്തേയും, പ്രാണികളേയും, ഹിംസ്രജന്തുക്കളേയും മനുഷ്യരേയും ഒരുപോലെ സ്‌നേഹിക്കുന്നവരാണവർ. സന്തോഷത്തിലും സന്താപത്തിലും നൃത്തം ചെയ്യുന്നത് ആധുനികർക്ക് അപഹാസ്യമായേക്കാം. മനഃശ്ശാസ്ര്തപരമായി ദുഃഖമകറ്റാനും ആയുർദൈർഘ്യത്തിനും അത് ഏറ്റവും സഹായകമാണ്. കല്യാണം, ഉത്സവം, മരണം തുടങ്ങിയ വേളകളിൽ അവരുടെ ഒത്തുചേരലുകൾ ദിവസങ്ങൾ നീണ്ടുനില്‌ക്കുന്നു. സ്വന്തം നിലനില്‌പുപോലെതന്നെ ആവാസവ്യവസ്ഥയും കാത്തുസൂക്ഷിക്കുവാൻ അവർ കാണിക്കുന്ന വ്യഗ്രത ശ്രദ്ധേയമാണ്. കലാകാരനും ശാസ്‌ത്രജ്ഞനും തച്ചനും ചികിത്സകനും ചരിത്രകാരനും കർഷകനും ദാർശനികനും എല്ലാം അവനിൽ ജനിക്കുന്നു. എല്ലാം കീറിമുറിച്ച് ഒറ്റയായി കണ്ട് ‘മരംമാത്രം നോക്കി കാടു കാണാത്ത’ വിശേഷവല്‌ക്കരണത്തിന് ഒരു വെല്ലുവിളിയാണിവർ.
ഗിരിജനങ്ങളെ മുഖ്യധാരയിലെത്തിക്കുവാൻ വ്യഗ്രത കാണിക്കുന്ന ആധുനികർ അവരുടെ സ്വത്വവും ജീവിതവും ഒരുപോലെ നഷ്‌ടപ്പെടുത്തുകയാണ്. അവരെ പ്രത്യേക പട്ടികയിലാക്കി സമഗ്രവികസനമെന്നപേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ വാസ്‌തവത്തിൽ ഗോത്രത്തെ തന്നെ കടപുഴക്കലാണ്. കൂടാതെ ടൂറിസത്തിന്റെയും ജലവൈദ്യുത പദ്ധതികളുടേയും വനവികസനത്തിന്റെയും പേരിൽ പലരും കുടിയൊഴിപ്പിക്കപ്പെടുന്നു. അതുമല്ലെങ്കിൽ സ്വച്ഛന്ദമായ അവരുടെ ആവാസവ്യവസ്ഥകൾ തകർത്തുകൊണ്ട് പുതിയ നിർമ്മിതികളും ആൾക്കൂട്ടവും രംഗത്തെത്തുന്നു. ഉപഭോഗസംസ്‌കാരത്തിന്റെ വൻ ചോദനയ്‌ക്കനുസൃതമായി മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും വക്താക്കളായ ഇവരെ വിഭവങ്ങളുടെ തത്വദീക്ഷയില്ലാത്ത ചൂഷണത്തിനും വിനിയോഗത്തിനും സ്വരപ്പെടുത്തിവെക്കുകയാണ്. കോളനികളെന്നപേരിൽ പടുത്തുയർത്തുന്ന കെട്ടിടങ്ങൾ ആദിവാസികളുടെ പുനരധിവാസത്തിനപ്പുറം പ്രായാധിക്യമുളളവരെ വൃദ്ധസദനത്തിലാക്കുന്നതുപോലെ ഒഴിഞ്ഞുമാറലാണ്. അവരെ അണുകുടുംബങ്ങളാക്കി വിഭജിക്കലാണ്. അവർക്ക് അവരുടെ കാടും കാട്ടരുവികളും നിലനിർത്തി, തൊഴിലിനും ജീവിതത്തിനും സർഗ്ഗവ്യാപാരങ്ങൾക്കുമുളള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. സമതയുടെ സാമ്രാജ്യങ്ങളിൽ, പരസ്‌പരാശ്രിതത്വത്തിന്റെ വിഹായസ്സിൽപോലും വിഹരിക്കുന്ന ഗോത്രവംശജരെ കുറ്റിയറ്റു പോകാതെ സംരക്ഷിക്കുകയെന്നാൽ, നമ്മുടെ ആദിപിതാക്കളെ കണ്ടെത്തലും ആദരിക്കലുമാണ്, അവരുടെ ആർജ്ജിത വിജ്ഞാനം അറിയുകയും അവരുടെ വിശാലവീക്ഷണം ഉൾക്കൊണ്ട് നമ്മുടെ സങ്കുചിതവും സുസ്ഥിരവുമല്ലാത്ത വികസന പരിപ്രേക്ഷ്യം മാറ്റിവെയ്‌ക്കലുമാണ്.
Generated from archived content: essay1_nov17.html Author: vk_sreedharan
Click this button or press Ctrl+G to toggle between Malayalam and English