പ്രപഞ്ചസംവിധാനത്തിൽ
പ്രൗഢിയും ഭാവഭംഗിയും
ഭാഷാഭാവനകൾക്കെല്ലാ-
മതീതം-അത്ഭുതാത്ഭുതം!
മുകുന്ദമുരളീഗാന-
മെന്നും അലയടിച്ചിടും
കാളിന്ദീപുളിനം, വൃന്ദാ-
വനവും ചൊല്ലുമാക്കഥ.
“കാലമാത്രകളൊപ്പിച്ചു
കാലഭൈരവഗീതിയിൽ
താളം താക്കുന്നൊരോങ്കാര-
സാഗരത്തിരമാലയിൽ”.
തെല്ലും വ്യതിചലിക്കാതെ,
തനതാം മാർഗ്ഗരേഖയിൽ
ചരിക്കും ഗ്രഹസംഘാത-
സാമസംഗീതമേളയിൽ;
ഇരുളിൻ തരിയോരോന്നും,
കിരണാവലിയാൽ ദ്രുതം
സ്‌ഫുടം ചെയ്തിളയെയൂർജ്ജ-
ദീപ്തമാക്കുന്ന സൂര്യനിൽ;
ഒരു ജീവിതവൃത്തത്തിൽ
കഥ, വൃദ്ധിക്ഷയങ്ങളിൽ
പക്ഷംതോറും വരച്ചീടും,
കലാനാഥന്റെ ‘സിദ്ധി’യിൽ;
അനശ്വരമഹാസത്യ-
ജ്യോതിസ്സാകുമുഡുക്കളിൽ,
വ്യർത്ഥമോഹസഹസ്രംപോൽ
മാഞ്ഞുപോം മഴവില്ലിലും;
പ്രഭാതദീപമേന്തിക്കൊ-
ണ്ടണഞ്ഞീടുമുഷസ്സിനെ,
കൈകൂപ്പി വരവേൽക്കുന്ന
ഭൂമാതിൻ ഭക്തിശുദ്ധിയിൽ;
നിറം മാറിമറിഞ്ഞാലും,
നിലതെറ്റാതനന്തമായ്
നിറഞ്ഞുനിൽക്കുമാകാശം
തീർക്കും മാന്ത്രികവേദിയിൽ;
ജന്മസാഫല്യസിദ്ധിക്കായ്
പുഷ്പാർച്ചന നടത്തിയും
ലസിക്കും ലതകൾക്കുളളിൽ
ത്രസിക്കും സ്‌നേഹധാരയിൽ
അമ്മതൻ മടിയിൽച്ചാഞ്ഞു
മുലയുണ്ണുന്നൊരുണ്ണിതൻ
പവിഴച്ചൊടിയിൽ സ്വച്ഛം
വിരിയും സ്വർഗ്ഗകാന്തിയിൽ,
കേൾക്കാം മുകുന്ദമുരളീ-
ഗാനം മധുരമോഹനം
സർവ്വവിസ്മാരകം, ചിത്തം
ചരിപ്പൂ നീലമേഘമായ്.
പുറമെ കേൾക്കുമാഗാനം
അകത്തമൃതവർഷിണീ-
രാഗമായ്, ആത്മഹർഷത്തിൻ-
ചൈത്രമായ് മാറിടുന്നു ഞാൻ.
Generated from archived content: poem1_feb26.html Author: vk_ezhuthachan