വികാരസാന്ദ്രമായ ഒരു കഥ

എത്ര കഠിനമായ പീഡനങ്ങളും സഹിക്കാനും എത്ര രൂക്ഷമായ ആക്രമങ്ങളെ ചെറുക്കാനും വിധിക്കപ്പെട്ടവളാണ്‌ സ്‌ത്രീ. ആ സ്‌ത്രീയുടെ ജീവിതാഭിനിവേശവുമായി ബന്ധപ്പെട്ട ശോകാർദ്രമായ സംഭവവികാസങ്ങൾ കൊണ്ട്‌ സമ്പന്നമാണ്‌ ‘ആത്മാവിന്റെ വിരുന്ന്‌’ എന്ന ഈ നോവൽ. സവിശേഷതയുളള ഒരു പ്രേമകഥയുടെ ചുരുൾ നിവർത്ത്‌ വായനക്കാരന്റെ ഹൃദയാന്തരാളങ്ങളിൽ നിലയുറപ്പിക്കാനാണ്‌ ഈ കൃതിയിലൂടെ എ.പി. ജ്യോതിർമയി ശ്രമിച്ചു കാണുന്നത്‌. സ്വന്തം കാലിൽ നിന്ന്‌ ജീവിതത്തെ അഭിമുഖീകരിക്കുന്ന നീന അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും ചെറുതൊന്നുമല്ല. വിശുദ്ധമായ ഒരു പ്രേമബന്ധമായിരുന്നു വിനീതും നന്ദുവും തമ്മിലുണ്ടായിരുന്നത്‌. ദാരിദ്ര്യവും ജീവിതപ്രയാസവും വിനീതിനെ വലയം ചെയ്‌തിട്ടും നന്ദു അതൊന്നും കൂട്ടാക്കിയില്ല. പ്രേമസാക്ഷാത്‌ക്കാരം സാദ്ധ്യമല്ലാതെ വന്നപ്പോൾ അവൾ തന്റെ ജീവിതം തന്നെ തീറെഴുതി.

വിശ്വസ്‌തയായ കാമുകി എന്ന വിശുദ്ധപദവി കാത്തുസൂക്ഷിച്ചു കൊണ്ടുതന്നെ തന്റെ പ്രിയസഖിയുടെ മനോനില തെറ്റിയ കൂട്ടുകാരനെ പരിരക്ഷിക്കാൻ നീന ഇറങ്ങിത്തിരിച്ചു. നിസ്സഹായനായ സ്വപിതാവും സുഹൃത്തായ ഡോക്‌ടർ അരവിന്ദും അവൾക്കു താങ്ങും തണലുമായി. എങ്കിലും എതിർപ്പുകൾ രൂക്ഷമായിക്കൊണ്ടിരുന്നു. ഒരു പ്രത്യേക സന്ദർഭത്തിലെ കാഴ്‌ച നീനയുടെ ജീവന്റെ ജീവനായിരുന്ന അരുണിനെ അവളിൽ നിന്നകറ്റി. അയാളാകട്ടെ മറ്റൊരു ജീവിതസഖിയെ തേടിയുളള പ്രയാണത്തിലുമായി. താൻ തെറ്റുകാരിയല്ലെന്ന ഉത്തമബോദ്ധ്യമോടെ നീന, രോഗത്തിന്റെ മൂർദ്ധന്യദശയിൽ എത്തിക്കഴിഞ്ഞ വിനീതിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുളള കഠിനപ്രയത്‌നം തുടർന്നു. ആ ശ്രമത്തിൽ അവൾ വിജയിച്ചു. പലരും വിനീത്‌ നീനയുടെ കാമുകനാണെന്ന്‌ മുദ്രകുത്തിയപ്പോൾ നീനയെ അമ്മയായി കരുതി ആരാധിക്കുന്ന വിനീതിന്റെ പാത്രസൃഷ്‌ടി നോവലിസ്‌റ്റിന്റെ ഉദാത്തഭാവനയുടെ നിദർശനമാണ്‌.

‘ആത്മാവിന്റെ വിരുന്ന്‌’ എന്ന തന്റെ ആദ്യനോവൽ കൊണ്ടുതന്നെ നോവൽ രചനയിൽ തനിക്കൊരു സ്ഥാനമുണ്ടെന്ന്‌ ജ്യോതിർമയി തെളിയിച്ചിരിക്കുന്നു. മനോരഞ്ഞ്‌ജകമായ ദൃശ്യവർണ്ണനയും ചാരുതയുളള ആഖ്യാനരീതിയും ജ്യോതിർമയിയുടെ കൈമുതൽ എന്ന്‌ സാഭിമാനം സമ്മതിച്ചുകൊളളട്ടെ.

ആത്മാവിന്റെ വിരുന്ന്‌ (നോവൽ), എ.പി. ജ്യോതിർമയി, പരിധി പബ്ലിക്കേഷൻസ്‌, വില ഃ 65.00

Generated from archived content: book2_aug24_05.html Author: vithura_baby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English