മരിച്ചതന്നു നീ അറിഞ്ഞുവോ പുനർ-
ജനിച്ച നന്മയായ് നിതാന്ത ജന്മമായ്!
വധം നിനക്കന്നു കനിഞ്ഞവൻ
ദയാപരൻ വിനായകൻ!
മതങ്ങൾ തങ്ങളിൽ പൊരുതുമ്പോൾ മണ്ണിൽ
മരിച്ചുവീഴുവോർക്കഭയമില്ലൊരാൾ;
പിറക്കാപ്പൈതങ്ങൾ എരിയുമഗ്‌നിയിൽ
പതിക്കവേ കൈയാൽ വിലക്കാനില്ലൊരാൾ!
തെരുവിൽ നഗ്‌നയായ് കുനിഞ്ഞിരിപ്പവൾ
പലർക്കു ശയ്യയായ് തളർന്നവൾക്കിനി
ഉടുതുണി നീട്ടിക്കൊടുപ്പതേതൊരാൾ?
ഭരണപീഠങ്ങൾ മരണം കൊയ്യുമ്പോൾ
ദുശ്ശാസനങ്ങളിൽ വികടഹാസങ്ങൾ
അരുതെന്നോതവേ പകരം നൽകുവാൻ
മരണശാസനം!
വധം നിനക്കെന്നോ വിധിച്ചവൻ
ദയാപരൻ വിനായകൻ!
Generated from archived content: poem2_mar21_07.html Author: viswa_sundereswan