താവളം വിടാനെന്തോ മനസ്സു വരുന്നീലാ-
യാവതും ശ്രമിക്കവേ ബന്ധങ്ങൾ മുറുകുന്നു
ഒന്നഴിക്കുമ്പോൾ മറ്റൊന്നത്രയുമിറുകുന്നു
പിന്നെയുമഴിക്കുമ്പോൾ കൂടുതൽ കുരുങ്ങുന്നു.
അഴിയാക്കുരുക്കുകൾ പിടയും ഹൃദയത്തി-
ന്നൊഴിയാത്തതാമേതോ വിധിപോൽ ശേഷിക്കുന്നു
ഋതുഭേദങ്ങൾ തീർക്കും ജീവിതഗതിവേഗം
ഹൃദയസ്പന്ദങ്ങൾക്കു താളമായ് ഭവിക്കുന്നു!
പകൽവെട്ടത്തിൽ തോന്നുമാശയും രാവിൻനീല-
പ്പുതപ്പിന്നുളളിൽ തുടിച്ചുണരുമുൽക്കണ്‌ഠയും
ശാശ്വതമെന്നേ തോന്നിയിരിക്കെ കുടിയൊഴി-
ഞ്ഞീടണമെന്നേ കാതിൽ കാലവേഗത്തിൻ മന്ത്രം
താവളത്തിലെ ദിനരാത്രങ്ങൾ മറയുമ്പോ-
ളോർമ്മയിൽ മായാൻ ബാക്കിയാവതു മൗനം മാത്രം!
Generated from archived content: poem2_july27_05.html Author: viswa_sundereswan