ഇനിയെത്രനേരമെന്നറിയില്ലയെങ്കിലു-
മിനിയാണു പ്രണയം തുടങ്ങീടുവാൻ!
കലഹങ്ങൾ പോർവിളികൾ മിണ്ടാവ്രതങ്ങൾ
ഒക്കയും നമ്മൾ മറന്നതാം കഥകൾ!
ഭാരങ്ങൾ വന്നു തലയ്‌ക്കു കേറുമ്പോൾ
ജീവിതമെങ്ങാണിറക്കി വയ്‌ക്കാൻ
ഒന്നിച്ചിരുന്നു പുകഞ്ഞുവോ തങ്ങളിൽ
അത്താണിയായി നാം പിന്നെയും തീർന്നുവോ?
ഭാരമായ് തോന്നിയോർ സമ്പാദ്യമത്രയും
പങ്കിട്ടു വാങ്ങിപ്പടിയിറങ്ങുന്നു
നിസ്വരായ് തങ്ങളിൽ നോക്കിയിരിക്കേ-
യറിയുന്നു – പിന്നെയും ശേഷിപ്പു ജീവിതം!
നല്ലവാക്കോതുവാൻ പ്രണയവിലോലരായ്
തങ്ങളിൽ കാണുവാൻ നേരമൊരല്പവും
കാണാതെ ജീവിതം തോളിൽ ചുമന്നു-
മിറക്കിയും മുന്നോട്ടു പോയെത്രകാലം!
പോക്കുവെയിലിന്നിളം ചൂടേറ്റിറയത്തു
നോക്കിയിരിക്കവേ തോന്നുന്നു വീണ്ടുംഃ
ഇനിയാണു നമ്മൾക്കു പ്രണയകാലം!
Generated from archived content: poem2_dec28_06.html Author: viswa_sundereswan