വിഷു സ്‌പെഷ്യൽ -കമ്പിത്തിരികൾ മിഴിതുറക്കുമ്പോൾ……

ഓണത്തിന്‌ പൂക്കളംപോലെ വിഷുവിന്റെ സജീവത പടക്കങ്ങളിലാണ്‌. ഉച്ചത്തിൽ പൊട്ടുന്ന മാലപ്പടക്കവും അമിട്ടും ഓലപ്പടക്കവും കാതിന്‌ ഇമ്പമേറ്റുമ്പോൾ കമ്പിത്തിരിയും, മേശാപ്പൂവും, പൂത്തിരിയുമെല്ലാം കാഴ്‌ചയ്‌ക്ക്‌ കുളിർമയാകുന്നു. ആകാശത്തേയ്‌ക്കുയർന്നു പൊങ്ങുന്ന അമിട്ടുകളും വാണങ്ങളും നമ്മെ ആശ്‌ചര്യരാക്കുന്നു. കേരളത്തിൽ വിഷുക്കാലം പടക്കങ്ങളുടെ കാലമാണ്‌. ജീവിതം പോലെതന്നെ ഒരു നിമിഷംകൊണ്ട്‌ കത്തിത്തീരുന്ന പടക്കങ്ങൾ എന്തുകൊണ്ടോ നമുക്ക്‌ നഷ്‌ടബോധമുണ്ടാക്കാറില്ല. ഈ നിമിഷങ്ങളുടെ കാഴ്‌ചയ്‌ക്കും ഒച്ചയ്‌ക്കും പിറകിൽ ദിവസങ്ങളുടെ പ്രയത്നവും ഒരു തീപൊരിയുടെ സാന്നിദ്ധ്യത്തെ പേടിയോടെ കാണുന്ന ഒരുപാട്‌ മനസ്സുകളുമുണ്ട്‌. പടക്കങ്ങളുടെ പ്രകാശം അതു നിർമ്മിക്കുന്നവരുടെ മനസ്സുകൾക്കുണ്ടോ എന്നറിയേണ്ടതുണ്ട്‌. പടക്കനിർമ്മാണരംഗത്ത്‌ ഏകദേശം ഇരുപത്തി അഞ്ചോളം വർഷം പൂർത്തിയാക്കിയ എറണാകുളത്തെ ചെറായി സ്വദേശിയായ കെ.കെ. ബാലകൃഷ്‌ണൻ പുഴയോട്‌ സംസാരിച്ചപ്പോൾ.

? ഏതുതരം പടക്കങ്ങളാണ്‌ ബാലകൃഷ്‌ണൻ ചേട്ടൻ നിർമ്മിക്കുന്നത്‌?

“ഇപ്പോൾ കമ്പിത്തിരി, മേശാപ്പൂ, ചെറിയ മാലപ്പടക്കങ്ങൾ എന്നിവ മാത്രമേ നിർമ്മിക്കാറുളളൂ. എന്റെ അപ്പനപ്പൂപ്പന്മാരായി ഇതേ തൊഴിൽ തന്നെയാണ്‌ ചെയ്‌തിരുന്നത്‌. അവർ വലിയ വെടിക്കെട്ടുകൾക്ക്‌ വേണ്ടി വലിയതരം പടക്കങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. എനിക്കതിൽ താത്‌പര്യമില്ല.”

ഇതുകാരണം ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുളള വൻ വെടിക്കെട്ടുകളിൽ ഇദ്ദേഹം പങ്കെടുക്കാറില്ല. അത്‌ അപകടകരമാണെന്നുളളതിന്‌ ഏറെ സൂചനകൾ ആ മുഖഭാവത്തുണ്ടായിരുന്നു. ഇതും ഒരു കൊലച്ചോറായി കാണാവുന്നതാണ്‌. കാരണം ഇവിടെ ഒരു തീക്കൊളളി അഗ്‌നിഗോളമാകാൻ ഒരു നിമിഷംപോലും വേണ്ട.

? വർഷത്തിൽ എല്ലാ സമയത്തും പടക്കനിർമ്മാണം നടത്താറുണ്ടോ?

“പടക്കം വിറ്റുപോകുന്നത്‌ സീസൺ അനുസരിച്ചാണ്‌. എങ്കിലും കുറെയൊക്കെ നിർമ്മിച്ചുവയ്‌ക്കാറുണ്ട്‌. പ്രധാനമായും വിഷുപോലുളള ആഘോഷങ്ങളെ കണ്ടുകൊണ്ടാണ്‌ ഞാൻ പടക്കങ്ങൾ നിർമ്മിക്കുന്നത്‌. പിന്നെ ക്രിസ്‌തുമസ്സിനും മുസ്ലീം പെരുന്നാളുകളിലും പടക്കം വിറ്റുപോകാറുണ്ട്‌. അതുകൊണ്ട്‌ എല്ലാ സമയത്തും പടക്കനിർമ്മാണം സാധ്യമല്ല. അങ്ങിനെ ചെയ്തതുകൊണ്ട്‌ കാര്യവുമില്ല.”

ഏകദേശം പത്തുപതിനഞ്ചു പേർക്ക്‌ നേരിട്ടുതൊഴിൽ നല്‌കുന്ന ഒരു പടക്കനിർമ്മാണശാലയാണ്‌ ബാലകൃഷ്‌ണൻ ചേട്ടനുളളത്‌. കൂടാതെ മറ്റനേകം പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കുന്നുണ്ട്‌. സ്‌ത്രീ തൊഴിലാളികൾക്ക്‌ ദിവസക്കൂലിയായി നാല്പത്‌ രൂപയും പുരുഷന്മാർക്ക്‌ 120 രൂപയും വീതമാണ്‌ നല്‌കുന്നത്‌. ഇത്‌ ഒരു തൊഴിലാളിക്ക്‌ ജീവിക്കാൻ പര്യാപ്തമല്ല എന്ന്‌ ബാലകൃഷ്‌ണൻ ചേട്ടനറിയാം. എങ്കിലും തകർന്നുകൊണ്ടിരിക്കുന്ന ഈ വ്യവസായത്തിനുമുന്നിൽ തികച്ചും നിസ്സഹായനാണ്‌ ഇദ്ദേഹം. കൂടുതൽ കൂലി കൂട്ടികൊടുക്കാൻ ഇദ്ദേഹത്തിന്‌ കഴിയുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. “പടക്കം പൊട്ടിക്കുമ്പോഴുളള ആനന്ദവും വർണ്ണപ്രപഞ്ചവും തൊഴിലാളികളുടെ ജീവിതത്തിലില്ല” നിരാശയോടെ അദ്ദേഹം പറഞ്ഞു.

? പണ്ടുകാലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട പടക്കങ്ങൾ ഏതൊക്കെയായിരുന്നു?

“ആദ്യമായി ചൈനയിൽ നിന്നുമാണ്‌ പടക്കങ്ങൾ വന്നിരുന്നത്‌. അവ വാങ്ങി വിൽക്കുകയായിരുന്നു പതിവ്‌. പിന്നെ ആ പടക്കങ്ങൾ അഴിച്ച്‌ അവയുടെ ഘടന മനസ്സിലാക്കി നമ്മൾ സ്വയം പടക്കങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവ ഈർക്കിലി പടക്കം, ഓലപ്പടക്കം എന്നിവയായിരുന്നു. പിന്നീടാണ്‌ നമ്മൾ കമ്പിത്തിരിയും മത്താപ്പൂവുമൊക്കെ ഉണ്ടാക്കിയത്‌. ഇത്‌ ശിവകാശിയിലെ പടക്കനിർമ്മാണശാലകളിൽ നിന്നുമാണ്‌ പഠിച്ചത്‌.”

? പടക്കങ്ങൾ നിർമ്മിക്കാൻ പ്രധാനമായിട്ടും ഉപയോഗിക്കുന്ന രാസവസ്‌തുക്കൾ ഏതെല്ലാമാണ്‌?

“സോഡിയം നൈട്രേറ്റ്‌ അഥവാ പച്ചയുപ്പ്‌, അലൂമിനിയം പൗഡർ, ഗന്ധകം എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. നിറങ്ങൾ ലഭിക്കുവാൻ മറ്റുചില രാസവസ്‌തുക്കളും ചേർക്കാറുണ്ട്‌. ഇങ്ങിനെയൊക്കെ ആണെങ്കിലും ഓരോതരം പടക്കത്തിനും ഈ രാസവസ്‌തുക്കൾ വിവിധ രീതികളിലാണ്‌ ചേർക്കേണ്ടത്‌. അതായത്‌ കത്തുന്നതിനും പൊട്ടുന്നതിനും വേണ്ടി വിവിധ കോമ്പിനേഷനുകളിലാണ്‌ ഇവ ഉപയോഗിക്കേണ്ടത്‌.”

? ഇവിടെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പടക്കങ്ങളെക്കുറിച്ച്‌ പറയാമോ?

“കമ്പിത്തിരിയാണ്‌ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്‌. പിന്നെ മേശപ്പൂ, ചക്രം, പൊട്ടുന്ന പടക്കം, മാലപ്പടക്കം എന്നിവയും വിറ്റുപോകാറുണ്ട്‌. ഈയടുത്തായി പൊട്ടുന്ന പടക്കങ്ങൾക്ക്‌ വിൽപ്പന തീരെ കുറവാണ്‌.”

? വളരെ രസകരങ്ങളായ ചില പടക്കങ്ങളുണ്ട്‌, ആകാശത്തേയ്‌ക്കുയർന്നു പൊങ്ങി പൊട്ടുന്ന വാണം, പാമ്പുഗുളിക (ഇത്‌ ചെറിയ കറുത്ത ഗുളികരൂപത്തിലായിരിക്കും. കത്തിക്കുമ്പോൾ ഇതിന്റെ ചാരം നീളത്തിൽ പാമ്പിനെപ്പോലെ നീണ്ടുവരും.) എന്നിവ ഇവിടെ നിർമ്മിക്കുന്നവയാണോ?

“പാമ്പുഗുളിക സാധാരണ ശിവകാശിയിലാണ്‌ ഉണ്ടാക്കുന്നത്‌. വാണം മുതലായ സാധനങ്ങൾ ഇവിടെ നിർമ്മിക്കാറുണ്ട്‌.”

? കുട്ടികൾക്ക്‌ ഇഷ്‌ടമുളള പടക്കങ്ങൾ ഏതൊക്കെയാണ്‌?

“കമ്പിത്തിരിയാണ്‌ ചെറിയ കുട്ടികൾക്ക്‌ ഏറ്റവും ഇഷ്‌ടം. കുറച്ചുകൂടി മുതിർന്നാൽ ഒച്ചയുളള പടക്കങ്ങൾ തുടങ്ങിയവയ്‌ക്കായിരിക്കും പ്രിയം കൂടുതൽ. പിന്നെ എല്ലാ പടക്കങ്ങളും ഉണ്ടാക്കുന്നത്‌ കുട്ടികൾക്കു വേണ്ടിയാണ്‌. അവർക്കാണല്ലോ ഇതിൽ ആവേശം കൂടുതൽ.”

മധ്യകേരളത്തിന്റെ ഏകദേശം മുഴുവൻ ഭാഗങ്ങളിലും ബാലകൃഷ്‌ണൻചേട്ടന്റെ “ബാലകൃഷ്‌ണഫയർ വർക്സ്‌” പടക്കം വിൽക്കുന്നുണ്ട്‌. ഇവിടങ്ങളിൽ നിന്നും പലരും വാങ്ങി ദൂരസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോയി വിൽക്കുന്നുണ്ട്‌. “ബാലകൃഷ്‌ണഫയർ വർക്സ്‌” പടക്കനിർമ്മാണത്തിൽ കേരളത്തിൽ അറിയപ്പെടുന്നവർ തന്നെ.

? പടക്കനിർമ്മാണശാലകൾ എപ്പോഴും അധികൃതരുടെ ശ്രദ്ധാകേന്ദ്രങ്ങളായിരിക്കും-അതിനാൽ പോലീസുകാരുടെ ശല്യം ഉണ്ടാകാറുണ്ടോ?

“വലിയൊരു ശല്യമൊന്നും ഉണ്ടാകാറില്ല. എങ്കിലും എവിടെയെങ്കിലും വെടിക്കെട്ടപകടം നടന്നാൽ അന്വേഷിക്കാൻ എത്തും… അത്‌ അവരുടെ കടമ.”

? ധാരാളം അനധികൃത പടക്കനിർമ്മാണം ധാരാളമായി നടക്കാറുണ്ടല്ലോ. ഇത്‌ ലൈസൻസുളള പടക്ക നിർമ്മിതാക്കളെ ബാധിക്കാറുണ്ടോ?

“അങ്ങിനെയൊന്നുമില്ല; അവർക്കും ജീവിക്കണ്ടേ? എല്ലാവർക്കും ലൈസൻസു കിട്ടുകയില്ലല്ലോ. പിന്നെ ഇത്‌ മോഷണവും, കൊലപാതകവുമല്ലല്ലോ”- പടക്കനിർമ്മാണ തൊഴിലാളികളുടെ എല്ലാ ദുരിതങ്ങളും മനസ്സിലാക്കിയ മറുപടിയായിരുന്നു ഇത്‌.

? പുതിയതരം പടക്കങ്ങൾ നിർമ്മിക്കാറുണ്ടോ?

“നമ്മുടെ നാട്ടിൽ സാധാരണ ഉണ്ടാക്കാറില്ല. ശിവകാശിയിൽ പുതിയതരം പടക്കങ്ങൾ ഉണ്ടാക്കുവാൻ ശാസ്‌ത്രജ്ഞന്മാരെ തന്നെ നിയമിച്ചിട്ടുണ്ട്‌. അവിടെ നിന്നാണ്‌ പുതിയതരം പടക്കങ്ങൾ വരുന്നത്‌.”

? പടക്ക കച്ചവടത്തിന്റെ പരസ്യങ്ങൾ എങ്ങിനെയാണ്‌?

“പരസ്യത്തിനായി നിറമുളള പോസ്‌റ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌. വളരെ പ്രത്യേകതയോടെയാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌. ശിവകാശിയിലാണ്‌ ഇത്തരം പോസ്‌റ്ററുകൾ പ്രിന്റുചെയ്യുന്നത്‌. ചുവപ്പും, നീലയും, പച്ചയുമൊക്കെ കലർന്ന്‌ വളരെ കടുത്ത നിറങ്ങളുളളതായിരിക്കും ഇത്തരം പോസ്‌റ്ററുകൾ.”

? ഈ ജീവിതം ബാലകൃഷ്‌ണൻചേട്ടന്‌ ആത്മസംതൃപ്തി ഉണ്ടാക്കുന്നുണ്ടോ?

“ചെറുപ്പത്തിൽ വളരെ ദാരിദ്ര്യമായിരുന്നു. പിന്നെ ഊണും ഉറക്കവുമില്ലാതെ ഞാനും ഭാര്യയും മക്കളുമൊക്കെ പടക്കനിർമ്മാണത്തിൽ ഏർപ്പെട്ടു. ഒരുപാട്‌ പരിശ്രമിച്ചു. ഇപ്പോ ഒരു വീടായി, മാന്യമായി ജീവിക്കാമെന്നായി. ചെറിയ സംതൃപ്തിയുണ്ട്‌.”

എങ്കിലും പിരിയാൻ നേരം പറഞ്ഞതിങ്ങനെ. പടക്കനിർമ്മാണരംഗത്തോട്‌ ഇദ്ദേഹത്തിന്‌ ഇപ്പോൾ കുറച്ച്‌ മടുപ്പുതോന്നി തുടങ്ങിയിട്ടുണ്ട്‌. സാമ്പത്തികമായി സുരക്ഷിതത്വമില്ലാത്ത കാലമാണിത്‌. ആരുടേയും കൈയിൽ പണമില്ല. പക്ഷെ അവർക്കാർക്കും ഭക്ഷണവും വസ്‌ത്രവും ഉപേക്ഷിക്കാൻ കഴിയില്ലല്ലോ. എന്നാൽ പടക്കം ഒരാഡംബരവസ്‌തുവാണ്‌. അതിനാൽ പടക്കങ്ങൾ വാങ്ങുന്നത്‌ കുറയട്ടെ എന്നാണെന്റെ അഭിപ്രായം. ഒരു നിമിഷത്തിന്റെ രസത്തിനുവേണ്ടി ഒരുപാട്‌ രൂപകളയുന്നതെന്തിന്‌?

നമുക്കറിയാം പടക്കം വിറ്റുപോയില്ലെങ്കിൽ ഇദ്ദേഹത്തിന്റേയും പടക്കതൊഴിലാളികളുടേയും അടുപ്പിൽ തീ പുകയുകയില്ല എന്ന്‌. എങ്കിലും ഇങ്ങനെ പറയാനുളള ശേഷി അദ്ദേഹം കാണിച്ചു എന്നത്‌ ആ നല്ല മനസ്സിന്റെ നേര്‌.

ആകാശത്തും ഭൂമിയിലുമായി പടക്കങ്ങൾ വർണ്ണങ്ങൾ സൃഷ്‌ടിക്കുമ്പോൾ നാം ഓർക്കുക, കരിമരുന്ന്‌ കൂനകൾക്കിടയിൽ ശരീരവും മനസ്സും ഒരുപോലെ നശിക്കുന്ന ഒരുകൂട്ടം ആളുകളുടെ വിയർപ്പിന്റെ രുചി ആ നിറക്കൂട്ടുകളിൽ എവിടെയോ ഉണ്ടെന്ന്‌.

Generated from archived content: vishu_interview.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here