കണ്ണട വച്ച ബാല്യങ്ങൾ കൂട്ടായിവന്നു
ചോദിക്കുന്നു
എന്റെ ചിത്രപാഠപുസ്‌തകത്താളിലെ
അമ്മയെ നീയെന്തു ചെയ്‌തു?
ആൺബാല്യങ്ങൾക്ക് കണ്ണടയ്‌ക്കുളളിൽ
സ്വപ്‌നം നഷ്‌ടപ്പെട്ട കണ്ണുകളായിരുന്നു.
തൊണ്ടയിൽ കുടുങ്ങിയ നെന്മണികൾ
പെൺബാല്യങ്ങളുടെ ശബ്‌ദം
തെല്ലും ഉലച്ചിരുന്നില്ല.
അവരുടെയെല്ലാം കൺപോളകളിൽ
ഉറക്കം കനം തൂങ്ങിയിരുന്നു
ചുമലിൽ പുസ്തകസഞ്ചിയും
അവർ തെരഞ്ഞത്രേ…
പുകയില്ലാത്ത അടുക്കളയിൽ
തണുത്തുറഞ്ഞ കിടപ്പറയിൽ
നീലനിറമാർന്ന ചാറ്റ്‌റൂമുകളിൽ
കാർട്ടൂൺ നെറ്റ്‌വർക്കിൽ
തെരുവിൽ… വഴിയോരങ്ങളിൽ…
ഇന്റർനെറ്റിലെ ചിലന്തികൾ പറഞ്ഞു
ഈ വലക്കണ്ണുകൾക്കിടയിലെവിടെയോ
കുടുങ്ങിക്കിടപ്പുണ്ടാവാം
നിന്റെ അമ്മ.
ഞാനുമന്വേഷിക്കുകയാണവരെ.
നിങ്ങൾക്കറിയുമോ? നിങ്ങൾ കണ്ടുവോ?
ഈ അമ്മയെ!
Generated from archived content: poem2_june16_06.html Author: vipin_wilfred
Click this button or press Ctrl+G to toggle between Malayalam and English