ദുഃഖവും ആശ്വാസവും – പതിവുപോലെ!

ഈ രാത്രിയിൽ

ഒരു ചുംബനം കൊണ്ട്‌ മനുഷ്യപുത്രാ

ഞാൻ നിന്നെ തിരിച്ചറിയുന്നു.

കണ്ണുകളിൽ നിറയെ ഇരുളായിരുന്നു

വാൾ വീശിയപ്പോൾ

നിന്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരിക്ക്‌

വാളിനെക്കാൾ മൂർച്ച!

നടുവിലെ കുരിശിൽ നീ

ഒരു നിഴൽച്ചിത്രം പോലെ….

കണ്ണുകൾ തമ്മിലിടയുമ്പോൾ നെഞ്ചിൽ പടരുന്നത്‌

കനവിന്റെ നിറനിലാവ്‌

കോഴി കൂകുമ്പോൾ ആ കണ്ണുകൾ

കനലായ്‌ത്തറച്ചതും എന്റെ നെഞ്ചിലാണ്‌!

മൂന്നാംമണിനേരം പളളിമണി മുഴങ്ങുന്നു

ക്രൂശിന്മേൽ….. ക്രൂശിന്മേൽ…

തൊണ്ടയിൽ കയ്‌പ്പുനീർ പടരുന്ന വേദന

കൺകോണിൽ ഒരു നീർക്കണം…

………………………………………………………………..

മൂന്നാം നാൾ നീയുയിർക്കുമല്ലോ!

അതാണൊരാശ്വാസം.

ഒരുനാൾ ലീവെടുത്തു

നാലുദിനങ്ങൾ സ്വസ്ഥം ഗൃഹഭരണം!

പാരിരാത്രി തെരുവിൽ ഉച്ചഭാഷിണി പാടുന്നു

ഉറക്കം കളയാൻ ഓരോരുത്തന്മാര്‌!

എങ്കിലും സന്തോഷം! നീയുയിർത്തല്ലോ!!

രാവിലെ പളളിയിൽ പതിവുപോലെ

ഉയിർപ്പിന്റെ സന്ദേശവും പതിവുപോലെ

ഇടയ്‌ക്കിടെ കുത്തുവാക്കുകളും – പതിവുപോലെ!

തീൻ മേശയിൽ ശവഘോഷയാത്ര!

ആടും മാടും കോഴിയും

പല രൂപത്തിൽ…. പല ഭാവത്തിൽ….

ആണുങ്ങൾക്കങ്ങോട്ടു മാറിയിരിക്കാം

‘ക്രിസ്ത​‍്യൻ ബ്രദേഴ്‌സ്‌’മായി ചെറിയൊരു ഡിസ്‌കഷൻ.

എങ്കിലും കർത്താവേ…

നീയൊരുപാടു വേദന തിന്നു….!

എങ്കിലുമെങ്കിലുമെനിക്കാശ്വാസം!

ഞാനെത്ര കുരിശിൽത്തറച്ചാലും

നീയുയിർക്കുമല്ലോ… പതിവുപോലെ!!!

Generated from archived content: poem1_may8_08.html Author: vipin_wilfred

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here