അത്ഭുതലോകത്തെ ആലീസ്‌!!

നീല നിറത്തിൽ പെയ്‌ത

പെരുമഴയിലേയ്‌ക്കാണ്‌

ആലീസ്‌ കണ്ണു തുറന്നത്‌.

ഇരകോർത്ത കോടി കോടി

ചൂണ്ടനാരുകൾ പോലെ

അവൾക്കുചുറ്റും,

നീല നീലമഴ!!

പാലപ്പൂവിന്റെ പാട്ടുപാടി,

കരിമ്പച്ചയിൽ പുളളികളുളള

പട്ടുപാവാടക്കാര്യം പറഞ്ഞ്‌,

തഞ്ചത്തിൽ താളത്തിൽ

മഴ, നീലമഴ!!

മഴയവളെ, വിരൽ നീട്ടി

വീട്ടുമുറ്റത്തിറക്കി

നാട്ടിടവഴിയിലൂടെ നടത്തി

കാണാത്ത കാഴ്‌ചകൾ കാട്ടി!!

പൂ മണത്ത്‌, പുഴ മുറിച്ച്‌

മൂളിപ്പാട്ടും പാടി

നീലമഴയും ആലീസും

മലകളുടെ ഏതേതു

കൊമ്പത്തു കേറി!!

നടന്നു നടന്നു നടന്ന്‌

ആലീസ്‌ മഴയിലും വിയർത്തു,

തൊണ്ട വറ്റിവരണ്ടു.

നീലമഴ ഇളനീരിനു പോയെങ്കിലും

തിരിച്ചുവന്നില്ല, അനന്തരം

വെയിൽ പരന്നു.

Generated from archived content: poem1_oct05_05.html Author: vinu_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here