ജീവിതത്തിൽ ഒരാൾ സംസാരിക്കുന്നു

ഗ്രാമത്തിലെ ചെറുകഥാ സായാഹ്നം.

മോഡറേറ്ററുടെ ക്ഷണം സ്വീകരിച്ച്‌ കഥാകൃത്ത്‌ മൈക്കിനടുത്തേക്കു നീങ്ങി. സദസിനെയാകെ ഒന്നു നോക്കിയശേഷം അയാൾ പറഞ്ഞുതുടങ്ങി. പ്രിയപ്പെട്ടവരെ, ഇതൊരു കഥയല്ലായെന്നതാണ്‌ പ്രശ്‌നം. ഇതൊരു ലേഖനമായി കരുതിയാൽ മതി.

പിൻബഞ്ചിലിരുന്ന്‌ ഉറക്കം തൂങ്ങുകയായിരുന്നുവെന്ന്‌ തോന്നിച്ച വൃദ്ധൻ പൊടുന്നനെ എഴുന്നേല്‌ക്കുന്നു. ഉറക്കെ പറയുന്നുഃ നീയിങ്ങ്‌ വന്നിരുന്നേരടാ കുഞ്ഞേ. കഥ പറയാൻ ചെന്ന്‌ ഷൈൻ ചെയ്യാതെ.

കഥാകൃത്ത്‌ എന്തു ചെയ്യേണ്ടൂവെന്നറിയാതെ കുറച്ചു നിമിഷങ്ങൾ നിന്നുപോയി. പിന്നീട്‌ അയാൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട്‌ കഥയിലേക്ക്‌ കടന്നു.

കടലാസിൽ നോക്കി വായിച്ചു തുടങ്ങി.

കഥ, ജീവിതത്തിൽ ഒരാൾ സംസാരിക്കുന്നു. കഥാപാത്രത്തിന്‌ കഥയുമായി എന്തു ബന്ധമാണുളളത്‌? ഇത്തരത്തിലുളള സമസ്യകളെ പൂരിപ്പിക്കാനുളള ശ്രമത്തിനിടയിലാണ്‌ കമൽനാഥിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നത്‌. വൈദ്യുതി വകുപ്പിൽ ജീവനക്കാരനായിരുന്ന അയാൾക്ക്‌ വീട്ടിലേക്കുളള വഴി പലപ്പോഴും മാറികൊണ്ടിരുന്നു. ഭാര്യ പൊതിഞ്ഞുകെട്ടികൊടുക്കുന്ന ഭക്ഷണപ്പൊതി അതുപോലെ തിരികെ വീട്ടിലെത്തിച്ചുകൊണ്ടാണ്‌ ആദ്യമയാൾ വീട്ടിൽ പരിഹാസപാത്രമായത്‌. തീർത്തും അബദ്ധമെന്ന്‌ എഴുതിച്ചേർത്തുകൊണ്ട്‌, മറ്റാരും തന്റെ ഭർത്താവിനെ പരിഹസിക്കാതിരിക്കുവാനായി അവൾ അതെല്ലാം ആരോടും പറയാതിരിക്കുകയും അത്തരത്തിലൊന്ന്‌ സംഭവിച്ചില്ലെന്ന്‌ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഓഫീസിലയാൾ വളരെയധികം സമയം, ഒരു പക്ഷേ സർക്കാർ അയാൾക്കു നൽകുന്ന വേതനത്തിനുമപ്പുറത്തായി പണിയെടുത്തു. മറ്റുളളവർ അയാളുടെ നെറ്റിയിൽ വിഡ്‌ഢിയെന്നെഴുതിയപ്പോൾ അയാൾ ചിരിച്ചു. സർക്കാർ ജീവനക്കാരെ ദ്രോഹിക്കുകയാണ്‌, അതുകൊണ്ട്‌ സമരമുണ്ടാവാൻ വേണ്ടി പോകയാണെന്ന്‌ തെരുവുകളിലും ഓഫീസുകളിലും ശബ്‌ദങ്ങളായി പരസ്യം ചെയ്യപ്പെടവേ, ആരാണതിന്റെ തലതൊട്ടപ്പനെന്നാണ്‌ അയാൾ ചോദിച്ചത്‌. ചോദ്യങ്ങളും ഉത്തരങ്ങളും പരസ്‌പരം കലഹിക്കവേ, തെരുവിൽ പാമ്പുകളെ പ്രദർശിപ്പിക്കുന്നവന്റെയരികിൽ അയാൾ സ്ഥാനം പിടിച്ചു. പാമ്പുകൾ അയാൾക്കുനേരെ പത്തികളുയർത്തവേ, അയാൾ കൂട്ടം തെറ്റി എവിടെക്കോ മാറ്റപ്പെട്ടു. അയാൾക്കു മുന്നിൽ തൊഴുക്കൈയുമായി സഹായങ്ങൾ ചോദിച്ചു പലരും വന്നു. അവർക്കുമേൽ ആഴ്‌ന്നിറങ്ങുന്ന ആയുധങ്ങളെ അയാൾ നോക്കി, അവയുടെ പുഞ്ചിരികൾ എത്ര മനോഹരമെന്ന്‌ പാടി. വീണ്ടും അയാൾ പത്താം നമ്പർ ബസ്സിൽ ഓഫീസിലേക്കും അതേ ബസ്സിൽ തിരിച്ചും യാത്ര ചെയ്യുന്നു. കഥാപാത്രത്തിന്‌ കഥയുമായി യാതൊരു ബന്ധവുമില്ല. കാരണം അയാൾക്ക്‌ അസ്ഥിത്വം ഇല്ലാതാവുകയാണ്‌. തന്റെ വീടിരിക്കുന്ന പ്രദേശത്തെ വൈദ്യുതി തകരാറിലാവുമ്പോൾ വകുപ്പിനെ അതറിയിക്കുന്നതിന്‌ താൻ ശ്രദ്ധിക്കാറുണ്ടെന്ന്‌ ഇപ്പോൾ അഭിമാനപൂർവ്വം അയാൾ പറയും. ഒരു രാത്രി അയാൾ തന്റെ മുറിയുടെ ജനാലകൾ തുറക്കുവാൻ ശ്രമിച്ച്‌, പരാജയപ്പെട്ട്‌ തന്റെ ഭാര്യയോട്‌ അതിന്റെ കാരണമാരാഞ്ഞു. അവൾ ഒന്നും പറയാതെ ജനാലകൾ അടഞ്ഞുതന്നെയിരിക്കുന്ന ആ മുറിയിൽ വെറുതെ നിന്നു.

കഥാകൃത്ത്‌ മുഖമുയർത്തി നോക്കി.

മോഡറേറ്റർ ചോദിച്ചു. സ്‌നേഹിതാ, ഇതു കഥ തന്നെയോ?

കഥാകൃത്ത്‌ പറഞ്ഞു. അങ്ങനെയാണെന്ന്‌ കരുതിയാൽ അങ്ങനെ തന്നെയാണ്‌. അല്ലെങ്കിൽ മറിച്ചും.

ചായക്കട നടത്തുന്ന കേൾവിക്കാരനായി നിന്ന മധ്യവയസ്‌കന്‌ വന്ന അരിശത്തിന്‌ അതിരില്ല. ഇവനൊന്നും വേറെ പണീല്ലേ? നല്ലൊരു കഥ കേക്കാന്ന്‌ കരുത്യാ വന്നേ. ആടെ നിന്നിരുന്നെങ്കി ഒരു പത്തു ചായ വിക്കണ നേരായി.

മോഡറേറ്ററുടെ ചോദ്യം. ഇതെഴുതുവാനുണ്ടായ സാഹചര്യം ഒന്ന്‌ വിശദീകരിക്കാമോ?

കഥാകൃത്തിന്റെ വിശദീകരണത്തിൽ നിന്നും. ഞാനൊരു നല്ല കഥയെഴുത്തുകാരനല്ല. കുറച്ച്‌ കഥയൊക്കെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഥയെഴുതി മടുത്തപ്പഴ്‌ ഇനി നിരൂപണതിൽ കയറിയൊന്ന്‌ നോക്ക്യാലോന്ന്‌ കരുതീതാ. പക്ഷേ, അതിനും കഴിവുവേണ്ടേ? അങ്ങനെയിരിക്കെ ഇതിന്റെ സംഘാടകര്‌ വന്നു. കണ്ടു. കാര്യം പറഞ്ഞു. സമ്മതിച്ചു. എഴുതിത്തുടങ്ങി. അതാണീ കഥ.

മോഡറേറ്റിൽ നിന്നും മൈക്ക്‌ ഒരു കേൾവിക്കാരനുനേരെ. അയാൾ ചോദിക്കുന്നു. താങ്കളുടെ കഥ ഒറ്റവായനയിൽ ഗ്രഹിക്കുക ബുദ്ധിമുട്ടുളള കാര്യമാണ്‌. ആയതുകൊണ്ട്‌ ആ കഥയെ കുറിച്ചൊന്ന്‌ വിശദീകരിക്കുമോ?

കഥാകൃത്ത്‌ പറയുന്നു. തീർച്ചയായും. ഈ കഥ ആഗോള മുതലാളിത്തത്തിന്റെ ക്രൂരതകൾക്കെതിരായുളള എന്റെ സമ്മാനമാണ്‌. സാമ്രാജ്യത്വം സംസ്‌കാരങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ട്‌ കടന്നുവരുന്ന സാഹചര്യത്തിൽ നാമോരോരുത്തരും ജീവിതം മറന്നുപോകയാണ്‌. ജീവിതത്തിന്റെ സമസ്തമേഖലയിലും കടന്നുകൂടുന്ന ഭീകരാവസ്ഥകൾക്കെതിരായി സംസാരിക്കാതെ നമുക്ക്‌ നിലനിൽക്കുവാനാവില്ല. നിലനിൽക്കുവാനുളള സമരവും നിലനിർത്താനുളള സമരവും ചേരുന്ന ഘട്ടത്തിൽ ഒരു സർക്കാർ ജീവനക്കാരനിലുണ്ടാവുന്ന വ്യഥകളുടെ ചിത്രീകരണമാണ്‌ ഈ കഥ. അങ്ങനെയായിരിക്കണമെന്നാണ്‌ ഞാൻ കരുതിയിട്ടുളളത്‌. അതിൽ ഞാൻ വിജയിച്ചുവോയെന്ന്‌ സംശയമാണ്‌.

ഒരധ്യാപകൻ എഴുന്നേറ്റു മൈക്കിനായി കൈനീട്ടുന്നു. മോഡറേറ്റർ നല്‌കിയ മൈക്കു വാങ്ങി അയാൾ സംസാരിക്കുന്നു. ജീവിതം ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകയാണ്‌. അതിനെ കുറിച്ചുളള ഉത്‌കണ്‌ഠകളും വർദ്ധിച്ചുവരികയാണ്‌. അത്‌ താങ്കൾ കണ്ടറിയുന്നുവെന്നത്‌ ഏറെ ആശ്വാസം നൽകുന്നു. അതിൽ താങ്കൾ വിജയിച്ചിട്ടില്ലെന്ന്‌ എനിക്ക്‌ തോന്നുകയാണ്‌. താങ്കളും അത്‌ സമ്മതിക്കുന്നുണ്ട്‌. മറ്റൊരു മേഖല തേടുകയല്ല, ഇതിൽ തന്നെ പുതിയ സാധ്യത ഉണ്ടാക്കികൊണ്ട്‌ നിലനിൽക്കുവാൻ താങ്കൾക്ക്‌ സാധിക്കട്ടെയെന്ന്‌ ഞാൻ ആശംസിക്കുകയാണ്‌.

കോളമെഴുത്തുകാരനായ ഒരാൾ മൈക്കിലൂടെയല്ലാതെ പറയുന്നു. കഥാകൃത്തേ, താങ്കളുടെ കഥ എനിക്ക്‌ വേണ്ടത്ര മനസ്സിലായിട്ടില്ല. താങ്കൾ കുറെ കഥകളും മറ്റും എഴുതിയെന്നാണിവിടെ നിന്നും മനസ്സിലാവുന്നത്‌. പക്ഷേ, താങ്കളുടെ ഒരു പ്രതികരണമല്ലാതെ മറ്റൊന്നും ഞാൻ വായിച്ചതില്ല. അത്‌ വളരെയധികം ചിന്തോദ്ദീപകമായിരുന്നു. പക്ഷേ, ഇതു എനിക്ക്‌ മനസ്സിലാക്കുവാൻ പ്രയാസമുളളതാണ്‌. താങ്കളുടെ ആ പ്രതികരണലേഖനം എവിടെയോ, ഇതു ഏറ്റവും താഴെ. ചില സാഹിത്യകാരന്മാർക്ക്‌ സംഭവിക്കുന്നതാണത്‌. ‘മാർത്താണ്ഡവർമ്മ’യും ‘ധർമ്മരാജ’യുമെഴുതിയ സി.വി രാമൻപിളള ‘പ്രേമാമൃതം’ എഴുതിയപ്പോൾ പരാജയപ്പെട്ടില്ലേ? അതുപോലെ താങ്കളും പരാജയപ്പെട്ടിരിക്കുന്നു. കഥയിൽ വരണമെന്നാഗ്രഹിച്ചതൊന്നും വരുത്തുവാൻ താങ്കൾക്കായിട്ടില്ല.

കഥയെഴുതാറുളള ഒരധ്യാപകൻ സംസാരിക്കുന്നു. താങ്കളെക്കുറിച്ച്‌ എനിക്ക്‌ നന്നായി അറിയുകയില്ല. ഒന്നു പരിചയപ്പെടുത്തുക.

പൊടുന്നനെ ലൈറ്റുകൾ അണഞ്ഞു.

ഇവനൊന്നും നേരോം കാലോംല്ലാണ്ടായോ? ആരുടെയോ സംശയം.

സംഘാടകർ മെഴുകുതിരികൾ കത്തിച്ചു.

ആ വെളിച്ചത്തിൽ അവരെല്ലാം കണ്ടു. കഥാകൃത്തിന്റെ കണ്ണുകൾ നിറയുന്നു. പരിചയപ്പെടുത്തുവാൻ ആവശ്യപ്പെട്ട അധ്യാപകന്റെ നെഞ്ചിടിപ്പ്‌ വർദ്ധിച്ചു. എന്തെങ്കിലും അബദ്ധമാവുമോ ചോദിച്ചത്‌?

കഥാകൃത്ത്‌ പറഞ്ഞു. അതു തന്നെയാണ്‌ ഞാനും അന്വേഷിക്കുന്നത്‌. ഇവിടെ ഇരിക്കുന്ന ഓരോരുത്തരുടേയും മുന്നിൽ നിൽക്കുന്ന ഞാൻ മറ്റാരോ ആണ്‌. കമൽനാഥ്‌ അല്ലെങ്കിൽ….

സംശയങ്ങൾ നിഴലിക്കുന്ന മുഖങ്ങൾ.

കാറ്റിൽ കഥാകൃത്തിനടുത്തുണ്ടായിരുന്ന മെഴുകുതിരി അണഞ്ഞു. അയാളുടെ മുഖത്ത്‌ ഇരുട്ട്‌ നിറഞ്ഞു. ആ ഇരുട്ടിലും അയാളുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരിക്കുന്നതവർക്ക്‌ കാണാമായിരുന്നു.

Generated from archived content: story_jeevithathil.html Author: vinu_a

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here