വെളുത്ത
കുറിഞ്ഞിപ്പൂച്ചയെപ്പോലും
മടിയിൽ വെച്ച്
തലോടാൻ
അവൾക്കിപ്പോൾ
ഭയമാണ്.
അമ്മയുടെ
മടിയിൽ പോലും
തല ചായ്‌ക്കാൻ
എനിക്കും പേടിയാണ്.
ബന്ധങ്ങളുടെ
ഈ പവിത്രതീർത്ഥത്തിൽ
മാംസത്തുണ്ടെറിഞ്ഞതാരാണ്?
ഇത്
ചെകുത്താൻമാരുടെ
ഉത്സവകാലമാണോ…
ആസുരപ്രകാശ ധവളിമയിൽ,
പ്രചണ്ഡമായ
വാദ്യഘോഷപ്പേക്കാറ്റിൽ
അണഞ്ഞു പോകാതിരിക്കാൻ
പാടുപെടുന്ന
ഒരു മെഴുകുതിരിയുടെ
ധർമസങ്കടം
ആരു കാണാൻ….
കുറുക്കനൊപ്പം
കുഞ്ഞാടുകളും
ചോദ്യം ചെയ്യപ്പെടുന്നത്
നിഴലുകൾക്ക്
നിറവ്യത്യാസമില്ലാത്തതു കൊണ്ടാവാം
നീതിയുടെ
ക്ഷേത്രമുറ്റത്ത്
നിനക്കെന്റെ
ഹൃദയം കൊണ്ട്
തുലാഭാരം.
പിഴുതെറിയായ്‌ക,
പുൽക്കൊടിത്തുമ്പിനെ
വേരിലൊരു വസന്തം
നേരുകാത്തിരിക്കുന്നു.
Generated from archived content: poem1_may24_06.html Author: vinoth