കാണാത്തത്
പറമ്പിലും പാടത്തും റോഡുവക്കിലും ഒക്കെ ഞാൻ തിരഞ്ഞുനോക്കി. അത് ക്രൂരതയല്ലേ എന്ന്. എങ്കിലും അതിലുപരി ഒരു ജിജ്ഞാസയാണ്. എന്തായാലും ഇതുവരെ എനിക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല – കിളികൾ വയസ്സുചെന്ന് ചത്തുകിടക്കുന്നത്!
പത്രം
“കുരങ്ങൻമാരേ… കഴുതകളേ… എല്ലാവർക്കും മംഗളാശംസകൾ…!!”
“മനുഷ്യൻമാരായ മനുഷ്യൻമാരേ നിങ്ങൾക്ക് നന്ദി…”
“വേണ്ട – നന്ദി നിങ്ങളെടുത്തോ”
“ഇല്ല… ഞങ്ങൾ വാങ്ങിപ്പിക്കും”
“എങ്കിൽ ഞങ്ങൾ സമരം ചെയ്യും!”
-സമരം… ബന്ദ്… വാഹനം കത്തിക്കൽ… സംഘർഷം…. മനുഷ്യരും കഴുതപ്പോലീസുകളും ഏറ്റുമുട്ടി.
ആരു മരിച്ചില്ല.
പരിക്കേറ്റില്ല.
അടുത്ത ദിവസത്തെ പേപ്പർ എഴുത്തില്ലാത്ത വെളുത്ത കടലാസ് മാത്രമായിരുന്നു. എല്ലാവരും വാങ്ങിച്ചു. വായിച്ചു.
ഭയം
അപ്പു വിചാരിച്ചു ഃ ഇനി ഏത് രാത്രിയിലും സെമിത്തേരിയിലൂടെയും, ശവപ്പറമ്പിലൂടെ – ആളൊഴിഞ്ഞ വീടുകൾക്കരികിലൂടെ – ഒക്കെ നടക്കാം. സമാധാനമായി.
ആത്മാവുകളും – പ്രേതങ്ങളും ഒക്കെ സീരിയലിലും സിനിമയിലും അഭിനയിക്കാൻ പോയതാണ്.
വായന
അപ്പു പത്രം വായിച്ചു ഃ (അവനിപ്പോൾ വായിക്കാനും അറിയാം!)
കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, ഒന്നും രണ്ടരയും വയസുള്ള കുട്ടികൾ.
അവൻ ചിന്തിച്ചു ഃ കുട്ടികളും ആത്മഹത്യ ചെയ്യും!
നാട്
കാട്ടിൽ നിന്നും അവർ ഇറങ്ങിവന്നു – നാട്ടിലേക്ക്.
‘കാടന്മാർ, കാട്ടുവാസികൾ“ – നാട്ടുകാർ വിളിച്ചു.
”കാടാണ് ഞങ്ങളുടെ നാട്. ഇതെന്താണ്!?“ –
അവർ ആശ്ചര്യപ്പെട്ടു.
കഥ
”നിന്റെ കഥ ഞാൻ കഴിക്കും“ – അയാൾ പറഞ്ഞു.
ഞാൻ ചിന്തിച്ചു ഃ ”എന്റെ ഏതു കഥയാണ്?“
സന്ധ്യയും ഞാനും
രണ്ടുപേർ എന്റെ ഓരോ ചെവികൾ വീതം പിടിച്ചുവലിച്ചു. ഉള്ളിൽ ഉറുമ്പ് കടിക്കുംപോലെ. തല രണ്ടായി കീറി. ചിന്തകൾ തെറിച്ച് വീണ് നെട്ടോട്ടമോടി. കുറേ വലതുവശത്തും കുറേ ഇടതുവശത്തും. കണ്ണുകൾ വട്ടം കറങ്ങി. വിശന്ന ഉറുമ്പുകളെപ്പോലെ ചിന്തകൾ വലത്തുനിന്നും ഇടത്തോട്ടും മറിച്ചും ചത്ത ശവങ്ങൾ ചുമന്നു.
ഞാൻ ഒരു കടലിനെ സ്വപ്നം കണ്ടു.
ഞാൻ മരിച്ചു.
മക്കൾ
എന്നും അയാൾ ജോലി കഴിഞ്ഞ് സന്ധ്യയ്‌ക്ക് പലഹാരങ്ങളുമായി വീട്ടിൽ വരും – മക്കൾക്ക് കൊടുക്കാൻ.
കാലം കഴിഞ്ഞു. നരവന്നു.
അയാൾ പുറത്തിറങ്ങി അനന്തതയിലേക്ക് നടന്നു.
മക്കളെ തിരഞ്ഞ്…
അയാൾ മരിച്ചു.
Generated from archived content: story1_july9_07.html Author: vinod_manammal