നാടകം നടക്കവെ അണിയറ

ഏറെച്ചടുലമി,ത്താളവും കൺകളിൽ

കാടുകൾ മേയും മുകിലും

ദൂരെ നിഴലുകൾ കയ്യടിച്ചാർക്കുന്ന

നേരവുമെൻ തുടിപ്പും.

എത്ര നേരം, വീണ്ടുമെത്രപേരെത്രയോ

വേഷങ്ങളാണിനിയാവോ

പാടുന്നു ആടുന്നഭിനയിക്കു,ന്നിരുൾ-

ക്കാടിനെ പറ്റി വരണ്ട

വഴികളെ പറ്റി മഞ്ഞിനെ മഴയെ

മഴക്കാറിനെപ്പറ്റി.

എന്നിലിരുൾപ്പെയ്‌തൊടുങ്ങേ അണിയറ-

യ്‌ക്കുളളിലൊതുങ്ങാനൊരുങ്ങെ

മഴയോ മുകിൽ ചാരി നിന്ന നിറങ്ങളോ

ആരോ പറയുന്നു മെല്ലെ;

‘നേരമായ്‌ പോയിടാം പാതിരാവായണി-

യറയും ശൂന്യമാവുന്നൂ.’

വേദികളില്ലിനി വേറെയെനിക്കെന്റെ

വേഷമഴിച്ചൊന്നു വയ്‌ക്കാം

മായ്‌ക്കാം കടുംനിറച്ചായങ്ങളെൻ വ്രണ-

മാകെ തെളിഞ്ഞിടുവോളം

പിന്നെയിന്നോളമെരിഞ്ഞാ തിരിയുടെ

മുന്നിലൊരിത്തിരി നേരം…

ഉളളിൽ കഴുകർ, കടൽച്ചുണ്ടുകൾ, വരൾ

മുളളിൽ മുകിൽ വിലാപങ്ങൾ,

ലോഹച്ചിറകൊച്ച ജീവരേണുക്കൾതൻ

മേലെയഗ്നിച്ചരൽ വർഷം….

നേർത്തുനേർത്തെല്ലാം നിശ്ശബ്‌ദമാകുമ്പോൾ ഞാ-

നെന്നെ വായിച്ചു തുടങ്ങാം.

വായിച്ചു വായിച്ചിടയ്‌ക്കറിയുന്നൊരേ

വാക്കുകൾ തന്നെയാണെല്ലാം!!

പെട്ടെന്നകത്തും പുറത്തുമിരുളിന്റെ

ഗന്ധ,മാ നാളം കെടുന്നു.

നാട്യവും നടനങ്ങളുമൊറ്റ ശബ്‌ദ-

ബീജമായ്‌ ബാക്കിനില്‌ക്കുന്നു.

കണ്ണിൽ കുറുകിയ ഭാവങ്ങളുൾമുകിൽ-

ക്കണ്ണീരിലാകെക്കുതിർന്നോ!

പിന്നിൽ, അണിയറയ്‌ക്കുളളി,ലിരുൾക്കുട-

ക്കീഴിൽ ഞാനെന്നെയുറക്കേ

മുന്നിൽ ചടുലമാം ശബ്‌ദക്കൊടുങ്കാറ്റി-

ലാടിയഭിനയിക്കുന്നോർ…

(‘ജീവിതം നാടകം പോലെ’-യെനിക്കെന്റെ

നാടകം ജീവിതം പോലെ!)

Generated from archived content: poem_july24.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here