കാര്യമായ് ഒന്നും തന്നെ
ചെയ്യുക വേണ്ട, എന്നും
ഉമ്മറത്തനങ്ങാതെ
ഇരുന്നാൽ മാത്രം മതി.
ജീവിത സായന്തനം;
നരച്ച ചിന്ത, സ്‌മൃതി-
ത്തിരകളെണ്ണി കടൽ-
നീലിമ നുണയുന്നു.
പഠിച്ചു പഠിച്ചങ്ങു
കോൺക്രീറ്റു കാട്ടിൽ മക്കൾ,
മാസാമാസത്തിൽ പെൻഷൻ
വാങ്ങിയിവിടെ ഞാനും.
നേരമൊന്നുമേ വേഗം
നീങ്ങുന്നുമില്ലെ,ന്നാലും
ഒരു ദിനത്തെ കൊല്ലാൻ
അന്നത്തെ പത്രം മതി…!
ആരുമില്ലാത്ത വീട്
ഉമ്മറത്തൊരു ചാരു-
കസേര അതിൽ ഞാൻ, എന്റെ
കയ്യിലായ് ഒരു പത്രം.
പത്രത്തിനെന്നും
പുതിയ മുഖം, എല്ലാം
മറക്കാൻ കഴിയുന്ന
പുതിയ തലക്കെട്ട്.
വായിച്ചു കഴിഞ്ഞവ
അടുക്കി വച്ചിട്ടുണ്ട്,
അകത്തെ മുറിയാകെ
നിറയാറായിട്ടുണ്ട്.
പത്രങ്ങൾക്കെല്ലാം പിന്നെ
എന്തുപറ്റുന്നു ആവോ.
അങ്ങനെ ചിന്തിച്ചു ഞാൻ,
ചിന്തിച്ചു ചിന്തിച്ചു ഞാൻ
തലപുകച്ച ഒരു
വെളുപ്പാൻ കാലത്താണ്
അകത്തുനിന്നും ഞാനാ
വാക്കുകൾ കേൾക്കുന്നത്.
അസ്വസ്തമായ കുറേ
വാക്കുകൾ-അതേ, മുമ്പ്
വായിച്ചു തീർത്ത പത്ര-
ത്തലക്കെട്ടുകൾ ആരോ
ഉറക്കെ ഭ്രാന്തമായി
വായിച്ചിടുകയാണ്.
പെട്ടെന്ന് ഒരു കാറ്റ്് പഴയൊരാ
പത്രങ്ങളൊക്കെ വാരി-
യെടുത്തു പാഞ്ഞെത്തുന്നു.
മുറ്റത്തും ഉമ്മറത്തും
പായവെ, കാറ്റുറക്കെ
വായിച്ചീടുന്നാ പഴയ
പത്രത്തലക്കെട്ടൊക്കെ…
മെല്ലെ ഞാനിന്നത്തെ ആ
പത്രമെടുത്തു നോക്കി,
അന്ധാളിച്ചിരുന്നുപോയ്…!!
വെളുത്ത താളുകൾ മാത്രം-
പത്രത്തിൽ വാർത്തയില്ല!
Generated from archived content: poem1_june7_06.html Author: vinod_manammal
Click this button or press Ctrl+G to toggle between Malayalam and English