ചൂട്ട്‌

ഓരോ മുളെളാടിക്കുമ്പോഴും

ചൂട്ടു കറ്റയ്‌ക്കുപിന്നിൽ

ഓരോ കണ്ണുകൾ വീതം തുറക്കുന്നു.

ഉമ്മറത്തു നിന്നും

മുറ്റം കടന്ന്‌

ചെറുവരമ്പിലൂടെ നടക്കുമ്പോൾ

കാതിലെ,

ഇരുട്ടു കുത്തിയൊലിക്കുന്ന

കനത്ത ശബ്‌ദത്തിനു മീതെ

മിന്നാമിനുങ്ങികൾ ചൂട്ട്‌ കത്തിക്കുന്നു.

കനൽ വെളിച്ചത്തിൽ

ആകാശത്ത്‌ തൂങ്ങി കിടക്കുന്ന

മരങ്ങളുടെ കരിഞ്ഞ അസ്ഥികൾക്കു താഴെ;

ചെരിപ്പ്‌ ചവച്ചു തുപ്പിയ

കാലൊച്ചകൾ,

കറുത്ത പുൽവിരിപ്പിൽ

കുടിച്ചുവച്ച ഒഴിഞ്ഞ കുപ്പികൾ,

ചത്തുമലച്ച ഭ്രാന്താലയങ്ങൾപോലെ

അടച്ചുവച്ച പുസ്തകങ്ങൾ…

ഓരോ ചൂട്ട്‌

കുത്തിക്കെടുത്തുമ്പോഴും

ഇരുൾക്കാട്ടിലൂടെ

ഒരേ അഗ്നിച്ചിറകൊച്ച

പാഞ്ഞു പോകുന്നു.

അവയ്‌ക്കു മുന്നിൽ,

തുറന്നു വച്ച പുസ്തകത്തിൽ,

നേർത്തു നേർത്തു വരുന്ന

ചങ്ങലയൊച്ചകൾ….

Generated from archived content: poem1_april9.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here