ചൂണ്ട

ആഴങ്ങളിൽ വച്ച്‌

എന്റെ പേരുകളോരോന്നും

കീറിക്കളഞ്ഞു നീ കാണുക,

ദുഃശ്ശകുന പീഡയിൽ

ഉരുകി വറ്റുന്നൊരെൻ

ദുരന്ത ദിനങ്ങളെ.

ഹൃദയച്ചുളിവിൽ,

കരിഞ്ഞരമ്പുകൾക്കിടെ,

ദുരിതസ്വപ്നത്തിൻ പനിച്ചൂളയിൽ,

തുളവീണ കണ്ണുപൂക്കളിൽ,

വെന്ത നാവിൽ;

പാതിരാ സൗഹൃദങ്ങളിൽ പിറന്ന

നിമിഷബീജങ്ങളായ്‌

നാം എന്നേ പിരിഞ്ഞവരല്ലേ….

മൗനം കഴുത്തിൽ

ചൂണ്ടയിട്ടൊരുക്കുന്ന

വ്യഥിത നിമിഷങ്ങളിൽ

കൂരിരുട്ടിന്റെ ആത്മവനങ്ങളിൽ

മാംസ സൗഹൃദങ്ങളിൽ

നാം പരസ്പരം കൈമാറി പിരിഞ്ഞ

വിശപ്പിന്റെ പാതിരാ വഞ്ചികൾ.

രണ്ടു തീരങ്ങളെ

അനന്തമായ്‌ കെട്ടിപ്പിടിച്ചൊടുങ്ങാൻ

തുടിക്കുന്ന രണ്ടു മൂക നിമിഷങ്ങൾ….

ഏതു നിശ്ശൂന്യമാം

സൗഹൃദത്തിന്റെ

ജലനാഭിയിൽ നമ്മൾതൻ

ചൂണ്ടകൾ കുരുങ്ങുന്നു!

ഒരു മാംസം കുരുക്കി

മറ്റൊരു മാംസത്തിന്‌

വിശക്കുന്നു?

Generated from archived content: poem1-aug25.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here