പ്രണയപൂർവ്വം

കനവിൻ മുകിൽക്കരൾ

ഉരുകും കുന്നിറങ്ങി,

ഇരുളും മുളളുകളും

കരയും കാടുചുറ്റി,

ചോരയും ഉപ്പും കൂടി-

ച്ചുഴറിയൊഴുകുന്നു….

ഇരുളും മാറാലയും

മൂടുമെൻ ഹൃദയത്തിൽ

നീ നട്ട വെളിച്ചവും

പൂക്കളും മുളളുകളും

ഏതൊരു മഴക്കാല-

ത്തൊഴുക്കിക്കളഞ്ഞു നാം…?

ഒഴുകിയൊഴുകിയൊ-

രിത്തിരിക്കണ്ണീർച്ചാലായ്‌,

കരഞ്ഞു കൺകൾ വറ്റി-

യൊഴുകും മൺൽച്ചാലായ്‌;

കടൽച്ചിരികൾ കാണാ-

തുരുകി വറ്റും പുഴ…!

കിതച്ചു തല തല്ലി-

ച്ചിരിക്കും കരൾത്തീരം,

നിനവും നിറങ്ങളും-

നിറഞ്ഞ നിഗൂഢത,

കരളിൽ കടിഞ്ഞാണു

പൊട്ടുന്ന അസ്വസ്തത;

പ്രണയംപോലെ കണ്ണിൽ

നിശ്ശബ്‌ദം കടൽദാഹം…

അറിഞ്ഞിരുന്നോ നമ്മൾ-

ക്കിടയിൽ നിശ്ശബ്‌ദമായ്‌

ആരുമറിയാതൊരു

പുഴയൊഴുകിയെന്ന്‌…!!

Generated from archived content: poem-april6.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here