വെളുത്ത പുഞ്ചിരിയും
നനുത്ത മുലകളുമുള്ള പെണ്‍കുട്ടി
ഒരു നാള്‍ പുസ്തകസഞ്ചിയോടെ
പെരുവഴിയില്‍ അപ്രത്യക്ഷമായ്
ചതിയുടെ പൊന്തന്‍ മാടങ്ങളിലൊന്നില്‍
ക്ലോറോഫോമിന്റെ ഗന്ധം ശ്വസിച്ച്
അവള്‍ മയങ്ങി
വേദനയുടെ സീല്‍ക്കാരങ്ങള്‍
ആരും പുറത്ത് കേട്ടില്ല
ഞരമ്പുരോഗിയുടെ തളര്‍ച്ചക്കൊടുവില്‍
എപ്പോഴൊ മോചിപ്പിക്കപ്പെട്ടപ്പോള്‍
ആഴ്ന്നിറങ്ങിയതിന്റെ വേദന സഹിച്ചും
കട്ടപ്പിടിച്ച ചോരപ്പൂക്കളുടെ ഗന്ധം ശ്വസിച്ചും
അവള്‍ ഉണര്‍ന്നു
ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കി
മുഖം നഷ്ടപ്പെട്ടതറിഞ്ഞ് തളര്‍ന്ന്
അവള്‍ പിന്നെയും നിദ്ര തുടര്‍ന്നു
ഒരിക്കലും ഉണരാതെ
ചതിയുടെ കാവല്‍ക്കാര്‍ പിന്നെയും
ഇളം ചോര മണത്തു നടന്നു
പിന്നെയും……
നനുത്ത മുലകളും, വെളുത്ത പുഞ്ചിരിയുമുള്ള
പെണ്‍കുട്ടികളേ………
നിങ്ങളും……?
(നാലുമണിപ്പൂക്കള്‍ വിരിയാഞ്ഞതോര്‍ത്ത്
വേവലാതിപ്പെട്ട്, മനം നൊന്ത്
അമ്മമാരിപ്പോഴും കാത്തിരിക്കുകയാണ്…..!)
Generated from archived content: poem1_sep17_11.html Author: vinod_kumar_kk