അധികാര ഭ്രഷ്‌ടനായ രാജാവ്
വേഷപ്രച്ഛന്നനായി
തന്റെ രാജ്യം
സന്ദർശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു
ഭിന്നിച്ചു പോയ ഒരു ദ്വീപ്
മാതൃഖണ്ഡത്തോട് മുഖാമുഖം.
ഇടയിൽ കടൽ നീല
തിരയിൽ തീരാവ്യഥ
കൺകളിൽ ഭയത്തിന്റെ ഫണം,
കാതിൽ
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന് ഈയ്യക്കൂട്ട്
ചുറ്റിനിൽക്കുന്നൂ
കണങ്കാലിലായ് വെള്ളിക്കെട്ടന്;
പിറന്നാൾ സമ്മാനം നീ-
അഴിച്ചോരടയാളം…
മുറിവാണല്ലോ
വിജയത്തിന്റെ
കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കൾ
ഉടുപ്പിൽ പുഷ്‌പ്പിക്കുന്നു
ഉദരം ഉദാരമായ് സ്‌പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്
ഉടയോൻ
അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്‌ക്കൂ പണ്ടേപ്പോലെ
നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്‌തമിക്കുന്നു.
Generated from archived content: poem2_aug9_10.html Author: vinod_kooveri