കണ്ണന്‍

മൂന്നു വശവും നിറഞ്ഞൊഴുകുന്ന പുഴ, ഗ്രാമം മുഴുവന്‍ നെല്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും, ഒരു ഭാഗം കാവല്‍ക്കാരനെ പോലെ ചെറിയൊരു മലയും – ഗ്രാമ മധ്യത്തില്‍ എല്ലാവരുടെയും ശരണമായ ദേവി ക്ഷേത്രം – അതാണ്‌ പട്ടുവം ഗ്രാമം.

നേരം പുലരുന്നതെ ഉള്ളൂ. തൊട്ടടുത്ത്‌ ഗ്ലാസ്സിന്റെ ശബ്ദം കേള്‍ക്കാം. ഗോപാലേട്ടന്‍ ചായക്കട തുറന്നെന്ന് തോന്നുന്നു. കോഴി കൂവുന്നതിനുമുന്പേ ഗോപാലേട്ടന്‍ കട തുറക്കും. കട തുറന്നു സമോവറിനു തീയിടുംപോഴേക്കും കുഞ്ഞമ്പു വേട്ടനും, ബാലേട്ടനും ഹാജര്‍ . അതാണ്‌ പതിവ്. ആദ്യത്തെ ചായയുടെ അവകാശികളാണവര്‍ . ബാലേട്ടന്‍ പറയും – വീട്ടില്‍ നൂറു ചായ കുടിച്ചിട്ടെന്തു കാര്യം ? ഗോപാലെന്റെ ഒരു ചായ മതി! കുഞ്ഞമ്പു വേട്ടന്‍ ചെത്ത്‌ തൊഴിലാളിയാണ്, ബാലേട്ടന്‍ കൂലിപ്പണിക്കാരനും. ഈ ചായ കുടിച്ചിട്ട് വേണം അവര്‍ക്ക് ജോലിക്ക് പോകാന്‍ .

ഇതാ ചായ റെഡി… ഗോപാലേട്ടന്‍ ചായയുമായി എത്തി. ഇന്നെന്താ ഗോപാലാ അപ്പം എത്തിയില്ലേ ? പാത്തുമ്മ എവിടെ പോയി ? ബാലേട്ടന്‍ പതിവ് നെയ്യപ്പം കാണാത്തതിനാല്‍ ചോദിച്ചു.

അതിങ്ങിപ്പോള്‍ എത്തും, നിങ്ങ ചായ കുടിക്കു, ഗോപാലേട്ടന്‍ സമാധാനപ്പെടുത്തി.

അങ്ങനെ കൊച്ചു പരിഭവവും കളി പറച്ചിലുമായി പട്ടുവം ഉണരുകയായി. കിഴക്ക് കുന്നിന്റെ മുകളിലൂടെ സൂര്യ കിരണം വീശി തുടങ്ങി.

അല്ല ഗോപാല, നമ്മുടെ കണ്ണന് എന്ത് പറ്റി ? ഓന്റെ വല്ല വിവരവും ഉണ്ടോ ? ബാലേട്ടന്‍ ചോദിച്ചു.

എന്ത് പറയാനാ…. രണ്ടു ദിവസം ആയില്ലേ… അവനെ കാണാതായിട്ട്… ഓന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റെന്നാള്‍ പോയതല്ലേ ? ……… ഓന്റെ ഒരു വിധി !

കണ്ണന്‍ ! അതാണവന്റെ പേര്. ചിലര്‍ പറയും – കണ്ണനോ ? അവന്‍ തെമ്മാടിയാ… കുടിയന്‍ … നാട്ടുകാര്‍ക്ക് സമാധാനത്തോടെ വഴി നടക്കാന്‍ പറ്റില്ല.

എന്നാല്‍ മറ്റു ചിലര്‍ പറയും … കുറച്ചു മുന്‍ കോപം ഉണ്ടെന്നല്ലാതെ അവനെന്താ കുഴപ്പം? ഇപ്പറയുന്നവരൊന്നും കള്ള് കുടിക്കാറില്ലേ ? അന്യായം എവിടെ കണ്ടാലും അവന്‍ ഇടപെടും. അതാണോ അവന്റെ കുറ്റം ? ഈ ജന്മത്തില്‍ അവന്‍ സഹിച്ചത് പോലെ വേറെ ആരാ സഹിച്ചത് ?

അങ്ങനെ കണ്ണനെ ഇഷ്ടപെടുന്നവരും ഇല്ലാത്തവരും ഈ നാട്ടിലുണ്ട്. പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കണ്ണനെ അവന്റെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ആറ്റു നോറ്റുണ്ടായ കുഞ്ഞാണ്, അവനെന്റെ കണ്ണിലുണ്ണിയാണ്.

കണ്ണന്‍ പഠിക്കുന്ന കാലത്ത് … നല്ല വണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. ഈ ഗ്രാമത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്‌ പാസ്സായ വേറാരുണ്ട് ? എല്ലാം അവന്റെ തലവിധി! അവനു ആറു വയസ്സുള്ളപ്പോള്‍ അവന്റെ അച്ഛന്‍ നാട് വിട്ടു പോയി. അത് കഴിഞ്ഞു അമ്മിണിയമ്മ ഒത്തിരി കഷ്ടപെട്ടാണ് പത്തു വരെയെങ്കിലും അവനെ പഠിപ്പിച്ചത്. കോളേജില്‍ വിടണമെന്ന് അമ്മിണിയമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. സാധിച്ചില്ല. അമ്മയെ ഇങ്ങനെയിട്ടു കഷ്ടപ്പെടുതാന്‍ അവനും ആഗ്രഹം ഇല്ലായിരുന്നു. അങ്ങനെയാണ് കുലത്തൊഴിലായ ചെത്ത്‌ തുടങ്ങാന്‍ കണ്ണന്‍ തീരുമാനിച്ചത് . കള്ള് ചെത്തി അവന്‍ അങ്ങനെ ജീവിതം മുന്നോട്ടു നീക്കി. കള്ള് ചെത്തലാണ് തൊഴിലെങ്കിലും അവന്‍ കള്ള് കുടിക്കാറില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ചെറിയ പ്രേമം മുള പൊട്ടിയത്. വീട്ടിനടുത്തുള്ള കുഞ്ഞപ്പ ചേട്ടന്റെ മകള്‍ കമലയോട്. അന്നവള്‍ പ്രീ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. പ്രേമം മൂത്ത് കലശലായി. കുഞ്ഞപ്പ ചേട്ടനും എതിര്‍പ്പൊന്നും ഇല്ലായിരുന്നു. അമ്മിണിയമ്മയ്ക്കും സന്തോഷമായി. എങ്ങനെയെങ്കിലും അവന്‍ ഒന്ന് കല്യാണം കഴിച്ചു കണ്ടാല്‍ മതി.

പക്ഷെ എല്ലാം മാറി മറയാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല. അതിനിടെ കമലയ്ക്കു നല്ലൊരു ആലോചന വന്നു. അയല്‍ നാട്ടിലുള്ള ഒരു ദുബായിക്കാരന്‍ ! പെണ്ണിന്റെ മനസ്സു മാറാന്‍ വേറെന്തു വേണം. അവള്‍ മറു കണ്ടം ചാടി. ദുബായിക്കാരനെയും കെട്ടി അവള്‍ യാത്രയായി.

കണ്ണന്റെ ജീവിതത്തിലെ രണ്ടാമത്തെ ഷോക്കായിരുന്നു അത്.

ജീവിതം താറു മറിക്കാന്‍ വേറെന്തു വേണം! ഇല്ലാത്ത ശീലങ്ങള്‍ എല്ലാം കണ്ണന്‍ ശീലിച്ചു തുടങ്ങി. തകര്‍ന്ന മനസ്സ് മായി നില്‍ക്കുന്ന അവനോടു അമ്മിണിയമ്മ എന്ത് പറയാന്‍ ! വരുന്നത് വരുന്നിടത്ത് വെച്ച് കാണുക തന്നെ.

കണ്ണന് എല്ലാത്തിനോടും ഒരു വെറുപ്പ്‌ ആണ് ഇപ്പോള്‍ . കള്ള് കുടിയും ശീട്ട് കളിയും ഒഴിഞ്ഞു നേരമില്ല. രാത്രി ആയാലും വീട്ടിലെത്തില്ല. സ്ത്രീയാണ് പുരുഷന്റെ ശക്തി എന്ന് പറയുന്നത് എത്ര ശരി. ഒരാളെ നന്നാക്കുവാനും മോശമാക്കാനും സ്ത്രീക്ക് ഒരു നിമിഷം മതി.

കമല പോയിട്ട് വര്‍ഷം നാല് കഴിഞ്ഞു. അമ്മിണിയമ്മ വേറൊരു കല്യാണത്തിന് കണ്ണനെ നിര്‍ബന്ധിച്ചു മടുത്തു. ജീവിതമേ മടുത്ത കണ്ണന്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ആദ്യം അച്ഛന്‍ , ഇപ്പോള്‍ സ്നേഹിച്ച പെണ്ണ് ! എല്ലാം കണ്ണന് നഷ്ടപെട്ടു. വിധികള്‍ ഏറ്റു വാങ്ങാന്‍ കണ്ണന്റെ ജീവിതം പിന്നെയും ബാക്കി .

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മിണിയമ്മയും യാത്രയായി. ആകെ യുണ്ടായിരുന്ന തുണയും പോയി.

കണ്ണന്‍ ഇപ്പോള്‍ പണ്ടത്തെ ആളല്ല. എല്ലാം നഷ്ടപെട്ട അവന്‍ ഒരു ചെറുഗുണ്ടയായി മാറി. അവനോടു നേര്‍ക്ക്‌ നേര്‍ക്ക്‌ നില്ക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്.

രാമേട്ടന്‍ – കണ്ണന്റെ അകന്ന ഒരു ബന്ധു – പുള്ളിക്കാരനെ മാത്രമേ അവനു പേടിയുള്ളൂ. അവനോടു നേര്‍ക്ക്‌ നേര്‍ക്ക്‌ നിന്ന് ചോദിക്കാന്‍ പുള്ളിക്ക് മാത്രമേ ധൈര്യം ഉള്ളൂ .

രാമേട്ടനെ കണ്ണന് ചെറുപ്പം മുതല്‍ ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഒരു പുത്തന്‍ ഉടുപ്പ് വേണമെങ്കില്‍ രാമേട്ടന്‍ വേണം. ആ നന്ദി ഇന്നും കണ്ണനുണ്ട്‌, അത് കൊണ്ട് രാമേട്ടന്റെ മുന്‍പില്‍ വെറുമൊരു പൂച്ചയാണ് കണ്ണന്‍ . കാണുമ്പോഴൊക്കെ അവനെ കൊണ്ട് കല്യാണം കഴിക്കാന്‍ രാമേട്ടന്‍ നിര്‍ബന്ധിപ്പിക്കും. ഒടുവില്‍ ഫലം കണ്ടു. അടുത്ത ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി അങ്ങനെ കണ്ണന്റെ കല്യാണം ഉറപ്പിച്ചു.

പക്ഷെ വിധി കണ്ണന്റെ കൂടെ ഇത്തവണ ഉണ്ടാകുമോ ? പഴയ കണ്ണനെ വീണ്ടും കാണാന്‍ പറ്റുമോ ? കണ്ണനെ സ്നേഹിക്കുന്നവര്‍ ആശങ്ക പെട്ടു.

കല്യാണം തകൃതിയായി നടന്നു . ഒന്നിനും ഒരു കുറവും വരുത്തിയില്ല. സല്ക്കാരക്കാര്‍ എല്ലാവരും പോയി. നേരം അന്ധിയായി. ശുഭ പ്രതീക്ഷകളുമായി സുഹൃത്തു ക്കളും യാത്രയായി.

നേരം രാത്രിയായി .. ഗ്രാമത്തില്‍ വിളക്കുകള്‍ എല്ലാം അണഞ്ഞു തുടങ്ങി. ശുഭാപ്തി വിശ്വാസത്തോടെ കണ്ണന്‍ മണിയറയിലേക്ക് പോയി.

നേരം പര പരാന്നു വെളുത്തു. ചായക്കടയില്‍ അന്ന് സംസാര വിഷയം അതായിരുന്നു – കണ്ണന്റെ ഭാര്യ, കാമുകന്റെ കൂടെ ഒളിച്ചോടി –

വിധി കണ്ണനെ വേട്ടയാടുകയാണ്. പെണ്ണിന് ഇഷ്ടമില്ലാത്ത കല്യാണം വീട്ടുകാര്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതാണ്‌ പോലും!

അന്ന് രാവിലെ കാണാതായതാണ് കണ്ണനെ! ഇന്നിപ്പോള്‍ രണ്ടു ദിവസം ആയി. കണ്ണന്‍ എവിടെ ? എന്ത് പറ്റി കണ്ണന് ?

ഗ്രാമ വാസികള്‍ വ്യാകുലരായി.

അപ്പോഴാണ്‌ പത്രക്കാരന്‍ ചന്ദ്രന്‍ എത്തിയത്. നിങ്ങളറിഞ്ഞോ ?

എന്താ ? എന്താ ? എല്ലാവരും ഒരേസ്വരത്തില്‍ ചോദിച്ചു.

കണ്ണന്‍ …

കണ്ണന്‍ ! കണ്ണന് എന്ത് പറ്റി ?

കണ്ണന്‍ പോയി ചേട്ടാ…. കണ്ണന്‍ പോയി… നമ്മളെ എല്ലെവരെയും വിട്ടു കണ്ണന്‍ പോയി. അവിടെ കുന്നിന്‍ മുകളില്‍ ഒരു മുളം കയറില്‍ അവന്‍ തന്റെ ജീവിതം കുരുക്കി!

ചായക്കട മൂകമായി. എല്ലാവരും എന്ത് പറയും എന്നറിയാതെ … ദുഃഖത്താല്‍ തല കുനിച്ചു!

കണ്ണന്‍ ! അവന്റെ ജീവിതം അര്‍ത്ഥമില്ലാത്ത വരികള്‍ പോലെ ഒഴുകി പോയി.

ശുഭം.

വിനോദ് പട്ടുവം

Generated from archived content: story1_sep15_12.html Author: vinod_chirayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here