കഥ തുടരുന്നു

ഗള്‍ഫിലെ ഒരു താമസ മുറി. നാല് പേര്‍ ആണിവിടെ താമസിക്കുന്നത്. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ . എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്. ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.

റൂമില്‍ ലൈറ്റ് കാരണം ഉറങ്ങാന്‍ പറ്റാതിരുന്ന മോയ്ദീന്‍ തല പൊക്കി പറഞ്ഞു .

എടാ മാധവാ .. നിനക്ക് ഉറക്കമില്ലേ ? ഇതിപ്പം ഒരു പതിവായല്ലോ ! എന്നും 10-12 മണിവരെ നീ ലൈറ്റ് ഉം ഇട്ടു ഞങ്ങളുടെ ഉറക്കം കെടുത്തുന്നു . ഞങ്ങള്‍ക്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ്.

അതെ , നിനക്കെഴുതണമെങ്കില്‍ ലീവ് എടുത്തു പകല്‍ എഴുതൂ. ബാക്കിയുള്ളവര്‍ കിടന്നുറങ്ങട്ടെ. പിള്ള ഉറക്ക ചടവില്‍ പറഞ്ഞു.

അവന്‍ എഴുതിക്കോട്ടേ , സൈഡിലെ ലൈറ്റ് അല്ലെ ഇട്ടിട്ടുള്ളൂ . കഴിവുല്ലോരാളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? സദാശിവന്‍ മാധവന് പിന്തുണയുമായെത്തി.

ഞങ്ങളിവിടെ വന്നതേ … രണ്ടു കാശു സമ്പാദിക്കാനാ … അല്ലാതെ ഉറക്കമിളിച്ചു സമയം കളയാനല്ല. ഇവനെന്താ …. വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ പോവുകയല്ലേ. ഇത്രയും ശ്രദ്ധ പഠിക്കുന്ന സമയത്ത് കാണിച്ചിരുന്നെങ്കില്‍ ഗള്‍ഫില്‍ വന്നിങ്ങനെ കഷ്ടപെടണമായിരുന്നോ ? പിള്ള പിറു പിറുത്തു .

ഇതൊന്നും ശ്രദ്ധിക്കാതെ മാധവന്‍ എഴുത്തില്‍ മുഴുകിയിരിക്കുകയാണ്. സദാശിവന്‍ മെല്ലെ മാധവന്റെ അടുത്ത് ചെന്ന് ചുമലില്‍ തട്ടി ചോദിച്ചു. എന്താ … വലിയ തിരക്കില്‍ ആണല്ലോ.

മാധവന്‍ മെല്ലെ തിരിഞ്ഞു നോക്കി. സിഗരെട്ടിന്റെ ഒരു പഫ് എടുത്തുകൊണ്ട് പറഞ്ഞു.

ഇല്ല ഒന്നും ശരിയായി വരുന്നില്ല. നമ്മള്‍ അന്ന് പറഞ്ഞ കഥയില്ലേ …. അതിന്റെ തിരക്കിലാ. ഇതെന്തായാലും പബ്ലിഷ് ചെയ്യും . DC ബുക്സുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഥയുടെ ഒരു രൂപം ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍ക്ക് താല്പര്യം ഉണ്ട്.

നന്നായി. ഇവര്‍ക്കൊന്നും കഥ , കവിത എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകില്ല . ഏതായാലും നാളെ നീ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കോ എന്നാല്‍ ഇവന്‍മാരുടെ വായിലുള്ളത് കേള്‍ക്കേണ്ടല്ലോ ? സദാശിവന്‍ മാധവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ആട്ടെ നിന്റെ കഥ എവിടം വരെയായി.

മാധവന്‍ – ശരിയാണ്. നാളെ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കളയാം. കഥ…. അന്ന് ഞാന്‍ പറഞ്ഞില്ലേ…..

മാധവന്‍ മെല്ലെ എഴുനേറ്റു. സിഗരട്ട് കുറ്റി ആഷ് ട്രയിലിട്ടു കൊണ്ട് തുടര്‍ന്നു. തുടക്കം ഇങ്ങിനെയാണ്.

” ഒരു മധ്യ വയസ്കന്‍ – രാഘവന്‍ ഒരു ഉത്സവ പറമ്പില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഒടുവില്‍ അടുത്തുള്ള അരയാല്‍ തറയില്‍ തളര്‍ന്നിരിക്കുന്നു . ഇയാളെ നേരത്തെ ശ്രദ്ധിക്കുകയായിരുന്ന കേശവന്‍ … ഏകദേശം അയാളുടെ അതെ പ്രായത്തിലുള്ള ഒരാള്‍ – അയാളടുത്തു ചെന്ന് കാണുന്നു. അയാളുടെ ദയനീയ സ്ഥിതി കണ്ടു അയാളെയും കൂട്ടി വീട്ടില്‍ പോകുന്നു. കേശവന്റെ മകള്‍ ഊണുമായി വരുന്നു. മകളെ കണ്ടപ്പോള്‍ രാഘവന്റെ കണ്ണ് നിറയുന്നു. കേശവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ അയാളുടെ കഥ പറയുന്നു .

“10 വര്‍ഷം മുന്‍പ് ഞാനും എന്റെ കുടുംബവും ഇവിടെ ഉത്സവത്തിന്‌ വന്നു. അന്നിവിടെ പടക്കത്തിന് തീ പിടിച്ചു – നിങ്ങള്‍ക്ക് ഓര്‍മ കാണും – 100 കണക്കിന് ആള്‍ക്കാര്‍ മരിച്ചു .. എന്റെ ഭാര്യയും…. തിക്കിലും തിരക്കിലും പെട്ട് എന്റെ 6 വയസ്സ് പ്രായമായ മകളെ കാണാതായി !

ഇത് കേട്ടപ്പോള്‍ കേശവന്റെ മുഖം പെട്ടെന്ന് വാടി . എന്തോ ഒരു ഉള്‍ഭയം അയാള്‍ക്ക്‌ തോന്നി . അയാള്‍ കഥ തുടര്‍ന്നു….

കഴിഞ്ഞ പത്തു വര്‍ഷമായ് ഞാന്‍ ഈ ഉത്സവപ്പറമ്പില്‍ എന്റെ മകളെ തേടുകയാണ്.

സദാശിവന്‍ ഇടയ്ക്കു പറയുന്നു. interesting !… എന്നിട്ട്.

കേശവന്‍ ഞെട്ടാന്‍ കാരണമുണ്ട്. ഉത്സവപ്പറമ്പില്‍ 10 വര്‍ഷം മുമ്പ് കാണാതായ കുട്ടിയാണ് അയാള്‍ വളര്‍ത്തുന്നത്… സ്വന്തം മകളായി …. രാഘവന്‍ ഇതറിഞ്ഞാല്‍ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരും. താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന കുട്ടിയെ വിട്ടു കൊടുക്കാന്‍ കേശവന് താല്‍പ്പര്യം ഇല്ല.

മാധവന്‍ ഇടയ്ക്കു നിര്‍ത്തി , സദാശിവനെ നോക്കി.

സദാശിവന്‍ ചോദിച്ചു … എന്നിട്ട് എന്തായി. കുട്ടിയെ അയാള്‍ക്ക്‌ തിരിച്ചു കൊടുത്തോ … അതോ ?

മാധവന്‍ തുടര്‍ന്നു … ഒന്നും തീരുമാനിചിട്ടില്ല. ആ കുട്ടിക്ക് ആരുടെ കൂടെ പോകാനാനിഷ്ടം എന്നതാണ് പ്രധാനം .. ഞാന്‍ ആകെ കണ്‍ഫ്യൂഷനില്‍ ആണ്. പറയാം ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല.

ശരി… ഞാന്‍ പോയി കിടക്കട്ടെ… നീ തല പുകയൂ. ഗുഡ് നൈറ്റ്‌ . സദാശിവന്‍ ഉറങ്ങാന്‍ പോയി.

മാധവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി വീണ്ടും എഴുത്തിലേക്ക് മടങ്ങി . എല്ലാവരും ഉറങ്ങുന്നു.

രാത്രി മാറി മാറി വരുന്നു. മാധവന്‍ ടേബിള്‍ ലാമ്പ് കൊണ്ട് വരുന്നു. എല്ലാവരും സന്തോഷിക്കുന്നു. മാധവന്‍ എഴുതുന്നു. ദിവസം മാറി മറിയുന്നു.

ദിവസങ്ങള്‍ മാസങ്ങളായി …. മാധവന്‍ കഥ പൂര്‍ത്തിയാക്കി. തപാലില്‍ കഥ പോസ്റ്റ്‌ ചെയ്തു. അയാള്‍ ദിവസങ്ങള്‍ എണ്ണി കഴിഞ്ഞു. എന്നും താപാല് കാരനേയും കാത്തു. ദിവസങ്ങള്‍ വീണ്ടും പിന്നിട്ടു.

ഒടുവില്‍ ആ ദിവസം വന്നെത്തി കൊറിയര്‍കാരന്‍ വന്നു …. മാധവന്‍ കൊറിയര്‍ ഒപ്പിട്ടു വാങ്ങിക്കുന്നു. കൊറിയര്‍ പൊളിച്ചപ്പോള്‍ അയാള്‍ സന്തോഷം കൊണ്ട് തുള്ളി . എടാ സദാ … അവന്‍ ഉച്ചത്തില്‍ അലറി . എടാ നീ കണ്ടോ എന്റെ കഥ പുസ്തക മായി പ്രസിദ്ധീകരിചിരിക്കുന്നു . ഇതാ കോപ്പി കൂടെ 20000 രൂപയുടെ ഒരു ചെക്കും… കോപ്പി റൈറ്റിന്റെ …

ഓ ഇതാ ഇപ്പോള്‍ വലിയ കാര്യം. 20000 രൂപയുക്ക് വേണ്ടിയാ ഈ പുകിലൊക്കെ കാണിച്ചത്. മൊയ്ദീന്‍ വിട്ടു കൊടുത്തില്ല .

അതിനു ഇത് വെറും അഡ്വാന്‍സ്‌ ആണ്. ഇനി പുസ്തകം വില്‍ക്കുന്നതിനനുസരിച്ചു ഇനിയും കാശ് വരും. ഓരോ ബുക്കിനും 40% എഴുത്ത് കാരനാണ്. പിന്നെ എല്ലാം കാശ് മത്രമല്ലല്ലോ. മാധവന്‍ വിവരിച്ചു

congrats ! മാധവന്‍ . നീ ഇനിയും ഉയരങ്ങളിക്ക് ഉയരും. DC ബുക്സ് പബ്ലിഷ് ചെയ്യാന്‍ തിരഞ്ഞെടുക്കുക എന്നത് തന്നെ വലിയ കാര്യം ആണ്. നിന്റെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടും. നോക്കട്ടെ ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ. …

ആട്ടെ ഒടുവില്‍ എന്ത് തീരു മാനിച്ചു. കുട്ടി ആരുടെ കൂടെ പോയി ? സദാശിവന്‍ പറയുന്നു.

മാധവന്‍ …. തീരു മാനമെടുക്കാന്‍ ഞാന്‍ ഒരു പാട് ബുദ്ധി മുട്ടി. ഇതിനൊരു പരിഹാരം, ആ മൂന്നില്‍ ഒരാള്‍ മരിക്കണം .. വേറെ നിവൃത്തിയില്ല…..

സദാ – എന്നിട്ട് നീ ആരെ കൊന്നു… ?

മാധവന്‍ – 10 വര്ഷം മുന്‍പ് മകള്‍ നഷ്ടപെട്ട രാഘവനെ … കാരണം തന്റെ കുഞ്ഞ് അവിടെ സുഖമായി കഴിയുന്നു. തന്നെ ഇത് വരെ ജീവന് തുല്യം സ്നേഹിച്ചയാള്‍ തന്റെ അച്ഛന്‍ അല്ല എന്നറിയുമ്പോള്‍ …. തന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തീ പിടുത്തത്തില്‍ മരിച്ചതാണ് എന്നറിയുമ്പോള്‍ ആ കുട്ടിയുടെ മനസ്സ് വിഷമിക്കും. ഏതച്ഛനെ തിരഞ്ഞെടുക്കും എന്നറിയാതെ ആ കുട്ടിയുടെ നെഞ്ച് പിടക്കും. അതിനാല്‍ അയാള്‍ … ഇതു വരെ മകളെ കിട്ടും എന്ന പ്രതീക്ഷ യോടെ ജീവിച്ച രാഘവന്‍ …. തന്റെ ജീവിതം ഒടുക്കുന്നു…. ആ കുട്ടി അറിയാതെ.

ഇതറിയുന്ന കേശവന്‍ മനം പൊട്ടി കരയുന്നു. കഥ അവിടെ തീരുന്നു.

സദാശിവന്‍ – ഹൃദയ സ്പര്‍ശിയായ കഥ…. എതായാലും ഞാനൊന്ന് വായിക്കട്ടെ. മാധവന്‍ വീണ്ടും എഴുത്ത് പുരയിലേക്ക്‌ …. സദാശിവന്‍ പുസ്തകവുമായി വായനയില്‍ .

നേരം രാത്രിയായി . എല്ലാവരും ഉറങ്ങി. മാധവന്‍ എഴുത്തിലാണ്. മെല്ലെ ഏഴുനേല്‍ക്കുന്നു . സിഗരറ്റിനു തീ കൊളുത്തി വീണ്ടും ആലോചനയുടെ ലോകത്തിലേക്ക് . പുതിയ കഥ യുടെ വേര് തേടി … ചിന്തയുടെ സാഗരത്തില്‍ മുഴുകി.

Generated from archived content: story1_nov17_12.html Author: vinod_chirayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here