ഇടവഴിയിലെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വറീത് മുന്നോട്ടു നടന്നു. അയാൾക്കു പിറകിൽ തെരുവോരത്തെ വിളക്കുകൾ കണ്ണടച്ചുറങ്ങി. ആകാശത്തിൽ ഏതോ സ്വപ്നം കണ്ടുപാതിയടഞ്ഞ കണ്ണുകൾ ചിമ്മി നക്ഷത്രങ്ങൾ താഴോട്ടു നോക്കി, അവർ വറീതിനെ കണ്ട് പുഞ്ചിരിച്ചു. കാൽച്ചുവട്ടിൽ ഉണങ്ങിയ കരിയിലകൾ ഞെരിഞ്ഞ് കരകരാ ശബ്ദമുണ്ടായി. അത്യുന്നതനായ ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്‌ടിച്ചു. പിന്നെ കോളനിയുടെ ഒരു മൂലയിൽ വറീതിനെയും.
വറീത്, ഒരു കുഞ്ഞാടിനെപ്പോലെ നിഷ്‌കളങ്കൻ.
കണ്ണിൽ തറക്കുന്ന ഇരുട്ടിന്റെ കരിമ്പടക്കെട്ട് കൈകൾ കൊണ്ടുവകഞ്ഞുമാറ്റി അയാൾ മുന്നോട്ടു നീങ്ങി. വഴിതെറ്റി പറന്ന കുറേ മിന്നാമിനുങ്ങുകൾ വറീതിനു വെളിച്ചം കാട്ടി. ക്രൂശിതനായി രക്തവും മാംസവും ബലിയായർപ്പിച്ച യേശുവിന്റെ രൂപമുളള കൽക്കുരിശിനു മുകളിൽ മിന്നാമിനുങ്ങുകൾ വട്ടംചുറ്റിപ്പറന്നു. വറീതിനു പിറകിൽ നിശബ്ദതയുടെ വലിയ പുറമ്പോക്ക്. കാലുകൾ വഴിയോരത്തെ ഇരുട്ടിൽ ബന്ധിക്കപ്പെട്ടു. അയാൾക്കു മുന്നിലേക്ക് സെമിത്തേരിയുടെ വലിയ കവാടങ്ങൾ കടന്ന്, വീശിയടിക്കുന്ന കാറ്റിലൂടെ അവൾ വന്നുനിന്നു. സോഫിയ, റാണി, മായ……….?
വിരലുകളിലെ നീണ്ട നഖങ്ങൾ വറീതിന്റെ മുഖത്തമർന്നു. വിടർന്ന വിരലുകൾക്കുളളിൽ കണ്ണുകൾ തുറിച്ചു. കൈകാലുകളിൽ ഞരമ്പു പിടഞ്ഞു. വറ്റിവരണ്ട നാവ് വെളളത്തിനായ് കേണു. പിടുത്തം മുറുകി. പൊട്ടാൻ ത്രസിക്കുന്ന ഞരമ്പുകൾക്കുളളിൽ പിടയുന്ന കൊച്ചു വറീത്………..
‘അമ്മേ’ കയറ്റുകട്ടിലിൽ ചരിഞ്ഞു കിടന്നുറങ്ങിയ വറീത് ഒരലർച്ചയോടെ ചാടിയെണീറ്റു. സൂസന്ന റാന്തലിന്റെ തിരി ഉയർത്തി. ചാലുകീറിയൊഴുകുന്ന വിയർപ്പിൽ മുങ്ങിയ വറീതിന്റെ മുഖം വിറച്ചു. കണ്ണുകൾക്ക് പഴയതിനെക്കാൾ തീക്ഷ്‌ണത. മങ്ങിയ വെട്ടത്തിൽ വറീതിന്റെ ഭാവവ്യത്യാസങ്ങൾ കണ്ട് സൂസന്ന തരിച്ചിരുന്നു.
പല മുഖങ്ങളും പല ഭാവങ്ങളുമായി കണ്ണടച്ചുറങ്ങുന്ന ശവങ്ങൾക്ക് മോർച്ചറിയുടെ മരവിച്ച തണുപ്പിൽ കൂട്ടായിരുന്നതും കത്തിയും ചുറ്റികയും കൊണ്ട് ഉടലാകെ കീറുമ്പോൾ മനസ്സിനെ പതറാതെ പിടിച്ചു നിറുത്തുന്നതും തുടങ്ങി ഒരായിരം കഥകൾ സൂസന്നക്ക് പറഞ്ഞുകൊടുത്ത കൊച്ചുവറീത്.
‘മനുഷേരെക്കാട്ടിലും സ്‌നേഹം മരിച്ചോർക്കുണ്ടെടീ സൂസന്നാമ്മേ’ സൂസന്നക്കു മുൻപിൽ കരുത്തനായ വറീതിന്റെ മുഖം മാഞ്ഞു. ആ ശൂന്യതയിൽ കണ്ണീരണിഞ്ഞ രണ്ടുകണ്ണുകൾ തളർന്നുനിന്നു.
പിറ്റേന്നു ആശുപത്രിയുടെ നീളൻവരാന്തയിൽ കുന്തിച്ചിരുന്ന വറീതിനെക്കണ്ട് അറ്റൻഡർ തോമസുകുട്ടി അത്ഭുതപ്പെട്ടു.
‘മോർച്ചറീല് ഒരുപാടു ജോലിയുണ്ടല്ലോ. ഇന്നലെയാണെങ്കി ഒരാക്സിഡന്റുകേസും വന്നിട്ടുണ്ട്. ഒരു നിമിഷം പോലും വെറുതെയിരിക്കാത്ത ആള്……..എന്താപ്പോ?’
വറീതിന്റെ കണ്ണുകളിൽ തീയായിരുന്നു. കൊടുങ്കാറ്റടിച്ച് ആഞ്ഞാഞ്ഞു പടരുന്ന കാട്ടുതീ. ആ പൊളളലേറ്റ് തോമസുകുട്ടിയുടെ ഉടുപ്പുകരിഞ്ഞു. മുണ്ടുകരിഞ്ഞു. അയാൾ ഒരു വലിയപ്രളയം വരുവാനും ആ പ്രളയത്തിൽ വറീതിന്റെ തീ കെട്ടുപോവാനും മുട്ടിപ്പായി പ്രാർത്ഥിച്ചു.
മോർച്ചറിയുടെ ചെറിയ വാതിലും കടന്ന് അകത്തുകയറിയ ഡോ.രാജഗോപാലിന്റെ തലക്കുമുകളിൽ ഒരു പല്ലി അർത്ഥം വച്ചു ചിലച്ചു. ഡോക്‌ടറുടെ കണ്ണുകൾക്ക് മുന്നിൽ ഒളിക്കാനൊരിടം കിട്ടാതെ ആ പാവം വെളളപൂശിയ ഭിത്തിയിൽ വട്ടം കറങ്ങി.
മേശമേൽ നിരത്തി കിടത്തിയ ശവങ്ങളെ പുതപ്പിച്ച വെളളത്തുണിക്കുളളിൽ ആത്മാക്കൾ നിശബ്ദരായി. കയർ അറപ്പുരമച്ചിലെ വളയത്തിലിട്ട് കഴുത്തിൽ കുരുക്കി ആകാശത്തിന്റെ അതിർത്തികളിലേക്ക് ആത്മാവിനെ പറഞ്ഞയച്ച ഒരിളം പ്രായക്കാരി പെൺകുട്ടിയാണ് ആദ്യത്തെ ആൾ.
ഡോക്ടർക്കു പിറകിൽ നിന്ന വറീതിന് ഉടലാകെ വിറച്ചു അയാൾക്കു ചുറ്റും ഇരുണ്ട ഒരു മനയുടെ അറപ്പുര ഉയർന്നു വന്നു. നീണ്ടു കനം കൂടിയ ഒരു കയർ മുകളിൽ തൂങ്ങിയാടി. അതിനും താഴെ വെളളിക്കൊലുസിട്ട രണ്ടു പാദങ്ങൾ. പാദങ്ങൾക്കു നീളം വച്ചു. അതു തറയോളം തൊട്ടു. പിന്നെ നിവർന്നു നിന്നു. കണ്ണുകൾ തുറിച്ച്, ചുണ്ടുകൾ കോടി വികൃതമായ മുഖം വറീതിനുനേരെ……… വിരലുകളിലെ നീണ്ട നഖങ്ങൾക്കുളളിൽ ഒരു കടലോളം പോന്ന ചോരയുടെ ദാഹം………
കൈയിലിരുന്ന കോടാലികൊണ്ട് വറീത് ആഞ്ഞുവെട്ടി. കയർ വെട്ടേറ്റു താഴെ വീണു. നീണ്ടവിരലുകൾ കോടാലിയുടെ മൂർച്ചയിൽ അറ്റുപിടയ്‌ക്കുന്നു.
ബോധം വീഴുമ്പോൾ അയാൾക്കു മുകളിൽ കറങ്ങുന്ന സീലിംഗ് ഫാൻ. കൈത്തണ്ടയിൽ കുത്തിയ സൂചിയിലൂടെ, ഞരമ്പുകളിൽ വേദനയുടെ സുഖം പടർത്തി ഇറ്റുവീഴുന്ന ചോരത്തുളളികൾ. അടുത്ത് കണ്ണീരണിഞ്ഞ മുഖം കൈകളിൽ ചേർത്ത് കുനിഞ്ഞിരിക്കുന്ന സൂസന്ന. ജനലിലൂടെ ഇടനാഴിയിൽ കണ്ണുംനട്ടുനിൽക്കുന്ന തോമസുകുട്ടി.
കറങ്ങുന്ന ഫാനിനൊപ്പം വറീതിനു ചുറ്റും സകലതും വട്ടം കറങ്ങി. മേശയിൽ കിടത്തിയ രണ്ടാമത്തെ മൃതദേഹം…….
റോഡാക്സിഡന്റിൽ അവയവങ്ങൾ കൂട്ടിയോജിപ്പിക്കാനാവാതെ ചിതറിത്തെറിച്ച വൃദ്ധൻ. അയാൾക്കു മുകളിൽ മരിക്കാതെ ചുറ്റിക്കറങ്ങിയ ആത്മാവ് വറീതിന്റെ കാതിൽ പറഞ്ഞു. ‘പെൺമക്കള് നാലാ. മൂത്തമോളുടെ കല്ല്യാണത്തിന് മൊതലാളി നല്‌കാമെന്നേറ്റ പണം വാങ്ങാൻ പോയതാ.’
ആത്മാവിന്റെ പതംപറച്ചിലിനും വറീതിന്റെ നിസ്സഹായതക്കും മുൻപിൽ കെട്ടാൻ വിധിയില്ലാത്ത ഒരു മംഗല്യസൂത്രം അടർന്നുവീണു.
തൊട്ടപ്പുറത്ത് സംശയരോഗിയായ ഭർത്താവിന്റെ കൈകൊണ്ടു മരിക്കാൻ വിധിക്കപ്പെട്ട ഒരു യുവതിയുടെ ജഡമാണ്. അവളുടെ പിഞ്ചുകുഞ്ഞ് അമ്മയുടെ മാറിൽ പറ്റിച്ചേർന്ന് നിലവിളിച്ചു. പാൽമണം മാറാത്ത ചുണ്ടുകളും, കുരുന്നുതൊണ്ടയും പാൽ ചുരത്താൻ മടിക്കുന്ന മാറിടത്തിൽ മുഖമമർത്തി. ചുണ്ടുകളിൽ ചോര കിനിഞ്ഞു. കുരുന്നു കൈകളിൽ പടർന്ന ചോര ഒരു പുഴയായൊഴുകി. ആ പുഴയിൽ വറീതിനു കാലിടറി. ചോരയുടെ അഗാധഗർത്തങ്ങളിൽ കരയുന്ന കുഞ്ഞുങ്ങളും പിടയുന്ന ജീവനും തളരുന്ന വാക്കുകളും ആർത്തനാദങ്ങളും ചുഴിയായി. വറീതിനു ശ്വാസംമുട്ടി. അയാൾക്കു മുന്നിൽ ആകാശവും
ഭൂമിയും വായുവിനെ ഒരു ഗോളമാക്കി ചുരുട്ടി പുറത്തേക്കെറിഞ്ഞു. വറീതിന്റെ മൂക്ക് ജീവശ്വാസത്തെ തിരഞ്ഞു. കണ്ണുകൾ തുറിച്ചു.
രക്തം നിറച്ച കുപ്പി തറയിൽ വീണു പൊട്ടിച്ചിതറി, ട്യൂബുകൾ സ്‌റ്റാന്റിൽ അനാഥമായി തൂങ്ങിയാടി. മുറിക്കുളളിലെ കാറ്റും ഡെറ്റോൾ മണക്കുന്ന വായുവും സൂസന്നക്കും തോമസുകുട്ടിക്കുമൊപ്പം വറീതിനു പിറകെ കുതിക്കാൻ വെമ്പൽ കൊണ്ടു. വറീതിന്റെ കാലുകൾക്ക് വേഗം കൂടുതലായിരുന്നു. അയാൾക്കു പിറകിൽ കാലുകൾ നീട്ടിവലിച്ച്, അറ്റുപോയ ശരീരഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ ബദ്ധപ്പെട്ട്, മാറിൽ അളളിപ്പിടിക്കുന്ന കുഞ്ഞികൈകൾ പറിച്ചെറിഞ്ഞ് ഒരുപാടാത്മാക്കൾ അലറി വിളിച്ചു. വറീതിന്റെ കണ്ണുകൾക്കു മുൻപിൽ നീണ്ടു വളഞ്ഞ നഖങ്ങളിൽ കുരുങ്ങി ഒരുപാടാത്മാക്കളും സ്വപ്നങ്ങളും പിടഞ്ഞു.
കാരിരുമ്പിന്റെ കമ്പിയഴികളിൽ മുഖമമർത്തി സൂസന്ന നിന്നു. അവളുടെ കണ്ണുകളിൽ ഒരു മഴ പെയ്യാൻ തുടങ്ങി, നെഞ്ചിൽ കടലിരമ്പി. തറയിൽ ചങ്ങലപ്പൂട്ടിനുളളിൽ ശോഷിച്ച ശരീരവും ആത്മാവും ബന്ധിക്കപ്പെട്ട് ചുരുണ്ടുകിടന്ന വറീതിനും സൂസന്നക്കുമിടയിൽ ആ കടൽ ആകാശത്തോളം ഉയർന്നു നിന്നു.
Generated from archived content: maranam-kaval.html Author: vineetha-chandran
Click this button or press Ctrl+G to toggle between Malayalam and English