അർപ്പണം

നൊമ്പരങ്ങൾ തുളുമ്പുന്ന ഹൃത്തിൽ

നിന്നോരുറുള ചോറിലൽപ്പം

എള്ളും തുളസിയും ചന്ദനവും

ചേർത്തെന്റെ പിതൃക്കൾക്കൂട്ടി

അവർ—- എന്നെ ഒക്കത്തെടുത്തവർ

താരാട്ടു പാടി ഉറക്കിയോർ

നറുവെണ്ണകൂട്ടിയുരുട്ടി

അമ്പിളിമാമനെ ചൂണ്ടിക്കാണിച്ചിട്ടു

ഉണ്ണിവയർ നിറയെ മാമുവൂട്ടിയോർ

അവരുടെ മുതുകിൽ ഞാൻ ആനകളിച്ചതും

അവരുടെ കയ്യിൽ ഞാൻ നീന്താൻ പഠിച്ചതും

അവരുടെ തോളിൽ ഞാൻ കാവിൽപ്പോയതും

ഇന്നെൻ ഹൃത്തിൽ നൊമ്പരമായൊഴുകുന്നു

എൻ മനസിൽ സ്‌നേഹത്തിന്നമൃതം നിറച്ചവർ

അവർ —- എൻ സംസ്‌കാരമെന്നിലൂട്ടിയുറപ്പിച്ചോർ

കാലം കുത്തിയും കോറിയും വരച്ചിട്ട ചിത്രം മായുന്നപോൽ

ദൂരെയെങ്ങോ ഞാനറിയാത്ത ദിശയിലൂടെയാത്രയായ്‌

അവരെൻ പിതൃക്കൾ വായിൽ

വെള്ളക്കരണ്ടിയുമായ്‌പ്പിറന്നവർ

ഉണ്ണുവാനവർക്കുണ്ടായിരുന്നോട്ടു പാത്രങ്ങൾ

എങ്കിലും ഇന്നു ഞാനവർക്കൂട്ടുന്നു

ഈ മണൽത്തിട്ടയിലൊരു നാക്കിലത്തുമ്പിൽ

പാണനേം പുലയനേം ചെറുമനേം

തീണ്ടാപ്പാടകലെ കൈക്കൂപ്പിനിറുത്തിയോർ

ഇന്നീ മണൽത്തിട്ടയിലായിരങ്ങളർപ്പിച്ച-

ബലിച്ചോറിൽ ചികയും കാകനായ്‌ വന്നിതായെൻ

നാക്കിലയിൽ നിന്നും ബലിച്ചോറേറ്റുവാങ്ങുന്നു

അവർക്കുണ്ട്‌ ഞാൻ എളളും തുളസിയും ചന്ദനവും

ച്ചേർത്തൂട്ടുവാൻ പക്ഷെഅങ്ങ്‌

ഹിമവാന്റെ മടിത്തട്ടിലെൻ ഭാരതമാതാവിൻ ശാന്തിക്കായ്‌

പിടഞ്ഞു വീഴും ധീരരെ —- നിങ്ങൾക്കൊ?

അതിനാൽ സമർപ്പിച്ചിടട്ടെ ഞാൻ കൃതാർത്തനായ്‌

ഈ ഒരുരുളച്ചോറിന്റെ നാടിനു വേണ്ടി

ജീവനർപ്പിച്ച ധീരജവാൻമാരെ നിങ്ങൾക്കായ്‌—

Generated from archived content: poem1_may21_11.html Author: vineeth_p_sethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English