(ലേഖകൻ ഒരു പ്രവാസിയല്ല. ഒരു മേടമാസ പ്രവാസ ജീവിതാനുഭവത്തിൽ നിന്നെഴുതിയത്.)
“ഓർമ്മകളാം വർഷകാലം, ഗൃഹാതുരം
സായന്തനം നിറകണ്ണിൽ, നിന്നെച്ചൊല്ലി
നോവുന്നു നെഞ്ചിൽ വീണ്ടും മുറിപ്പാടുകൾ”
-വിജയലക്ഷ്‌മി
നീറുകയാണ്, എന്റെ ഉള്ള് നിറയെ, ഒരു മഹാതീർത്ഥാടനം പോലെ ഈ ജീവിതം എന്തെന്നില്ലാത്ത, എവിടേക്കെന്നില്ലാത്ത ഒരു യാത്രയാവുകയാണ്, ദേശകാലത്തിന്റെ അതിർ വരമ്പുകൾ താണ്ടിക്കൊണ്ട്. അതിൽ എനിക്ക് നഷ്‌ടമാകുന്നതെന്തെന്ന് ഞാനറിയുന്നു. മണ്ണിന്റെ ചൂരും ഇളംകാറ്റിന്റെ കുളിരും വിട്ട് അതിജീവനത്തിനു വേണ്ടി ഈ മറ്റുനഗരത്തിൽ മല്ലിട്ട് ജീവിക്കുന്ന ദിനരാത്രങ്ങൾ ദൈവം സൗന്ദര്യാത്മകമായി സാക്ഷാത്‌കരിച്ച ഒരു സ്വപ്‌നം പോലെ കരുതിയേ പറ്റൂ. ഗ്രാമസംസ്‌കാരത്തിന്റെ എല്ലാ സൂകുമാര്യത്തോടും ജീവിച്ച ഞാൻ കലുഷിതമായ ഈ നഗരത്തിൽ കാലുറപ്പിച്ചേ മതിയാവൂ. കാരണം, ജീവിതത്തിന്റെ നാളുകൾ അകന്നു പോകുന്ന നഗരജീവിത സംസ്‌കാരത്തിന്റെ പ്രബുദ്ധമായ അന്തരീക്ഷത്തിലേക്ക് എന്നെ പുനരാനയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കൊന്നപ്പൂക്കൾ വീണ്ടും തളിർക്കുന്നു. ഒരു ഗൃഹാതുരതയുടെ നോവുന്ന ഓർമ്മയുടെ തന്ത്രികൾ വീണ്ടും മീട്ടിക്കൊണ്ട്. വരണ്ടു പോകുന്ന ഗ്രാമസംസ്‌കാരത്തിന്റെ ഈ തീരത്ത് ഞാൻ മനസിൽ സൂക്ഷിച്ച ഒരല്‌പം നാട്ടുവെളിച്ചത്തിന്റെ തെളിച്ചം കൊണ്ട് വിഷുപ്പുലരികൾ വീണ്ടും എന്നിലേയ്‌ക്ക് ഓടിയടുക്കുന്നു. സ്വപ്‌നങ്ങളും ചിന്തകളും ഗാഢമായ ആഭിമുഖ്യങ്ങളുമെല്ലാം തിരക്കിൽ നിന്നും സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്നും പലരെയും തള്ളിമാറ്റുന്നുണ്ട്. അപ്പൂപ്പന് താടി പോലെ കനം കുറഞ്ഞമലയാള സംസ്‌കാരം ചുമക്കുന്ന ഇന്നിന്റെ യുവതയ്‌ക്ക് ഓർക്കാനെന്നുമില്ല. പക്ഷേ ഓർമകളുടെ വസന്തകാലങ്ങളിൽ ഞാൻ നേടിയെടുത്തിരുന്ന എന്റെ വിഷുക്കൈനീട്ടങ്ങൾ അവയുടെ മൂല്യം ഞാൻ തിരിച്ചറിഞ്ഞത് എന്റെയീ പ്രവാസജീവിതത്തിലായിരുന്നു.
തളർന്നു പോകുന്ന ഓർമ്മയുടെ വെളിച്ചത്തിൽ അനുഭൂതികളെ സാക്ഷിയാക്കി ഞാനാഘോഷിച്ച വിഷുപ്പുലരികൾ ഒരേ നാട്ടിൽ, ഒരേ ഭാഷയിൽ, ഒരേ ജിവിതസാഹചര്യങ്ങളിൽ. ഇവയെല്ലാം പല സംസ്‌കാരങ്ങളുടെ ഗന്ധമൂർന്നു വരുന്ന ഈ മഹാനഗരത്തിലെ കാറ്റേറ്റുകൊണ്ട് ഞാനോർക്കുകയാണ്. എന്നിലുള്ള വേദനയുടെ ചുരുളഴിക്കുമ്പോൾ ഇഴകൾക്കിടയിലൊരു വെളിച്ചം പടരുന്നത് കാണാം. അതെല്ലാം കാലം എനിക്ക് വേണ്ടി കാത്തുവച്ച ജീവവായുവായിരിക്കാം. എന്നിലെ സന്തോഷം, സങ്കടം, ദാഹം, വിശപ്പ്, അപമാനം, ഏകാന്തത, അലച്ചിൽ എന്നിവയെല്ലാം ഈ വിഷുപ്പുലരിയിൽ അന്തരീക്ഷത്തിലേക്ക് പടർന്നു കയറിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ എവിടെയോ വിങ്ങിപ്പൊട്ടുന്ന ഒരു കണ്ണുനീർത്തുള്ളി വേദനയുടെ രക്തത്താൽ മെഴുകിയ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിപ്പോയി.
“ദൂരെ വിഷുപ്പക്ഷി മുഴക്കി
വേദന വഴിയും ഗാനം
വീടില്ലാത്താരു കൂടില്ലാത്തൊരു
കൂട്ടില്ലാത്തൊരു പക്ഷി”.
-പി. കുഞ്ഞിരാമൻ നായർ
മനസ്സിലൊളിപ്പിച്ച വിതുമ്പലിനെ വരികളിലേക്കൊഴുക്കാൻ കുഞ്ഞിരാമൻ നായർക്കായി. പക്ഷേ, ഉള്ളിലെരിയുന്ന ഗൃഹാതുരതയിൽ കലർന്ന എന്റെ കണ്ണീരിനെ ഞാനെങ്ങോട്ട് പകർത്തണം.? ഉദയസൂര്യന്റെ വിഷുവെട്ടം, അതൊരു ദയാദീപ്‌തമായ നോട്ടമാണെന്ന് എനിക്ക് തോന്നി. ദൂരങ്ങൾ താണ്ടിവന്ന വിഷാദം എന്നെ വാരിപ്പുണരുന്നു. വികാരാർദ്രമായ സ്വരത്തിൽ ഒരു വരണ്ട കാറ്റ് വേദനയുടെ സംഗീതം അകലങ്ങളിൽ നിന്ന് എനിക്ക് വേണ്ടി കൊണ്ടുവരുന്നുണ്ട്. അതേറ്റ് വാങ്ങാൻ ഒരു ഏകാന്തസഞ്ചാരിയായി ഞാനീ പാതയോരത്ത് കാത്തു നിൽക്കുന്നു.
വിഷു എനിക്കിപ്പോഴൊരു വേദനയുടെ താഴ്‌വാരം പോലെയാണ്. പൊള്ളുന്ന ഓർമ്മകളും ഒരു വിഷുസദ്യ. വെളിച്ചത്തിന്റെയും ശബ്‌ദത്തിന്റെയും ആഘോഷത്തിന് ഞാൻ സമർപ്പിക്കുന്നത് കനലും, തീയും ചേർന്ന എന്റെ ജീവിതയാത്രയും ആത്മരോദനങ്ങളുമാണ്. എന്റെ ഗൃഹാതുരതയിൽ അലിഞ്ഞ വിലാപങ്ങളെ ഈ മഹാനഗരത്തിലെ ഭീകരഗർജ്ജനങ്ങൾ ചൂഴ്‌ന്നെടുത്തുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ തിരക്കുകളിലൂടെ ഊളിയിട്ട് കടന്നുവന്നൊരു ഇളം കാറ്റ് എന്റെ മുന്നിലുള്ള പുസ്‌തകത്തിന്റെ താളുകളെ മറിച്ചുകൊണ്ട് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതൊരുതരം കാരുണ്യത്തിന്റെയും കരുതലിന്റെയും കരങ്ങാളയെനിക്ക് തോന്നി. പക്ഷേ അതെന്തുകൊണ്ടാണ് എന്റെ വേദനയുടെയും ഏകാന്തതയുടെയും കൂടെ എന്നെ ആശ്ലേഷിക്കാത്തത് എന്ന ചിന്ത എന്നെ ചൊല്ലിപ്പഠിപ്പിച്ചത് സഹനത്തിന്റെയും ആത്മസംയമനത്തിന്റെയും കറകളഞ്ഞ ഉൾക്കാഴ്‌ചകളായിരുന്നു.
ഉണർത്തപ്പെട്ട നൈർമല്യതയുടെ കണ്ണീർത്തടങ്ങൾ എന്റെ നെഞ്ചിലേക്ക് അലകളുയർത്തിക്കൊണ്ട് കടന്നു വന്നു. എനിക്കിപ്പോൾ വിഷമമില്ല. ഈ നഗരത്തെയും നഗരവാസികളെയും കാണാനാവുന്ന പോലെ എന്റെ വീടിനേയും നാടിനെയും കാണാനാവുന്നുണ്ട്. ഓർമ്മയുടെ അസ്‌തമയ സൂര്യന്റെ രശ്‌മികളായി എന്നിൽ പതിയുന്നത് വിഷു എന്ന ഗൃഹാതുരതയായിട്ടല്ല. മറിച്ച് അതിജീവനത്തിന്റെ ഛേദിക്കപ്പെട്ട ഹൃദയമായിട്ടാണ്. അതിനൊരു വന്യമായ സൗന്ദര്യമായിരുന്നു. അതിന് ഇത്രയേറെ സൗന്ദര്യം നല്‌കുന്നത് അതിലുള്ള എന്റെ കടുത്ത ദുഃഖം തന്നെയായിരിക്കണം. ഇപ്പോൾ എന്നിൽ വ്യാപിച്ചുകിടക്കുന്ന ദുഃഖത്തിന്റെ പകർച്ചയെന്നോണമായിരിക്കണം താഴെ വീണുടയുന്ന വേനൽമഴയുടെ മഴത്തുള്ളികൾ, എന്നിൽ നിന്ന് വേർപെട്ട് പോകുന്ന കണ്ണുനീർത്തുള്ളി എന്നപോലെ.
ഒരിക്കൽ പോലും ആസൂത്രിതമല്ലാത്ത ഒരു വിഷുവൊരുക്കം ആ മഹാനഗരത്തിലെ ഒരൊഴിഞ്ഞ കോണിൽ നടത്താൻ മനസ്സൊന്നു കൊതിച്ചു. പ്രവാസം എന്നാൽ ഒരുവന്റെ ജീവിതം എരിഞ്ഞു തീരലാണെന്ന നഗ്നയാഥാർത്ഥ്യം ഞാനവിടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതൊരുതരം ആത്മസംയമനത്തിന്റെ നിറച്ചാർത്താണ്. ഏകാന്തമായ അന്തരീക്ഷത്തിൽ ഞാനേറ്റെടുക്കുന്ന ഈ വിഷമചിഹ്‌നങ്ങളെ എത്രമാത്രം ജനങ്ങൾ ഒരേ സമയം സ്വീകരിക്കുന്നുണ്ടായിരിക്കും. അവരുടെ ദുഃഖിതവും വ്രണിതവുമായ സ്വപ്‌നങ്ങളും ഓർമ്മകളുമായിരിക്കും പ്രവാസം എന്ന് ഒരു വിങ്ങൽ എന്റെ നെഞ്ചിലേക്ക് പടർന്നപ്പോൾ ഞാനോർത്തു.
എന്റെ നിസ്സഹായതയുടെ രോദനം കേൾക്കാൻ ആ മണ്ണിൽ ആരുമുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്‌ത് വിഷു ആഘോഷിക്കാനുള്ള ഒരു മോഹം എന്നിലുണ്ടായിരുന്നു. അവസാനം ഇന്നലെ എപ്പോഴോ വാങ്ങിവച്ച ഒരു ചോക്ലേറ്റെടുത്ത് താഴെ കളിച്ചുകൊണ്ടിരുന്ന ഒരു അഞ്ച് വയസ്സുകാരൻ ഗുജറാത്തിക്കുട്ടിക്ക് കൈനീട്ടമായി നല്‌കി ഞാനെന്റെ വിഷുവിനെ ഒന്നു മറന്നു. ഒരു പക്ഷേ മറക്കാൻ എനിക്ക് കഴിയില്ലായിരിക്കാം. എങ്കിലും സംസ്‌കാരത്തിന്റെ പരമോന്നതമായ മാത്രിക ഗ്രാമങ്ങളിൽ കണ്ടെത്തുന്ന അല്ലെങ്കിൽ ഗ്രാമവാസികളിൽ കണ്ടെത്തുന്ന ഒരു ചിന്തയിലേക്കുള്ള ആഴമേറിയ വിചാരസഞ്ചാരമായിരിക്കണം അത്. ഒരു മനുഷ്യജീവിതത്തിലെ ഭിന്നഘട്ടങ്ങളെ ഓർക്കാനും, ഓർമകളുടെ വേദനകളെ അതിജീവിച്ച് വരുന്നതിനുള്ള ഒരു ജീവിതത്തെ ഉരുത്തിരിച്ചെടുക്കാനുമുള്ള ഒരു സന്ദർഭം. അതായിരിക്കണം എനിക്കീ വിഷു. മനുഷ്യ ഭാഗദേയത്തിന്റെ ഇരുളും വെളിച്ചവും ചൂതാടുന്ന ഈ കലുഷനിലങ്ങളിൽ ഒരല്‌പമെങ്കിലും നാട്ടുസംസ്‌കാരം കൂടെയില്ലെങ്കിൽ ഞാനാരായിപ്പോകും….? ഇവിടെ ഈ തിരക്കേറിയ വീഥികളിൽ നിന്നും ഒന്ന് മാറി നിൽക്കുമ്പോൾ വിയർത്തൊരിളം കാറ്റ് എന്നെ തലോടിപ്പോയി.
“ആ കാറ്റിലൊരു കാലം വരുന്നുണ്ട്
കൊമ്പു കുത്തിക്കളിക്കും കൊമ്പനാന പോലെ
കടൽ പോലെ കയർത്തു വീശുന്നുണ്ട്
കാലങ്ങൾ അളന്നെത്തും കാറ്റുകൾ
കാറ്റിനെതിരെ ഒരു കാലം പാഞ്ഞുപോയി.”
-വി.ജി.തമ്പി
Generated from archived content: essay1_jun29_10.html Author: vineeth