ഇര തേടുന്നവര്‍

“ഓട്ടോ പിടിച്ച് പോകാഞ്ഞത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു , അതു
കൊണ്ടല്ലേ ഇത്ര രസം പിടിപ്പിക്കുന്ന കാഴ്ച്ചകള്‍ കാണാന്‍ പറ്റുന്നത്”.
തളര്‍ന്ന കാലുകളെയും അതിലും തളര്‍ന്ന മനസിനെയും ആശ്വസിപ്പിക്കാന്‍ എന്റെ
സ്ഥിരം ചിന്തകള്‍. തികഞ്ഞ യാന്ത്രികത നിറഞ്ഞ ഈ യാത്ര. പഴകി തേഞ്ഞ വഴികള്‍
എന്നെ പിടിച്ചുവലിക്കുന്നപോലെ.. ഒരു വാഹനത്തിനുമാത്രം കഷ്ടി പോകാനുള്ള
വഴി. ഇരു ഭാഗത്തും നിരനിരയായ് പൊടിപിടിച്ച ചുകന്ന കടകള്‍. വെയിലേറ്റ
ഉറുമ്പുകളെ പോലെ പായുന്ന ആളുകള്‍. അഹങ്കാരം മുഴക്കുന്ന വണ്ടികള്‍.
ഇതിനിടയിലൂടെ ഒരാളെപ്പോലും കൂട്ടിമുട്ടാതെ ഒരു വണ്ടി വണ്ടിക്ക് മുന്നിലും
ചാടാതെ പോകാനുള്ള എന്റെ കഴിവ് അപാരം തന്നെ എന്നാലോചിച്ചപ്പോള്‍ എനിക്ക്
അത്മാഭിമാനം തോന്നി. ഈ കഴിവ് ഇന്റെര്‍വ്യൂ ടേബിളില്‍
കാണിച്ചിരുന്നെങ്കില്‍ താന്‍ എന്നേ രക്ഷപ്പെടുമായിരുന്നു
എന്നോര്‍ത്തപ്പോള്‍ അത് വന്നപോലെ പോവുകയും ചെയ്തു .അല്ലെങ്കിലും
ചിന്തികള്‍ നല്‍കുന്നവരുടെ അഭിമാനങ്ങള്‍ എന്നും ക്ഷണികമാണല്ലോ.

ഇങ്ങനെയുള്ള പതിവ് ഇന്റെര്‍വ്യൂ യാത്രാ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഒരു
കറുത്ത വെളിച്ചം എന്റെ കണ്ണുകളില്‍ പതിഞ്ഞു. റെയില്‍വെ സ്റ്റേഷന്റെ കവാട
വഴിയില്‍ ഒരു ഭീമന്‍ നാല്‍ക്കാലി കിടക്കുന്നു. പിന്‍ കാലുകള്‍ നിവര്‍ന്നു
മുന്‍ കാലുകള്‍ ഒടിഞ്ഞുമടങ്ങി തല നിലത്ത് ഇടിച്ചിറങ്ങിയ ഒരു ചിത്രം.
പെട്ടന്ന് തന്നെ ആ കാഴ്ച എന്റെ തലച്ചോറുമായി തതാത്മ്യം പ്രാപിച്ചു. ആ
നാല്‍കാലിയെ അവഗണിച്ച് അതിദ്രുതം നടന്നുപോകുന്നവര്‍. എനിക്ക് അത്ഭുതവും
നിരാശയും നല്‍കി.
“പാവം ഇത് ചത്തത് തന്നെ.” എന്റെ ഉള്ളില്‍ നിന്ന് വന്ന സഹതാപവാചങ്ങളെ
ഇടിച്ചു താഴ്ത്തി അതാ ഒരു നാടോടിബാലിക. ആദ്യം അവള്‍ ആ ഭീമനുചുറ്റും ഒന്നു
വലം വച്ചു. പിന്നെ കയ്യിലിരിക്കുന്ന ഈര്‍ക്കിലികൊണ്ട് അതിന്റെ മൂക്കില്‍
ഒരൊറ്റ കുത്ത്. ചത്തില്ലെടാ എന്ന ഭാവത്തോടെ അത് കണ്ണ്തുറന്ന് അവജ്ഞതയോടെ
എന്നെ നോക്കി. എന്റെ മനസിലെ പശുവിന് ജീവന്‍ കൊടുത്ത അവളെ മനസാല്‍
പ്രശംസിച്ച് ഞാന്‍ പ്ലാറ്റ്ഫോം തിരഞ്ഞ് പോയി! . എന്റെ ചിന്താവഴിയില്‍
ഞാന്‍ ആ നാല്‍ക്കാലിയെ കെട്ടിയിട്ടു, അവിടെ നാടോടിബാലികയ്ക്ക്‌ ഒരു വീടും
പണിതു.

ഒഴിഞ്ഞ പ്ലാറ്റ്ഫോമിലൂടെ ബര്‍ത്ത് നോക്കിനടക്കുമ്പോഴും മനസില്‍
ഇടയ്ക്കിടെ ആ പശുവിന്റെ രൂപം മുഴച്ചുവന്നു. എന്തായിരിക്കാം അങ്ങനെയൊരു
വിചിത്രമായ കാഴ്ച്ച ഞാന്‍ കണേണ്ടിവന്നത്. അതും ജീവിതത്തിലെ പ്രധാനപ്പെട്ട
ഈ ദിവസത്തില്‍..? അതൊരു നല്ല ശകുനമാണോ..? അതോ മറിച്ചോ..? എന്റെ സംശയങ്ങള്‍ക്ക് അന്ധവിശ്വാസത്തിന്റെ മേമ്പൊടിയും ഉണ്ടായിരുന്നു..

ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപോലെ ട്രെയിന്‍ നീണ്ട് വളഞ്ഞ് കിടപ്പുണ്ട്.
അടുത്ത ഇരയായ് ഞാനും കയറി. സ്പെഷല്‍ ട്രെയിന്‍ ആയിരുന്നു, കൂടാതെ രാത്രി
യാത്രയും. അതിനാല്‍ ആളുകള്‍ നന്നേ കുറവായിരുന്നു. എന്റെ ബര്‍ത്തിന്
അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. പക്ഷെ അതെനിക്ക് സൗകര്യമായി
തോന്നിയില്ല. കാരണം ഇത്രയും കാലത്തെ ട്രെയിന്‍ യാത്രകള്‍ എത്ര തിരക്കിലും
സുഗമായ് ഉറങ്ങാന്‍ എന്നെ പ്രാപ്തനാക്കിയിരുന്നു. പുതിയ ഇരകളെ കിട്ടിയ
സന്തോഷത്തില്‍ ട്രെയിന്‍ നീങ്ങി. എനിക്കും സമയം കളയാന്‍
ഉണ്ടായിരുന്നില്ല. ബാഗ് സീറ്റിന്റെ സൈഡില്‍ വച്ച് ഞാനും കിടന്നു.

ഇരുട്ടുനിറഞ്ഞ കംമ്പാര്‍ട്ട് മെന്റ് , ഇടയ്ക്ക് പുറത്തുനിന്നും
വിരുന്നെത്തുന്ന വെളിച്ചകീറുകള്‍ ഉള്ളില്‍ മിന്നലാട്ടങ്ങള്‍ നടത്തുന്നു.
താഴെ ബര്‍ത്തില്‍ വണ്ടിയുടെ താരാട്ട് കേട്ട് കിടന്ന എന്റെ ദൃഷ്ടികള്‍
പെട്ടെന്ന്‌ മുകള്‍ ബര്‍ത്തില്‍ ഉടക്കി. അടുത്തൊന്നും ആരുമില്ലെന്ന
തോന്നല്‍ തെറ്റായിരുന്നു. കൂടുതല്‍ നേരം അയാളെ നോക്കാന്‍ എനിക്ക്
കഴിഞ്ഞില്ല. കറുത്തുതടിച്ച മുഖത്ത് രണ്ട് ചോരകല്ലുകള്‍ കത്തുന്ന
പോലായിരുന്നു അയാളുടെ കണ്ണുകള്‍. എന്നെ പേടിപ്പിച്ച മറ്റൊരുകാര്യം
അയാളുടെ നോട്ടം മുഴുവനും എന്റെ ഒരേയൊരു ബാഗിലായിരുന്നു. ഇത്രയും
വര്‍ഷത്തെ ഏക സമ്പാദ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നെ എന്റെ വൃദ്ധയായ അമ്മ കൂലിപ്പണി ചെയ്തുണ്ടാക്കിയ കുറച്ച് രൂപയും.
അടുത്ത പാളത്തിലൂടെ അലറിവിളിച്ചുകൊണ്ട് ഒരു ട്രെയിന്‍ പാഞ്ഞു. എന്റ
മനസിലൂടെ പല പത്രവാര്‍ത്തകളും മിന്നിമാഞ്ഞു. ട്രെയിനിലെ മോഷണങ്ങള്‍,
തട്ടിപ്പുകള്‍, ഒരു കട്ടപിടിച്ച ഭയം എന്റെ ഞെരുമ്പുകളില്‍ വലിഞ്ഞുമുറുകി.
അതെന്നെ കൂടുതല്‍ ജാഗരൂകനാക്കി. ബാഗിന്റെ വള്ളി കൈയ്യില്‍ രണ്ട്
ചുറ്റ്ചുറ്റി നെഞ്ചോട് ചേര്‍ത്ത് ഞാന്‍ കിടന്നു. അയാളുടെ ചോരക്കണ്ണുകള്‍
ഇപ്പോഴും എന്റെ ബാഗില്‍ കത്തിനില്‍ക്കുന്നുണ്ട്.


പേടിമാറ്റാന്‍ മനസിനെ ഭാവിയിലേക്ക് സഞ്ചരിക്കാന്‍ വിട്ടു. ഇന്റെര്‍വ്യൂ
ടേബിളിലെ പ്രകടനം,എന്റെ കോളത്തില്‍ വീഴുന്ന ഒപ്പ്, അമ്മയുടെ മുഖത്തെ
സന്തോഷം. ഇനി അമ്മയെ എവിടെയും പണിക്ക് പോയി കഷ്ട്പ്പെടാന്‍ വിടില്ല
.വൈകാതെ തന്നെ അനിയത്തിയുടെ കല്യാണാന്വേഷണം തുടങ്ങണം. ചോര്‍ന്നോലിക്കുന്ന
മേല്‍ക്കൂരമാറ്റി
കോണ്‍ക്രീറ്റ്…പിന്നെ.. പിന്നെന്താ..? ഒന്നുമില്ല…. നാലുവാചകങ്ങളില്‍
തീരുന്ന എന്റെ സ്വപ്നാടനം..!

ചിന്തകള്‍ വീണ്ടും സ്റ്റേഷനില്‍ തിരിച്ചെത്തി..ആ പശു
ചത്തുപോയിരിക്കുമോ..?……ഇല്ല..അവിടെ തന്നെയുണ്ട്… അതെന്നെ നോക്കി
തലയാട്ടുന്നു…അതിനെയോര്‍ത്ത് വിഷമിക്കാന്‍ ഞാന്‍ മാത്രമല്ലേ ഉണ്ടായുള്ളൂ
. അതിന് ജീവന്‍ കൊടുത്ത നാടോടി പെണ്‍കുട്ടി… അവള്‍ നിഷ്കളങ്കയായി
കളിക്കുകയാണ്.. എന്നെ കണ്ടതും അവള്‍ ഓടിവന്നു… കുഞ്ഞിക്കൈ എന്നിലേക്ക്
നീട്ടി…ഞാനും….. പക്ഷെ അവള്‍ എന്റെ കൈകളെ അവഗണിച്ച് ബാഗില്‍
പിടിച്ചു!.. ബലിഷ്ഠമായ കൈകള്‍..?….

ആ കൈകളുടെ ഉറവിടം കണ്ട് ഞാന്‍ ഞെട്ടി..ആ ഉണ്ടക്കണ്ണുകള്‍ ….ഈശ്വരാ…പേടിച്ചത്
സംഭവിച്ചല്ലോ…… വിടില്ല ഞാന്‍… എന്റെ സര്‍ട്ടിഫിക്കെറ്റ്സ്… എന്റെ അമ്മയുടെ
വിയര്‍പ്പ്… ഞാന്‍ എന്റെ ശക്തി മുഴുവന്‍ എടുത്ത് അയാളുടെ കൈ
തട്ടിമാറ്റിയതും ബാഗും ഞാനും കൂടി താഴെവീണതും ഒന്നിച്ചായിരുന്നു……

കണ്ണുതുറന്നപ്പോള്‍ ദേ ഉണ്ടകണ്ണന്‍ എന്റെ മുന്നില്‍ സൗമ്യനായി ഇരുന്ന്
ചിരിക്കുന്നു…. അങ്ങനെ ആദ്യമായി ഉറക്കം എന്നെ ചതിച്ചിരിക്കുന്നു…. അധോമനസിന്റെ മായികനാടകങ്ങളില്‍ ഞാനും പെട്ടുപോയി….
അയാള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. നിലത്തു വീണ ബാഗ് എടുത്തുതന്നു. ജാള്യതയുടെ പടുകുഴിയില്‍ വീണ് ഞാന്‍ വല്ലാതായി.
അതിലുമപ്പുറം ആ പാവത്തെ വെറുതെ കള്ളനായി സംശയിച്ചതിന്റെ സങ്കടവും
ബാക്കി. നൂറായിരം കാലാവസ്ഥകള്‍ വന്നുപോകുന്ന ഒരു ഗോളമാണ് നമ്മുടെ മനസ്.
അതുപോലെ അവിടെ രൂപം കോള്ളുന്ന ചിന്തകളും. ഒരു കള്ളനില്‍ നിന്നും
മാന്യനിലേക്കുള്ള അയാളുടെ മാറ്റം പെട്ടന്നായിരുന്നു. ഇല്ലാത്ത കള്ളന്മാരെ
സൃഷ്ടിക്കുന്ന എന്റെ മനസിനെ ഞാന്‍ തള്ളിപ്പറഞ്ഞു.

“വല്ലതും പറ്റിയോ..? ഉറക്കത്തില്‍ ഇങ്ങനെ ഉണ്ടാകാറുണ്ടോ…?”…

ഇത് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നേരത്തെകണ്ട ചോരവെളിച്ചം
ഉണ്ടായിരുന്നില്ല. സന്ധ്യക്ക് കത്തിത്തു വെച്ച ചിരാത് പോലെ ആ
ഉണ്ടകണ്ണില്‍നിന്നും സ്നേഹത്തിന്റെ വെളിച്ചം എന്നിലേക്ക് പ്രവഹിക്കുന്നത്
പോലെ.

“ഇല്ല..ഇങ്ങനെ ഉണ്ടാകാറില്ല… ആദ്യായിട്ടാ.. ക്ഷീണം കൊണ്ട് ബോധമില്ലാതെ ഉറങ്ങിപ്പോയി.”
കുറ്റബോധത്തോടെ എന്റെ മറുപടി.

“ഇന്റെര്‍വ്യൂന് പോവുകയാണല്ലേ..?”

അല്‍ഭുതത്തോടെ ഞാന്‍ അയാളെ നോക്കി. ഒരു മറുപടിയുടെ ആവശ്യം ഉണ്ടായില്ല.

“മുഖമാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഷ. എല്ലാ വാക്കുകളും ഉള്‍ക്കൊള്ളുന്ന
ഭാഷ. അതില്‍ നമുക്ക് ആവശ്യമുള്ളവ ക്രമീകരിച്ചാല്‍ മതി. അര്‍ത്ഥമുള്ള
വാചകങ്ങള്‍ കൂട്ടി വായിക്കാം. അതാണ് എന്റ മനസിലെ നീ. എനിക്ക് നിന്നെ
വായിക്കാന്‍ പറ്റിയത് ആ ഭാഷ അറിയാവുന്നത് കൊണ്ടാണ്. എന്നെ കള്ളനെന്ന്
സംശയിച്ചത് നിനക്ക് ആ ഭാഷ അറിയാത്തതും കൊണ്ടാണ്”

അപ്പോഴേക്കും ഞാന്‍ ദുര്‍ബലനായിരുന്നു. നെഞ്ചില്‍ തുളഞ്ഞുകയറുന്ന
ഇരുതലമൂര്‍ച്ചയുള്ള വാക്കുകള്‍. ഈ ഒരു യാത്രയ്ക്ക് വേണ്ടിയായിരുന്നോ ദൈവം
എന്നെ ബാക്കിവെച്ചത്. എന്റെ മുന്നില്‍ ആദ്യം കള്ളനായും പിന്നെ
വഴികാട്ടിയായും അവതരിച്ച അങ്ങ് ആരാണ്.? ഞാനിതാ ഈ ഒരു നിമിഷം മുതല്‍
അങ്ങേക്ക് അടിമപ്പെട്ടിരിക്കുന്നു…

അയാളുടെ കാലില്‍ തൊട്ട് ഞാന്‍ കൈകൂപ്പി..

“അല്ലെയോ പുണ്യാത്മാവേ… പുഴുത്തു നാറിയ ഒരു വൈതരണിയുടെ മുകളിലാണ് ഇപ്പോള്‍ ഞാന്‍.. വീഴാതിരിക്കാന്‍ പ്രതീക്ഷകളുടെ ദുര്‍ബലമായ വള്ളികളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ഇരുകാലി. മുകളില്‍ സ്വപ്നങ്ങളുടെ
വിശാലമായ ആകാശമാണ്. അതില്‍ ഞാനെന്റെ വീടുകാണുന്നു. എന്റെ അമ്മയെ ,
പെങ്ങളെ , എന്നെ തന്നെ. ഓരോ തവണ അടുക്കുമ്പോഴും വീണ്ടും വീണ്ടും
അകന്നുപോകുന്ന എന്റെ ലഷ്യങ്ങള്‍ കളി മടുത്തിരിക്കുന്നു. ജീവിതത്തിന്റെ
അവസാനത്തെ കച്ചിതുരുമ്പാണ് ഈ യാത്ര. ഇതിലും വഴിതെറ്റിയാല്‍ പിന്നെ
ഞാനില്ല. അങ്ങയുടെ മനസില്‍ എനിക്കുള്ള വാക്കുകള്‍ ഒരുങ്ങിയിരിപ്പുണ്ടെന്ന് ഞാനറിയുന്നു. അത് സ്വീകരിക്കാന്‍ ഞാനിതാ മുന്നില്‍ “

ആ യോഗിയുടെ കാന്തികപ്രഭാവത്താല്‍ എന്റെ ദുര്‍ബലമായ നാക്കില്‍ നിന്നും
ശക്തമായ വാക്കുകള്‍ പ്രവഹിച്ചു. ഇതെല്ലാം അയാള്‍
പ്രതീക്ഷിച്ചതായിരിക്കണം, മറുപടിക്ക് ഒരു നിമിഷാര്‍ധം പോലും
വേണ്ടിവന്നില്ല.

“കുഞ്ഞേ… ഉറുമ്പുകള്‍ വഴി തെറ്റാതെ പോകുന്നതിന്റെ രഹസ്യമറിയുമോ നിനക്ക്.
ഒരു ഉറുമ്പിന് വഴി കാട്ടുന്നത് അതിന് മുന്നില്‍ പോകുന്ന ഉറുമ്പാണ്, അതിന്
വഴികാട്ടി മറ്റൊന്ന്.. അങ്ങനെയങ്ങനെ അവര്‍ തങ്ങളുടെ ലക്ഷ്യം കൃത്യമായ്
കണ്ടെത്തുന്നു. നിന്നെ വഴികാട്ടാന്‍ നിനക്ക് മുന്നേപോയി വിജയിച്ചവരുടെ
കാലടിപ്പാടുകളുണ്ട്. അത് നീ പിന്തുടരൂ….”

ഒരു നിമിഷത്തെ മൗനത്തില്‍ എന്നെ നോക്കിയ ശേഷം അയാള്‍ തുടര്‍ന്നു.

“ഒരു നാല്‍ക്കാലിയുടെ ദുഃസ്ഥിതി കണ്ട് ഗ്രസിച്ചുപോയ നിന്റെ
ഹൃദയം…സമര്‍ത്ഥയായ ഒരു പാവം നാടോടിബാലികയില്‍ ആരാധന വിടര്‍ന്ന നിന്റെ
ഹൃദയം…അതു തന്നെയാണ് യഥാര്‍ത്ഥത്തില്‍ നീ…അത്യാഗ്രഹങ്ങളുടെയും
അസൂയയുടെയും ഗുഹയില്‍ മറഞ്ഞിരിക്കുന്നു നമ്മുടെ വഴികള്‍.
സ്നേഹത്തിന്റെ.. അനുകമ്പയുടെ വെളിച്ചം കൊളുത്തി അതിനെ നീ
കണ്ടെത്തൂ…തീര്‍ച്ചയായും നീ അന്തിമവിജയത്തെ പുണരും…”

എന്നിലെ ആളിക്കത്തലിന് ആ വാക്കുകള്‍ മതിയായിരുന്നു. ഒരു ഊര്‍ജ്ജപ്രവാഹം
നാലുപാടു നിന്നും എന്റെ ശരീരത്തെ പൊതിഞ്ഞു..ആ ചൂടില്‍ എന്റെ രക്തം
തിളച്ചു..വിജയിക്കാനുള്ള തിളപ്പ് , ട്രെയിനിന്റെ ചൂളം വിളികള്‍ എന്റെ
വിജയത്തിന് പെരുമ്പറ മുഴക്കുന്നു. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളെയും
തച്ചുടച്ച് ഞാന്‍ എന്റെ വഴി കണ്ടെത്തീയിരിക്കുന്നു…എന്റെ തലച്ചോറില്‍
സഹസ്രദളപത്മം വിരിയിച്ച പുണ്യാത്മാവേ..അങ്ങയുടെ പാദം ഞാന്‍
പുല്‍കട്ടെ….

പക്ഷെ അങ്ങെവിടെ..! എനിക്ക് വെളിച്ചം നല്‍കി അങ്ങ്
അപ്രത്യക്ഷനായോ..അങ്ങെവിടെ..!?….

ട്രെയിന്‍ പാഞ്ഞുകയറിയ തുരങ്കത്തില്‍നിന്നും ഒരു വിസ്ഫോടനമുയര്‍ന്നു.
അതുകേട്ട് ഞാനുമുണര്‍ന്നു കണ്ണുതുറന്നു…എവിടെ അയാള്‍..!?… എവിടെ എന്റെ ബാഗ്..!? എന്റെ ജീവിതം അടങ്ങിയ ബാഗ്?
തല കറങ്ങുന്നു.. ഉറക്കം ഇപ്പോള്‍ ശരിക്കും ചതിച്ചിരിക്കുന്നു.ഞാന്‍ അയാള്‍
കിടന്ന ബര്‍ത്തിലേക്ക് നോക്കി . അവിടം ശൂന്യമായിരുന്നു..രണ്ട്
ചോരക്കണ്ണുകള്‍ മാത്രം കത്തിനില്‍ക്കുന്നതായ്തോന്നി.
അടുത്ത സ്റ്റേഷനില്‍ വണ്ടിയിറങ്ങി. എല്ലാം നഷ്ടപ്പെടുത്തിയ ട്രെയിന്‍
എന്നെ തനിച്ചാക്കി നീങ്ങി. അടുത്ത ഇരകളെ തേടികൊണ്ട് . മുന്നില്‍
നീണ്ടുവളഞ്ഞുകിടക്കുന്ന ഇരുട്ടില്‍ നിന്നെവിടുന്നോ അമ്മയുടെ തേങ്ങല്‍.
എന്റെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞിരുന്നില്ല. സ്നേഹത്തിന്റെ
ഭ്രാന്തുപിടിച്ച മനസ് മാത്രം വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു.

” ആ പശു ഇപ്പോഴും അവിടെ ഉണ്ടാകുമോ…”

Generated from archived content: story1.html Author: vineesh_kammili

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here