മാധ്യമങ്ങളിൽ മാനഭംഗം, മാനഭംഗശ്രമം, കൊലപാതകം, മറ്റുരീതിയിലുള്ള ആക്രമണങ്ങൾ എന്നിങ്ങനെയുള്ള വാർത്തകളിൽ കന്യാസ്‌ത്രീ എന്ന പൊതുനാമധേയം കേരളീയർക്ക് പുതുമയല്ലാതായിരിക്കുന്നു. എന്നാൽ ഇവയെല്ലാം ഒരു കന്യാസ്‌ത്രീക്കെതിരായ അക്രമം എന്നതിനേക്കാൾ കൃസ്‌ത്യൻ ന്യൂനപക്ഷത്തിനെതിരായ ബാഹ്യ ആക്രമണം എന്ന രീതിയിലാണ് വായിക്കപ്പെടുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിൽ കന്യാസ്‌ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സഭക്കുള്ളിലെത്തന്നെ അനീതികളും മാധ്യമങ്ങളോ പൊതുസമൂഹമോ ചർച്ചചെയ്യുന്നത് വിരളമാണ്.
സി. ജെസ്‌മി
സഭാപീഢനം മൂലം സി. ജെസ്‌മി തിരുവസ്‌ത്രം ഉപേക്ഷിച്ച് സ്വതന്ത്ര സന്യാസജീവിതം ആരംഭിച്ച സംഭവം മാദ്ധ്യമ-ജനശ്രദ്ധ നേടുകയും കുറച്ചുകാലത്തേക്കെങ്കിലും കന്യാസ്‌ത്രീകളുടെ സഭക്കുള്ളിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യപ്പെടുന്നതിന് കാരണമാകുകയും ചെയ്‌തു. സിസ്‌റ്ററിന്റെ പത്രസമ്മേളനവും അഭിമുഖങ്ങളും പ്രമുഖരുടെ അഭിപ്രായപ്രകടനങ്ങളും പ്രസ്‌താവനകളും, സിസ്‌റ്ററിന്റെ ആത്‌മകഥ പ്രസിദ്ധീകരണവുമൊക്കെയായി രംഗം കൊഴുത്തെങ്കിലും എല്ലാം ആറിത്തണുക്കാൻ അധികനാൾ വേണ്ടിവന്നില്ല.
ജലരേഖകൾ
സിസ്‌റ്റർ ജെസ്‌മി സംഭവത്തോടനുബന്ധിച്ച് വനിതാ കമ്മീഷൻ രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
1) പെൺകുട്ടികളുടെ സഭാപ്രവേശത്തിനുള്ള പ്രായം 18 വയസ്സായി നിജപ്പെടുത്തുക.
2) കന്യാസ്‌ത്രീകൾക്ക് സ്വത്തവകാശം നൽകുക എന്നിവയായിരുന്നു ആ നിർദ്ദേങ്ങൾ. എന്നാൽ ഇവ പ്രാബല്യത്തിൽ വരുത്തുന്നതിന് സർക്കാരിന്റേയോ സഭയുടേയോ ഭാഗത്തുനിന്ന് യാതൊരുനടപടികളും പിന്നീട് ഉണ്ടായില്ല.
നിയമം അനിവാര്യം
ഇന്ത്യയിൽ ഏതൊരു വിവാഹവും നിയമസാധുതയുള്ളതാകണമെങ്കിൽ വധുവിന് 18 വയസ്സു തികഞ്ഞിരിക്കണം. മാത്രമല്ല വിവാഹത്തിന് ബലപ്രയോഗമോ തെറ്റിദ്ധാരണയോ ഇല്ലാതെ സമ്മതം നൽകുകയും വേണം. എന്നാൽ കർത്താവിന്റെ മണവാട്ടിയാകുന്നതിന് മാത്രം ഈ നിയമം ബാധകമല്ല. എന്തിനാണ് വോട്ടവകാശത്തിനും, കരാറിലേർപ്പെടുന്നതിനുമെല്ലാം പ്രായപൂർത്തിയായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നത്? കാരണം പ്രായപൂർത്തിയാകുന്നതിനുമുൻപ് അവരുടെ ശാരീരികവും മാനസികവുമായ വളർച്ച പൂർത്തിയായിട്ടുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അവരുടെ തീരുമാനങ്ങൾ അപക്വവും എളുപ്പം സ്വാധീനിക്കപ്പെടാവുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് മുഴുവൻ ജീവിതത്തെയും ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെടുക്കുന്നതിന്, കഴിവുണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ അവരുടെ സമ്മതം പൂർണ്ണമായ ബോദ്ധ്യത്തോടെ ഉള്ളതാണെന്ന് പറയാൻ സാധിക്കുകയില്ല. വനിതാകമ്മീഷന്റെ സഭാപ്രവേശത്തിനുള്ള പ്രായം സംബന്ധിച്ച നിർദ്ദേശം ഇതൊക്കെ കൊണ്ട്‌തന്നെ തീർച്ചയായും പാലിക്കപ്പെടേണ്ടതാണ്.
സഭാപ്രവേശനം
പലപ്പോഴും കുടുംബത്തിൽ നിന്നുള്ള പ്രേരണ, പരിചയത്തിലുള്ള കന്യാസ്‌ത്രീമാരുടെ സ്വാധീനം, അവരോടുള്ള ആരാധന, ചില പ്രത്യേക ധ്യാനങ്ങൾ, വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം, സഭവാഗ്‌ദാനം ചെയ്യുന്ന സാമ്പത്തികം ഇവയിലേതെങ്കിലുമൊക്കെയാകാം സഭാപ്രവേശനത്തിനുള്ള തീരുമാനത്തിനു പിന്നിൽ. ഇങ്ങനെ അപക്വമായ തീരുമാനത്തിന്റെ ഫലമായി, സന്യസ്‌തജീവിതത്തെക്കുറിച്ചുളള വ്യക്തമായ അറിവോ ഒരു പക്ഷേ ആഗ്രഹമോ ഇല്ലാതെ സഭയിലെത്തിച്ചേർന്നാൽ അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടുക എന്നത് വളരെ കഠിനമായിരിക്കും.
സഭാജീവിതം
സഭയിലെ ജീവിതം അതുവരെ നയിച്ച ജീവിതത്തിൽ നിന്നും, വളരെ വ്യത്യസ്‌തമായിരിക്കും പലതരം ഉച്ചനീചത്വങ്ങളും ദാരിദ്ര്യവ്രതം, അനുസരണവ്രതം തുടങ്ങിയ നിയമങ്ങളും ശിക്ഷാവിധികളുമൊക്കെയായി നിലനിൽക്കുന്ന ഒരു ഹൈരാർക്കിയൽ സമൂഹമാണ് കന്യാസ്‌ത്രീകളുടേത്. ആ ജീവിതവുമായി യോജിക്കാൻ കഴിയാതെ വരികയോ സ്വന്തം വൈകാരികയും ലൈംഗികവും ആയ ചോദനകൾ തിരിച്ചറിയപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുമ്പോഴോ പ്രശ്‌നങ്ങൾ ആരംഭിക്കുകയായി. ഒരു സമൂഹം എന്ന രീതിയിൽ ജീവിക്കുമ്പോൾ വ്യക്തി എന്ന നിലയിലുള്ള തന്റെ സ്വത്വവും സ്വാതന്ത്ര്യവും ആത്‌മാവിഷ്‌കാര സാദ്ധ്യതകളും നഷ്‌ടമാകുന്നത് പലരേയും തളർത്തുന്നു. സ്വവർഗ്ഗരതിയെ ഭയപ്പെടുന്നതുകൊണ്ട് അധികാരികൾ അന്തേവാസികൾ തമ്മിലുള്ള അടുത്ത സുഹൃത്‌ബന്ധം പോലും വിലക്കപ്പെടുമ്പോൾ വൈകാരികമായ അനാഥത്വത്തിലേക്കാണ് പലരും എത്തിച്ചേരുന്നത്. സ്വന്തം ലൈംഗികതാത്‌പര്യങ്ങൾ തിരിച്ചറിയപ്പെടുമ്പോൾ പലപ്പോഴും ആഗ്രഹത്തിനും കുറ്റബോധത്തിനുമിടയിൽ കടുത്ത സമ്മർദ്ദത്തിന് അടിമപ്പെടുന്നു. പലരും ഈ ഘട്ടത്തിൽ നിരന്തര പ്രാർഥനയിലേക്കും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും തന്റെ ഊർജ്ജവും ശ്രദ്ധയും തിരിച്ചുവിട്ട് ആശ്വാസം കണ്ടെത്തുന്നു. ഇതിനു സാധിക്കാത്ത മറ്റുചിലരാകട്ടെ സ്വയം ഭോഗത്തിലും സ്വവർഗ്ഗരതിയിലുമാണ് എത്തിച്ചേരുന്നത്. മറ്റൊരു വിഭാഗം എത്തിച്ചേരുന്നത് കടുത്തവിഷാദത്തിലും മാനസിക വിഭ്രാന്തിയിലും ആത്‌മഹത്യയിലുമൊക്കെയാണ്. കടുത്ത പുരുഷമേൽക്കോയ്‌മ നിലനിൽക്കുന്ന സഭയിൽ സഭാാനേതൃത്വത്തിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് കന്യാസ്‌ത്രീസമൂഹം. സഭാതീരുമാനങ്ങൾ ശരിയായാലും തെറ്റായാലും അവയെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നവരോട് സഭ സ്വീകരിക്കുന്ന നിലപാടുകളും ശിക്ഷാവിധികളും കടുത്തതാണ്. പലരേയും മാനസികരോഗം ആരോപിക്കയും ഒറ്റപ്പെടുത്തുകയും സാധാരണമാണ്. ഫലത്തിൽ സഭാജീവിതം പലപ്പോഴും സന്യാസത്തിന്റെ അനുകരണം മാത്രമായിത്തീരുന്നു. ഇത്തരം സംഭവങ്ങൾ രഹസ്യമായി സൂക്ഷിക്കുക എന്നത് ന്യൂനപക്ഷമെന്ന തിരുവസ്‌ത്രത്തിനുള്ളിൽ സുരക്ഷിതത്വവും സ്വാതന്ത്ര്യവുമനുഭവിക്കുന്ന സഭാനേതൃത്വത്തിന് എളുപ്പമാണ്. വോട്ടുബാങ്ക് ലക്ഷ്യമിടുന്ന രാഷ്‌ട്രീയക്കാരുടെ ന്യൂനപക്ഷ പ്രീണന നയങ്ങൾ ഇതിന് വളം വച്ചുകൊടുക്കുകയും ചെയ്യുന്നു.
വൺവേ(?)
ഇതിലെല്ലാം മനംമടുത്ത് ഒരു തിരിച്ചുവരവിന് ശ്രമിക്കുമ്പോഴാണ് അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ എത്ര ദുഷ്‌കരമാണെന്ന് തിരിച്ചറിയപ്പെടുന്നത്. സഭാജീവിതം ഉപേക്ഷിക്കാൻ ആഗ്രഹിച്ചാലും മതപരവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ സ്വന്തം കുടുംബം പോലും തിരസ്‌കരിക്കുമ്പോൾ സഭയിൽ നിന്നു പുറത്തിറങ്ങിയാലുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്‌ഥ ഭയന്ന് പലരും സഭാജീവിതം തുടരാൻ നിർബന്ധിതരാകുന്നു അല്ലെങ്കിൽ ആത്‌മഹത്യ ചെയ്യുന്നു. വനിതാകമ്മീഷന്റെ സ്വത്തുസംബന്ധിച്ച നിർദ്ദേശം ഈ ഘട്ടത്തിൽ പ്രസക്‌തമാണ്. ഒരുകന്യാസ്‌ത്രീക്ക് പൂർവ്വിക സ്വത്തിലുള്ള അവകാശം അംഗീകരിക്കുകയും സഭാജീവിതം ഉപേക്ഷിക്കുന്ന പക്ഷം, സഭയിൽ ജീവിച്ചിരുന്ന കാലത്ത് ചെയ്‌തിരുന്ന ജോലിയുടെ വേതനത്തിന്റെ ചിലവുകഴിച്ചുള്ള തുക തിരിച്ചുകൊടുക്കാൻ സഭ തയ്യാറാകുകയും വേണം. ഇത് സഭക്കുപുറത്തുള്ള അവരുടെ ജീവിതം പരാശ്രയമില്ലാത്തതും സുരക്ഷിതവും ആക്കാൻ സഹായിക്കും.
കഥ തുടരുന്നു
സിസ്‌റ്റർ ജെസമി സഭാജീവിതം ഉപേക്ഷിച്ചിട്ട് ഒരു വർഷത്തിലേറെയായി. അവരുടെ ആത്‌മകഥ മലയാളത്തിൽ പത്തിലധികം എഡിഷനുകളിറങ്ങുകയും, ഇംഗ്ലീഷിലേയ്‌ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്‌തു. ജസ്‌മി സംഭവത്തിന് മാസങ്ങൾക്കുള്ളിൽത്തന്നെ സിഃ അനുപമ സഭാപീഢനം മൂലമെന്ന് കുറിപ്പെഴുതി വച്ച് ജീവനൊടുക്കിയതോ മറ്റൊരു കന്യാസ്‌ത്രീ സഭ ഉപേക്ഷിച്ചതോ ഒന്നും മാധ്യമങ്ങൾ അത്രകണ്ട് ആഘോഷിക്കുകയുണ്ടായില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വനിതാ കമ്മീഷനു ലഭിച്ചിരിക്കുന്നത് നൂറോളം കന്യാസ്‌ത്രികളുടെ പരാതികളാണ്. എന്നാൽ ഈ സംഭവങ്ങളൊന്നും സർക്കാരിന്റേയോ സഭയുടെയോ കണ്ണുതുറപ്പിക്കാൻ പര്യാപ്‌തമായിട്ടില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങളും സംഘടനകളും ഈ വിഷയത്തിൽ ഇടപെടേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കിലും ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രത്യാശിക്കാം.
Generated from archived content: essay1_nov26_09.html Author: vinaya_newjezhsi
Click this button or press Ctrl+G to toggle between Malayalam and English