ഹാലൊവീന്‌ – ഒരു കൊമേഴ്‌സ്യൽ ഹോളിഡെ

ഒരു തണുത്ത ശരത്‌കാല രാത്രി. ഒരു തിരിവു കഴിഞ്ഞപ്പോൾ റോഡിനിരുവശവുമുള്ള വീടുകളിൽ അവിടവിടെ മങ്ങിയ വെളിച്ചമുണ്ട്‌. ഒരു മുറ്റത്തു ശവക്കോട്ടയിലെ ശിലാഫലകങ്ങൾ അതാ അവിടെ കണ്ണിൽ കനലുമായി ഒരു ഭീകര സത്വം, അടുത്തുതന്നെ ഒരു സുന്ദരിയായ യുവതിയുടെ രക്തമൊലിക്കുന്ന കബന്ധം. ശിരസ്സ്‌ തൊട്ടടുത്തൊരു മരത്തിൽ തൂങ്ങിക്കിടപ്പുണ്ട്‌. അപ്പുറത്തെ വീട്ടിൽ ആടുന്ന ചാരുകസേരയിലിരിക്കുന്നത്‌ ഒരു അസ്‌ഥിപഞ്ഞ്‌ജരം…. പിന്നെയും മുൻപോട്ട്‌ നടന്നപ്പോൾ ഭീമാകാരനായ ഒരു ചിലന്തിയുടെ കണ്ണുകൾ പ്രകാശമാനമായി.“

ഇത്‌ ഒരു പ്രേതകഥയിലെയൊ സിനിമയിലെയൊ ഭാഗമല്ല; അമേരിക്കയിൽ ഒക്‌ടോബർ മാസം പുറത്തിറങ്ങി നടന്നാൽ ഇതൊരു സാധാരണകാഴ്‌ചയാണ്‌. ഇതവരുടെ ഹാലൊവിൻ ആഘോങ്ങളുടെ ഭാഗമായ അലങ്കാരങ്ങളാണ്‌. ഇന്ന്‌ ഹാലൊവിന്‌ കുട്ടികളും മുതിർന്നവരും യക്ഷി, മന്ത്രവാദിനി, സാത്താൻ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയ വേഷങ്ങൾ അണിയുന്നു. കുട്ടികൾ വീടുകളിൽ ചെന്ന്‌ ‘റ്റരിക്ക്‌ ഓര്‌ റ്റരിറ്റ്‌’ ചോദിക്കുമ്പോൾ വീട്ടുകാർ മധുരവിതരണം നടത്തുന്നു. മത്തങ്ങയാണ്‌ ഹാലൊവിന്റെ പ്രതീകമെന്നു വേണമെങ്കിൽ പറയാം. ഹാലൊവിന്‌ അലങ്കാരങ്ങളുടെ ഭാഗമായി ഒരു മത്തങ്ങയെങ്കിലും ഉണ്ടായിരിക്കും. ഉളളിൽ വിളക്കുകത്തിച്ചാൽ പുറത്തേക്കു പ്രകാശം വരുന്നരീതിയിൽ കണ്ണും മൂക്കും വായും ചെത്തിയുണ്ടാക്കിയ മത്തങ്ങക്കാണ്‌ ‘ജാക്ക്‌-ഒ-ലാനേർണ്‌ എന്നു പറയുന്നത്‌. മത്തങ്ങ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും, കൂട നിറയെ മിഠായികളും, പ്രേതകഥകളും, മത്തങ്ങ പറിക്കലും, വേഷപ്രഛന്നരായുള്ള വിരുന്നു സൽക്കാരങ്ങളും ഘോഷയാത്രകളും ഒക്കെയായി എല്ലാവരും പ്രത്യേകിച്ച്‌ കുട്ടികൾ ഹാലൊവിൻ തിമർത്താഘോഷിക്കുന്നു. ഒക്‌റ്റോബർ 31 നു രാത്രി ന്യൂയോർക്കിൽ വർഷം തോറും നടക്കുന്ന ഹാലൊവിൻ പരേഡിൽ ഏകദേശം അൻപതിനായിരത്തോളം പേർ ഇത്തരത്തിലുള്ള വിവധങ്ങളായ വേഷവിധാനങ്ങളണിഞ്ഞും ഇരുപതുലക്ഷത്തോളം പേർ ഈ കാഴ്‌ചകാണാനായും എത്തിച്ചേരുന്നു. ലോകത്തുതന്നെ ആ ദിവസം നടക്കുന്ന ഏറ്റവും വലിയ ആഘോഷപരിപാടിയായാണു ഇതു കണക്കാക്കപ്പെടുന്നത്‌.

ഹാലൊവിൻ എന്നതു ”ആൾ ഹാലൊസ്‌ ഈവനിംഗ്‌“ എന്നതിന്റെ ചുരുക്കമാണ്‌. 2000ത്തോളം വർഷങ്ങൾക്ക്‌ മുൻപ്‌ ഇന്നത്തെ അയർലന്റിലും, യു.കെ.യിലും വടക്കൻ ഫ്രാൻസിലുമായി നിവസിച്ചിരുന്ന കെൽറ്റ്‌ എന്ന തദ്ദേശീയരുടെ പുതുവർഷം നവംബർ 1 ആയിരുന്നു. ഇതും, തുടർന്ന്‌ വരുന്ന കടുത്ത മഞ്ഞുകാലം, മരണം ആത്മാക്കളുടെ തിരിച്ചുവരവ്‌ ഇവയെല്ലാം ബന്ധപ്പെടുത്തി അനുഷ്‌ഠിച്ചിരുന്ന സൊ-ഈൻ എന്ന മതചടങ്ങിനെ റോമൻ ക്രിസ്‌ത്യൻ അധിനിവേശത്തോടെ ഏകദേശം സാമ്യമുള്ള ”ആൾ ഹാലൊസ്‌ മാസ്‌“ അഥവാ ”ഓൾ സെയ്‌ന്റ്‌സ്‌ ഡേ“ എന്ന ക്രിസ്‌റ്റ്യൻ വിശുദ്ധ ദിനം കൊണ്ട്‌ ഇല്ലാതാക്കുവാൻ ശ്രമിക്കുകയായിരുന്നത്രെ. അപ്പോഴും നവംബർ 1ന്റെ തലേ രാത്രിയെ ’ഓൾ ഹലൊസ്‌ ഈവ്‌‘ – ആത്മാക്കളുടെ സന്ധ്യ എന്നു വിളിച്ച്‌ പോന്നു. പിന്നീട്‌ അയർലൻഡുകാരും മറ്റ്‌ യൂറോപ്യരും അമേരിക്കയിലേക്കു കുടിയേറിയപ്പോൾ ഈ ആഘോഷത്തേയും ഒപ്പം കൂട്ടിയെങ്കിലും അതിന്റെ മതപരിവേഷം സാവധാനം നഷ്‌ടപ്പെടുകയായിരുന്നു.

ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിക്കാലം മുതലേ ഹാലൊവിൻ ആഘോഷിക്കുന്ന മദ്ധ്യവയസ്‌ക്കയായ അമേരിക്കൻ സുഹൃത്തിനോട്‌ ഈ ആഘോഷത്തിന്‌ പിന്നിലുള്ള വിശ്വാസത്തെ കുറിച്ച്‌ ചോദിച്ചപ്പോൾ കേട്ട മറുപടി രസകരമായിരുന്നു. ”എനിക്കറിയില്ല, ഇതൊരു കൊമേഴ്‌സ്യൽ ഹോളിഡെ മാത്രമാണ്‌. പക്ഷെ ഞാനിത്‌ ആസ്വദിക്കുന്നു.“ ഇതു നൂറുശതമാനവും സത്യമാണ്‌. ഇന്ന്‌ ഹാലൊവിൻ കേവലം ഒരു ആഘോഷം മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്‌തൃ രാജ്യമായ അമേരിക്കയിലെ ജനങ്ങൾ ഏറ്റവുമധികം പണം ചെലവഴിക്കുന്ന ഒരു ഷോപ്പിംഗ്‌ സീസൺ കൂടിയാണ്‌ ഹാലൊവിൻ. ക്രിസ്‌തുമസ്‌ മാത്രമാണ്‌ ഇക്കാര്യത്തിൽ ഹാലൊവിനെ കടത്തിവെട്ടുന്നത്‌ എന്നാൽ ഹാലൊവിൻ ഒരു മതപരമായ ആഘോഷമല്ല എന്നു എടുത്തു പറയേണ്ടതുണ്ട്‌.

സാമ്പത്തികമാന്ദ്യത്തിന്റെ വർഷമായ 2008-ൽ പോലും (ആ ദുഖം മറക്കാനാണത്രെ!) മുൻ വർഷത്തേക്കാൾ കൂടുതൽ തുക – ശരാശരി 65 ഡോളറോളം അമേരിക്കക്കാരൻ ചെലവാക്കിയതായാണു നാഷണൽ റീടെയിൽ ഫെഡറേഷന്റെ കണക്ക്‌. ഈ വർഷവും മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ ഇത്‌ 56 ഡോളർ ആയി കുറഞ്ഞെങ്കിലും ആകെ ചിലവായ തുക 4.75 ബില്ല്യൺ വരും. പണ്ട്‌ അലങ്കാര വസ്‌തുക്കളും വേഷവിധനങ്ങളും സ്വയം ഉണ്ടാക്കിയിരുന്നെങ്കിൽ ഇന്ന്‌ കാർട്ടൂണുകളിലേയും ജനപ്രിയ സിനിമകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾക്കാണ്‌ ഇപ്പോൾ കൂടുതൽ ആവശ്യക്കാർ. കാർട്ടൂണുകൾക്കും വീഡിയോ ഗെയിമുകൾക്കും അടിമപ്പെട്ട ഒരു ജനതക്കുമേൽ ഇത്തരം കഥാപാത്രങ്ങൾക്കുള്ള സ്വാധീനം കച്ചവടതന്ത്രങ്ങളുടെ വിജയം ഉറപ്പാക്കുന്നു. ഇപ്പോൾ മനുഷ്യർ മാത്രമല്ല അവരുടെ ഓമന മൃഗങ്ങൾക്കും ഇത്തരത്തിലുള്ള വേഷങ്ങൾ ധരിപ്പിക്കുന്നതാണ്‌ പുതിയ ട്രെൻഡ്‌. കടകളിൽ നിന്നും ഒറ്റദിവസത്തെ ആവശ്യത്തിനായി മാത്രം വാങ്ങുന്ന ഇവയ്‌ക്ക്‌ ബ്രാൻഡെഡ്‌ ആകുന്നതിനനുസരിച്ച്‌ വിലയും കുത്തനെ കൂടുന്നു. ആശംസകാർഡുകൾ, മിഠായികൾ അലങ്കാരവസ്‌തുക്കൾ വേഷവിധാനങ്ങൾ എന്നിങ്ങനെ ഹാലൊവിന്‌ വിപണിക്കും ഒരുത്സവമാണ്‌.

ആർഭാടമെന്നും അനാവശ്യ ഉപഭോഗമെന്നുമെല്ലാമുള്ള ആരോപണം സത്യം തന്നെയാണ്‌. എങ്കിലും ഒരു പൊതു സംസ്‌കാരവും, പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അമേരിക്കക്കാരെന്നു നാം വിളിക്കുന്ന ഈ കുടിയേറ്റ ജനത മതസംസ്‌കാരഭേദമന്യേ ഒറ്റ മനസ്സായി ഹാലൊവിൻ ആഘോഷിക്കുന്ന കാഴ്‌ച മനോഹരമായിരുന്നു. അപ്പോൾ ’കാണം വിറ്റും ഓണം ഉണ്ണണം‘ എന്ന പഴഞ്ചൊല്ലാണ്‌ ഏത്‌ പ്രാരബ്‌ധങ്ങൾക്കിടയിലും ആഘോഷങ്ങളിൽ പങ്കുചേർന്നാഹ്ലാദിക്കാൻ വെമ്പുന്ന മലയാളി മനസ്സിൽ നിന്നും വ്യത്യസ്‌തമല്ലല്ലൊ അമേരിക്കൻ ചിന്താഗതിയും എന്നോർത്തുകൊണ്ടു ഞാനും ഈ അവിസ്‌മരണീയമായ കാഴ്‌ചകൾ മനസ്സുനിറഞ്ഞാസ്വദിച്ചു.

Generated from archived content: essay1_dec22_09.html Author: vinaya_newjezhsi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here