ചൈനയുടേതുപോൽ
ഒരു മതിൽ
ഞങ്ങൾക്കുമുണ്ടായിരുന്നു.
ജനകീയാസൂത്രണത്താൽ
വീണുകിട്ടിയ
പുളളിയില്ലാപ്പശു,
അതിന്റെ പാലു വിറ്റ് വാങ്ങിയ
ആട്, കോഴി
കുടുംബാസൂത്രണത്തിന്റെ ഭാഗമായ്
തുല്യമായ ഇടവേളകളിൽ
നിർമ്മിച്ചെടുത്ത
രണ്ട് കുട്ടികൾ, ഭാര്യ
ഒക്കേറ്റിനും തണലായിരുന്നു
വീട്.
കൃഷിയാപ്പീസിലാണ്
ബാക്കിയാവുന്ന വിത്തെല്ലാം
ആരുമറിയാതെ
പുരപ്പുറത്തെ വെയിലേറ്റാണ്
വളരുന്നത്
കൂടാതെ
ടി.വി മുതൽ തിയ്യേറ്റർ വരെ
വീടിന് കണ്ടോണ്ടിരിക്കാൻ വേണ്ട
സകലതുമുണ്ട്.
ഇതിലും കൂടുതൽ
എന്തോന്ന് കണ്ടിട്ടാണെന്റെ വീടേ
നാട്ടിലെ സഹകരണ ബാങ്കിനൊപ്പം
നീ മതിലു ചാടിയത്?
Generated from archived content: poem1_july12_06.html Author: vimeesh_maniyoor