സൂക്ഷ്‌മവ്യവസ്ഥയുടെ ഉന്മാദം

ഒരു വസ്തുവിന്റെ സൂക്ഷ്‌മലോകത്തിലെ ക്രമമില്ലായ്മയുടെ ക്രമം സൃഷ്ടിക്കുന്ന ഭാവുകത്വമാണ്‌ എൻട്രോപി. തന്മാത്രകൾ ഉളളിന്റെയുളളിൽ സർഗാത്മകതയിലേക്ക്‌ ഉന്മുഖമാകുന്ന അവസ്ഥ. ചലനം, ചലനം മാത്രമാവുന്നു അവിടെ നിയാമകം.

വ്യക്തിയും സമൂഹവും തമ്മിലുളള ബന്ധത്തിൽ എൻ​‍്രടോപി ഒരു വിഷയമാണ്‌. വ്യക്തിത്വം സമൂഹനിർമ്മിതിയാണ്‌. നൈസർഗ്ഗിക ചോദനകളും വ്യക്തിത്വവും തമ്മിലുളള നിരന്തര സംഘർഷമേഖലയിൽ നിന്ന്‌ രൂപപ്പെടുന്ന അച്ചടക്കത്തിന്റെ ഒരു തലം ജീവിതത്തിലെ സന്തതസഹചാരിയുമാണ്‌. അച്ചടക്കം പാലിക്കുകയെന്ന നിഷ്‌ഠയിലൂടെയാണ്‌ ഒരാൾ കേവലവ്യക്തി എന്ന നിലയിൽ നിന്ന്‌ സമൂഹവ്യക്തിയായി പരിണമിക്കുന്നത്‌. കേവല വ്യക്തിയും സമൂഹവ്യക്തിയും തമ്മിലുളള പരസ്‌പരപൂരകത്വത്തെ എൻട്രോപിയുടെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി നിർണ്ണയിക്കാവുന്നതാണ്‌.

വ്യക്തിത്വത്തിൽ ഊന്നിക്കൊണ്ടുളള ചർച്ച മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ സിദ്ധാന്തങ്ങൾ മുതൽ നവചരിത്രവാദം വരെ നീണ്ടു പരന്നു കിടക്കുന്നു. മനുഷ്യാവസ്ഥകളെ സ്പർശിച്ചു തുടങ്ങുകയും പതുക്കെ മനുഷ്യനിലെത്തി വഴിമുട്ടുകയും ചെയ്യുന്നതിന്റെ സർഗാത്മക ദുരന്തമാണ്‌ സിദ്ധാന്തങ്ങളിൽ നിന്ന്‌ സിദ്ധാന്തങ്ങളിലേയ്‌ക്ക്‌ കടന്നുകയറാൻ മനുഷ്യകുലത്തെ പ്രേരിപ്പിച്ചത്‌. ശാസ്‌ത്രം ജീവിതത്തെ നിർവ്വചിക്കുമെന്ന ധാരണകളിൽ നിന്ന്‌ അനന്തതയുടെ ജ്യാമിതി ശാസ്‌ത്രത്തെ വിലക്കി.. അതിശയകരമായ ജീവിതത്തെ തത്വചിന്ത ഇഴവിടർത്തി പൂർണ്ണമായി വിശദീകരിക്കുമെന്ന തോന്നലുകൾക്ക്‌ ജീവിതം തന്നെ അത്ഭുതകരമായ ഗതിപരിണാമങ്ങൾ നിർദ്ദേശിച്ചപ്പോൾ തത്വചിന്താ പദ്ധതികളും വഴിമുട്ടി. ജീവിതത്തിന്റെ വസ്‌തു സ്ഥിതികഥനം മാത്രം അന്നും ഇന്നും വലിയ പതർച്ച കൂടാതെ മുന്നോട്ടുപോയി.

മനുഷ്യന്റെ സർഗ്ഗാത്മകധിക്കാരമാണ്‌ അവന്റെ & അവളുടെ എൻട്രോപിയുടെ ലെവൽ നിർണ്ണയിക്കുന്നത്‌. ഒരാൾ & ഒരുവൾ ഒരേസമയം സമൂഹം രൂപപ്പെടുത്തുന്ന വ്യത്യസ്ത സ്ഥാപനങ്ങളിലെ – കുടുംബം, ജോലിസ്ഥലം, പൊതുസ്ഥലം, സ്വകാര്യസ്ഥലം പോലും – അംഗമായിത്തുടരുമ്പോഴും അയാളിലെ സർഗ്ഗാത്മക വ്യക്തി തനിക്കൊരിടം കണ്ടെത്താൻ തത്രപ്പെട്ടുകൊണ്ടിരിക്കും. അത്തരമൊരിടം, വേണ്ടിവന്നാൽ കൈയേറി സ്വന്തമാക്കാനോ സ്വയം സൃഷ്ടിക്കാൻപോലുമോ അയാൾ തയ്യാറാവും. കെട്ട ജീവിതം, ഉണ്ടെനിക്കെന്നാൽ & മറ്റൊരു കാവ്യജീവിതം മന്നിൽ എന്ന്‌ വൈലോപ്പിളളി. അങ്ങനെ ഒരിടം കണ്ടെത്തിക്കഴിഞ്ഞാലും തന്റെ ചുറ്റുമുളള സമൂഹം എന്ന അദൃശ്യജീവിയുടെ കണ്ണിൽ അച്ചടക്കമുളള നല്ല കുട്ടിയാവുകയെന്നത്‌ അയാളുടെ & അവളുടെ ബാധ്യതയാണ്‌. അടച്ചിട്ട പൊതുമൂത്രപ്പുരയിലേക്ക്‌ സമൂഹത്തിന്റെ കണ്ണുകൾ നിമിഷനേരത്തേയ്‌ക്ക്‌ എത്തുന്നില്ലെന്ന അറിവിൽ കുതറിച്ചാടുന്ന എൻട്രോപിക്കൽ ലെവൽ ഓർത്തു നോക്കുക! പൊതുമൂത്രപ്പുരയുടെ ചുവരിൽ എഴുതാൻ മടിക്കുന്നവർ പക്ഷേ, ആരെങ്കിലും എഴുതിവെച്ചത്‌ മുഴുവൻ ഒരാവർത്തി വായിക്കാതെ പുറത്തുകടക്കാത്തവരാകുന്നതും ഇതുകൊണ്ടുതന്നെ.

മനുഷ്യനെ എൻട്രോപിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഏതുകാലത്തെ മനുഷ്യൻ എന്ന ചോദ്യത്തെ സ്വാഭാവികമായി നേരിടേണ്ടിവരുന്നു. ആദിമമനുഷ്യനിൽ ആരോപിക്കാനാവുന്ന എൻട്രോപിക്കൽ ലെവൽ പരിഷ്‌കൃതമനുഷ്യനിൽ സാധ്യമല്ലെന്ന ലളിതസമവാക്യം ഉടനെ രൂപപ്പെടുകയും ചെയ്യുന്നു. ആദിമ & പരിഷ്‌കൃത ദ്വന്ദം പക്ഷേ സമൂഹമനുഷ്യൻ എന്നും കേവലവ്യക്തി എന്നും പരിവർത്തിപ്പിച്ചാൽ ഇതത്ര ലളിതമല്ലെന്നും മനസ്സിലാവും. കെട്ടുപൊട്ടിച്ചുകുതറിച്ചാടുക എന്നത്‌ കെട്ടിൽപ്പെട്ടുപോയ ഏതൊന്നിന്റെയും മൗലികചോദനയാണ്‌. ശ്രാവണബൽഗോളയിലെ ദിഗംബര ജൈനശിൽപം അതിന്റെ ഖരരൂപത്തെ തകർത്ത്‌ ആകാശത്തേക്ക്‌ കുതിക്കുവാൻ നിശബ്ദമായി കുതറുന്നുണ്ട്‌. ജലം അതിന്റെ പാത്രരൂപത്തെ പ്രതിരോധിക്കാനാണ്‌ ശ്രമിക്കുന്നത്‌. വാതകം അതിന്റെ തടവിനെ തകർക്കാൻ വെമ്പൽകൊളളുന്നുണ്ട്‌. വ്യക്തി സമൂഹത്തിന്റെ പ്രതിരോധത്തെ ഉളളിൽ നിന്നും പുറത്തു നിന്നും ആക്രമിക്കുന്നുണ്ട്‌. ഇന്ന്‌ ഈ വാക്കുകൾ എഴുതുന്നതുവരേയും ഇതുതന്നെയാണ്‌ അവസ്ഥ. നാളെ ഒരുപക്ഷേ നിങ്ങളിതു വായിക്കുന്ന നിമിഷങ്ങളിലെ നാളെയിലോ, അതിവിദൂരമല്ലാത്ത ഒരു നാളെയിലോ വിദൂരത്തിലുളള ഒരു നാളെയിലോ ഈ അവസ്ഥ മാറിമറിയാം. പ്രവചനത്തിന്റെ പ്രോബബിലിറ്റി അട്ടിമറിക്കപ്പെടുന്ന ഒരവസ്ഥയാണിത്‌. വ്യക്തിയുടെ ഉളളിന്റെയുളളിൽ കുതറുന്ന എൻട്രോപ്പിക്കൽ സെൻസിബിലിറ്റി മുഴുവൻ വരിയുടയ്‌ക്കപ്പെട്ട്‌ വ്യക്തി മില്ലനും, സഹസ്രാബ്ദിണിയുമായി തികച്ചും സിമെട്രിക്കലായിത്തീരാം. ഇണ & ജീവിതം The Entropy ഇങ്ങനെ രൂപപ്പെടുന്ന രചനയാണ്‌.

പ്രശ്നവും ഉത്തരവും വേർപിരിഞ്ഞുകിടക്കുന്നില്ലെന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ വചനം മുഖക്കുറിപ്പായി വായിച്ചുകൊണ്ടാണ്‌ ഈ നോവലിന്റെ ആദ്യത്താളുകളിലേയ്‌ക്ക്‌ നാം എത്തുന്നത്‌. വർത്തമാന ലോകത്തിനപ്പുറത്ത്‌ ഏതോ നിരാർദ്രമായ കാലത്തിൽ സംഭവ്യമായ-പ്രോബബിൾ-ഒരവസ്ഥയെ, ഒരു കഥാപാത്രത്തെപ്പോലുമല്ല മില്ലനെ കണ്ടുമുട്ടിക്കൊണ്ടു നാം വായന ആരംഭിക്കുന്നു. അത്തരമൊരു ലോകാവസ്ഥയിലെ ഏറ്റവും ആർഭാടം മനുഷ്യസാന്നിദ്ധ്യവും അനാർഭാടം ഭാഷാശൂന്യമായ ഒരു ചുറ്റുപാടുമായിരിക്കും. ഭാഷ തുറന്നുവെക്കുന്ന ലോകയാഥാർഥ്യമല്ലാതെ മറ്റൊരു ലോകയാഥാർത്ഥ്യം മനുഷ്യലോകത്തിനില്ല എന്നതിൽ പുരുഷമുഖത്തു നിന്നെന്നവണ്ണം സ്‌ത്രീശബ്ദം&ഭാഷ പുറപ്പെടുന്ന വെർച്വൽ റിയാലിറ്റിയിൽ രചന ചുവടുറപ്പിക്കുന്നു. രചന മാത്രമേ ഈ കൃതിയിൽ യാഥാർത്ഥ്യമായിട്ടുളളൂ; ബാക്കിമൊത്തം വെർച്വൽ റിയാലിറ്റിയുടെ സംഭവ്യതകളാണ്‌. എൻട്രോപി ഈയൊരർത്ഥത്തിൽ പ്രോബബിലിറ്റിയുടെ രംഗവേദിയാണ്‌. പ്രോബബിലിറ്റിയുടെ ഒരു സാധ്യത ചിലപ്പോഴത്‌ നിശ്ചലശൂന്യതയിലേക്ക്‌-സീറോ ലെവൽ-എത്തുന്നു എന്നതാണ്‌. വെൽച്വൽ റിയാലിറ്റിയുടെ സംഭവ്യതകളിലൂടെ മില്ലൻ സഹസ്രാബ്ദിണിയുടെ ഭർത്താവുദ്യോഗസ്ഥനാവുന്നു. ബോസിന്റെ, വെപ്പാട്ടിയുടെ, ലോകബോധ്യത്തിനുളള ഭർത്താവ്‌. അതികാലത്ത്‌ ഉറക്കമെഴുന്നേറ്റ്‌ വന്ന്‌ ഒരു കപ്പ്‌ ചായയും പാത്രവുമായി ഉമ്മറത്തിരുന്ന്‌ ജോലിയാരംഭിക്കുന്ന ഭർത്താവു മുതൽ സന്ധ്യയോടെ വീടെത്തി വാതിലടക്കുന്നതുവരെയുളള ഭർത്താവ്‌. വാതിലടയുംമുമ്പ്‌ വീടിനകത്തു പ്രവേശിക്കപ്പെടുന്ന ഭർത്താവ്‌ പക്ഷേ ബോസാകുന്നു. അന്നേരം തന്റെ അന്നത്തെ ജോലി അവസാനിച്ച മില്ലൻ തിരിച്ച്‌ വാടകമുറിയിലെത്തുന്നു; കൃത്യമായി കനത്ത ശമ്പളം പറ്റുന്നു. കഥാപാത്രങ്ങളുടെ ഈ ക്രിയാലോകത്തെ വായനക്കാരന്റെ വർത്തമാനകാലം ആക്രമിക്കാനായുമ്പോഴേക്കും തൊട്ടടുത്ത നിമിഷം ഇത്തരം സംഭവ്യതകളുടെ സാധ്യതാപട്ടിക അയാളുടെ മുന്നിൽ നിവർന്നുവരുന്നു. മില്ലനെയും സഹസ്രാബ്ദിണിയെയും പിന്തുടരാൻ അയാൾ നിയോഗിക്കപ്പെടുന്നു.

ഏതു സാമൂഹ്യപ്രക്രിയയും ഒരേകകം എന്ന നിലയിലെ പ്രവർത്തിക്കപ്പെടുന്നുളളൂ. ഭാഷണം എന്ന സാമൂഹ്യപ്രക്രിയപോലും. ഈ രചനയിൽ ഭാഷണപ്രക്രിയ പക്ഷേ പലപ്പോഴും അർത്ഥരഹിതമായ ചുറ്റുപാടിൽ കഥാപാത്രങ്ങൾ സ്വയം നടത്തുന്ന വെറും ഉച്ചാരണമാവുന്നുണ്ട്‌. ചിന്തിക്കാനുളള ഉപാദാനങ്ങൾക്കായി മനുഷ്യൻ ആശ്രയിക്കുന്നത്‌ ഭാഷയെയാണ്‌. ചിന്തയെ സംവേദനക്ഷമമാക്കുന്നതും ഭാഷയാണ്‌. അഭേദ്യമായ ഈ ബന്ധം പക്ഷേ ഈ നോവൽ തീരെ വകവെക്കുന്നില്ല. ഇവിടെ ഭാഷയും ഭാഷയുടെ പ്രാഥമിക കർത്തവ്യമായ ഭാഷണവും സകലവിനിമയ സാധ്യതകളും മങ്ങി തീർത്തും പ്രതിസന്ധിയിലാഴുന്നു. മില്ലനിലും സഹസ്രാബ്ദിണിയിലും ബോസിലും രാധയിലും രൂപപ്പെടുന്ന ചിന്തകൾ വാക്കിന്റെയും രൂപകത്തിന്റെയും പിടിയിലാവുമ്പോഴും കൃത്യമായ വിനിമയസാധ്യതയില്ലാതെ പ്രതിസന്ധിയിലാവുന്നു. ലിംഗ്വിസ്‌റ്റിക്‌ ട്രോപ്‌സ്‌ ഒരു ഉത്തരാധുനിക പ്രതിസന്ധിയാണെന്ന്‌ സാമാന്യേന പറഞ്ഞുപോകാമെങ്കിലും നോവൽപോലുളള ഒരു സർഗസാന്നിധ്യത്തിൽ അത്തരം പ്രതിസന്ധി ആവിഷ്‌കരിക്കപ്പെടുന്നത്‌ കാണാതിരുന്നുകൂടാ. ചില സാമൂഹ്യസത്യങ്ങളിലേയ്‌ക്ക്‌ സാമൂഹ്യശാസ്‌ത്രജ്ഞന്മാർ എത്തിപ്പെടുന്നത്‌ ഒരുപാടുകാലത്തെ നിരീക്ഷണങ്ങളിലൂടെയും ഒടുങ്ങാത്ത അന്വേഷണങ്ങളിലൂടെയുമായിരിക്കും. പക്ഷേ എഴുത്തുകാരുടെ സർഗ്ഗചേതനയുടെ മുന്നിൽ അത്തരം സത്യങ്ങൾ ചിലപ്പോഴെങ്കിലും സ്വയംഭൂവായിത്തീരും. ഈ നോവലിന്റെ ശ്രദ്ധേയമായ മുഖങ്ങളിലൊന്നാണിത്‌.

ഇണ&ജീവിതം എന്നതിനോടൊപ്പം എന്തുകൊണ്ട്‌ ദ എൻട്രോപി എന്ന തുടർച്ചകൂടി ഈ നോവലിന്റെ പേരിൽ ചേർന്നുവരുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനുളള ത്വര വായനക്കാരനിൽ അവശേഷിക്കുന്നു. സൂക്ഷ്‌മകണികകളുടെ എൻട്രോപി & ഡിസോർഡർ കുറയുമ്പോഴാണ്‌ ഖരാവസ്ഥ രൂപപ്പെടുന്നത്‌ സാമാന്യമായി പറയാം. ഖരാവസ്ഥയുടെ പ്രത്യേകത അതിന്റെ സിമെട്രിയാണ്‌. എൻട്രോപി കൂടുമ്പോഴാണ്‌ സിമെട്രി തകരുന്നത്‌. ഇതൊരു വിരുദ്ധപ്രക്രിയയല്ല. ഒന്നുകൂടുമ്പോൾ മറ്റൊന്ന്‌ തകരുകയെന്ന ഒന്നിച്ചു സംഭവിക്കാവുന്ന ഒരു പ്രോസസ്‌; സഹജപ്രകിയയാണ്‌. ഇണ-ജീവിതം എന്ന രചനയുടെ ആദ്യഘട്ടങ്ങളിൽ ഖരരൂപത്തിലുളള സിമെട്രിക്കലായ സമൂഹമാണ്‌ വായനയിൽ തെളിയുന്നത്‌. ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ ഈ രചനയിലുളളത്‌. തികച്ചും സിമെട്രിക്കലായ സമൂഹം. പതുക്കെപ്പതുക്കെ ഈ ഖരാവസ്ഥയുടെ ഉളളിന്റെയുളളിൽ, അതിന്റെ സൂക്ഷ്‌മലോകങ്ങളിൽ അനന്തമായ ചലനങ്ങൾ രൂപപ്പെടുന്നു. വെർച്വൽ റിയാലിറ്റിയിൽ രൂപപ്പെട്ട ഈ സമൂഹത്തിന്റെ സിമെട്രി പതുക്കെ തകർന്നുപോകുകയും ചെയ്യുന്നു. കഥാപാത്രങ്ങൾ സ്വന്തം ലോകം വെടിയുകയും പരസ്‌പരമുളള ലോകങ്ങളിലേയ്‌ക്ക്‌ അതിക്രമിച്ചു കടക്കാനായുകയും ചെയ്യുന്നു. സൂക്ഷ്‌മതലത്തിന്റെ – മൈക്രോലെവൽ – ഉന്മാദമായി അത്‌ പരിണമിക്കുകയും ചെയ്യുന്നു. യാഥാർഥ്യത്തിന്‌ സംഭവ്യതകളുടെ ഒരു പാറ്റേൺ രൂപപ്പെടുത്താമെങ്കിൽ വെർച്വൽ റിയാലിറ്റിക്ക്‌ അത്തരമൊരു പാറ്റേൺ സാധ്യമല്ലെന്ന മാനുഷികമായ ബോധത്തിൽ നാം എത്തുകയും ചെയ്യുന്നു.

അനുഭവങ്ങളുടെ ഒരു നിശ്ചിതപാറ്റേൺ രൂപപ്പെടുത്തൽ വെർച്വൽ റിയാലിറ്റിക്ക്‌ സാധ്യമല്ല. എങ്കിലും, എന്റെ അനുഭവമെന്ന നിലയിൽ പ്രതീതിയാഥാർത്ഥ്യത്തെ ഒരാൾ ആവിഷ്‌ക്കരിക്കുമ്പോൾ അനുഭവസത്യത്തെ നിങ്ങളെങ്ങനെ നിഷേധിക്കും എന്ന മൗലികമായ ഒരു ചോദ്യം അയാൾ ഉയർത്തുന്നുണ്ട്‌. പൊതു സമൂഹത്തിന്‌ പൊതു അനുഭവമണ്ഡലം രൂപപ്പെടുത്താവുന്ന രീതിയിലുളള ഒരു കോമൺ പ്രോഗ്രാമിങ്ങ്‌ ആണ്‌ മസ്‌തിഷ്‌കത്തിലുളളത്‌. ഈ പ്രോഗ്രാമിങ്ങ്‌ ഓർഡർ ഏറെക്കുറെ സമാനമായതു കൊണ്ടാണ്‌ പൊതുസമൂഹത്തിൽ മനുഷ്യന്റെ പെരുമാറ്റത്തിന്‌ ഐകസ്വഭാവമുണ്ടാവുന്നത്‌. എന്നാൽ വ്യക്തികൾ സമൂഹത്തിൽ നിന്ന്‌ വേറിട്ട്‌ ഒറ്റയൊറ്റ യൂണിറ്റുകളാകുന്ന വെർച്വൽ റിയാലിറ്റിയിൽ അനുഭവങ്ങൾക്ക്‌ നിശ്ചിത പാറ്റേൺ സാധ്യമല്ല. അനുഭവം യഥാർത്ഥമോ അയാഥാർത്ഥമോ എന്ന ചോദ്യത്തിനപ്പുറത്ത്‌ അനുഭവിച്ചു എന്ന തോന്നൽ വ്യക്തികളിൽ അവശേഷിക്കുന്നു. ഇല്ലാത്ത അനുഭവത്തിന്റെ സാംസ്‌കാരികതലം-കൾച്ചറൽ പ്ലെയിൻ-അന്വേഷിക്കുന്ന ഒരു സമാന്തരബോധം വിഭാവനം ചെയ്യുക കൂടി ചെയ്‌താൽ ദുരന്തം പൂർണ്ണമാവുന്നു. ഇത്തരമൊരു കാലാവസ്ഥയാണ്‌ ഇണ & ജീവിതം എന്ന രചനയുടെ മസ്‌തിഷ്‌കം; ഹൃദയമല്ല. ഹൃദയം ഈ രചന നിരാകരിച്ചിരിക്കുന്നു. ഫ്യൂസടിച്ചുപോകാതെ സൂക്ഷിക്കേണ്ടുന്ന അവയവം മാത്രമായി നമുക്കൊക്കെ ഹൃദയം മാറിക്കഴിഞ്ഞിരിക്കുന്നുവല്ലോ. വൈകാരികാവസ്ഥയെ ചുറ്റിപ്പറ്റി ഹൃദയമില്ലാത്തവർ എന്ന പ്രയോഗം കടലെടുക്കാൻ പോകുന്നു. തൽക്കാല യാഥാർത്ഥ്യത്തെ പിൻതുടർന്ന്‌ കഴിച്ചിലാവുക എന്ന കേവല ധർമ്മം അനുഷ്‌ഠിക്കാത്തവരെ മസ്തിഷ്‌കമില്ലാത്തവർ എന്ന്‌ സംബോധന ചെയ്‌തുതുടങ്ങാൻ ഇനി വിനാഴികകളേ വേണ്ടൂ.

വളരെ സാധാരണമായ ഒരു ഘടനയിലാണ്‌ ഈ നോവൽ എഴുതിയിരിക്കുന്നത്‌. നോവലിന്റെ രൂപഘടനയ്‌ക്കുളളിൽ അസാധാരണത്വം ഒന്നുമില്ല. ആഖ്യാനം വളരെ സ്വാഭാവികം. എല്ലാം ഒന്ന്‌ കുടഞ്ഞു ചേറിക്കഴിഞ്ഞാൽ രോഗിണിയായി അവശയായ ഭാര്യയ്‌ക്കുപകരം തനിക്ക്‌ ഭോഗിക്കാൻ സുരക്ഷിതമായി മറ്റൊരു പെണ്ണിനെ കണ്ടെത്തുന്ന ഒരു സമ്പന്നൻ. അതിനായി മറ്റൊരാളെക്കൊണ്ട്‌ അവളെ അയാൾ വിവാഹം കഴിപ്പിക്കുന്നു. പക്ഷേ, വിവാഹിതന്‌ അവളിൽ അവകാശങ്ങളൊന്നുമില്ലാതിരിക്കാൻ അയാൾ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ സംഭവിക്കാവുന്ന ജൈവസ്‌മൃതികളും വിസ്‌മൃതികളും അവയുടെ സ്‌ഫോടനങ്ങളും. എന്നാൽ കുടഞ്ഞുചേറിക്കളയുക എന്നു പറഞ്ഞില്ലേ, അത്‌ ഈ രചനയുടെ കലാതന്ത്രം തന്നെയാണ്‌. അതത്ര എളുപ്പവുമല്ല. നേരത്തെ പറഞ്ഞ കങ്കാളത്തിൽ സി.ഗണേഷും മഹേന്ദറും ചേർന്ന്‌ ധ്യാനപൂർവ്വം നിക്ഷേപിച്ച രക്തവും മജ്ജയും മാംസവും മാത്രമല്ല, അവർ ഊതിക്കയറ്റിക്കൊടുത്ത ജീവനും കൂടിയുണ്ട്‌. കഥാപാത്രങ്ങൾ പെരുമാറുന്ന അപരിചിതമായ, മെക്കനൈസഡ്‌ എന്ന ധാരണ ഫീൽ കൃത്യമായി സംവദിപ്പിക്കുന്ന ഒരു ലോകം ഭാഷകൊണ്ട്‌ അവർ സാധിച്ചെടുക്കുന്നുണ്ട്‌. ഋജുവായ ആഖ്യാനത്തിൽ, മേദസ്‌ ഒട്ടുമില്ലാത്ത ആർദ്രത വറ്റിപ്പോയ എന്നാൽ ആദ്യന്തം സജീവമായ ഭാഷകൊണ്ട്‌ അവർ അത്‌ സാധിയ്‌ക്കുന്നുമുണ്ട്‌. ഇണ&ജീവിതം ദ എൻട്രോപിയിൽ നാം കണ്ടുമുട്ടുന്നവർ പരമ്പരാഗത ആസ്വാദകശൈലിയിൽ നമ്മളെത്തന്നെ അനുസ്‌മരിപ്പിക്കുന്നു എന്ന്‌ ഒരിക്കലും പറയിപ്പിക്കുന്നില്ല. പകരം വെർച്വൽ റിയാലിറ്റിയുടെ ഭീതിദലോകത്തെ, സമീപഭാവിയിൽ നിറയാനിരിക്കുന്ന, യാഥാർത്ഥ്യമാകാനിരിക്കുന്ന, ഭയം ജനിപ്പിക്കുന്ന അവസ്ഥകളേയും ആൾക്കാരേയും കണ്ടുതുടങ്ങുന്നു എന്ന്‌ പറയേണ്ടിവരുന്നു.

Generated from archived content: book1_dec29_06.html Author: viju_nayarangadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here